
സിറിയയിലെ ഹോംസ് അതിരൂപതയിലെ ഡീക്കനായ ജോണി ഫൗദ് ദാവൂദ് ഒരു ദശാബ്ദക്കാലത്തെ തടവിനുശേഷം സിറിയൻ ജയിലിൽനിന്നു മോചിതനായി. അദ്ദേഹം അൽ-നുസ്ര ഫ്രണ്ട് പിടികൂടിയതിന്റെ അനുഭവങ്ങൾ, ജയിലുകൾക്കു പിന്നിലെ വിശ്വാസത്തിന്റെയും പ്രതിസന്ധിയുടെയും നിമിഷങ്ങൾ, ഇപ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രകാശിക്കുന്ന വെളിച്ചം എന്നിവയെക്കുറിച്ചു വെളിപ്പെടുത്തുന്നു.
വിശ്വാസപരമായി നല്ല കെട്ടുറപ്പുള്ള ഒരു കുടുംബത്തിലാണ് ജോണി ഫൗദ് ജനിച്ചത്. കുട്ടിക്കാലം മുതൽതന്നെ ഇടവക ദൈവാലയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ അദ്ദേഹം തൽപരനായിരുന്നു. 12 വയസ്സുള്ളപ്പോൾ, ലെബനനിലെ മൈനർ സെമിനാരിയിലും പിന്നീട് മേജർ സെമിനാരിയിലും ചേർന്നു. 2009 ൽ ലെബനനിലെ കാസ്‌ലിക്കിലുള്ള ഹോളി സ്പിരിറ്റ് സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിലും തത്വചിന്തയിലും ബിരുദം നേടി. ശേഷം പൗരോഹിത്യപട്ടത്തിനു തയ്യാറെടുക്കാൻ ഹോംസിലേക്കു മടങ്ങി. എന്നാൽ, പൗരോഹിത്യം സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും, പ്രത്യേകിച്ച് അമ്മാവനായ കർദിനാൾ പാത്രിയാർക്കീസ് മാർ ഇഗ്നേഷ്യസ് മോസസ് ഒന്നാമൻ ദാവൂദിനെ അദ്ഭുപ്പെടുത്തിയ ഒരു തീരുമാനമായിരുന്നു അത്.
ജോൺ വിവാഹിതനായി; ഒരു കുട്ടിയും ജനിച്ചു. പിന്നീട് അദ്ദേഹം ഡീക്കനായി ശുശ്രൂഷ ചെയ്തു. സിറിയൻ വിപ്ലവം പൊട്ടിപ്പുറപ്പെട്ടതോടെ, ഓൾഡ് ഹോംസിലെ ക്രിസ്ത്യൻ ജില്ലയായ ഹമീദിയയിൽ, ഏറ്റുമുട്ടലുകൾ കാരണം അദ്ദേഹത്തിന് വീട് നഷ്ടപ്പെട്ടു. സൈനികസേവനമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ദാരുണമായ സാഹചര്യങ്ങളായിരുന്നു അവിടെ. ഭക്ഷണസാധനങ്ങൾ തീർന്നതിനാൽ പുല്ലും ഇലകളും കഴിക്കാൻ ഞങ്ങൾ നിർബന്ധിതരായി. വെള്ളം മലിനമായിരുന്നു; കുടിക്കാൻ യോഗ്യമല്ലായിരുന്നു. ഇത് വിവിധ രോഗങ്ങൾക്കു കാരണമായി. 2015 സെപ്റ്റംബറിൽ, വിമതർ വിമാനത്താവളം ആക്രമിച്ചു, 300 പേരിൽ 38 പേർ മാത്രമാണ് അതിജീവിച്ചത്.
“ഞങ്ങളെ പിടികൂടി ജയിലിലേക്കു കൊണ്ടുപോയതിനുശേഷം, ഭരണകൂട ഉദ്യോഗസ്ഥർ ഞങ്ങളുടെ കേസുമായി ഗൗരവമായി സഹകരിച്ചില്ല. തടവിൽ പത്തു വർഷക്കാലം, ഞങ്ങളോട് പൊതുവെ നല്ല രീതിയിൽ പെരുമാറി. പ്രാരംഭ അന്വേഷണ കാലയളവിലൊഴികെ, പീഡനത്തിനോ, അപമാനത്തിനോ ഞങ്ങൾ വിധേയരായില്ല. എന്നിരുന്നാലും ഞങ്ങളുടെ കഷ്ടപ്പാടുകൾ വളരെ വലുതായിരുന്നു. ഏറ്റവും കഠിനമായ ഭാഗം പുറംലോകത്തിൽ നിന്ന് പൂർണ്ണമായി ഒറ്റപ്പെട്ടതായിരുന്നു” – ജോണി ഫൗദ് പറയുന്നു. വർഷത്തിൽ ഒരു തവണ (റമദാനിൽ) കുടുംബവുമായി ഫോൺ വിളിച്ച് സംസാരിക്കാൻ അനുവദിച്ചു.
ഒരു തടവുകാരന് ജയിലിലെ തന്റെ ആത്മീയാനുഭവം ചുരുക്കം വാക്കുകളിൽ വിവരിക്കുക വളരെ ബുദ്ധിമുട്ടാണ്. ആദ്യകാല പീഡനങ്ങളുടെ കാലത്ത് നമ്മുടെ വിശുദ്ധ പിതാക്കന്മാരുടെയും രക്തസാക്ഷികളുടെയും ഇടയിൽ ജീവിക്കുന്നതുപോലെ എന്റെ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുന്നത് എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. ഞാൻ ധാരാളം പ്രാർഥിച്ചു, രാത്രിയിൽ എന്റെ കർത്താവിനോടു സംസാരിച്ചു, പകൽസമയത്ത് അവനെ വിളിച്ചു. വർഷങ്ങൾ കടന്നുപോകുകയും എന്റെയും എന്റെ കുടുംബത്തിന്റെയും കഷ്ടപ്പാടുകൾ വർധിക്കുകയും ചെയ്തു. ഇടയ്ക്ക് എന്റെ വിശ്വാസം പ്രതിസന്ധിയിലായി.
മാർച്ച് രണ്ടിന് ഞായറാഴ്ച രാവിലെയാണ് അദ്ദേഹത്തിന് മോചനം സാധ്യമായത്. ഇദ്‌ലിബ് ഗ്രാമപ്രദേശത്തുള്ള യാഖൂബിയ എന്ന ക്രിസ്ത്യൻ ഗ്രാമത്തിലേക്ക് അദ്ദേഹത്തെ മാറ്റി. അവിടെ ഫ്രാൻസിസ്കൻ വൈദികൻ ഫാ. ലൂയിയും നാട്ടുകാരും ഊഷ്മളമായി സ്വീകരിച്ചു. ഹോംസിൽ തിരിച്ചെത്തിയപ്പോൾ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ചെറുപ്പക്കാരും പ്രായമായവരും അദ്ദേഹത്തെ സ്വാഗതം ചെയ്തു. മറ്റു പ്രദേശങ്ങളിൽ നിന്നുള്ള ജനങ്ങളും എത്തി.
“എന്റെ മോചനത്തിലെ ജനങ്ങളുടെ സന്തോഷം കണ്ടപ്പോൾ, ആ പത്തുവർഷത്തെ കഷ്ടപ്പാടുകൾ ഞാൻ ശരിക്കും മറന്നു” – ജോൺ പറയുന്നു.
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ