“ഞങ്ങൾക്കെതിരെ പീഡനങ്ങളും അക്രമങ്ങളും വർദ്ധിക്കുകയാണ്” – വേദനയോടെ ജറുസലേമിലെ ക്രൈസ്തവർ

ഈശോയുടെ പാദസ്പർശമേറ്റും പീഡാസഹനങ്ങൾക്ക് സാക്ഷ്യം വഹിച്ചും കടന്നുവന്ന പുണ്യഭൂമി – ജറുസലേം. ഇന്നും ക്രൈസ്തവലോകം ഏറെ ഭക്തിയോടെ നോക്കിക്കാണുന്ന ഒരു സ്ഥലമാണ് ഇത്. യേശുവിന്റെ കാൽച്ചുവടുകളെ അനുഗമിക്കാൻ ജറുസലേമിലെ പുരാതന തെരുവുകളിൽ ക്രിസ്ത്യൻ തീർത്ഥാടകരുടെ ഒരു വലിയ കൂട്ടം ഈ മാസം തടിച്ചുകൂടിയിരുന്നു. ദുഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴിയിലും മറ്റും അനേകായിരങ്ങൾ ഏറെ തീക്ഷ്ണതയോടും വൈകാരികമായുമാണ് പങ്കെടുത്തത്. എന്നാൽ സമീപമാസങ്ങളിൽ, നഗരത്തിന്റെ അധിനിവേശ കിഴക്കുഭാഗത്തു താമസിക്കുന്ന ക്രിസ്ത്യാനികൾ സാക്ഷ്യപ്പെടുത്തുന്നത്, അവിടെ തങ്ങൾക്കെതിരെ പീഡനങ്ങളും അക്രമങ്ങളും വർദ്ധിച്ചുവരുന്നു എന്നാണ്.

ആക്രമണങ്ങളുടെ തരംഗം

ഗ്രീക്ക് ഓർത്തഡോക്‌സ് പാത്രിയാർക്കീസ് തിയോഫിലോസ് മൂന്നാമൻ ക്രിസ്ത്യൻ സാന്നിധ്യത്തിനു നേരെ റാഡിക്കൽ ഇസ്രായേലി ഗ്രൂപ്പുകളുടെ അഭൂതപൂർവ്വമായ ആക്രമണങ്ങളെക്കുറിച്ച് പലപ്പോഴായി മുന്നറിയിപ്പ് നൽകിയിരുന്നു. അവസാനത്തെ അത്താഴം നടന്നതായി ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന സിയോൻ പർവ്വതത്തിൽ ഈ വർഷത്തിന്റെ തുടക്കത്തിൽ, രണ്ട് ഓർത്തഡോക്സ് കൗമാരക്കാർ, ആംഗ്ലിക്കൻ സെമിത്തേരിയിലെ ശവക്കുഴികൾ അശുദ്ധമാക്കുന്നത് സുരക്ഷാ കാമറകളിൽ തെളിഞ്ഞിരുന്നു. അവിടുത്തെ കുരിശുകളും തലക്കല്ലുകളും തകർത്ത അവരെ അറസ്റ്റ് ചെയ്തതായി ഇസ്രായേൽ പോലീസ് പിന്നീട് പറഞ്ഞു.

ജനുവരി അവസാനം, ഓൾഡ് സിറ്റിയിലെ ന്യൂ ഗേറ്റിൽ അർമേനിയൻ ഉടമസ്ഥതയിലുള്ള ഒരു റെസ്റ്റോറന്റിലേക്ക് തീവ്രവാദി ജൂത ജനക്കൂട്ടം അക്രമാസക്തമായ രീതിയിൽ കസേരകൾ വലിച്ചെറിയുകയും അവിടുത്തെ വസ്തുവകകൾ പലതും നശിപ്പിക്കുകയും ചെയ്തു. ‘അറബികൾക്ക് മരണം, ക്രിസ്ത്യാനികൾക്ക് മരണം’ എന്ന മുദ്രാവാക്യവും അവർ ഉയർത്തി.

തൊട്ടടുത്ത മാസം, ഒരു ജൂത അമേരിക്കൻ വിനോദസഞ്ചാരി കുരിശിന്റെ വഴിയിലെ ഫ്ലാജല്ലേഷൻ പള്ളിയിൽ ചുറ്റിക കൊണ്ട് ക്രിസ്തുവിന്റെ പ്രതിമ നശിപ്പിച്ചു. കൂടാതെ, ഈ നഗരത്തിൽ പുരോഹിതരെ പുച്ഛിക്കുന്നതും ശപിക്കുന്നതും ആക്രമിക്കുന്നതും പതിവായി മാറിയിരിക്കുന്നു.

ഇസ്രായേൽ രാഷ്ട്രീയത്തിലെ തീവ്ര വലതുപക്ഷത്തിന്റെ ഉയർച്ച ക്രൈസ്തവർക്കെതിരെയുള്ള ആക്രമണത്തിൽ ഒരു പങ്കു വഹിക്കുന്നുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. നിലവിലെ ഇസ്രായേൽ ഗവൺമെന്റിലെ ധനമന്ത്രി ബെസാലെൽ സ്‌മോട്രിച്ചിനെപ്പോലുള്ള അൾട്രാ നാഷണലിസ്റ്റുകൾ, തങ്ങളുടെ മതം സ്വീകരിക്കാത്തവരോട് അസഹിഷ്ണുത കാണിക്കുന്നതായും ആക്ഷേപമുണ്ട്.
പള്ളികൾ ആക്രമിക്കുന്നത് പുതിയ സർക്കാരിന്റെ തന്ത്രമാണെന്ന് താൻ വിശ്വസിക്കുന്നില്ലെങ്കിലും ഈ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ചെറുപ്പക്കാർക്ക് സർക്കാരിൽ ശക്തമായ പ്രതിനിധികൾ ഉള്ളതിനാൽ ഏതെങ്കിലും വിധത്തിൽ അവർ സംരക്ഷിക്കപ്പെടുന്നതായി കാണുന്നു എന്ന് ലത്തീൻ പാത്രിയാർക്കേറ്റിലെ ബിഷപ്പ് വില്യം പറയുന്നു.

ക്രിസ്തീയവിശ്വാസത്തിന്റെ ഹൃദയഭാഗത്താണ് വിശുദ്ധ നഗരമായ ജറുസലേം സ്ഥിതിചെയ്യുന്നത്. എന്നിരുന്നാലും, ഇവിടെ താമസിക്കുന്ന ക്രിസ്ത്യാനികളുടെ എണ്ണം ഒരു നൂറ്റാണ്ട് മുമ്പ് ജനസംഖ്യയുടെ നാലിലൊന്നിൽ നിന്ന് 2% ആയി കുറഞ്ഞു. ഇസ്രായേൽ – പലസ്തീൻ സംഘർഷത്തിന്റെ വേദനാജനകമായ ദൈനംദിന യാഥാർത്ഥ്യങ്ങളിൽ നിന്ന് രക്ഷപെട്ട് മറ്റെവിടെയെങ്കിലും മികച്ച അവസരങ്ങൾ തേടി പലരും കുടിയേറിയതാണ് കാരണം. തങ്ങളുടെ കമ്മ്യൂണിറ്റിയുടെ വലിപ്പം കുറവായതിനാൽ, ഇസ്രായേലി നയങ്ങൾ തങ്ങളെ പരിഗണിക്കുന്നില്ലെന്ന് ക്രിസ്ത്യാനികൾ പരാതിപ്പെടുന്നു.

ഒറ്റപ്പെട്ട സംഭവങ്ങളല്ല

ജൂത കുടിയേറ്റക്കാർ കൂടുതൽ കൂടുതൽ സ്വത്തുക്കൾ കൈക്കലാക്കുന്നു. തങ്ങളോടുള്ള വർദ്ധിച്ചുവരുന്ന ശത്രുത, തങ്ങളെ പുറത്താക്കാൻ വേണ്ടിയാണെന്ന് പല ക്രിസ്ത്യാനികളും കരുതുന്നു. ഇത്തരത്തിലുള്ള വിഭാഗീയ പ്രശ്നങ്ങൾക്ക് കൂടുതൽ അന്താരാഷ്ട്രശ്രദ്ധ ഇവർ ആഗ്രഹിക്കുന്നു. ഇസ്രായേൽ പോലീസ് പലപ്പോഴും മന്ദഗതിയിലുള്ള പ്രതികരണമാണ് നടത്തുന്നതെന്നും ക്രൈസ്തവർ ആരോപിക്കുന്നു.

ഈ ഈസ്റ്ററിലും, ഭാവിയെക്കുറിച്ച് തങ്ങൾ ആശങ്കാകുലരാണെന്നാണ് ജറുസലേമിലെ ക്രിസ്ത്യാനികൾ പറയുന്നത്. എങ്കിലും ഉത്ഥിതനായ ക്രിസ്തു നൽകുന്ന പ്രത്യാശയുടെ സന്ദേശത്തിൽ തങ്ങൾ മുറുകെപ്പിടിക്കുകയാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.

കീർത്തി ജേക്കബ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.