നിർമാണത്തിനായി അറുനൂറിലധികം വർഷം എടുത്ത ജർമനിയിലെ കൊളോൺ കത്തീഡ്രൽ

ദൈവാലയങ്ങളുടെ നിർമാണ കാലയളവിൽ ഏറ്റവും ദൈർഘ്യമേറിയതെന്നു അറിയപ്പെടുന്നത് ജർമനിയിലെ കൊളോൺ കത്തീഡ്രൽ ആണ്. 1248- തുടങ്ങിയ നിർമാണം 632 വർഷങ്ങൾക്കുശേഷം 1880-ലാണ് പൂർത്തിയായത്. നിർമാണം ആരംഭിച്ച സമയത്ത്, മധ്യകാല യൂറോപ്പിൽ ഗോതിക് വാസ്തുവിദ്യ അതിന്റെ പ്രശസ്തി നേടിയിരുന്നതിനാൽ ആ രീതിയിലാണ് കത്തീഡ്രൽ നിർമിച്ചിരിക്കുന്നത്. മൂന്ന് ജ്ഞാനികളുടെ തിരുശേഷിപ്പുകൾ സ്ഥാപിക്കുന്നതിന് കൊളോണിന് ആകർഷകവും പുതിയതുമായ ഒരു ഘടന ആവശ്യമായിരുന്നു.

പതിനാറാം നൂറ്റാണ്ടിൽ സാമ്പത്തിക തടസ്സങ്ങളും ഗോഥിക് സൗന്ദര്യശാസ്ത്രത്തോടുള്ള അറിവ് കുറവും കാരണം നിർമാണം നിർത്തിവച്ചിരുന്നു. ശേഷം പത്തൊമ്പതാം നൂറ്റാണ്ടിലെ ഗോതിക് പുനരുജ്ജീവന കാലഘട്ടം വരെ കത്തീഡ്രൽ പൂർത്തിയായില്ല. ഒടുവിൽ യഥാർഥ രൂപകൽപ്പനയെ വിശ്വസ്തതയോടെ പിന്തുടർന്ന്,നിർമാണം പുനഃസ്ഥാപിച്ചു. ഒടുവിൽ 1880-ൽ കെട്ടിടം പൂർത്തിയായപ്പോൾ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഘടനയായി ഇത് മാറി.

വടക്കൻ യൂറോപ്പിലെ ഏറ്റവും വലിയ ഗോഥിക് ദൈവാലയമാണിത്. കൂടാതെ 515 അടി (157 മീറ്റർ) ഉയരമുള്ള ഇരട്ട ഗോപുരങ്ങളുമുണ്ട്. കത്തീഡ്രലിനെ 1996-ൽ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാസ്തുശില്പികളായ ഏണസ്റ്റ് ഫ്രെഡറിക് സ്വിർണറും റിച്ചാർഡ് വോയ്‌ഗ്‌ടെലും വലിയ സംഭാവനകൾ ഇതിന്റെ നിർമാണത്തിൽ നൽകിയിട്ടുണ്ട്.

കൊളോൺ കത്തീഡ്രലിനു വൈവിധ്യപൂർണമായ കാര്യങ്ങളുണ്ട്. ഉയർന്ന ബലിപീഠത്തിന് സമീപം മൂന്ന് രാജാക്കന്മാർ നൽകിയ പൊന്ന്, മീറ, കുന്തുരുക്കം എന്നിവയുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നു. പതിമൂന്നാം നൂറ്റാണ്ടിലാണ് കത്തീഡ്രലിന്റെ ഏറ്റവും പഴയ സ്റ്റെയിൻ ഗ്ലാസ് ജാലകങ്ങൾ നിർമിച്ചത്. ഇരുപതാം നൂറ്റാണ്ടിൽ ഉണ്ടായ അമ്ല മഴയിൽ ദൈവാലയത്തിന്റെ കല്ലുകൾക്ക് കേടുപാട് സംഭവിച്ചതും പുതുക്കിപണിതിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.