
നമുക്ക് ചുറ്റുമുള്ളവരോട് ദയ കാണിക്കുക എന്നതാണ്, നമ്മുടെ കോപത്തെ മെരുക്കാനുള്ള മാർഗമെന്ന് വി. ഫ്രാൻസിസ് ഡി സെയിൽസ് പറയുന്നു. നമ്മുടെ കോപം അനിയന്ത്രിതമായി പോകാൻ അനുവദിക്കുകയാണെങ്കിൽ, അത് നമ്മുടെ ഉള്ളിൽ വളരുകയും ചെറിയ സാഹചര്യങ്ങളിൽ പോലും പലപ്പോഴും പൊട്ടിത്തെറിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും.
കോപത്തെ നിയന്ത്രിക്കുന്നത് സാധാരണഗതിയിൽ എളുപ്പമല്ല. പ്രത്യേകിച്ചും നമുക്ക് ചുറ്റുമുള്ള ആളുകൾ നിരന്തരം നെഗറ്റീവ് രീതിയിൽ നമ്മെ പ്രകോപിപ്പിക്കുന്ന സാഹചര്യമാണെങ്കിൽ കോപം അനിയന്ത്രിതമാകും.
ദയ പരിശീലിക്കാം
നമ്മുടെ കോപത്തെ ചെറുക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് നാം പ്രകോപിതരാകുന്നതിന് മുമ്പ് ദയ കാണിക്കുക എന്നതാണ്. ചെറുതും വലുതുമായ കാര്യങ്ങളിൽ കഴിയുന്നത്ര സൗമ്യമായി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. വിശുദ്ധ ഫ്രാൻസിസ് ഡി സെയിൽസ് നമ്മെ ഉദ്ബോധിപ്പിക്കുന്നു – “നമ്മുടെ അയൽക്കാരനോട് സൗമ്യമായി സംസാരിക്കുക മാത്രമല്ല, ഹൃദയവും ആത്മാവും സൗമ്യതയിൽ നിറഞ്ഞിരിക്കുകയും വേണം.”
ദയയും സൗമ്യതയും കൊണ്ട് നാം നമ്മുടെ ആത്മാവിനെ എത്രയധികം നിറയ്ക്കുന്നുവോ അത്രയധികം നമ്മുടെ കോപം നിയന്ത്രിക്കുന്നത് എളുപ്പമാകും. അയൽക്കാരോട് മാത്രമല്ല, നമ്മുടെ സ്വന്തം വീട്ടിലുള്ളവരോടും ദയ കാണിക്കേണ്ടതുണ്ട്. കോപത്തെ മറികടക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ കണ്ടുമുട്ടുന്ന അടുത്ത വ്യക്തിയോട് ദയ കാണിക്കാൻ ശ്രമിക്കുക.