ക്രൈസ്തവ രംഗത്തെ ആത്മീയ സംഗീതാചാര്യൻ ഫാ. ആന്റണി ഉരുളിയാനിക്കൽ സി. എം. ഐ

സി. സൗമ്യ DSHJ

“എല്ലാ ദിവസവും നിരവധി പള്ളികളിൽ ഉരുളിയാനിക്കൽ അച്ചന്റെ ഏതെങ്കിലും ഒരു പാട്ട് പാടുന്നുണ്ട്.” ഫാ. ആന്റണി ഉരുളിയാനിക്കൽ സി. എം. ഐ എന്ന സംഗീത സംവിധായകനെക്കുറിച്ചുള്ള വാക്കുകളാണ്. ഇത് കേൾക്കുമ്പോൾ അതിശയോക്തി തോന്നുമെങ്കിലും യാഥാർഥ്യമാണ്! ക്രൈസ്തവസംഗീതമേഖലയിലെ സംഭാവനകൾ പരിഗണിച്ച് ഈ വർഷത്തെ കെ. സി. ബി. സി. ഗുരുപൂജ പുരസ്‌കാരത്തിന് അർഹനായതും ഈ വൈദികനാണ്. അഞ്ഞൂറിലധികം ഗാനങ്ങൾക്കാണ്‌ അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ക്രിസ്ത്യൻ സംഗീതലോകത്തെ ആത്മീയ ആചാര്യനായ ഫാ. ആന്റണി ഉരുളിയാനിക്കലിന്റെ സംഗീതവഴികളിലൂടെ ഒരു യാത്ര. തുടർന്ന് വായിക്കുക.

‘തൃക്കൈകളിൽ…’ ‘ഹൃദയതാലമേന്തി നാഥാ…’ സുവിശേഷ ഗീതികൾ പാടാൻ…’ ഈ പാട്ടുകളൊക്കെ കേൾക്കാത്തവരോ ഒന്ന് മൂളാത്തവരോ ആയി ആരുംതന്നെ കാണില്ല. വർഷങ്ങൾക്കുമുൻപ് ഇറങ്ങിയ ഈ പാട്ടുകൾ ഇന്നും ദൈവാലയങ്ങളിൽ വിശുദ്ധ ബലിമധ്യേ പാടികേൾക്കാറുണ്ട്. ഫാ. ആന്റണി ഉരുളിയാനിക്കൽ സംഗീതം നിർവ്വഹിച്ചിരിക്കുന്ന ഗാനങ്ങളാണിവ. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഇന്നും ദൈവാലയങ്ങളിൽ ഇവ സജീവമായി തുടരുന്നു. ക്രിസ്ത്യൻ സംഗീതലോകത്തിൽ അഞ്ഞൂറിലധികം ഗാനങ്ങൾക്കാണ്‌ അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഫാ. ആന്റണി ഉരുളിയാനിക്കൽ തന്റെ സംഗീതവഴികളെക്കുറിച്ച് ലൈഫ് ഡേ യോട് മനസ് തുറക്കുന്നു.

കെ. സി. ബി. സി. ഗുരുപൂജ പുരസ്‌കാരം

സി. എം. ഐ. കാർമ്മൽ പ്രൊവിൻസിലെ വാഴക്കുളത്തുള്ള ആശ്രമത്തിലെ അംഗമാണ് ഫാ. ആന്റണി ഉരുളിയാനിക്കൽ. മ്യൂസിക്കൽ മിനിസ്ട്രിയിൽ സജീവമായി ശുശ്രൂഷ ചെയ്തുവരുന്ന അദ്ദേഹം ജീസസ് യൂത്തിന്റെ പ്രവർത്തങ്ങളിലും ഏർപ്പെടുന്നുണ്ട്. ഈ വർഷത്തെ കെ. സി. ബി. സി. ഗുരുപൂജ പുരസ്‌കാരത്തിന് അർഹനായ ഫാ. ആന്റണി, തനിക്ക് കിട്ടിയ അവാർഡിനെ വളരെ സന്തോഷത്തോടെയാണ് കാണുന്നത്.

“ഏറെ സംതൃപ്തി നൽകുന്ന ഒരു അവാർഡാണ്  കെ. സി. ബി. സി. യിൽ നിന്നും എനിക്ക് ലഭിച്ചത്. ഈ അവാർഡ് ഒരു വ്യക്തിക്ക് ലഭിക്കുകയെന്നുപറഞ്ഞാൽ സഭയുടെ മുഴുവൻ അംഗീകാരമാണല്ലോ. അതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. പ്രത്യേകിച്ച് മ്യൂസിക് മിനിസ്ട്രിയിൽ ഞാൻ ചെയ്യുന്ന കാര്യങ്ങളെ അംഗീകരിച്ചതിൽ വളരെ സന്തോഷമുണ്ട്. അതിനാൽ എനിക്ക് കിട്ടിയിരിക്കുന്ന ഈ അവാർഡ് വളരെ വിലയുള്ളതായി ഞാൻ കാണുന്നു. സഭയോട് നന്ദിയുണ്ട്.” ഫാ. ആന്റണി പറയുന്നു. കോതമംഗലം രൂപതയിലെ നെല്ലിമറ്റം സ്വദേശിയായ അച്ചൻ തന്റെ കുടുംബത്തിൽ നിന്നുതന്നെയാണ് സംഗീതവഴികളിലേക്കുള്ള യാത്ര ആരംഭിച്ചത്.

ഇപ്പോഴും അച്ചന്റെ പുതിയ പാട്ടുകൾ ഇറങ്ങുന്നതിന് ഒരു കുറവുമില്ല. അതോടൊപ്പം ക്രിസ്തുമസിനോട് അനുബന്ധിച്ചും പാട്ടുകൾ ഇറങ്ങാനുണ്ട്. “ഇപ്പോൾ ക്രിസ്ത്യൻ സംഗീതമേഖലയിൽ പാട്ടുകളുടെ ഒരു ചാകര തന്നെയുണ്ട്. അതിൽ നല്ലത് ഏത്, ചീത്തയേത് എന്ന് തിരിച്ചറിയാൻ പോലും കഴിയാത്തവിധം പാട്ടുകൾ പുതുതായി ഇറങ്ങുന്നുണ്ട്. അതിനിടയ്ക്ക് വളരെ നല്ലഗാനങ്ങൾ ഇറങ്ങുമ്പോൾ അത് ആളുകളുടെ ശ്രദ്ധയിൽ പെടാറില്ല. പാട്ടിന്റെ സംസ്കാരം തന്നെ മാറിപ്പോയി. ഇപ്പോൾ അടിപൊളിയുടെ കാലമാണല്ലോ. അത് ക്രിസ്ത്യൻ സംഗീതമേഖലയിലും കടന്നുകൂടിയിട്ടുണ്ട്”- അർഥം മനസിലാക്കി പാടുന്നതിന്റെ പിന്നിലെ ആത്മീയതയും അന്തസത്തയും മനസ്സിലാക്കിക്കൊണ്ട് ഫാ. ആന്റണി പറയുന്നു.

സംഗീതത്തിന്റെ ആത്മീയത

1981 ലായിരുന്നു ആന്റണി അച്ചൻ തിരുപ്പട്ടം സ്വീകരിച്ചത്. സെമിനാരിയിൽ വച്ചൊക്കെ പാട്ട് പഠിച്ചിട്ടുണ്ടെങ്കിലും കൂടുതൽ പഠിക്കാനായി തിരുപ്പട്ടത്തിനുശേഷം ബറോഡാ യൂണിവേഴ്‌സിറ്റിയിൽ ചേർന്നു. ഹിന്ദുസ്ഥാനി സംഗീതമാണ് പഠിച്ചത്. സംഗീതത്തിൽ ഡിപ്ലോമ, ഡിഗ്രി പഠനങ്ങൾ പൂർത്തിയാക്കി തിരിച്ചു വന്നതിനുശേഷം തൊടുപുഴയിൽ ഒരു മ്യൂസിക് സെന്റർ ആരംഭിച്ചു.’നാദോപാസന’ എന്ന സംഗീത നൃത്ത പരിശീലന കേന്ദ്രം ആരംഭിച്ചു. അച്ചന്റെ നിരവധി ഗാനങ്ങൾ ‘നാദോപാസന’ യിൽ നിന്നാണ് വന്നത്.

1989 ൽ ആണ് കളമശ്ശേരിയിൽ ഒരു കരിസ്മാറ്റിക് നാഷണൽ കൺവെൻഷൻ നടക്കുന്നത്. അതിൽ ക്വയറിന്റെ നേതൃത്വം ആന്റണി അച്ചനെയാണ് ഏൽപ്പിച്ചത്. നൂറുകണക്കിന് ഗായകരെ അണിനിരത്തിയാണ് ആ ക്വയർ ഒരുക്കിയത്. പല ഭാഷകളിലുള്ള വ്യത്യസ്ത ഗാനങ്ങൾ അവിടെ പാടി. വളരെ മനോഹരമായ ഒന്നായിരുന്നു അത്. ആ ക്വയറിൽ പാടിയ ജീസസ് യൂത്തിലെ ഗായകരിൽ നിന്നുമാണ് ‘റെക്‌സ് ബാൻഡ്’ ന്റെ രൂപീകരണം. അങ്ങനെ ആ ബാൻഡ് വളർന്നുവലുതായി. ലോകംമുഴുവൻ വ്യാപിച്ചു. ‘റെക്‌സ് ബാൻഡ്’ ജീസസ് യൂത്തിന്റെ സംഗീതവിഭാഗമാണ്. അത് മാത്രമല്ല ജീസസ് യൂത്തിലെ മുഴുവൻ ഗായകർക്കും പരിശീലനം കൊടുക്കുവാനുള്ള അവസരവും അച്ചന് ലഭിച്ചിട്ടുണ്ട്. കേരളം മുഴുവൻ ഓടിനടന്ന് ജീസസ് യൂത്തിലെ മുഴുവൻ ഗായകരേയും സംഗീതത്തിന്റെ ആത്മീയതയിലേക്ക് വളർത്താനുള്ള അവസരത്തെ ദൈവം പ്രത്യേകം ഏൽപ്പിച്ച ദൗത്യമായാണ് ഈ വൈദികൻ കാണുന്നത്. നിരവധി ക്ലാസുകളും ട്രെയിനിങ് സെക്ഷനുകളും ഒക്കെ അതിന്റെ ഭാഗമായി എടുത്തു. ഇപ്പോഴും അച്ചൻ അത് തുടരുന്നുണ്ട്.

‘റെക്‌സ് ബാൻഡ്’ ലൂടെ നിരവധിപ്പേർ സംഗീതമേഖലയിൽ അറിയപ്പെടുന്ന സാന്നിധ്യമായിട്ടുണ്ട്. സ്റ്റീഫൻ ദേവസി, തൃശൂരാണ് കീ ബോർഡ് പഠിച്ചത്. അതിനുശേഷം അദ്ദേഹം ‘റെക്‌സ് ബാൻഡി’ൽ പതിനെട്ട് വർഷമായി അംഗമാണ്. അദ്ദേഹം ഇന്ന് അന്തർദേശീയ തലത്തിൽ സംഗീതമേഖലയിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ്. അതുപോലെ തന്നെയാണ് അൽഫോൻസും. അദ്ദേഹവും ചെറുപ്പത്തിൽ തന്നെ ‘റെക്‌സ് ബാൻഡിൽ ഉണ്ട്. ‘റെക്‌സ് ബാൻഡിൽ ഉള്ളവർ എല്ലാത്തരത്തിലും സംഗീതത്തിലൂടെ കർത്താവിന്റെ മിനിസ്ട്രി ചെയ്യാൻ തയ്യാറുള്ളവരാണ്.

‘സംഗീതം ഹൃദയത്തിന്റെ ഭാഷ’

“സംഗീതം ഹൃദയത്തിന്റെ ഭാഷയാണ്. പതിനായിരക്കണക്കിന് ഭാഷകളെ അപ്രസക്തമാക്കുന്ന വലിയ ഒരു കഴിവാണത്. അത് എങ്ങനെ നമുക്ക് കൂടുതൽ വിശുദ്ധിയോടെയും വിവേകത്തോടെയും ഉപയോഗപ്രദമാക്കാൻ കഴിയുമെന്ന തരത്തിലുള്ള പഠനവും പരിശീലനവും ആണ് ഞങ്ങൾ പ്രധാനമായും നൽകിക്കൊണ്ടിരിക്കുന്നത്. സംഗീതം എന്നത് പവർഫുൾ ആയിട്ടുള്ള ദൈവത്തിന്റെ ദാനമാണ്. അത് എങ്ങനെയും നമുക്ക് ഉപയോഗിക്കാം. നമുക്ക് ഒത്തിരി സ്വാഭാവിക കഴിവുകൾ ഉണ്ട്. അതൊലൊന്നാണ് സംഗീതം. നമ്മുടെ യോഗ്യതയോ മേന്മയോ ഒന്നും നോക്കാതെ നമുക്ക് നൽകപ്പെട്ടിരിക്കുന്ന ആനുകൂല്യമാണ് എല്ലാ കഴിവുകളും. അതിൽ ഏറ്റവും നല്ല കഴിവാണ് സംഗീതം. അത് ഒരു സ്വാഭാവിക കഴിവായതിനാൽ അത് എങ്ങനെ വേണമെങ്കിലും നമുക്ക് ഉപയോഗിക്കാം. അതിന് ഭക്തി വേണമെന്നില്ല. നാം പള്ളിയിൽ പാടുമ്പോഴോ, പുറത്ത് പാടുമ്പോഴോ ദൈവത്തോടോ സഭയോടോ ഇടവകയോടൊ സ്നേഹമോ ബന്ധമോ ഒന്നും വേണമെന്നില്ല. പക്ഷേ, അത് ഒരു അഭിഷേകം നിറഞ്ഞ പാട്ട് ആകണമെങ്കിൽ അതിനു പിന്നിൽ പ്രവർത്തിക്കുന്ന നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കണം. ‘ഞാൻ, എന്റെ പാട്ട്, എന്റെ ശബ്ദം, എന്റെ കഴിവ്’ തുടങ്ങിയവയെല്ലാം ദൈവത്തിന് കൊടുക്കുമ്പോൾ ആണ് അതൊരു ആത്മീയ, അഭിഷേകമുള്ള പാട്ടായി മാറുന്നത്. അത് കേൾക്കുന്നവരിൽ മാനസാന്തരവും അഭിഷേകവും നിറയുകയും ചെയ്യും. അങ്ങനെയുള്ള അറിവ് ലോകം മുഴുവനിലുമുള്ള ഗായകർക്ക് കൊടുക്കാനുള്ള ലക്ഷ്യവും ദൗത്യവുമാണ് എനിക്കുള്ളത്. ഇങ്ങനെയുള്ള നിരവധി ക്ലാസുകൾ തുടർച്ചയായി എടുത്തുകൊണ്ടിരിക്കുന്നു. അങ്ങനെയുള്ള ഒരു മിനിസ്ട്രിയാണ് എന്റേത്.” അച്ചൻ തന്റെ മിനിസ്ട്രിയെക്കുറിച്ച് വെളിപ്പെടുത്തി.

വില്ലനായി വന്ന കാൻസർ രോഗം

ഇരുപത് വർഷങ്ങൾക്കുമുൻപ് കാൻസർ രോഗം ബാധിച്ച ഒരു സമയവും രോഗത്തിന്റെതായ സഹനങ്ങളും ആന്റണി അച്ചന് ഉണ്ടായിരുന്നു. ആദ്യം ഒരുപ്രാവശ്യം കാൻസർ ബാധിച്ചതിനെ തുടർന്ന് ചികിത്സ പൂർത്തിയാക്കിയതും രോഗം ഭേദമായതുമാണ്. എന്നാൽ ഒരു വില്ലനായി കാൻസർ രോഗം വീണ്ടും വന്നു.  നാലുവർഷം വളരെയധികം സഹനത്തിലൂടെ ആന്റണി അച്ചന് കടന്നുപോകേണ്ടി വന്നു. “ഈ രോഗത്തിന്റെ അവസ്ഥയിൽ വളരെ നല്ല പാട്ടുകൾ ചെയ്യാനുള്ള കഴിവ് ഈശോ എനിക്ക് തന്നു. ‘ഹൃദയം തകർന്നപ്പോൾ കരയരുതെന്ന് ഓതുവാൻ…’ എന്ന പാട്ട് ആ സമയത്ത് ചെയ്തതാണ്. അതിന്റെ വരികൾ എഴുതിയത് ഫാ. റോയി കണ്ണഞ്ചിറയാണ്. അതൊക്കെ വളരെ ആഴമായ ആത്മീയതയുള്ള പാട്ടുകൾ ആണ്. അവയുടെയൊക്കെ പുറകിൽ രോഗത്തിന്റെ, വേദനയുടെ ഒക്കെ സഹനങ്ങൾ ഉണ്ട്. ആ സഹനത്തിന്റെ നാളുകളിൽ ഞാൻ ഒത്തിരിയേറെ വളർന്നു. ദൈവം എന്നെ കൂടുതൽ ശക്തനാക്കിമാറ്റി. ചികിത്സയുടെ ഫലമായി കാൻസർ രോഗം പൂർണ്ണമായും ഭേദമായി. എങ്കിലും വളരെ ശക്തിയേറിയ മരുന്നുകൾ കഴിച്ചതിന്റെയൊക്കെ ചില ബുദ്ധിമുട്ടുകളൊക്കെ ഇപ്പോഴും ഉണ്ട്.” രോഗത്തിന്റെ നാളുകളെക്കുറിച്ച് അച്ചൻ പറയുന്നു. ആന്റണി അച്ചന്റെ രോഗത്തിന്റെ അവസ്ഥകണ്ട് ബേബി ജോൺ കലയന്താനി എഴുതി, പീറ്റർ ചേരാനല്ലൂർ സംഗീതം നൽകിയ പാട്ടാണ് ‘ഇല പൊഴിയും കാലങ്ങൾക്കപ്പുറം…’ എന്നത്. അത് വളരെയേറെ പേരെ സ്പർശിച്ചിട്ടുണ്ട്.

സംഗീതത്തെ സ്നേഹിച്ച് കൊതി തീരാത്ത ഒരു വൈദികൻ

“മാതാവിന്റെ ഒരു പാട്ടും ക്രിസ്തുമസിനോട് അനുബന്ധിച്ച് മറ്റൊരു പാട്ടും ഇറങ്ങാനുണ്ട്. ഈസ്റ്ററിനുവേണ്ടി ഒരു നല്ല പാട്ട് ചെയ്‌തിട്ടുണ്ട്‌. അത് വരാനിരിക്കുന്നു. ഒരുപാട് പാട്ടുകൾ ഇപ്പോൾ ഇറങ്ങുന്നുണ്ട്. എല്ലാവർക്കും പാട്ടിൽ അവരുടേതായ ഒരു ലോകമുണ്ട്. ഒരു സ്വയം സന്തോഷത്തിന്റെ മേഖലയായി പാട്ട് മാറി. ഞങ്ങൾ ഇറക്കുന്ന ഓരോ പാട്ടിനായും ഇപ്പോഴും കാത്തിരിക്കുന്നവരുണ്ട്. കാരണം, അതിന് വളരെ ആഴമായ ആത്മീയതയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.” – ഉരുളിയാനിക്കൽ അച്ചൻ ആത്മവിശ്വാസത്തോടെ പറയുന്നു.

“ഇതിനെല്ലാം കാരണം സി. എം. ഐ. സഭയാണ്. ഞാൻ സി. എം. ഐ. സഭയിലെ ഒരു അംഗമായതാണ് എന്റെ എല്ലാ നേട്ടങ്ങൾക്കും കാരണം. വളരെ സന്തോഷത്തോടെ ശ്രദ്ധയോടെ ഒരു തടസവും കൂടാതെ എന്നെ പഠിപ്പിക്കുകയും വളർത്തുകയും എല്ലാ തരത്തിലും സപ്പോർട്ട് ചെയ്യുകയും ചെയ്തത്കൊണ്ടാണ് എനിക്ക് പാട്ടിന്റെ ലോകത്തിൽ ഇത്രയേറെ വളരുവാൻ സാധിച്ചത്. സംഗീതം ഡിഗ്രികളുടെ ബലത്തിൽ ഉള്ള ഒന്നല്ല. സംഗീത പഠനം ഒരിക്കലും അവസാനിക്കുന്നതുമല്ല. അത് പഠിച്ചുകൊണ്ടേയിരിക്കേണ്ട ഒന്നാണ്. ഇപ്പോഴും പഠിച്ചുകൊണ്ടേയിരിക്കുന്നു. എത്ര ഡിഗ്രി കിട്ടിയാലും അപ്ലൈ ചെയ്യാൻ പറ്റണമെന്നില്ല. ഇപ്പോഴും ഞാനൊരു ചെറിയ വിദ്യാർഥിയാണ്.” അച്ചൻ തന്റെ വളർച്ചയുടെ വഴികളെക്കുറിച്ച് വെളിപ്പെടുത്തുന്നു.

ആധുനിക കാലഘട്ടത്തിലെ ക്രൈസ്തവസംഗീതം

ആധുനിക കാലഘട്ടത്തിലെ ക്രൈസ്തവ സംഗീതത്തെക്കുറിച്ച് ആന്റണി അച്ചന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. കാരണം കാലം മാറിയത് അനുസരിച്ച് ആഭിമുഖ്യങ്ങളും മാറിയിട്ടുണ്ട്. എന്നാൽ ക്രൈസ്തവ സംഗീതം ഇന്ന് വളരെയേറെ സെക്കുലർ ആയിപ്പോയി. “പാട്ടുകൾ എങ്ങനെ കൂടുതൽ അഭിഷേകമുള്ളതാക്കാൻ പറ്റുമെന്ന് ഞങ്ങളെ പോലുള്ളവർ പറഞ്ഞുകൊടുക്കുന്നു. അത് കുറച്ചുപേരൊക്കെ സ്വീകരിക്കുന്നു. പാട്ടുകളിലെ ആത്മീയത എല്ലാവരും ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. സഭാതലത്തിൽ അതിനുള്ള തീരുമാനങ്ങളും നിർദേശങ്ങളും വന്നെങ്കിൽ മാത്രമേ, പൂർണ്ണമായിട്ട് ഇത്തരം സാഹചര്യങ്ങൾക്ക് മാറ്റം വരുകയുള്ളൂ.” അച്ചൻ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി.

കേരളത്തിൽ നടക്കുന്ന ഡിവോഷണൽ റിയാലിറ്റി ഷോകളിലെ ജഡ്ജായും ഈ വൈദികൻ തന്റെ സാന്നിധ്യമറിയിച്ചു. അമൃത ടി. വി. യിൽ 300 എപ്പിസോഡ് വന്ന ‘ദേവഗീതം’ റിയാലിറ്റി ഷോയുടെ ജഡ്ജ് ആയിരുന്നു. ഗുഡ്നെസ്സ് ചാനലിൽ ‘ദാവീദിന്റെ കിന്നരങ്ങൾ’ എന്ന ക്വയർ മെമ്പേഴ്സിന് വേണ്ടിയുള്ള മൂന്നുവർഷം നീണ്ടു നിന്ന റിയാലിറ്റി ഷോയിലും ജഡ്ജ് ആയിരുന്നു. കേരളത്തിൽ വിവിധയിടങ്ങളിൽ നടക്കുന്ന ഇതുപോലെയുള്ള സംഗീത റിയാലിറ്റി ഷോകളിൽ ജഡ്ജ് ചെയ്യാൻ പോകുന്നുണ്ട്.

സംഗീതത്തെ വളരെ ഗൗരവമായി, ആത്മീയതയുടെ തലത്തിൽ കാണുന്ന ഈ വൈദികൻ ഇന്നത്തെ കാലഘട്ടത്തിൽ സംഗീത ലോകത്തെ വേറിട്ട കാഴ്ചപ്പാട് തന്നെയാണ് ലോകത്തിന്റെ മുൻപിൽ പകർന്നു നൽകുന്നത്. സംഗീതലോകത്തെ വേറിട്ട സാന്നിധ്യമായ ഫാ. ആന്റണി ഉരുളിയാനിക്കലിന് ലൈഫ് ഡേ യുടെ സ്‌നേഹാദരവുകൾ!

സി . സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.