താളമേള ലയത്തോടെ ഒരു തകർപ്പൻ നാസിക് ഡോൾ ടീം. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി സെന്റ് മേരീസ് സൺഡേ സ്‌കൂൾ കുട്ടികളുടെ ഈ ടീം ആളുകളിൽ കൗതുകവും ആകാംക്ഷയും നിറയ്ക്കുന്നു. പതിവ് ബാന്റുമേളക്കാരെയെല്ലാം അതിശയിപ്പിക്കുന്ന വിസ്‌മയപ്രകടനമാണ് ഇടവക തിരുനാളിനോടനുബന്ധിച്ച് 11, 12 ക്ലാസുകളിലെ കുട്ടികൾ കാഴ്ച്ചവച്ചത്. അവരുടെ എനർജിയാണെങ്കിൽ വേറെ ലെവൽ! 18 പേരടങ്ങിയ നാസിക് ഡോൾ ടീമിന്റെ വിശേഷങ്ങളറിയാൻ തുടർന്നു വായിക്കുക.
ചെറുവള്ളി സെന്റ് മേരീസ് സൺഡേ സ്‌കൂളിന്റെ സ്വന്തം നാസിക് ഡോൾ ടീം
കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി സെന്റ് മേരീസ് സൺഡേ സ്‌കൂളിലെ 11, 12 ക്ലാസിലെ 18 കലാകാരന്മാരും കലാകാരികളും ഉൾപ്പെടുന്ന ഈ ടീം ഇടവക തിരുനാളിനോടനുബന്ധിച്ചാണ് അരങ്ങേറ്റം കുറിച്ചത്. വളരെ വ്യത്യസ്തമായ ഈ ആശയം അവതരിപ്പിച്ചത് അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനും സൺഡേ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസിലെ അധ്യാപകനുമായ പ്രൊഫ. ഡോ. മനോജ് ടി. ജോയ് തടത്തേൽ ആണ്. അതിന് കട്ട സപ്പോർട്ടായി ഇടവക വികാരി ഫാ. അജി അത്തിമൂട്ടിലും കൂടെ നിന്നു.
വികാരിയച്ചന്റെ നേതൃത്വത്തിൽ സൺഡേ സ്‌കൂൾ അധ്യാപകർ പന്ത്രണ്ടാം ക്ലാസിലെയും പതിനൊന്നാം ക്ലാസിലെയും കുട്ടികൾക്ക് മികച്ച പരിശീലനം നൽകി. മണിമലയിൽനിന്നുള്ള സനൽ ശനി, ഞായർ ദിവസങ്ങളിലായിരുന്നു പ്രധാനമായും പരിശീലനം നൽകിയത്. മുൻപ് ഡ്രംസ് കൊട്ടി പരിചയമില്ലാത്ത കുട്ടികൾ ആദ്യം ബെഞ്ചിലൊക്കെ കൊട്ടിയാണ് പഠിച്ചത്. പഠിച്ചതിനുശേഷമാണ് ഡ്രംസ് കൊടുത്തത്. 18 പേരുടെ ടീമിൽ ആറു പെൺകുട്ടികൾ ഷേയ്‌ക്കേഴ്‌സ് ഉപയോഗിക്കുകയും ഡ്രംസിന്റെ താളത്തിനൊത്ത് പഞ്ചാബി ഉൾപ്പടെയുള്ള വിവിധ ഡാൻസ് സ്റ്റെപ്പുകൾ അവതരിപ്പിക്കുകയും ചെയ്തു.
മാതാവിന്റെ അമലോദ്ഭവ തിരുനാളിൽ ഈ 18 അംഗ ടീമിന്റെ പ്രകടനം കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. പെരുനാളിനോടനുബന്ധിച്ച് വേറെയും ടീമുകൾ ഉണ്ടായിരുന്നു. അവസാനം, എല്ലാം ടീമുകളുടെയും ഒരു പെർഫോമൻസ് ഷോ ഉണ്ടാകും. ഒരു മണിക്കൂർ നീളുന്ന ആ ഷോയിൽ ഈ 18 അംഗ കുട്ടികളുടെ ടീമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. പതിവായി കൊട്ടാറുള്ള ടീമുകളെപ്പോലും പിന്തള്ളിക്കൊണ്ടായിരുന്നു ഈ കുട്ടികൾ വളരെ ഊർജസ്വലരായി തങ്ങളുടെ പ്രകടനം കാഴ്ചവച്ചത്.
ആൽബിൻ മാത്യു ജോസഫ്, ജെറോം ജോർജ് ജെസിൻ, സോജിത്ത് ജോസഫ്, റയാൻ മടിയത്ത്, ഇമ്മാനുവൽ എസ്., എമിൽ ടോം ജോസഫ്, ഡെന്നിസ് സോജൻ, റൂബൻ ജോജിൻ, ജസ്റ്റിൻ ജോൺസൺ, അലോഷി വർഗീസ്, ജിബിൻ മാത്യു, ജെസ്വിൻ ജോഷി, എലൈൻ ആൻ മനോജ്, ആഞ്ജലീന റെജി, അലീന എലിസബത്ത് ജോസഫ്, സോണിയ സിബി, മരിയ അബ്രഹാം, റോസ്മേരി മാത്യു എന്നിവരാണ് ആ 18 അംഗ ടീമിലെ അംഗങ്ങൾ.
നാസിക് ഡോൾ ടീം തുടങ്ങാനുണ്ടായ സാഹചര്യം
സൺഡേ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസിലെ അധ്യാപകനാണ് മനോജ് സാർ. എല്ലാ കുട്ടികളൂം പെരുനാളിനോടനുബന്ധിച്ചുള്ള പരിപാടികളിൽ പങ്കെടുക്കണമെന്ന ഒരു നിർദേശം സാർ നൽകിയിരുന്നു. അതിനെ തുടർന്നാണ് നാസിക് ഡോൾ ടീം തയ്യാറാക്കിയാലോ എന്ന ആശയം പങ്കുവച്ചതും കുട്ടികൾ അതിനോട് താൽപര്യം പ്രകടിപ്പിച്ചതും. അങ്ങനെ ആൺകുട്ടികളെല്ലാം ഡ്രംസിലേക്കു മാറി. കലാപരിപാടികളിൽ പങ്കെടുക്കുന്ന പെൺകുട്ടികളെ കൂടാതെയുള്ള ബാക്കിയുള്ളവരും ഈ ടീമിന്റെ ഭാഗമായി.
ആദ്യമൊക്കെ, തങ്ങളെക്കൊണ്ട് ഇത് സാധ്യമാകുമോ എന്ന ആശങ്ക കുട്ടികൾക്കുണ്ടായിരുന്നു. “കുട്ടികൾക്ക് ധൈര്യവും പ്രോത്സാഹനവും കൊടുത്തപ്പോൾ അവർക്ക് താൽപര്യമായി. നന്നായി പരിശ്രമിക്കാനുള്ള മനസ്സും കഠിനാധ്വാനം ചെയ്യാനുള്ള ശ്രമവും കുട്ടികൾക്കുണ്ടായിരുന്നു. അതിന്റെ ഫലമാണ് കുറഞ്ഞ നാളുകൾ കൊണ്ടുതന്നെ ഒരു മികച്ച ടീമായി മാറാൻ ഇവർക്ക് കഴിഞ്ഞത്. ഈ പ്രായത്തിൽ അവരുടെ ശ്രദ്ധയും താൽപര്യവുമൊക്കെ കലാപരമായ കാര്യങ്ങളിലേക്കു തിരിയുമ്പോൾ അവർ ദൈവാലയത്തോടും അതിന്റെ കാര്യങ്ങളോടും കൂടുതൽ അടുപ്പമുള്ളവരായിമാറും” – മനോജ് സാർ ഒരു ടീം രൂപപ്പെട്ടതിനെക്കുറിച്ചു പറയുന്നു.
മനോജ് സാറിന്റെ നിരന്തര പ്രോൽസാഹനവും മാതാപിതാക്കളുടെ പിന്തുണയും കുട്ടികൾക്ക് വലിയ ഊർജമായി മാറി. സോഷ്യൽ മീഡിയയുടെയും മറ്റു ലഹരിയുടെയുമൊക്കെ അടിമകളായി യുവതലമുറ മാറുന്ന കാലത്ത് കല ഒരു ലഹരിയായിക്കാണാൻ ഇവരെ പ്രാപ്തരാക്കുക എന്നുള്ള ആശയമാണ് ഇങ്ങനെയുള്ള ഒരു ഉദ്യമത്തിലേക്ക് ഇറങ്ങാനുള്ള പ്രചോദനമെന്ന് സൺഡേ സ്‌കൂൾ ഹെഡ് മാസ്റ്റർ സൂസോ ഞള്ളിയിൽ വെളിപ്പെടുത്തി. ഇടവക തിരുനാൾ പ്രദിക്ഷണത്തിന് അണിനിരന്ന മറ്റു പ്രൊഫഷണൽ വാദ്യമേളക്കാരുടെ ഒപ്പമോ, ഒരുപടി മുകളിലോ ആണ് ഇവരുടെ പ്രകടനമെന്ന് അവിടെ കൂടിയിരുന്ന ആളുകൾതന്നെ വിലയിരുത്തി.
കട്ടയ്ക്ക് സപ്പോർട്ടായി കൂടെനിൽക്കുന്ന വികാരിയച്ചൻ
ചെറുവള്ളി സെന്റ് മേരീസ് ഇടവകയുടെ വികാരി ഫാ. അജി അത്തിമൂട്ടിൽ ഇന്നത്തെ യുവജനങ്ങളുടെ പൾസ് അറിയാവുന്ന ഒരു നല്ല ഇടയനാണ്. കാരണം, അച്ചൻ അമൽ ജ്യോതി എഞ്ചനീയറിംഗ് കോളേജിന്റെ മുൻ മാനേജരും പത്തു വർഷത്തോളം അമേരിക്കയിൽ ശുശ്രൂഷ ചെയ്യുകയും ചെയ്ത വൈദികനാണ്. അതിനാൽതന്നെ കാലഘട്ടത്തിന്റെ മാറ്റവും യുവജനങ്ങളുടെ ട്രെൻഡും ഒക്കെ അദ്ദേഹത്തിന് നന്നായി അറിയാം.
“ഇക്കാലഘട്ടത്തിൽ യുവജനങ്ങൾ സഭയോടും പള്ളിയോടുമൊക്കെ അകന്നുകൊണ്ടിരിക്കുകയാണ്. യുവജനങ്ങൾക്ക് പ്രശോഭിക്കാൻ കഴിയുന്ന പ്രവർത്തനപരിപാടികൾ കൊടുത്തുകഴിഞ്ഞാൽ കുട്ടികൾ സഭയോടും ഇടവകയോടുമൊക്കെ കൂടുതൽ ചേർന്നുനിൽക്കുന്നവരാകും. യുവജനങ്ങളുടെയുള്ളിൽ ഒരുപാട് എനർജി ഉണ്ട്. ഈ എനർജി നെഗറ്റിവ് കാര്യങ്ങളിലേക്കുപോകാതെ പോസിറ്റീവ് കാര്യങ്ങൾക്കായി ഉപയോഗിക്കപ്പെടുക. അതിനായി ഇടവകതലത്തിൽ ഒരു അവസരം ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു ഞാൻ ഇതിലൂടെ ലക്ഷ്യമിട്ടത്. അവരുടെ കഴിവുകൾ പ്രകാശിപ്പിക്കാൻ ദൈവാലയങ്ങള്ളിൽ അവസരം കൊടുത്തില്ലെങ്കിൽ അത് കിട്ടുന്നിടത്തേക്ക് അവർ പോകും. അത് പല ദുശീലങ്ങളിലേക്കും അവരെ നയിച്ചേക്കാം. ഇങ്ങനെ ഒരു ആശയം മനോജ് സാർ പങ്കുവച്ചപ്പോൾ അതിനെ സപ്പോർട്ട് ചെയ്യാനുള്ള പ്രധാന കാരണവും അതാണ്. യുവജനങ്ങളെ അവർക്ക് താൽപര്യമുള്ള മാധ്യമങ്ങളിലൂടെ സഭയോടും ദൈവാലയത്തോടും അടുപ്പിച്ചുനിർത്താൻ സാധിക്കണം. അവർക്ക് ദൈവാലയത്തിലും അതിന്റെ പ്രവർത്തനങ്ങളിലും ഒരു വേദി ഉണ്ടെന്ന തോന്നൽ ഉണ്ടാക്കിയെടുക്കുക എന്നതും ഇന്ന് കാലഘട്ടത്തിന്റെ വലിയ ആവശ്യമാണ്” – കാലഘട്ടത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് ഫാ. അജി പറയുന്നു.
പന്ത്രണ്ടാം ക്ലാസ് പോയിക്കഴിയുമ്പോഴേക്കും അടുത്ത ബാച്ചിനെ ഒരുക്കിയെടുക്കും. അതിനായി അവർക്ക് പരിശീലനം സംഘടിപ്പിക്കും. അങ്ങനെ ഒരു ടീമായി മുൻപോട്ടു കൊണ്ടുപോകാൻതന്നെയാണ് ഉദ്ദേശിക്കുന്നത് എന്ന് വികാരിയച്ചൻ പറയുന്നു. ഈ നാസിക് ഡോൾ ടീമിന് നാനൂറോളം ഭവനങ്ങളുള്ള ചെറുവള്ളി ഇടവകയുടെ പൊതുവായിട്ടുള്ള ഒരു സപ്പോർട്ട് ഉണ്ട്. ഇടവക ഊർജസ്വലമാക്കാനും യുവജനങ്ങളെ ഇടവകയോട് ചേർത്തുനിർത്താനും ഇത്തരം പ്രവർത്തനങ്ങൾ നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്.
.
നാസിക് ഡോൾ എന്ന സംഗീത ഉപകരണം
നാം പലപ്പോഴും ആസ്വദിച്ചിട്ടുള്ള ഒന്നാണെങ്കിലും എന്താണ് നാസിക് ഡോൾ എന്ന് നമുക്ക് പലർക്കും അറിയില്ല. പതിനഞ്ചാം നൂറ്റാണ്ടിൽ രൂപംകൊണ്ട ഒരു ഉത്തരേന്ത്യൻ തുകൽവാദ്യമാണ് നാസിക് ഡോൾ. ഈ വടക്കേ ഇന്ത്യൻ സംഗീത ഉപകരണത്തിന് സാധാരണ ഡോളുകളെ അപേക്ഷിച്ച് വലിപ്പക്കൂടുതലുണ്ട്.
ഒരു പതിറ്റാണ്ട് മുമ്പാണ് ഇത് കേരളത്തിൽ വ്യാപകമാകാൻ തുടങ്ങിയത്. കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി ഏതു പരിപാടിയുടെ മുൻനിരയിലും നാസിക് ഡോളുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കാണ് ഈ വാദ്യത്തിന് പേരുകേട്ട സ്ഥലം. വടികൾകൊണ്ട് കൊട്ടാൻ പാകത്തിന് തുകൽകൊണ്ട് നിർമിച്ച ഇരുമുഖങ്ങളാണ് സാധാരണ ഡോളിനുള്ളത്. വലിയ ഡോളുകൾ വച്ചുണ്ടാക്കുന്ന താളാത്മകമായ സംഗീതമാണ് നാസിക് ഡോൾ. ഡോളിനൊപ്പം ‘താഷ’ എന്ന ഉപകരണവും വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇവ വ്യത്യസ്ത ഈണങ്ങളിലും താളത്തിലും ഉപയോഗിക്കാൻ കഴിയുന്നതുകൊണ്ട് ഈ ഡോൾ സംഗീതത്തിന് ഇമ്പമേറും. ഇവ ചടുലനൃത്തങ്ങളോടെ അവതരിപ്പിക്കാനും കഴിയും. അക്ബറിന്റെ സംഗീതസദസ്സിൽ ഇത്തരം ഡോൾ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു.
പല ഇടവകളിൽനിന്നും ക്ഷേത്രങ്ങളിൽ നിന്നുപോലും ഈ ടീമിനെ ബുക്ക് ചെയ്യാൻ ആവശ്യപ്പെട്ടുകഴിഞ്ഞു. പരീക്ഷയും പഠനവും മാറ്റിവയ്ക്കാതെ മാതാപിതാക്കളുടെ അനുവാദത്തോടെ ഒരു ടീമായി പ്രവർത്തിക്കാൻ തന്നെയാണ് ഇവരുടെ തീരുമാനം. ഒരു കല സ്വന്തമാക്കിയതോടെ ഈ കുട്ടികൾ കൂടുതൽ അച്ചടക്കമുള്ളവരായി മാറി. ഒഴിവുസമയങ്ങളിൽ സോഷ്യൽ മീഡിയയിൽ സമയം ചിലവഴിക്കുന്നതിനുപകരം കലാപരമായ കാര്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ തിരിച്ചു. കൂടുതൽ സമയം പരിശീലനം നടത്താനും കൂടുതൽ കാര്യങ്ങൾ പഠിക്കാനും കുട്ടികൾ തൽപരരായി. കുട്ടികളുടെ മാതാപിതാക്കളും വളരെ നല്ല സപ്പോർട്ടാണ്.
നല്ല ഒരു നാളേക്കായി, മക്കളുടെ നല്ല ഭാവിക്കായി നിലകൊള്ളുന്ന ചെറുവള്ളി സെന്റ് മേരീസ് ഇടവക ഒരു മാതൃകയും ഓർമപ്പെടുത്തലുമാണ്. ഇടവക വികാരിയുടെ നേതൃത്വത്തിൽ ഒരു ഇടവക മുഴുവൻ ഒരു നല്ല കാര്യത്തിനായി ഒത്തുചേർന്നപ്പോൾ അവിടെ പിറവികൊള്ളുന്നത് ഊർജസ്വലതയും അച്ചടക്കബോധവും നല്ല കാഴ്ചപ്പാടുകളുമുള്ള ഒരു തലമുറയാണ്. ചെറുവള്ളി ഇടവകയ്ക്കും നാസിക് ഡോൾ ടീമിനും ലൈഫ്ഡേയുടെ ആശംസകളും പ്രാർഥനകളും!
സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ