

ഇന്നും ജീവിക്കുന്ന ക്രിസ്തുവുമായി ആഴത്തിലുള്ള വ്യക്തിബന്ധത്തിലായിരിക്കുന്നവരാണ് ക്രിസ്തുവിന്റെ അനുയായികള്‍. ഇങ്ങനെയുള്ള ഒരു സമ്പര്ക്കത്തിലേക്കുള്ള സാധ്യതകള്‍ യേശുവിന്റെ ഉയിര്‍പ്പിലൂടെയാണ് നമുക്കു മുമ്പില്‍ തുറക്കപ്പെട്ടത്. നമ്മെ സംബന്ധിച്ച് യേശുക്രിസ്തു പണ്ടെങ്ങോ ജീവിച്ചു, മരിച്ചു, കടന്നുപോയ ഒരു ചരിത്രപുരുഷന് എന്നതിനേക്കാള്‍, നമുക്കു മുമ്പായി, നമുക്കുവേണ്ടി മരണത്തെ കീഴടക്കിയവന്കൂടിയാണ്. ക്രിസ്തുവില്‍ അനാവരണം ചെയ്യപ്പെട്ട പുതിയ ലോകത്തിന്റെയും നവജീവിതത്തിന്റെയും ആരംഭമായിരുന്നു ഈസ്റ്റര്‍. ”ഞാന്‍ ജീവിക്കുന്നു; അതിനാല്‍ നിങ്ങളും ജീവിക്കും” (യോഹ. 14:19) എന്ന് യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞത് തന്നില്‍ വിശ്വസിക്കുന്ന എല്ലാവരെയും ഉദ്ദേശിച്ചാണ്. മനുഷ്യശരീരത്തിനു പുതിയ മാനവും നാം മനസ്സിലാക്കിയതില്‍ കൂടുതല്‍ ശ്രേഷ്ഠതയും യേശുവിന്റെ ഉയിര്പ്പുവഴിയായി ലഭിച്ചു. നമ്മുടെ ഇപ്പോഴുള്ള ശരീരത്തെയും, നാം പ്രാപിക്കാനുള്ള മഹത്വീകരിക്കപ്പെട്ട ശരീരത്തെയും, യേശുവിന്റെ ഭൗതീകശരീരത്തെയും (സഭ) ക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ അടിസ്ഥാനത്തില്‍ എങ്ങനെ മനസ്സിലാക്കണമെന്ന് വിശദീകരിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.
യേശുവിന്റെ ഉത്ഥാനം നമ്മുടെ ശരീരത്തിന്റെ പാവനതയെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നു. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും ശരീരം വഴിയായി നമ്മള് നടത്തുന്ന കര്‍മ്മങ്ങളെയും നാം ഗൗരവത്തോടെ കൈകാര്യം ചെയ്യണം. അതിന്റെ ശരിയായ പരിപാലനത്തിന് ആവശ്യമായവയെല്ലാം അനുദിനം നമ്മള് അനുഷ്ഠിക്കണം. ക്രിസ്തീയവിശ്വാസത്തിന്റെ ഏറ്റം പുരാതനമായ വിശ്വാസപ്രഖ്യാപനത്തില്‍ ത്രിതൈ്വകദൈവത്തിലുള്ള വിശ്വാസം ഏറ്റുപറഞ്ഞതിനുശേഷം ഏറ്റുചൊല്ലുന്ന സത്യമാണ് ‘ശരീരത്തിന്റെ ഉയിര്‍പ്പിലും ഞാന്‍ വിശ്വസിക്കുന്നു’ എന്നത്. അതിന്റെ അര്‍ഥം, എന്റെ ശരീരത്തിന് മരിച്ച് അടക്കിയതിനുശേഷവും ഉപയോഗമുണ്ടെന്നുള്ളതാണ്. വരാനിരിക്കുന്ന ഒരു ജീവിതത്തിനായി ഈ ശരീരം മഹത്വീകരിക്കപ്പെട്ട അവസ്ഥയിലേക്കു മാറ്റപ്പെടും. ക്രിസ്തുവിന്റെ ശിഷ്യന് അനുയോജ്യമായ ജീവിതം നയിക്കുന്നതിലൂടെ, നമ്മുടെ രക്ഷണ്യജീവിതത്തിനുള്ള ആരംഭം ഇവിടെത്തന്നെ ഉദ്ഘാടനം ചെയ്യപ്പെടുന്നു.
ആദിമക്രൈസ്തവര്‍ തങ്ങളുടെ സഹോദരങ്ങളുടെ ഭൗതീകാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സജീവമായി ഇടപെടുന്നത് അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ നാം കാണുന്നു. അതിന്റെ അനന്തരഫലമായിരുന്നു ”അവരുടെ ഇടയില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല” (4:34) എന്നത്. നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ട രക്ഷാകരജീവിതം ഇവിടെത്തന്നെ ആരംഭിക്കുന്നു. സഹോദരസ്നേഹത്തിന്റെ പ്രധാന അടിസ്ഥാനം ഉത്ഥാനത്തിലുള്ള വിശ്വാസമായിരുന്നു എന്ന് ലൂക്കാ സാക്ഷിക്കുന്നു. ”വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു… അപ്പസ്തോലന്മാര്, കര്‍ത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു വലിയ ശക്തിയോടെ സാക്ഷ്യം നല്കി” (4: 32,33).
യേശുവിന്റെ ഉത്ഥാനം നമ്മോട് ആവശ്യപ്പെടുന്നത് നമ്മുടെ പരിപാവനമായ ശരീരത്തെ അങ്ങനെ തന്നെ നമ്മള് സംരക്ഷിക്കണമെന്നതാണ്. രോഗങ്ങളല്ല, യഥാര്‍ഥത്തില്‍ അതിനെ നശിപ്പിക്കുന്നത്, പിന്നെയോ നമ്മുടെ പാപങ്ങളാണ്. പട്ടിണി മാറ്റാനുള്ള നമ്മുടെ പരിശ്രമങ്ങളുടെയും ലൈഗീകവൈകൃതങ്ങള്ക്കെതിരെയുള്ള ബോധവത്ക്കരണത്തിന്റെയും യുദ്ധങ്ങള്‍ക്കും മരണശിക്ഷയ്ക്കെതിരെയുമൊക്കെയുള്ള നിലപാടുകളുടെയും അടിസ്ഥാനവും ഇതുതന്നെയാണ്. ഗര്‍ഭച്ഛിദ്രവും, ദയാവധവും, ആത്മഹത്യാസഹായവും (assisted suicide) എന്നും നമ്മള് എതിര്‍ക്കും. കാരണം ജീവനുവേണ്ടി നിത്യമായി നിലപാട് സ്വീകരിക്കേണ്ടവരാണു നാം. സ്വന്തം ശരീരത്തെ മാത്രമല്ല, മറ്റുള്ളവരുടെ ശരീരത്തെയും ബഹുമാനത്തോടെ കാണാന്‍ ഈ നിലപാട് നമ്മെ പ്രചോദപ്പിക്കുന്നു. ശരീരത്തിന്റെ ഉയിര്‍പ്പിലുള്ള വിശ്വാസം കാരണം വിശ്വാസത്തിനു സാക്ഷ്യമേകേണ്ടുന്ന അവസരങ്ങളില്‍ നല്ല വിശ്വാസിക്കു യാതൊരു ഭയവുമില്ലാതെ അതിനു സാധിക്കുന്നു. ജീവിത്തിലെ സഹനത്തിന്റെയും പീഡനത്തിന്റെയും ഇടയില്‍ ക്രിസ്തീയവിശ്വാസികള്‍ക്ക് പ്രത്യാശ നല്‍കിയത് കര്‍ത്താവിന്റെ ഉത്ഥാനത്തിലുള്ള വിശ്വാസമാണ്. മനുഷ്യജീവിതത്തെ ബാധിക്കുന്ന സാമൂഹികവ്യവസ്ഥിതികള്ക്കെതിരെ പോരാടാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഘടകം കൂടിയാണ് യേശുവിന്റെ ഉത്ഥാനം വഴിയായി ശരീരം പാവനമെന്നുള്ള നമ്മുടെ ചിന്ത.
ഭൗതികദാരിദ്ര്യവും, നീതിരാഹിത്യവും, അനാരോഗ്യകരവുമായ ഭക്ഷ്യോത്പാദനവും, മാരകരോഗങ്ങള്‍ക്കു കാരണമാകുന്ന വ്യവസായങ്ങള്‍ തുടങ്ങിയവയെല്ലാം മനുഷ്യന് ദൈവത്തിന്റെ പദ്ധതികളെ വികലമാക്കുന്നതിന്റെ ഭാഗമാണ്. സ്രഷ്ടാവായ ദൈവത്തിനാണ് സൃഷ്ടവസ്തുക്കളെ വിധിക്കാനും തിരികെ ചോദിക്കാനുമുള്ള അവകാശം. നമുക്ക് ചെയ്യാനുള്ളതെന്തെന്ന് പൗലോസ് ശ്ലീഹാ പറയുന്നു: ”കര്‍ത്താവില്‍ നിങ്ങളുടെ ജോലി നിഷ്ഫലമല്ലെന്നു ബോധ്യപ്പെട്ട്, അവിടുത്തെ ജോലിയില്‍ സദാ അഭിവൃദ്ധി പ്രാപിച്ച് സ്ഥിരചിത്തരും അചഞ്ചലരുമായിരിക്കുവിന്‍” (1 കോറി 15:58). ‘ശരീരസ്ഥിന്റൈ ഉയിര്‍പ്പിലുള്ള വിശ്വാസം’ ആദിമക്രൈസ്തവര്‍ ഏറ്റുപറഞ്ഞപ്പോള്‍ ജീര്‍ണ്ണിച്ച, വേര്‍തിരിക്കപ്പെട്ട ശരീരഭാഗങ്ങള്‍ ഒരുമിച്ചുചേര്ക്കപ്പെട്ട് ജീവന് പ്രാപിക്കുമെന്നല്ല അവര്‍ ചിന്തിച്ചത്. മനുഷ്യന് അറിയാന്‍ സാധിക്കാത്ത രഹസ്യാത്മകമായ രീതിയില്‍ ദൈവത്തിന്റെ ഇടപെടല്‍ മുഖാന്തരം മഹത്വീകരിക്കപ്പെട്ട ശരീരത്തോടുകൂടി ഉയിര്‍പ്പിക്കപ്പെടും എന്നതാണ്. ഇത് ദൈവം അത്ഭുതകരമായ രീതിയില്‍ മനുഷ്യശരീരത്തെ പുതിയ അവസ്ഥയിലേക്കു പുനര്‍ജനിപ്പിക്കുന്നതാണ്. യേശുവിന്റെ ഉത്ഥാനം തന്നെയാണ് ഇതിന് ആധാരമായിരിക്കുന്നത്.
വിശുദ്ധ ഗ്രന്ഥത്തില്‍, മരണത്തിനുശേഷം ജീവിതത്തിലേക്ക് തിരികെയെത്താന്‍ ഭാഗ്യം ലഭിച്ച ചിലരെക്കുറിച്ചു വിവരിക്കുന്നുണ്ട്. പഴയനിയമത്തില്‍ ഏലിയ പ്രവാചകന് സിദോനിലെ സറേഫാത്തിലെ വിധവയുടെ മകനെ മരണശേഷം ഉയിര്‍പ്പിക്കുന്നത് രാജാക്കന്മാരുടെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട് (1 രാജാ. 17: 17-24). പുതിയ നിയമത്തില്‍ യേശു ജായിറുസിന്റെ മകളെ ഉയിര്‍പ്പിക്കുന്നു (മത്തായി 9: 18-26, മര്‍ക്കോ. 5: 21-43). അതുപോലെതന്നെ ബഥനിയിലെ മര്‍ത്തയുടെയും മറിയത്തിന്റെയും സഹോദരന് ലാസറിനെ മരിച്ചതിന്റെ നാലാം ദിവസം ഉയിര്‍പ്പിക്കുന്നു (യോഹ. 11: 38-44). ഈ മൂന്ന് അത്ഭുതങ്ങളിലും മരിച്ചവര്‍ തങ്ങളുടെ പഴയ ശരീരത്തോടുകൂടി ജീവനിലേക്ക് തിരികെവരികെയായിരുന്നു. അതുകൊണ്ടുതന്നെ മറ്റെല്ലാവരെയുംപോലെതന്നെ അവര്‍ വീണ്ടും മരിച്ചു. അവരാരും തന്നെ ഇന്നു ജീവിച്ചിരിപ്പില്ല. യേശുവിന്റെ ഉയിര്‍പ്പ് പഴയ ശരീരത്തിലേക്കുള്ള തിരിച്ചുപോക്കായിരുന്നില്ല, പിന്നെയോ മഹത്വീകരിക്കപ്പെട്ട ശരീരത്തോടു കൂടിയ പുതിയ അവസ്ഥയിലായിരുന്നു. അതുകൊണ്ടാണ് മഗ്ദലന മറിയത്തിനും യേശുവിന്റൈ ശിഷ്യന്മാര്ക്കും ആദ്യം യേശുവിനെ തിരിച്ചറിയാന്‍ കഴിയാതിരുന്നതും യേശുവിന് അടച്ചിട്ട വാതില്‍ തുറക്കാതെതന്നെ അകത്തുപ്രവേശിക്കാന്‍ കഴിഞ്ഞതും.
സുവിശേഷത്തില്‍ യേശു പൊതുവായ ഉയിര്പ്പിനെക്കുറിച്ചോ, ശരീരത്തിന്റെ ഉയിര്പ്പിനെക്കുറിച്ചോ, അധികമൊന്നും പറയുന്നില്ല. സദുക്കായര്‍ യേശുവിനെ കുടുക്കാന്‍വേണ്ടി സഹോദരങ്ങളായ ഏഴുപേരെ വിവാഹം കഴിക്കുന്ന ഒരു സ്ത്രീയെക്കുറിച്ചു ചോദിക്കുന്നു (മത്താ. 22: 23-33, മര്‍ക്കോ. 12: 18-27, ലൂക്കാ 20:27-40). ”പുനരുത്ഥാനത്തില്‍ അവര്‍ ആരുടെ ഭര്‍ത്താവായിരിക്കും” എന്ന ചോദ്യത്തിന് യേശു നല്കുന്ന ഉത്തരം ”പുനരുത്ഥാനത്തില്‍ അവര്‍ വിവാഹം ചെയ്യുകയോ, ചെയ്തുകൊടുക്കുകയോ ഇല്ല. പിന്നെയോ, അവര്‍ സ്വര്‍ഗത്തിലെ ദൂതന്മാരെപ്പോലെയായിരിക്കും.” മാലാഖമാരുടെ ജീവിതത്തെക്കുറിച്ച് വളരെ പരിമിതമായേ അറിവേ നമുക്കുള്ളൂ. എങ്കിലും മരിച്ച് ഉയിര്ക്കുന്നവര്ക്കെല്ലാവര്ക്കും പരസ്പരം തിരിച്ചറിയാന്‍ കഴിയുന്ന ജീവിതാവസ്ഥയിലായിരിക്കുമെന്ന് നമുക്ക് അനുമാനിക്കാം.
നമ്മുടെ ഇപ്പോഴത്തെ ശരീരവും ഉയിര്ത്തെഴുന്നേറ്റതിനുശേഷമുള്ള മഹത്വീകരിക്കപ്പെട്ട ശരീരവും തമ്മില്‍ ഒന്ന് മറ്റൊന്നിന്റെ തുടര്‍ച്ചയായതിനാല്‍ അഭേദ്യമായ ബന്ധമാണുള്ളത്. മഹത്വീകരിക്കപ്പെട്ട ശരീരം കൂടുതല്‍ ശക്തിയുള്ളതും അഴിയാത്തതും (incorruptible) ആയിരിക്കുമെന്നുമാത്രം. അതുകൊണ്ട് വരാനിരിക്കുന്ന ഈ സൗഭാഗ്യത്തെ മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം ഇപ്പോഴുള്ള ശരീരത്തിന്റെ പരിശുദ്ധിയും നന്മയും നാം കാത്തുസൂക്ഷിക്കേണ്ടത്. നമുക്ക് ഈ ശരീരം തന്ന ദൈവത്തിനുതന്നെ ഇത് തിരികെ സമര്‍പ്പിക്കപ്പെടേണ്ടതാണ്. ഈ സമര്‍പ്പണം അതിന്റെ പൂര്‍ണ്ണതയില്‍ അനുഭവിക്കുന്നതും അറിയുന്നതും പൊതുവായ ഉയിര്‍പ്പിലാണ്.
യേശുവിന്റെ ഉത്ഥാനത്തിന്റെ മറ്റൊരു സമ്മാനം, ക്രിസ്തു സഭയെ തന്റെ ശരീരമാക്കിമാറ്റി എന്നുള്ളതാണ്. വിശ്വാസപ്രമാണത്തില്‍ ‘ശരീരത്തിന്റെ ഉയിര്‍പ്പില്‍’ വിശ്വാസം പ്രഖ്യാപിക്കുന്നതോടൊപ്പം ശ്ലൈഹീകവും, വിശുദ്ധവും, കാതോലികവും, അപ്പസ്തോലികവുമായ സഭയിലുള്ള വിശ്വാസവും നാം ഏറ്റുപറയുന്നു. അതുകൊണ്ട് സഭയാകുന്ന ശരീരത്തെയും ഗൗരവത്തോടെ നാം സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യണം. ഈ ശരീരത്തിലൂടെയാണ് എല്ലാ കാലത്തിലും, എല്ലാ സമയത്തുമുള്ള വിശ്വാസികളുമായി നാം ബന്ധപ്പെട്ടിരിക്കുന്നത്. പൗലോസ് ശ്ലീഹാ കോറിന്തോസിലെ വിശ്വാസികളെ ‘ദൈവസ്ഥിന്റെ സഭ’ എന്നാണ് അഭിസംബോധന ചെയ്യുന്നത്.കാരണം അവര്‍ ”യേശുക്രിസതുവില് വിശുദ്ധരായവരും, വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവരുമാണ്” (1 കോറി 1:2). പിന്നീട് വളരെ കൃത്യമായും വ്യക്തമായും ശ്ലീഹാ പറയന്നു: ”നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്” (1 കോറി 12:27). അവരുടെ ശരിയായ അസ്ഥിത്വം മനസ്സിലാക്കി അതിനനുസരിച്ച് ജീവിക്കുന്നതിനും വേണ്ടിയാണ് പൗലോസ് ശ്ലീഹാ ഇപ്രകാരം അവര്ക്കെഴുതുന്നത്. ഒരു വിശ്വാസിയുടെ ക്രിസ്തീയജീവിതം അര്‍ഥപൂര്‍ണ്ണമാകുന്നത് മാമ്മോദീസായിലൂടെ ക്രിസ്തുവിന്റെ ശരീരമായ സഭയോടുചേര്‍ന്ന് അവിടുന്ന് ഉത്ഥാനത്തിലൂടെ നമുക്കു ലഭ്യമാക്കിയ അനുഗ്രഹത്തിന്റെ ഭാഗമാകുമ്പോഴാണ്.
സഭയാകുന്ന ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമാണ് നമ്മള് എന്ന സത്യം നാം ഗൗരവത്തോടെ എടുക്കണം. അല്പംകൂടി ആഴത്തില്‍ ചിന്തിച്ചാല്‍, മാമോദീസായിലൂടെ നമുക്കു ലഭിക്കുന്ന ഈ പുതിയ ‘ശരീരം’ നമ്മുടെ കുടുംബത്തേക്കാള്‍, രാജ്യത്തേക്കാള്‍, വംശത്തേക്കാള്‍ വലുതാണ്. കാരണം ഉത്ഥിതനായ ക്രിസ്തു സഭയിലൂടെയാണ് നമുക്ക് സന്നിഹിതനാകുന്നത്. ഇത് നമുക്കെല്ലാം എന്നത്തേക്കുമായി ലഭിക്കുന്ന പുതുജീവനാണ്. ദൈവത്തിന് നമുക്കു നല്‍കാനുള്ള ഏറ്റം വലിയ സമ്മാനം ദൈവപുത്രനായ ക്രിസ്തുവാണ്. അത് അവിടുന്നു നല്‍കാനായി തിരഞ്ഞെടുത്തിരിക്കുന്ന വഴി സഭയിലൂടെ നാം സ്വീകരിക്കുന്ന മാമോദീസയാണ്. ക്രിസ്തുവില്‍ ആഴപ്പെടുന്നതിനുള്ള മാര്‍ഗം സഭയിലൂടെ ലഭിക്കുന്ന കൂദാശകളാണ്.
സഭ ക്രിസ്തുവിന്റെ ശരീരമായതിനാല്‍ സഭയെ നാം ആഴത്തില്‍ സ്നേഹിക്കണമെന്നത് ലോകത്തില്‍ നിന്നും, ലോകവ്യാപാരങ്ങളില്‍ നിന്നും മാറിനില്‍ക്കണമെന്ന് അര്‍ഥമാക്കുന്നില്ല. ദൈവത്തിന്റെ ആത്മാവിന് പ്രവര്‍ത്തിക്കുന്നതിനു പരിധികളില്ല. സഭയിലൂടെയല്ലാതെയും ദൈവത്തിനു മനുഷ്യരുടെ ജീവിതത്തില്‍ ഇടപെടാം. എന്നാല്‍ നമ്മെ സംബന്ധിച്ച് ഏറ്റം നല്ലതും ഉന്നതവും മഹത്വകരവുമായ മാര്‍ഗം സഭയാകുന്ന ശരീരത്തിലൂടെ ശിരസ്സാകുന്ന ക്രിസ്തുവിനോടു ചേര്ന്നുനില്ക്കുക എന്നതാണ്. ചുരുക്കത്തില്‍ യേശുവിന്റെ ഉത്ഥാനം നമ്മുടെ ഭൗതീകശരീരത്തെ മനസ്സിലാക്കുന്നതിനും, പൊതുവായ ഉയിര്‍പ്പിനുശേഷമുള്ള നമ്മുടെ ശരീരത്തെ മനസ്സിലാക്കുന്നതിനും, സഭയാകുന്ന ക്രിസ്തുവിന്റെ ശരീരത്തെ കൂടുതല്‍ മനസ്സിലാക്കുന്നതിനും നമ്മെ സഹായിക്കുന്നു. ഉത്ഥാനം രണ്ടായിരം വര്‍ഷം മുമ്പു നടന്ന ഒരു സംഭവമെന്നപോലെതന്നെ നമ്മുടെ മഹത്വകരമായ ഭാവിയുടെ അടയാളവുമാണ്. ദൈവം യേശുവിലൂടെ നമുക്കുവേണ്ടി നേടിയെടുത്ത വിജയത്തിന്റെ അടയാളവും, ആ വിജയത്തില്‍ നമ്മുടെ ഭാഗഭാഗിത്വവും ഇതില്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. ഒരു സ്നേഹബന്ധത്താല്‍ മനുഷ്യന്റെ ഹൃദയത്തെ ദൈവം ഉത്ഥാനത്തിലൂടെ സ്നേഹപൂര്‍വം സ്പര്‍ശിച്ചു. മനുഷ്യന് ദൈവം എന്താണെന്നും എങ്ങനെയാണെന്നും യേശുവിന്റെ ഉത്ഥാനത്തിലൂടെ കൂടുതല്‍ അറിയാന്‍ അവസരം ലഭിച്ചു.
യേശു തന്റെ ഉത്ഥാനത്തിന്റെ ശക്തിയില്‍ മനുഷ്യമക്കളെ പാപമരണത്തില്നിന്ന് ജീവനിലേക്ക് ഉയര്‍ത്തി. അതിനാല്‍ ക്രിസ്തുവില്‍ നവീകരിക്കപ്പെട്ട് പുതിയ സൃഷ്ടികളായി നമ്മള് മാറി. ഉത്ഥാനത്തില്‍ വിശ്വസിച്ച് ഏറ്റുപറയുന്നവന് ക്രിസ്തുവില്‍ ഒരു പുതിയ അസ്തിത്വം ലഭിക്കുന്നു. അതുകൊണ്ട് യേശുവിന്റെ ഉത്ഥാനം ഒരു പഴയ സംഭവമല്ല, അത് ഇന്ന് നമ്മിലെത്തി, നാം ഓരോരുത്തരെയും ഗ്രസിച്ചിരിക്കുന്ന അനുഭവമാണ്. ഇതു ഒരുദിവസത്തെ അനുഭവമല്ല, നമ്മുടെ എല്ലാ പ്രാര്‍ഥനയുടെയും ആരാധനയുടെയും ഞായറാഴ്ച ആചരണത്തിന്റെയും അടിസ്ഥാനമാണ്. പലവിധ കാരണങ്ങളാല്‍ നമ്മളൊക്കെ അശക്തരെന്നു നാം വിചാരിക്കുന്ന ഈ കാലഘട്ടത്തില്‍ യേശുവിന്റെ ഉത്ഥാനത്തില്‍ നിന്നും നമുക്കു ലഭിക്കുന്ന ശക്തി നമ്മെ കൂടുല്‍ ബലപ്പെടുത്തണം. അന്ന് അടച്ചിട്ട വാതില്‍ തുറക്കാതെ അകത്തു പ്രവേശിച്ചവനായ, ഉത്ഥാനം ചെയ്ത ക്രിസ്തു, ഇന്ന് അനേകം ഹൃദയവാതിലുകള്‍ തുറന്ന് അകത്തു പ്രവേശിക്കട്ടെയെന്നു നമുക്കു പ്രാര്‍ഥിക്കാം. ഉയിര്‍പ്പിന്റെ ഏറ്റം വലിയ സന്തോഷം ക്രിസ്തു ഇന്നും എന്നും ജീവിക്കുന്നുവെന്നതാണ്. അങ്ങനെ ഇന്നും ജീവിക്കുന്ന ക്രിസ്തുവുമായുള്ള ആഴമായ ബന്ധത്തില്‍ നമുക്കും അനുദിനം വളരാം.
റവ. ഡോ. മാത്യു ചാര്‍ത്താക്കുഴിയില്‍