![Bauza-Dhinnuwaye-or-Three-Fasts](https://i0.wp.com/www.lifeday.in/wp-content/uploads/2025/02/Bauza-Dhinnuwaye-or-Three-Fasts.jpg?resize=696%2C435&ssl=1)
കൽദായ സുറിയാനി സഭയുടെ പാരമ്പര്യത്തിൽ ഏറ്റവും ചിട്ടയോടും കാർക്കശ്യത്തോടും കൂടി ആചരിക്കുന്ന ഒരു നോമ്പാണ് നിനവേ നോമ്പ് അഥവാ മൂന്ന് നോമ്പ്. ഈ നോമ്പാചരണം ഉടലെടുത്തതും പൗരസ്ത്യ സുറിയാനി സഭയിലാണ്. നിനവേക്കാരുടെ യാചന അല്ലെങ്കിൽ ബാവൂസാ എന്നും ഈ നോമ്പ് അറിയപ്പെടുന്നു. ബാവൂസാ എന്ന സുറിയാനി വാക്കിന് യാചന എന്നാണ് അർഥം. മറ്റു സഭകളും ആചരിക്കുന്നുണ്ടെങ്കിലും മൂന്ന് നോമ്പുമായി ഏറ്റവുമധികം ഇഴചേർന്നുകിടക്കുന്നത് പൗരസ്ത്യ സുറിയാനി സഭയാണ്. ഇതിനു കാരണം യൗനാൻ നിവ്യാ ജീവിച്ച നിനവേയിൽ നിലനിന്ന സഭ പൗരസ്ത്യ സുറിയാനി സഭ ആയിരുന്നു എന്നതിനാലാവാം. അതുപോലെതന്നെ, ക്രൈസ്തവസഭകളുടെ 2000 കൊല്ലത്തെ ചരിത്രത്തിൽ ഏറ്റവുമധികം പീഡിപ്പിക്കപ്പെട്ട സഭയും പൗരസ്ത്യ സുറിയാനി സഭയാണല്ലോ. ഈ പീഡനങ്ങളുടെ നടുവിലും സഭയെ സത്യവിശ്വാസത്തിൽ ഉറപ്പിച്ചുനിർത്തിയത് ‘നോമ്പും പ്രാർഥനയും പാശ്ചാത്താപവു’മാണ് എന്ന് നിസ്സംശയം പറയാം.
മ്ശീഹാക്കാലം 570-580 കാലഘട്ടത്തിൽ മെസപ്പൊട്ടേമിയയിലുണ്ടായ പകർച്ചവ്യാധി മാറികിട്ടാനായി പൗരസ്ത്യ സുറിയാനി സഭയിലെ വിശ്വാസികളെല്ലാം ഉപവസിച്ചു പ്രാർഥിച്ചു. തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിനങ്ങളിൽ ഉപവസിച്ചു പ്രാർഥിക്കുകയും അതേ തുടർന്ന് പകർച്ചവ്യാധി അവസാനിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. ഇതിന് നന്ദിസൂചകമായി വ്യാഴാഴ്ച ആഘോഷമായി നോമ്പ് അവസാനിപ്പിക്കുകയും ചെയ്തു. നമ്മുടെ ആരാധനാക്രമ വത്സരത്തിലും മൂന്ന് നോമ്പ് കഴിഞ്ഞുവരുന്ന വ്യാഴാഴ്ചയും പ്രത്യേക നമസ്കാരങ്ങളുണ്ട്.
ആരാധനാക്രമപരമായി നോക്കിയാൽ സുദീർഘമായ ക്രമങ്ങളാണ് ഈ ദിവസങ്ങളിലെ ഉപയോഗത്തിനായി ഹുദ്റായിൽ നൽകിയിരിക്കുന്നത്. യാമ നമസ്കാരങ്ങളെല്ലാം വളരെ അധികമായി ഈ ദിവസങ്ങളിലുണ്ട്. കൂടാതെ, ബുധനാഴ്ച മാർ നെസ്തോറിയസിന്റെ കൂദാശാക്രമമാണ് പരിശുദ്ധ കുർബാനയിലർപ്പിക്കുന്നത്. ആണ്ടുവട്ടത്തിൽ ആകെ അഞ്ച് ദിവസങ്ങളിൽ മാത്രമാണ് മാർ നെസ്തോറിയസിന്റെ കൂദാശാക്രമം അർപ്പിക്കുന്നത്; അതിൽ മൂന്നാമത്തെ ദിനമാണ് മൂന്ന് നോമ്പിലെ ബുധനാഴ്ച.
മൂന്ന് നോമ്പ് ആചരണം ആരംഭിക്കുന്നത് ഞായറാഴ്ച വൈകുന്നേരം റംശാ നമസ്കാരത്തോടു കൂടിയാണ്. റംശാ (സന്ധ്യാ), സുബാആ (അത്താഴം), ലെലിയാ (രാത്രി), കാലേ ദ്ശഹ്റാ (വെളുപ്പാൻകാല സ്വരങ്ങൾ), സപ്റാ (പ്രഭാതം) എന്നീ യാമങ്ങളിലെ തെ്മെശ്ത്താകളെ (ശുശ്രൂഷകളെ) തുടർന്ന് വളരെയധികം ബാഊസാ (യാചന ഉള്ളതിനാൽ, അടുത്ത റംശായ്ക്ക് മുൻപായി പരിശുദ്ധ കുർബാന അർപ്പിക്കുന്നു. മാർ അപ്രേം ഉൾപ്പടെയുള്ള സുറിയാനി പിതാക്കന്മാരുടെ ബാവൂസകൾ ഈ ദിനങ്ങളിൽ ചൊല്ലാറുണ്ട്. വ്യാഴാഴ്ച പ്രഭാതത്തിൽ നടത്തപ്പെടുന്ന ആഘോഷപൂർവമായ പരിശുദ്ധ കുർബാനയോടെ മൂന്ന് നോമ്പ് പൂർത്തീകരിക്കപ്പെടും.
പൗരസ്ത്യ സുറിയാനി സഭയായ മാർത്തോമ്മാ നസ്രാണി സഭയിലും മൂന്ന് നോമ്പ് ഏറ്റവും സമുചിതമായി ആഘോഷിച്ചിരുന്നു. സവ്മാ റമ്പാ അഥവാ വലിയ നോമ്പിന് 18 ദിവസം മുൻപു വരുന്ന തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ അനുഷ്ഠിക്കുന്ന ഈ നോമ്പിനെ പതിനെട്ടാമിട എന്നും വിളിക്കുന്നു. കുറവിലങ്ങാട്, കടുത്തുരുത്തി, പുളിങ്കുന്ന് എന്നിവിടങ്ങളിൽ മൂന്ന് നോമ്പ് ചിട്ടയായി ആചരിച്ചിരുന്നു. എങ്കിലും ഇന്ന് അത് കുറവിലങ്ങാട്, കടുത്തുരുത്തി എന്നീ പള്ളികളിലെ ആചരണവുമായി ബന്ധപ്പെട്ടാണ് കൂടുതൽ പ്രസിദ്ധമായിരിക്കുന്നത്. പുരാതനകാലം മുതൽ കുറവിലങ്ങാട് പള്ളിയിലെ മൂന്ന് നോമ്പ് പ്രശസ്തമാണ്. മൂന്ന് നോമ്പിന്റെ ആത്മാവായ ബാവൂസാ നമസ്കാരങ്ങൾ പാടേ ഉപേക്ഷിച്ചുവെങ്കിലും ഏറ്റവും സുപ്രധാന തിരുനാളായി ഇവിടെ മൂന്ന് നോമ്പ് ആഘോഷിക്കുന്നു. പഴയകാലങ്ങളിൽ വിശ്വാസികൾ പള്ളിക്കുചുറ്റും കുടിൽകെട്ടി താമസിച്ച്, മൂന്ന് ദിവസങ്ങളിലും പള്ളിയിൽ ഭജനമിരുന്ന്, ഉപവാസത്തിലും പ്രാർഥനയിലും പള്ളിയിൽതന്നെ കഴിച്ചുകൂട്ടിയാണ് ഈ തിരുനാൾ ആഘോഷിച്ചിരുന്നത്. ഇന്ന് കുറവിലങ്ങാട് പള്ളിയിൽ ആഘോഷിക്കുന്ന മൂന്ന് നോമ്പിൽ പ്രധാന ഭാഗം യൗനാൻ നിവ്യായുടെ കപ്പൽയാത്രയെ അനുസ്മരിക്കുന്ന കപ്പലോട്ടം അഥവാ കപ്പൽ പ്രദക്ഷിണമാണ്. ഇവിടെ കപ്പൽ സംവഹിക്കാനുള്ള പരമ്പരാഗത അവകാശം നാവികരായിരുന്ന കടപ്പൂർ നിവാസികൾക്കാണ്.
മ്ശീഹാക്കാലം 905ൽ പൗരസ്ത്യ സുറിയാനി (പേർഷ്യൻ) സഭയിൽ നിന്നും മലബാറിൽ എത്തിയ സന്യാസശ്രേഷ്ഠനായ മാർ യൗനാന്റെ ദയറാ കുറവിലങ്ങാട്ട് ഉണ്ടായിരുന്നു. ഇന്നും ഈ പ്രദേശം അറിയപ്പെടുന്നത് യൗനാൻ കുഴി/ അവനാകുഴി എന്ന പേരിലാണ്. യൗനാൻ വസിച്ച കുഴി അഥവാ ഗുഹ ഇവിടെ ഉണ്ടായിരുന്നു. പുരാതനമായ നിരണം ഗ്രന്ഥവരിയിലും പതിനെട്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യ സന്ദർശിച്ച് വിവരണം തയ്യാറാക്കിയ പൗലീനോസ് പാതിരിയുടെ ഗ്രന്ഥത്തിലും ഈ സന്യാസഭവനത്തെപ്പറ്റി പരാമർശിക്കുന്നുണ്ട്. കുറവിലങ്ങാട് സ്വദേശിയും പണ്ഡിറ്റ് നെഹ്റുവിന്റെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ഡോ. പി. ജെ. തോമസ് ഉൾപ്പടെയുള്ളവരുടെ സഭാചരിത്രഗ്രന്ഥങ്ങളിൽ യൗനാൻകുഴിയുടെ ചരിത്രത്തെക്കുറിച്ച് രേഖകളുണ്ട്. സ്ത്രീകൾക്ക് ഈ ദയറായുടെ സമീപത്ത് പോകാൻ അനുവാദമുണ്ടായിരുന്നില്ല എന്നും, കായ്കനികൾ മാത്രം ഭക്ഷിച്ചു ജീവിച്ചിരുന്ന ഈ ദയറാവാസികളെ അവരുടെ ജീവിതകാലത്തു തന്നെ വിശ്വാസികൾ വിശുദ്ധരായി ആദരിച്ചിരുന്നു എന്നും പറയപ്പെടുന്നു. പൗരസ്ത്യ സുറിയാനി സഭയിൽ സുപ്രധാനമായ മൂന്ന് നോമ്പ് തിരുനാൾ കുറവിലങ്ങാട് പള്ളിയിലാണ് ഇന്ന് കേരളത്തിൽ ഏറ്റവും ആഘോഷപൂർവം നടത്തപ്പെടുന്നത്. ഇതിന്റെ പിന്നിലും ഈ പൗരസ്ത്യ സുറിയാനി ദയറാക്കാരുടെ സ്വാധീനം ഉണ്ടെന്ന സംശയവും ഡോ. പി. ജെ. തോമസ് തന്റെ ലേഖനത്തിൽ ഉന്നയിക്കുന്നു. ഇന്ന് തികച്ചും പരിത്യക്ത്യമായി കല്ലും മണ്ണും മൂടി കാടുപിടിച്ച നിലയിലാണ് ഈ സ്ഥലം. കൽദായ സുറിയാനി സഭയുടെ മാർത്ത് മറിയം വലിയ പള്ളി ഉൾപ്പടെയുള്ള പള്ളികളിൽ കേരളത്തിൽ ഇന്നും ആഘോഷമായി മൂന്ന് നോമ്പ് ആചരിക്കുന്നു.
നോമ്പിന്റെ സ്നേഹിതരെന്നു വിളിക്കപ്പെടുന്ന മാർത്തോമ്മാ നസ്രാണികള്‍ക്ക് ഒരു കൊല്ലത്തിൽ 225 ദിവസവും നോമ്പായിരുന്നു. നമ്മുടെ പൂർവീകർ നിഷ്ഠയോടെ ആചരിച്ചിരുന്ന നോമ്പുകളെപ്പറ്റിയുള്ള റിപ്പോര്‍ട്ടില്‍ 1578 ല്‍ ജസ്യൂട്ട് വൈദികനായ ഫ്രാന്‍സിസ് ഡയനീഷ്യസ് മൂന്നു നോമ്പിനെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട്. ജസ്യൂട്ട് സഭാ പ്രൊക്കുറേറ്ററായിരുന്ന ഫാ. പേരോ ഫ്രാന്‍സിസ്കോ മലബാറില്‍ മിഷനറിയായി എത്തി ഇവിടുത്തെ സ്ഥിതിവിവരങ്ങള്‍ അറിയിച്ചുകൊണ്ട് തന്റെ സുപ്പീരിയര്‍ ജനറല്‍ ക്ളൗദിയോ അക്വാവിവായക്ക് 1612 ല്‍ എഴുതിയ കത്തിൽ നസ്രാണികളുടെ മൂന്നു നോമ്പാചരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മൂന്നു ദിവസവും ഉപവസിച്ച് പള്ളിയിൽ ഭജനമിരിക്കുന്ന ജനങ്ങളോടുചേര്‍ന്ന് കശീശാമാർ തുടര്‍ച്ചയായി സങ്കീർത്തനാലാപനം നടത്തുകയും നിനിവേക്കാരുടെ മാനസാന്തരത്തെപ്പറ്റിയുള്ള മാർ അപ്രേമിന്റെ വ്യാഖ്യാനഗീതങ്ങൾ വായിക്കുകയും ചെയ്തിരുന്നു എന്നാണ് അദ്ദേഹത്തിന്റെ സാക്ഷ്യം. കര്‍മ്മങ്ങളുടെ മധ്യേ നിരവധി തവണ ആമേൻ എന്നേറ്റു പറഞ്ഞുകൊണ്ട് സര്‍വരും സാഷ്ടാംഗനമസ്കാരം ചൊല്ലിയിരുന്നതായും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. റംശാനമസ്കാരത്തോടുകൂടി അവസാനച്ചിരുന്ന ഒരോ ദിവസത്തെയും തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം നേര്‍ച്ചഭക്ഷണവുമുണ്ടായിരുന്നു. നേര്‍ച്ചഭക്ഷണം കഴിക്കാനാണ് നസ്രാണികള്‍ മൂന്നു നോമ്പാചരണം നടത്തുന്നതെന്ന് ഇതേപ്പറ്റി ഒരു പരാമര്‍ശം ഉദയംപേരൂര്‍ പാഷണ്ഡയോഗത്തിന്റെ കാനോനകളിലുണ്ട്.
മൂന്നു ദിവസത്തെ ഉപവാസത്തിനുശേഷം വ്യാഴാഴ്ച്ച മാര്‍ത്തോമാ നസ്രാണികൾ ഒന്നുചേര്‍ന്ന് ആദരപൂര്‍വം പള്ളിയിൽ പ്രവേശിക്കുകയും സ്ലീവാ വന്ദിക്കുകയും ചെയ്തിരുന്നതായി ഒന്നര ദശാബ്ദക്കാലം (1644 – 1659) കൊടുങ്ങലൂര്‍ മെത്രാപ്പോലീത്താ ആയിരുന്നു ഫ്രാന്‍സിസ് ഗാര്‍സ്യായുടെ സഹചാരിയായിരുന്ന ജിയാക്വീന്തോ ദെ മാജിസ്ത്രീസ് തന്റെ ഗ്രന്ഥത്തില്‍ കുറിച്ചിരിക്കുന്നു. നാലാം ദിവസം ആഘോഷപൂർവമായ കുർബാന അർപ്പിച്ചാണ് നോമ്പ് സമാപിപ്പിച്ചിരുന്നത്. മാര്‍ത്തോമാ നസ്രാണികൾക്ക് മൂന്നു നോമ്പിനോടുള്ള പ്രതിപത്തി പരിഗണിച്ച് പ്രസ്തുത നോമ്പാചരണം തുടരാൻ ഉദയംപേരൂര്‍ പൈശാചികയോഗം അനുവദിച്ചു.
കോട്ടയം ചെറിയ പള്ളിയിലും മൂന്ന് നോമ്പ് അത്യാഘോഷപൂർവം ആചരിച്ചിരുന്നു. പൗരസ്ത്യ സുറിയാനി സഭയിൽ നിന്നും മ്ശീഹാക്കാലം 1705 ൽ മലബാർ സഭയിലെത്തിയ മെത്രാപ്പോലീത്താ ആയിരുന്ന മാർ ഗബ്രിയേൽ അവിടെ ആയിരുന്നു താമസിച്ചിരുന്നത്. 1730 കുംഭം 18 ന് കാലം ചെയ്ത അദ്ദേഹം കബറക്കപ്പെട്ടതും അവിടെയാണല്ലോ. മാർ ഗബ്രിയേലിന് ചങ്ങനാശ്ശേരിയിൽ സ്വന്തമായി എഴുപതു പറയും അമ്പതു പറയുമായി നൂറ്റിയിരുപതു പറ നെൽവയലും ഉണ്ടായിരുന്നു. മെത്രാൻപറമ്പ് എന്നാണ് അത് അറിയപ്പെടുന്നത്. അവിടെനിന്ന് കൊയ്ത വിളവ് ഉപയോഗിച്ച് അദേഹം കോട്ടയം ചെറിയ പള്ളിയിലെ മൂന്ന് നോമ്പിന് പള്ളിയിൽ ഭജനമിരിക്കുന്ന വിശ്വാസികൾക്ക് എല്ലാ ദിവസവും വൈകുന്നേരം നേർച്ചസദ്യ നൽകിയിരുന്നു.
ചാവറ അച്ചന്റെ ആരാധനാക്രമത്തിലെ ലത്തീൻവൽക്കരണങ്ങളുടെ ഭാഗമായിട്ടാണ് പല പുരാതന പള്ളികളിലും മൂന്ന് നോമ്പ് അന്യം നിന്നുപോയത്. റോമൻ സഭയുടെ ശൈലിയിലുള്ള നാല്പതുമണി ആരാധന (40 മണിക്കൂർ തുടർച്ചയായി നടത്തുന്ന അരുളിക്കാ ആരാധന) ബലമായി നടപ്പിൽ വരുത്താൻ ചാവറ അച്ചൻ അക്ഷീണം പ്രയത്നിച്ചു. അതിലൂടെ മൂന്ന് നോമ്പിന്റെ പ്രാധാന്യം കുറച്ചുകളയാൻ അദേഹം കാരണമായി. അദേഹം ഇക്കാര്യത്തിൽ തോൽവി ഏറ്റുവാങ്ങിയത് കുറവിലങ്ങാട്, കടുത്തുരുത്തി, പുളിങ്കുന്ന് പോലുള്ള സ്ഥലങ്ങളിൽ നിന്നുമാണ്.
തൃശൂരിലെ പൗരസ്ത്യ സുറിയാനി സഭ യാതൊരു കുറവും വരുത്താതെ മൂന്ന് നോമ്പ് ആചരിക്കുന്നു. എന്നാൽ പൗരസ്ത്യ സുറിയാനി സഭയായ സീറോമലബാർ സഭ ഇത് പാടേ മറന്ന് കളയുന്നു. നിലനിൽക്കുന്ന ഇടങ്ങളിൽ പോലും ആത്മീയത നഷ്ടപ്പെട്ട ആഘോഷം മാത്രമായി മൂന്ന് നോമ്പ് ചുരുങ്ങുന്നു. കടുത്തുരുത്തി, പുളിങ്കുന്ന് പള്ളികളിൽ മൂന്ന് നോമ്പിനുവേണ്ടി പ്രത്യേക നമസ്കാരപുസ്തകങ്ങൾ ഉണ്ടായിരുന്നു. ബാവൂസായുടെ ക്രമങ്ങൾ തർജിമ ചെയ്തും അല്ലാതെയും ഉപയോഗിച്ച് മൂന്ന് നോമ്പിന്റെ ആത്മീയമാനം നമുക്ക് വീണ്ടെടുക്കാൻ സാധിക്കണം. എല്ലാ നസ്രാണി പള്ളികളിലും മൂന്ന് നോമ്പ് അതിന്റെ പ്രൗഢിയിലും തനിമയിലും തിരികെവരട്ടെ, അതിനായി നമുക്ക് പ്രാർഥിക്കാം, പ്രവർത്തിക്കാം.
ഡോ. ഫെബിൻ ജോർജ് മൂക്കംതടത്തിൽ