ബസിലിക്ക ഓഫ് ബോം ജീസസ്: ഗോവയിലെ ഉണ്ണിയേശുവിന്റെ നാമധേയത്തിലുള്ള, 400 വർഷങ്ങൾ പഴക്കമുള്ള ദൈവാലയം

ഇന്ത്യയിലെ കൊങ്കൺ മേഖലയിലെ ഗോവയിൽ സ്ഥിതിചെയ്യുന്ന ഒരു കത്തോലിക്ക ദൈവാലയമാണ് ബസിലിക്ക ഓഫ് ബോം ജീസസ്. യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിൽ സ്ഥാനം പിടിച്ച ഈ ദൈവാലയം നിർമിച്ചത് പോർച്ചുഗീസുകാരാണ്. പോർച്ചുഗീസ് ഇന്ത്യയുടെ മുൻ തലസ്ഥാനമായ ഓൾഡ് ഗോവയിലാണ് ബസിലിക്ക സ്ഥിതിചെയ്യുന്നത്. ഇവിടെത്തന്നെയാണ് വി. ഫ്രാൻസിസ് സേവ്യറിന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നതും.

ബോം ജീസസ് എന്നാൽ പോർച്ചുഗീസ് ഭാഷയിൽ ‘ഉണ്ണിയേശു’ എന്നാണ് അർഥം. ഇന്ത്യയിലെ ആദ്യത്തെ മൈനർ ബസിലിക്കയാണ് ഈ ജെസ്യൂട്ട് ദൈവാലയം. ബറോക്ക് വാസ്തുവിദ്യയുടെയും പോർച്ചുഗീസ് കൊളോണിയൽ വാസ്തുവിദ്യയുടെയും ഏറ്റവും മികച്ച ഉദാഹരണമായി ഇത് കണക്കാക്കപ്പെടുന്നു. ലോകത്തിലെ പോർച്ചുഗീസ് ഉത്ഭവത്തിന്റെ ഏഴ് അദ്ഭുതങ്ങളിലൊന്നാണ് ഈ ദൈവാലയം.

1946 മാർച്ച് 20 ന് ‘പ്രിസ്കാം ഗോവെ’ എന്ന പൊന്തിഫിക്കൽ ഡിക്രി മുഖേന പയസ് പന്ത്രണ്ടാമൻ മാർപാപ്പ ഈ ദൈവാലയത്തെ ബസിലിക്ക പദവിയിലേക്ക് ഉയർത്തി. കർദിനാൾ ജിയോവാനി ബാറ്റിസ്റ്റ മോണ്ടിനിയാണ് ഉത്തരവിൽ ഒപ്പുവയ്ക്കുകയും നോട്ടറൈസ് ചെയ്യുകയും ചെയ്തത്.

1594 ലാണ് പള്ളിയുടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ ലോക പൈതൃകസ്മാരകം ക്രൈസ്തവ വിശ്വാസത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. വി. ഇഗ്നേഷ്യസ് ലയോളയുടെ വളരെ അടുത്ത സുഹൃത്തായ വി. ഫ്രാൻസിസ് സേവ്യറിന്റെ മൃതദേഹം ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

ഗോവയിലെയും ഇന്ത്യയിലെയും ഏറ്റവും പഴക്കമുള്ള പള്ളികളിലൊന്നാണ് ഈ ദൈവാലയം. വിലയേറിയ മാർബിൾ കല്ലുകൾകൊണ്ടാണ് ഇതിന്റെ തറഭാഗം നിർമിച്ചിരിക്കുന്നത്. ലളിതമായ ബലിപീഠങ്ങൾക്കൊപ്പം പ്രധാന അൾത്താരയിൽ ജെസ്യൂട്ട് സ്ഥാപകനായ ലയോളയിലെ വി. ഇഗ്നേഷ്യസിന്റെ ഒരു വലിയ രൂപവുമുണ്ട്.

വിശുദ്ധ കുർബാന അർപ്പണത്തിനായി ഉപയോഗിക്കുന്ന അൾത്താരയിലെ മേശ സ്വർണ്ണം പൂശപ്പെട്ടതും അന്ത്യ അത്താഴവേളയിൽ ക്രിസ്തുവിന്റെയും അപ്പോസ്തലന്മാരുടെയും രൂപങ്ങളാൽ അലങ്കരിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ, ‘ഇത് എന്റെ ശരീരമാകുന്നു’ എന്ന് അർഥമാക്കുന്ന ‘ഹായ് മോജി കുഡ്’ എന്ന് കൊങ്കണി ഭാഷയിൽ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.

വി. ഫ്രാൻസിസ് സേവ്യറിന്റെ ജീവിതത്തിൽനിന്നു പകർത്തിയ ചിത്രങ്ങളും പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്. വി. ഫ്രാൻസിസ് സേവ്യറിന്റെ (1696) മൃതദേഹത്തോടുകൂടിയ വെള്ളിപേടകം സ്ഥാപിച്ചിരിക്കുന്ന ശവകുടീരം ടസ്കനിയിലെ ഗ്രാൻഡ് ഡ്യൂക്ക് കോസിമോ മൂന്നാമൻ ഡി മെഡിസിയുടെ സമ്മാനമായിരുന്നു.

17-ാം നൂറ്റാണ്ടിലെ ഫ്ലോറന്റയിൻ ശിൽപിയായ ജിയോവാനി ബാറ്റിസ്റ്റ ഫോഗിനിയാണ് ശവകുടീരം രൂപകൽപന ചെയ്തത്. ഇത് പൂർത്തിയാക്കാൻ പത്തുവർഷമെടുത്തു. വിശുദ്ധന്റെ ശരീരം അടങ്ങുന്ന പെട്ടി വെള്ളികൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഓരോ പത്തുർഷത്തിലും വിശുദ്ധന്റെ ചരമവാർഷികത്തിൽ ഈ വിശുദ്ധ തിരുശേഷിപ്പുകൾ പ്രദർശിപ്പിക്കുന്നു.

മുകളിലത്തെ നിലയിൽ, ഗോവൻ സർറിയലിസ്റ്റ് ചിത്രകാരൻ ഡോം മാർട്ടിന്റെ സൃഷ്ടികൾ അടങ്ങുന്ന ബോം ജീസസ് ബസിലിക്ക ആർട്ട് ഗാലറിയാണ്. എഴുത്തുകാരനും മാർട്ടിന്റെ സഹപ്രവർത്തകനുമായ ആന്റണി ഡി മെല്ലോയും ഗോവയിൽ നിന്നുള്ള ആളായിരുന്നു. അദ്ദേഹത്തിന്റെ രചനകളിൽ ബസിലിക്കയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

408 വർഷത്തിലേറെ പഴക്കമുള്ള ബോം ജീസസിന്റെ ബസിലിക്ക എല്ലാ ദിവസവും പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നു.

സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.