![persecution](https://i0.wp.com/www.lifeday.in/wp-content/uploads/2024/10/persecution.jpeg?resize=696%2C435&ssl=1)
ആദ്യത്തെ ക്രിസ്ത്യൻ രക്തസാക്ഷിയായ വി. എസ്തപ്പാനോസിന്റെ മരണം എ. ഡി. 33-36 ലാണ്. അന്നുമുതൽ, ക്രിസ്ത്യാനികൾ നിരന്തരമായ പീഡനങ്ങളും വംശഹത്യയും അനുഭവിച്ചിട്ടുണ്ട്. ക്രിസ്തുമതം വർഷങ്ങളായി നിരന്തരമായ പീഡനങ്ങൾക്കു വിധേയമാണെങ്കിലും ക്രിസ്തുവിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്.
ജർമനി ആസ്ഥാനമായുള്ള സംഘടനയായ ഇന്റർനാഷണൽ സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ (ഐ. എസ്. എച്ച്. ആർ.) 2024-ലെ റിപ്പോർട്ട് അനുസരിച്ച്, ക്രിസ്തുമതം ‘ലോകമെമ്പാടും ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന മതമാണ്.’ 2009- ൽ ഐ. എസ്. എച്ച്. ആർ. റിപ്പോർട്ട് ചെയ്തത്, ആഗോളതലത്തിൽ 80% മതവിവേചനവും ക്രിസ്ത്യാനികളോടാണെന്നാണ്. ഇത് ലോകശ്രദ്ധ ആകർഷിക്കുകയോ, ചർച്ചകൾക്കു വിധേയമാകുകയോ ചെയ്യപ്പെടാത്ത ഒരു വസ്തുതയാണ്. ക്രിസ്തുമതം ലോകത്തിലെ ഏറ്റവും ജനപ്രിയമായ മതമാണെങ്കിലും ലോകജനസംഖ്യയുടെ മൂന്നിലൊന്ന് അംഗങ്ങൾ മാത്രമാണുള്ളത്.
ക്രിസ്തുവിന്റെ കാലം മുതൽ ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികൾ വിശ്വാസം സംരക്ഷിക്കുന്നതിനായി മരിച്ചു. 1899 മുതൽ 1901 വരെ ചൈനയിലെ ബോക്സർ കലാപത്തിൽ ഏകദേശം 20,000 ക്രിസ്ത്യാനികൾ കൂട്ടക്കൊല ചെയ്യപ്പെട്ടു. രണ്ട് പതിറ്റാണ്ടുകൾക്കുള്ളിൽ, 1915-1916 വരെ, ഓട്ടോമൻ സാമ്രാജ്യത്തിൻകീഴിൽ 6,00,000 മുതൽ 1.2 ദശലക്ഷം വരെ അർമേനിയൻ ക്രിസ്ത്യാനികൾ അവരുടെ വിശ്വാസത്തിന്റെപേരിൽ കൊല്ലപ്പെട്ടിട്ടുണ്ട്. നൈജീരിയയിൽ 2000 മുതൽ ഏകദേശം 62,000 ക്രിസ്ത്യാനികൾ അവരുടെ വിശ്വാസത്തിന്റെപേരിൽ മരണമടഞ്ഞു. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഇന്ന് അവരുടെ വിശ്വാസത്തിന്റെപേരിൽ കൊല്ലപ്പെടുന്നതിനാൽ ഈ പട്ടിക വർധിച്ചുകൊണ്ടിരിക്കുകയാണ്.
നിരന്തരമായ പീഡനങ്ങൾക്കിടയിലും ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നു. 2015-നും 2060-നും ഇടയിൽ ക്രിസ്ത്യാനികളുടെ എണ്ണം 34% വർധിക്കുമെന്ന് പ്യൂ റിസർച്ച് പ്രവചിക്കുന്നു. കൂടാതെ, ഗോർഡൻ കോൺവെൽ തിയോളജിക്കൽ സെമിനാരി 2024-ൽ റിപ്പോർട്ട് ചെയ്തതുപ്രകാരം, 2050 ആകുമ്പോഴേക്കും ക്രിസ്തുവിശ്വാസം ആഫ്രിക്കയിൽ കൂടുതൽ വളർച്ച പ്രാപിക്കും.
ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ ക്രിസ്ത്യാനികൾ പ്രത്യേകിച്ചും പീഡനം, ബലാത്സംഗം, വധശിക്ഷ, തൊഴിൽവിവേചനം, കുടുംബങ്ങളിൽനിന്നും പുറത്താക്കൽ, സാമൂഹികസമ്മർദങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ പീഡനങ്ങളും സഹിച്ചുവരുന്നു.