“സാൻ സെബസ്ത്യാനോ ഫോറി ലെ മൂറ” ക്രിസ്തുവർഷം രണ്ടായിരം വരെ റോമിലെ പ്രസിദ്ധമായ ഏഴു തീർഥാടന പള്ളികളിൽ ഒന്നായിരുന്നു. മഹാജൂബിലി വർഷത്തിൽ ഈ ദേവാലയത്തിനു പകരം റോമിലെ “ഡിവിനോ അമോറെ” ദേവാലയത്തെ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഈ ഗണത്തിൽ ഉൾപ്പെടുത്തി. എന്നാലും അനേകായിരങ്ങൾ സന്ദർശിക്കുന്ന ഒരു പുരാതന ബസിലിക്ക ആണിത്. സഭയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് അധികം കഴിയുന്നതിനു മുമ്പുതന്നെ റോമിൽ പണിതുയർത്തിയ ദേവാലയമാണ് വി. സെബസ്ത്യാനോസിന്റെ നാമത്തിലുള്ളത്. വി. ലോറൻസിനെപ്പോലെ ആദിമക്രൈസ്തവരുടെ ഇടയിലെ ജ്വലിക്കുന്ന സാക്ഷ്യവും ദൈവിക പ്രചോദനവുമായിരുന്നു വി. സെബാസ്ത്യാനോസിന്റെ ജീവിതവും.
വി. സെബസ്ത്യാനോസിനെക്കുറിച്ചുള്ള ചരിത്രവിവരങ്ങൾ നമുക്ക് ലഭിച്ചിരിക്കുന്നത് മിലാനിലെ പ്രസിദ്ധ വേദപാരംഗതനായ വി. അംബ്രോസിലൂടെയാണ്. മിലാനിൽ നിന്നുള്ള സെബാസ്ത്യാനോസിനെ വീരാരാധനയോടെയാണ് അവിടെയുള്ള വിശ്വാസികൾ കണ്ടിരുന്നത്. ക്രിസ്തുവർഷം 283 ൽ കരിനൂസ് ചക്രവർത്തിയുടെ കാലത്ത് അദ്ദേഹം റോമൻ സൈന്യത്തിൽ ചേരുകയും പ്രശംസനീയമായ രീതിയിൽ രാജ്യസേവനം നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ അസാധാരണമായ ധീരതയും ആത്മാർഥതയും കാരണം സൈന്യത്തിലുള്ള ഉന്നതസ്ഥാനങ്ങൾ അദ്ദേഹത്തെ തേടിയെത്തി. എന്നാൽ സെബസ്ത്യാനോസ് ക്രിസ്തീയവിശ്വാസം സ്വീകരിച്ച കാര്യം ഉന്നത ഭരണാധികാരികൾ ആരുംതന്നെ അറിഞ്ഞിരുന്നില്ല. ഇക്കാലയളവിലാണ് റോമിലെ രണ്ടു ഡീക്കന്മാരായിരുന്ന മാർക്കൂസും മാർസെല്ലിയാനസും റോമൻ വിഗ്രഹങ്ങൾക്ക് ബലിയർപ്പിക്കാൻ വിസമ്മതിക്കുന്നതിന് കാരാഗ്രഹത്തിൽ അടയ്ക്കപ്പെട്ടത്. ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ച മാതാപിതാക്കൾ ഉൾപ്പെടെയുള്ള 16 പേരെ സെബസ്ത്യാനോസ് ക്രിസ്തീയവിശ്വാസത്തിലേക്ക് കൊണ്ടുവരുന്നു. ഈ സമയത്ത് അദ്ദേഹത്തിലൂടെ ദൈവം വലുതായ അദ്ഭുതങ്ങളും പ്രവർത്തിക്കുന്നു.
എന്നാൽ എ. ഡി. 286 ൽ അദ്ദേഹത്തിന്റെ പ്രവൃത്തികൾ എല്ലാവർക്കും വെളിപ്പെടുകയും ക്രിസ്തീയവിശ്വാസം സ്വീകരിച്ച് രാജ്യദ്രോഹിയായിത്തീർന്ന സെബസ്ത്യാനോസിനെ ഒരു മരത്തിൽ കെട്ടിയിട്ട് അമ്പെയ്ത് കൊല്ലാനും ഡയോക്‌ളീഷൻ ചക്രവർത്തി കൽപിച്ചു. അങ്ങനെ ചില ജീവചരിത്രകാരന്മാരും രേഖപ്പെടുത്തിയിരിക്കുന്നതുപോലെ ഒരു മുള്ളൻപന്നിയുടെ ദേഹത്തുള്ള മുള്ളുകൾ പോലെ അദ്ദേഹത്തിന്റെ ശരീരമാസകലം അമ്പുകൾ തറച്ചു. സെബസ്ത്യാനോസ് മരിച്ചു എന്നുകരുതി അദ്ദേഹത്തിന്റെ മൃതശരീരം പട്ടാളക്കാർ അവിടെ ഉപേക്ഷിച്ചുപോയി.
റോമിലെ അറിയപ്പെടുന്ന സ്ത്രീകളിൽ ഒരാളായ ഐറീൻ (വി. ഐറീൻ) സെബസ്ത്യാനോസിന്റെ ശരീരം അടക്കാനായി നീക്കം ചെയ്തപ്പോൾ അദ്ദേഹം മരിച്ചിട്ടില്ല എന്നു മനസ്സിലാക്കുകയും തന്റെ ഭവനത്തിൽ കൊണ്ടുവന്ന് അദ്ദേഹത്തെ പരിചരിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം വീണ്ടും ഡയോക്‌ളീഷൻ ചക്രവർത്തിയെ കണ്ടുമുട്ടിയപ്പോൾ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിന് ചക്രവർത്തിയെ ശാസിക്കുന്നു. കോപാക്രാന്തനായ ചക്രവർത്തി സെബസ്ത്യാനോസിനെ അടിച്ചുകൊല്ലാനും ശവശരീരം റോമിലെ ഓടയിൽ കൊണ്ടിടാനും ആജ്ഞാപിച്ചു. എന്നാൽ ലൂസിന എന്ന ഭക്തയായ ഒരു സ്ത്രീ അദ്ദേഹത്തിന്റെ മൃതശരീരം വീണ്ടെടുത്ത് കാലിസ്റ്റസ് സെമിത്തേരിയിൽ അടക്കം ചെയ്തു.
സഭയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്ത് അപ്പസ്തോലന്മാരുടെ ദേവാലയം എന്ന പേരിൽ അറിയപ്പെട്ടിരുന്ന പള്ളിയിലാണ് സെബസ്ത്യാനോസിന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരുന്നത്. പിന്നീട് ഇത് വി. സെബസ്ത്യാനോസിന്റെ ദേവാലയമായി പരിവർത്തനപ്പെടുത്തുകയായിരുന്നു. റോമിലെ പ്രധാന ദേവാലയങ്ങൾ നവീകരിച്ച കൂട്ടത്തിൽ കർദിനാൾ സ്കിപ്പിയോണെ ബൊർഗേസെ വി. സെബസ്ത്യാനോസിന്റെ ബസിലിക്ക 1610 ൽ മുഴുവനായി തന്നെ പുതുക്കിപ്പണിതുവെന്ന് പറയപ്പെടുന്നു. കാലാന്തരത്തിൽ യൂറോപ്പിലെ പല ദേവാലയങ്ങളിലും ആശ്രമങ്ങളിലും വി. സെബസ്ത്യാനോസിന്റെ തിരുശേഷിപ്പുകൾ റോമിൽ നിന്നും കൊണ്ടുപോയി പ്രതിഷ്ഠിക്കപ്പെട്ടതായി പറയപ്പെടുന്നു.
സെബസ്ത്യാനോസിനെ വിഷം പുരട്ടിയ അമ്പെയ്ത് കൊന്നു എന്ന ചരിത്രത്തിൽ നിന്നുമാണ് യൂറോപ്പിനെ പല പ്രാവശ്യം ഗ്രസിച്ച പ്ളേഗിൽ നിന്നും രക്ഷ നേടുന്നതിനായി സെബസ്ത്യാനോസിന്റെ മധ്യസ്ഥതയിൽ പ്രാർഥിക്കുന്ന പാരമ്പര്യം നിലവിൽ വന്നത്. മാത്രമല്ല, ദൈവത്തിന്റെ പ്രത്യേക സംരക്ഷണത്താൽ അമ്പെയ്ത് കൊല്ലാൻ ശത്രുക്കൾ ശ്രമിച്ചപ്പോൾ അദ്ദേഹം മരണത്തിൽ നിന്നും രക്ഷപെടുകയും ചെയ്തു. അതുപോലെ പ്ലേഗ് പോലെയുള്ള മഹാമാരിയിൽ നിന്നും സൗഖ്യം പ്രാപിക്കുന്നതിന് സെബാസ്ത്യാനോസ് അനേകരെ സഹായിക്കുന്നു എന്ന് വിശ്വാസികൾ തിരിച്ചറിഞ്ഞു.
ക്രൈസ്തവരുടെ പ്രിയപ്പെട്ട തീർഥാടന കേന്ദ്രമായി റോം മാറിയിരിക്കുന്നത് പത്രോസ് – പൗലോസ് ശ്ലീഹന്മാരോടൊപ്പം ക്രിസ്തീയവിശ്വാസത്തിന്റെ ജ്വലിക്കുന്ന ഓർമകളായി നിൽക്കുന്ന സെബാസ്ത്യാനോസിനെപ്പോലുള്ള അനേകം രക്തസാക്ഷികളുടെ നിണം വീണു കുതിർന്ന മണ്ണ് ഇവിടെ ഉള്ളതിനാലാണ്. ഇന്നും ഈ ബസിലിക്ക ക്രിസ്തീയചൈതന്യത്തിന്റെയും ആത്മീയ അനുഗ്രഹത്തിന്റെയും ശ്രോതസ്സുകളായി നിലനിൽക്കുകയും അനേക ലക്ഷം വിശ്വാസികൾ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും റോമിലെത്തി പ്രാർഥിച്ച് അനുഗ്രഹം പ്രാപിച്ച് തിരികെപ്പോവുകയും ചെയ്യുന്നു.
ഫാ. മാത്യു ചാർത്താക്കുഴിയിൽ