റോമാ നഗരത്തിലെ വർണ്ണക്കാഴ്ചകൾക്കിടയിൽ മനുഷ്യന്റെ ജീവിതത്തെയും മരണത്തെയുംകുറിച്ച് അവനെ ഓർമ്മിപ്പിക്കുന്ന ഒരിടമാണ് ‘കപ്പൂച്ചിൻ ക്രിപ്റ്റ്.’ ഏതാണ്ട് 1500-നും 1800-നുമിടയിൽ ജീവിച്ചിരുന്ന ഏകദേശം 4,000 സന്യാസിമാരുടെ അസ്ഥികൂടങ്ങൾ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ പ്രവേശനകവാടത്തിൽ ഇറ്റാലിയൻ ഭാഷയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “ഇന്ന് നിങ്ങൾ എന്താണോ അതായിരുന്നു ഒരിക്കൽ ഞങ്ങളും; ഇന്ന് ഞങ്ങൾ എന്താണോ ഭാവിയിൽ നിങ്ങളും അതായിരിക്കും.” റോമിൽ നിന്നും സി. ലിബി ജോർജ് എഴുതുന്നു…
നിത്യനഗരമാണ് റോമാ. ഈ നഗരത്തിലെ വർണ്ണക്കാഴ്ചകൾക്കിടയിൽ മനുഷ്യന്റെ ജീവിതത്തെയും മരണത്തെയുംകുറിച്ച് അവനെ ഓർമ്മിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു സ്ഥലമാണ് റോമിലെ കപ്പൂച്ചിൻ ക്രിപ്റ്റ്. വളരെ സെൻസിറ്റീവ് ആയിട്ടുള്ളവർക്ക് സന്ദർശിക്കാൻ പറ്റുന്ന ഒരിടമല്ല ഇത്, മറിച്ച് മനുഷ്യന്റെ അസ്ഥികൾ കണ്ടുനിൽക്കാൻ സാധിക്കുന്നവർക്കുമാത്രം സന്ദർശിക്കാൻ സാധിക്കുന്ന ഒരിടമാണിത്.
തന്റെ സഹോദരനായ കർദിനാൾ അന്റണി ബാർബെറിനിയുടെ (Cardinale Antonio Barberini) ബഹുമാനാർഥം ഉർബൻ എട്ടാമൻ മാർപാപ്പ പണികഴിപ്പിച്ച, മാതാവിന്റെ പേരിലുള്ള (Santa Maria della Concezione) പള്ളിയുടെ അടിയിലാണ് റോമിലെ കപ്പൂച്ചിൻ ക്രിപ്റ്റ് നിർമ്മിച്ചിരിക്കുന്നത്. ഈ ശവകുടീരത്തെ ചുറ്റിപ്പറ്റി നിരവധി അനുമാനങ്ങളുണ്ട്. അതിൽ പ്രധാനമായി കണക്കാക്കപ്പെടുന്നത്, ഉർബൻ എട്ടാമൻ മാർപാപ്പയുടെ ആഗ്രഹപ്രകാരം വിശുദ്ധനാട്ടിൽ നിന്നും കൊണ്ടുവന്ന മണ്ണുകൊണ്ടാണ് ഈ സെമിത്തേരി പണിതിരിക്കുന്നത് എന്നതാണ്.
പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമ്മിച്ച ക്രിപ്റ്റ്, തികച്ചും ബറോക്ക് രീതിയിലുള്ള ഒരു നിർമ്മിതിയാണ്. ഏതാണ്ട് 1500-നും 1800-നുമിടയിൽ ജീവിച്ചിരുന്ന ഏകദേശം 4,000 സന്യാസിമാരുടെ അസ്ഥികൂടങ്ങൾ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ ക്രിപ്റ്റിന്റെ പ്രവേശനകവാടത്തിൽ ഇറ്റാലിയൻ ഭാഷയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “ഇന്ന് നിങ്ങൾ എന്താണോ അതായിരുന്നു ഒരിക്കൽ ഞങ്ങളും; ഇന്ന് ഞങ്ങൾ എന്താണോ ഭാവിയിൽ നിങ്ങളും അതായിരിക്കും” (Quello che voi siete noi eravamo; quello che noi siamo voi sarete). അവിടെ പ്രവേശിക്കുന്നവർക്കുള്ള ഒരു ഓർമ്മപ്പെടുത്തലാണിത്.
അഞ്ച് ചാപ്പലുകൾ
നീളമുള്ള ഒരു കോറിഡോറിന്റെ സൈഡുകളിൽ അഞ്ച് ചാപ്പലുകളായാണ് ഈ ക്രിപ്റ്റ് നിർമ്മിച്ചിരിക്കുന്നത്. ആയിരക്കണക്കിന് തുടയെല്ലുകൾ, തലയോട്ടികൾ, അസ്ഥികൾ, കശേരുക്കൾ എന്നിവകൊണ്ട് നക്ഷത്രങ്ങൾ, പൂക്കൾ, വിളക്കുകൾ, കുരിശുകൾ, ക്ലോക്കുകൾ, ചിത്രശലഭങ്ങൾ തുടങ്ങിയവ നിർമ്മിച്ചിരിക്കുന്നത് കാണാൻ സാധിക്കും. അവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ അലങ്കാര ഉപകരണങ്ങളും പൂർണ്ണമായും മരിച്ചയാളുടെ അസ്ഥികൾകൊണ്ട് നിർമ്മിച്ചതാണ്. സന്യാസവസ്ത്രം ധരിപ്പിച്ച അസ്ഥികൂടങ്ങൾ സന്ദർശകരെ സ്വാഗതംചെയ്യുന്ന രീതിയിലും ക്രമീകരിച്ചിരിക്കുന്നു.
ക്രമീകരണ രീതി
അസ്ഥികളുടെ ക്രമീകരണത്തിനായി സ്വീകരിച്ച രീതിയാണ് മറ്റൊരു വലിയ പ്രത്യേകത. ഓരോ ചാപ്പലിലും ഉപയോഗിച്ചിരിക്കുന്ന അസ്ഥികളുടെ പേരുകൾ അവിടെ എഴുതിവച്ചിരിക്കുന്നതും നമുക്ക് കാണാൻ സാധിക്കും. അവിടേക്കു പ്രവേശിക്കുമ്പോൾ നമ്മൾ ആദ്യംതന്നെ കാണുന്നത് പുനരുത്ഥാനത്തിന്റെ ക്രിപ്റ്റാണ്. ആ നിലവറ കൂടുതലും വാരിയെല്ലുകളും കശേരുക്കളും കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. രണ്ടാമതായി, നമുക്ക് ക്രിപ്റ്റ് ഓഫ് സ്കൾസ് കാണാൻ സാധിക്കും. അത് അലങ്കരിച്ചിരിക്കുന്നത് പേരുപോലെ തന്നെ തലയോട്ടികൾ കൊണ്ടാണ്. ചുമരുകളിൽ നിശ്ചിത അകലത്തിൽ തലയോട്ടികൾ നിരത്തിയിരിക്കുന്നു. അവിടുത്തെ മറ്റൊരു പ്രത്യേകതയാണ് ആ ചാപ്പലിന്റെ മധ്യഭാഗത്തായി കാണുന്ന ‘ചിറകുള്ള മണിക്കൂർഗ്ലാസ്’ (winged hourglass). പരിമിതമായ ഭൗമിക കാലത്തിന്റെ പ്രതീകമാണത്. ഇവിടെ കപ്പൂച്ചിൻ വസ്ത്രം ധരിച്ച അഞ്ച് അസ്ഥികൂടങ്ങൾ നമുക്ക് കാണാൻ സാധിക്കും. അതിൽ മൂന്നെണ്ണം കൈകളിൽ കുരിശും പിടിച്ചുകൊണ്ട് പ്രാർഥിക്കുന്ന രീതിയിലും മറ്റു രണ്ടെണ്ണം കിടക്കുന്ന രീതിയിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. മരണത്തിനു മുൻപുള്ള നമ്മുടെ ജീവിതം നിരന്തരമായ ഒരു യാത്രയാണെന്നും ആ യാത്ര പ്രാർഥനാധിഷ്ഠിതമായിരിക്കണമെന്നും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു.
അടുത്ത ചാപ്പലിന്റെ പേര് ‘ക്രിപ്റ്റ് ഓഫ് ദി ബേസിൻസ്’ (Basins) എന്നാണ്. മനുഷ്യന്റെ ഇടുപ്പെല്ലുകളാണ് ഇവിടെ കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ഇവിടുത്തെ സീലിംഗിൽ കശേരുക്കളോടൂകൂടിയ ഏഴ് ഷോൾഡർ ബ്ലേഡുകളാൽ രൂപംകൊണ്ട ഒരു റോസ് വിൻഡോ കാണാൻ സാധിക്കും. അടുത്തതായി നമുക്ക് Hall of the Tibias and Femurs കാണാൻ സാധിക്കും. ഇവിടെ നമുക്ക് കശേരുകളാൽ ആവൃതമായ വൃത്താകൃതിയിൽ അലങ്കരിച്ചിരിക്കുന്ന താടിയെല്ലുകൾ കാണാൻ സാധിക്കും. രണ്ടുവശങ്ങളിലായി കശേരുക്കൾകൊണ്ടും ഷോൾഡർ ബ്ലേഡുകൾകൊണ്ടും നിർമ്മിച്ചിരിക്കുന്ന രണ്ടു വലിയ പുഷ്പങ്ങളും കാണാം. അടുത്തതായി മരണാനന്തരജീവിതത്തിന്റെ തുടർച്ചയെ സൂചിപ്പിക്കുന്ന ഒരൊറ്റ ഗോളത്തോടുകൂടിയ ‘അസ്ഥിഘടികാര’വും അവിടെ നമുക്ക് കാണാൻ സാധിക്കും.
ക്രിപ്റ്റിന്റെ വ്യത്യസ്ത മുറികളിൽ അലങ്കാരങ്ങൾ മാത്രമല്ല, ശവസംസ്കാര ലിഖിതങ്ങളും ചെറിയ ബലിപീഠങ്ങളുമുണ്ട്. ഏറ്റവും പ്രശസ്തമായത് ഉർബൻ എട്ടാമൻ മാർപാപ്പയുടെ കുടുംബാംഗങ്ങളുടെയും ബാർബെറിനി രാജകുമാരിയുടെയും ശവകുടീരങ്ങളാണ്. ബാർബെറിനി രാജകുമാരിയെ അവളുടെ വസ്ത്രത്തോടുകൂടിയാണ് ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ, ഒരു കൈയിൽ അരിവാളും മറുവശത്ത് ഒരു തുലാസ്സും പിടിച്ചിരിക്കുന്ന ഒരു സ്ത്രീയുടെ അസ്ഥികൂടം നമുക്ക് വ്യക്തമായി തിരിച്ചറിയാൻ കഴിയും (ഇത് തീർച്ചയായും മനുഷ്യ അസ്ഥികൾ കൊണ്ട് നിർമ്മിച്ചതാണ്). മരണത്തിന്റെ അജയ്യതയുടെയും നീതിയുടെയും പ്രതീകവും അന്തിമവിധിയുമാണ് ഇത് സൂചിപ്പിക്കുന്നത്. കൂടാതെ, ഒരു മുറിയിൽ, മൂന്ന് കുട്ടികളുടെ അസ്ഥികൂടങ്ങളുണ്ട്. അവ, മരണത്തിനു പ്രായമില്ലെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.
ഒറ്റനോട്ടത്തിൽ ഈ സ്ഥലം സങ്കടകരമോ, ഭയങ്കരമോ ആയി തോന്നാം. എന്നിരുന്നാലും ജീവിതത്തിന്റെയും പുനർജന്മത്തിന്റെയും പ്രതീകമായി റോസാപ്പൂക്കൾ, നക്ഷത്രങ്ങൾ, മണിക്കൂർഗ്ലാസുകൾ, പൂക്കൾ, വൃത്തങ്ങൾ, ചതുരങ്ങൾ എന്നിവ നമുക്ക് ക്രിപ്റ്റിൽ കാണാൻ സാധിക്കും. വാസ്തവത്തിൽ, പതിനെട്ടാം നൂറ്റാണ്ടിൽ ഈ സൃഷ്ടി സൃഷ്ടിച്ച അജ്ഞാതനായ കലാകാരൻ ഒരുപക്ഷേ, മരണത്തേക്കാൾ, പ്രതീക്ഷയുടെ സന്ദേശം നൽകാൻ ആഗ്രഹിച്ചിരിക്കാം.
സി. ലിബി ജോർജ്