വിഷാദരോഗം അലട്ടുന്നുണ്ടോ? ഈ അഞ്ച് വിശുദ്ധർക്ക് നിങ്ങളെ സഹായിക്കാൻ കഴിയും

ആധുനിക കാലഘട്ടത്തിൽ വിഷാദരോഗത്താൽ വലയുന്നവരാണ് പലരും. പലതരത്തിലാണ് വ്യക്തികളെ വിഷാദരോഗം ബാധിക്കുക. ചിലരിൽ അത് പ്രകടമായി കാണാമെങ്കിലും മറ്റുചിലരിൽ അതത്ര പ്രകടമല്ല. വിഷാദാവസ്ഥ കൂടുതലായാൽ അത് വ്യക്തിയെ വലിയ അപകടത്തിലേക്കു നയിച്ചേക്കാം. വിഷാദരോഗത്തിനെതിരായ പോരാട്ടത്തിൽ നമ്മെ സഹായിക്കുന്ന അഞ്ച് വിശുദ്ധരെ നമുക്ക് പരിചയപ്പെടാം.

1. വി. ഫ്രാൻസിസ് ഡി സെയിൽസ്

‘ദയയുടെ വിശുദ്ധൻ’ എന്നാണ് വി. ഫ്രാൻസിസ് ഡി സെയിൽസ് അറിയപ്പെട്ടിരുന്നത്. നന്നേ ചെറുപ്പത്തിൽതന്നെ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള അമിതചിന്ത, താൻ നരകത്തിൽ പോകുമെന്ന ബോധ്യത്തിലേക്ക് അവനെ നയിച്ചു. വിട്ടുമാറാത്ത ഇത്തരം ചിന്തകൾ അവന്റെ വിശപ്പും ഉറക്കവും നഷ്ടപ്പെടുത്തുന്നതിലേക്ക് നയിച്ചു. ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചു. ഉറക്കക്കുറവ് മൂലം അദ്ദേഹം വളരെ മെലിഞ്ഞ്, ഭ്രാന്താവസ്ഥയിൽ വരെയെത്തി. തുടർന്ന് അദ്ദേഹം ദൈവത്തോടു പ്രാർഥിച്ചു: “എപ്പോഴും നിന്നെ സ്നേഹിക്കുന്നത് തുടരാൻ എന്നെ അനുവദിക്കുന്നിടത്തോളം അങ്ങ് ആഗ്രഹിക്കുന്ന എല്ലാ പീഡനങ്ങളും തരുന്നതിൽ എനിക്ക് ബുദ്ധിമുട്ടില്ല.”

പാരീസിലെ വി. സ്റ്റീഫന്റെ ദൈവാലയത്തിൽ പരിശുദ്ധ അമ്മയുടെ മുന്നിൽ മുട്ടുകുത്തി, ‘എത്രയും ദയയുള്ള മാതാവേ’ എന്ന പ്രാർഥന ചൊല്ലിക്കൊണ്ട് ആന്തരിക സമാധാനം വീണ്ടെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

2. വി. കൊച്ചുത്രേസ്യ

ലിസ്യൂവിലെ വി. കൊച്ചുത്രേസ്യ തന്റെ രചനകളിൽ, കുട്ടിക്കാലത്ത് തനിക്ക് ഒരു അസുഖമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തുന്നു. “ഇന്ന് വിഷാദരോഗം എന്നറിയപ്പെടുന്ന രോഗത്തോട്, എന്നെ ബാധിച്ച രോഗലക്ഷണങ്ങൾക്ക് സാമ്യമുണ്ട്.” ഈ അസുഖത്തിൽ നിന്ന് താൻ എങ്ങനെ മോചിതയായെന്ന് കൊച്ചുത്രേസ്യ പറയുന്നത് ഇപ്രകാരമാണ്:

“1883 മേയ് 13, പെന്തക്കുസ്താ തിരുനാൾദിനം. കട്ടിലിൽ കിടന്നുകൊണ്ട് ഞാൻ മാതാവിന്റെ രൂപത്തിലേക്കു നോക്കി. പെട്ടെന്ന് പരിശുദ്ധ കന്യക, അതുവരെ കണ്ടിട്ടില്ലാത്ത അത്രയും സുന്ദരിയായി തോന്നി. പരിശുദ്ധ അമ്മയുടെ മുഖത്ത് ദയയും ആർദ്രതയും പ്രകടമായി. പക്ഷേ എന്റെ ആത്മാവിനെ ആഴത്തിൽ സ്പർശിച്ചത് ‘പരിശുദ്ധ കന്യകയുടെ മോഹിപ്പിക്കുന്ന പുഞ്ചിരി’ ആയിരുന്നു. ആ നിമിഷം എന്റെ എല്ലാ സങ്കടങ്ങളും മാറി. വലിയ രണ്ട് കണ്ണുനീർതുള്ളികൾ എന്റെ കവിളിലൂടെ ഒഴുകി. അവ ശുദ്ധമായ സന്തോഷത്തിന്റെ കണ്ണുനീരായിരുന്നു. പരിശുദ്ധ കന്യക എന്നെ നോക്കി പുഞ്ചിരിച്ചു, ഞാൻ സന്തോഷവതിയാണ്. എനിക്ക് സ്വർഗരാജ്ഞിയുടെ പുഞ്ചിരി ലഭിച്ചു” കൊച്ചുത്രേസ്യ തന്റെ ആത്മകഥയിൽ എഴുതിയിരിക്കുന്നു.

3. ദൈവത്തിന്റെ വിശുദ്ധ ജോൺ

കമ്മ്യൂണിറ്റി ഓഫ് ഹോസ്പിറ്റലർ ബ്രദേഴ്‌സിന്റെ സ്ഥാപകനായ വി. ജോൺ ഓഫ് ഗോഡ് ദരിദ്രർക്കായി ഒരു ആശുപത്രി നടത്തി. പത്തു വർഷത്തോളം വിശ്രമമില്ലാതെ അവിടെ ജോലിചെയ്തു. വിശുദ്ധൻ നിരന്തരം ഉപവസിക്കുകയും രാത്രിയിൽ രോഗികളെ പരിചരിക്കുകയും ചെയ്തു. നിരന്തരമായ ജലദോഷം അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചു. ആശുപത്രികളിൽ ജോലിചെയ്യുന്നവരുടെ രക്ഷാധികാരിയായി അറിയപ്പെടുന്ന വി. ജോൺ ഓഫ് ഗോഡ് വിഷാദരോഗം ബാധിച്ചവർക്ക് മധ്യസ്ഥത വഹിക്കാവുന്ന വിശുദ്ധനാണ്.

4. ബ്യൂലിയൂവിലെ വി. ഫ്ലോറ

ബ്യൂലിയൂവിലെ വി. ഫ്ലോറ, ജറുസലേമിലെ സെന്റ് ജോൺ ഓർഡറിലെ ‘ഹോസ്പിറ്റലറി’ സന്യാസിനിമാരുടെ മഠത്തിൽ പ്രവേശിച്ചു. പ്രവേശിച്ച നിമിഷം മുതൽ, അവൾക്ക് പലവിധ ആത്മീയപരീക്ഷണങ്ങളും നേരിടേണ്ടിവന്നു. സി. ഫ്ലോറയെ ബാധിച്ച തീവ്രവും നീണ്ടുനിൽക്കുന്നതുമായ വിഷാദാവസ്ഥയിൽ അവൾ വളരെയധികം കഷ്ടപ്പെടാൻ തുടങ്ങി. എങ്കിലും, ഒരു കുമ്പസാരക്കാരന്റെ സഹായത്തോടെ അവൾ ആത്മീയജീവിതത്തിൽ വലിയ പുരോഗതി കൈവരിച്ചു. ദൈവം അവൾക്ക് വലിയ കൃപകൾ നൽകി അനുഗ്രഹിച്ചു.

5. ബിംഗനിലെ വിശുദ്ധ ഹിൽഡെഗാർഡ്

പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ബെനഡിക്റ്റൈൻ സന്യാസിനി ആയിരുന്നു ബിംഗനിലെ വിശുദ്ധ ഹിൽഡെഗാർഡ്. ഈ വിശുദ്ധയ്ക്ക് വിദ്യാഭ്യാസം ഇല്ലായിരുന്നു. അതിനാൽ അവളുടെ എല്ലാ ജ്ഞാനവും സ്വർഗത്തിൽ നിന്നുള്ള ദർശനങ്ങളിൽനിന്നാണ് വന്നതെന്ന് അവൾ എപ്പോഴും പറഞ്ഞിരുന്നു. ഈ ദർശനങ്ങളെ അടിസ്ഥാനമാക്കി, വി. ഹിൽഡെഗാർഡ് വൈദ്യശാസ്ത്രത്തെക്കുറിച്ച് നിരവധി പുസ്തകങ്ങൾ എഴുതി. അതിൽ മനുഷ്യർ രോഗത്തിന് വിധിക്കപ്പെട്ടവരല്ലെന്നും എന്നാൽ യോജിച്ച ജീവിതശൈലി നയിച്ചുകൊണ്ട് സ്വാഭാവികരീതിയിൽ അത് ഒഴിവാക്കാനോ, സുഖപ്പെടുത്താനോ കഴിയുമെന്ന് അവർ വെളിപ്പെടുത്തി. വിഷാദരോഗം പോലുള്ള അസുഖങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ചില ചികിത്സകളും ആ പുസ്തകത്തിൽ കണ്ടെത്തി.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.