ഐൻസ്റ്റീൻ, ചാൾസ് ഡാർവിൻ, മൈക്കിളാഞ്ചലോ, മൊസാർട്, മാർക് ട്വൈൻ, എഡിസൺ, കാവെൻഡിഷ്, എമിലി ഡിക്കിൻസൺ, വാൻ ഗോഗ്, ബീഥോവൻ, ബെർണാർഡ് ഷാ, എബ്രഹാം ലിങ്കൺ, ബിൽ ഗെയ്റ്റ്സ്… ജീവിതത്തിന്റെ നാനാതുറകളിൽ കഴിവ് തെളിയിച്ച ഇവർക്കിടയിലുള്ള ഒരു സാമ്യം ഇവരെല്ലാവരുംതന്നെ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ കാണിച്ചവരാണ് എന്നുള്ളതാണ്.
ഓട്ടിസം എന്നത് സാധാരണ കുട്ടികളുടേതില്‍നിന്നും വ്യത്യസ്തമായി ചില കുട്ടികളില്‍ തലച്ചോറിന്റെ ജൈവഘടന അസാധാരണമായിരിക്കുന്ന അവസ്ഥയാണ്. മറ്റുള്ളവരുമായും ചുറ്റുപാടുകളുമായും ചേര്‍ന്ന് സാധാരണരീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത ഒരവസ്ഥ. സ്വയം എന്നർഥമുള്ള ‘ആട്ടോസ്’ എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. ‘ലിയോ കാനർ’ എന്ന മനോരോഗവിദഗ്ദ്ധനാണ് 1943 ൽ ഈ പദം ആദ്യമായി ഉപയോഗിച്ചത്.
കുട്ടികളുടെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസികവ്യതിയാനമാണ് ഓട്ടിസം. ജനനസമയത്തെ ആദ്യനാളുകളിൽ ഓട്ടിസം കണ്ടുപിടിക്കാൻ സാധിക്കുകയില്ല. ഒരു കുഞ്ഞിന് ഓട്ടിസം ഉണ്ട് എന്ന് മനസ്സിലാക്കുന്നത് അവരുടെ സ്വഭാവത്തിലൂടെയാണ്. ഓട്ടിസം കുട്ടികൾ ദൈനംദിന ജീവിതത്തിൽ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങൾ അവരെ മറ്റു കുഞ്ഞുങ്ങളിൽനിന്നും വ്യത്യസ്തരാക്കുന്നു. ഓട്ടിസമുള്ള കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവരുടെ കഴിവുകൾ വളത്തിയെടുക്കാൻ അവരുടെ മാതാപിതാക്കൾക്ക് ‘ഓട്ടിസം’ എന്ന അവസ്ഥയെക്കുറിച്ച് പൂർണ്ണ ബോധവത്കരണം നൽകേണ്ടതുണ്ട്.
‘സാമൂഹികപരവും ആശയവിനിമയപവും ബുദ്ധിപരവുമായും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഓർഗാനിക്ക് ന്യൂറോ ഡെവലപ്മെന്റൽ ഡിസോഡറാണ് ‘ഓട്ടിസം.’ മറ്റൊരുതരത്തിൽ പറഞ്ഞാൽ, ഓട്ടിസത്തെ ആശയവിനിമയത്തിലും പരസ്പരബന്ധങ്ങൾ സ്ഥാപിക്കുന്നതിലും കുട്ടികൾ നേരിടുന്ന പ്രയാസമാണെന്നു പറയാം.
ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ ഓരോ കുട്ടിയിലും വ്യതസ്തമായിരിക്കും. ആൺകുട്ടികളിലാണ് ഓട്ടിസം കൂടുതലായി കണ്ടുവരുന്നത്. തലച്ചോറിന്റെ ഘടനയിലും പ്രവർത്തനത്തിലുമുള്ള അസാധാരണത്വമാണ് ഓട്ടിസം ഉണ്ടാക്കുന്നത്. ഓട്ടിസ്റ്റിക്കായവർ പലപ്പോഴും ഒറ്റയ്ക്ക് തന്റേതായ ലോകത്ത് മുഴുകിയിരിക്കുന്നതായി കാണപ്പെടാം. മറ്റുളളവരെ അഭിമുഖീരിക്കാൻ പ്രയാസം അനുഭവിക്കുന്ന ഇവർ പ്രകോപനമില്ലാതെ മറ്റുളളവരെ ഉപദ്രവിക്കാനും സാധ്യതയുണ്ട്. ഫാനുകള്‍ കറങ്ങുന്നതും ബള്‍ബുകള്‍ പ്രകാശിക്കുന്നതും കുറെനേരം നോക്കിനില്‍ക്കുക, ശരീരഭാഗങ്ങൾ പ്രത്യേക രീതിയില്‍ ചലിപ്പിക്കുക, പ്രത്യേകതരം ശബ്ദങ്ങൾ ആവര്‍ത്തിക്കുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഇവർ ചിലപ്പോഴെങ്കിലും അലക്ഷ്യമായി ഇറങ്ങിനടക്കുകയും ഒരേ സ്ഥലത്തേക്കോ, വസ്തുവിലേക്കോ ഏറെനേരം നോക്കിനില്‍ക്കുകയും ചെയ്യാറുണ്ട്.
ഓട്ടിസത്തിന്റെ കാരണങ്ങള്‍ വൈദ്യശാസ്ത്രത്തിനുപോലും അവ്യക്തമാണ്. തലച്ചോറിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലുമുളള അസാധാരണത്വം മൂലമാണ് ഓട്ടിസം ഉണ്ടാകുന്നത് എന്ന് കരുതപ്പെടുന്നു.
ലോകത്തില്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന രോഗങ്ങളില്‍ ഒന്നായി ഓട്ടിസം മാറിയിരിക്കുന്നു. ശരാശരി കണക്കില്‍ ഒട്ടും പിന്നിലല്ലാതെ കേരളത്തിലും ഓട്ടിസം വര്‍ധിക്കുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഓട്ടിസം ബാധിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ 10% വര്‍ധനവാണ് കേരളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
മൂന്നു വയസ്സിനുള്ളിൽ കുട്ടിക്ക് ഓട്ടിസം ഉണ്ടോ എന്ന് തിരിച്ചറിയാൻ സാധിക്കും. കുഞ്ഞുങ്ങളുടെ വളർച്ചയും ബുദ്ധിവികാസവും ശരിയായ രീതിയിൽ നടക്കുന്നുവെന്ന് എല്ലാ മാതാപിതാക്കളും നിർബന്ധമായും ഉറപ്പുവരുത്തേണ്ടതാണ്. കാരണം, കൃത്യമായി കുഞ്ഞുങ്ങളെ നിരീക്ഷിക്കാത്തതുകൊണ്ടുമാത്രം ഓട്ടിസമുള്ള കുഞ്ഞുങ്ങൾക്ക് ശരിയായ രീതിയിൽ ശരിയായ ചികിത്സ ലഭിക്കാതെ പോകും. കുട്ടിയിൽ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ നേരത്തെ കണ്ടുപിടിക്കുകയും തുടർച്ചയായി ഇവരുടെ കാര്യത്തിൽ ശരിയായ രീതിയിൽ ഇടപെടുകയുമാണെങ്കിൽ ഇത്തരം കുട്ടികൾക്ക് മെച്ചപ്പെട്ട പുരോഗതി ഉണ്ടാകാൻ കാരണമാകും.
ഒരോ കുട്ടിയുടെയും കഴിവുകള്‍ പ്രത്യേകമായി നിര്‍ണ്ണയം നടത്തി എന്തൊക്കെ കഴിവുകള്‍ കുട്ടികളില്‍ പരിശീലിപ്പിക്കണമെന്നു തീരുമാനിച്ച് വിദഗ്ദ്ധരുടെ സഹായത്തോടെവേണം മുന്നോട്ടുപോകാൻ.
ഡോ. സെമിച്ചൻ ജോസഫ്
(പരിശീലകനും കൗൺസിലറും സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ സഹസ്‌ഥാപകനുമാണ് ലേഖകൻ)
തുടരും…