അര്‍മേനിയന്‍ വംശഹത്യ: 15 ലക്ഷത്തിലധികം ക്രിസ്ത്യാനികളെ കൊന്നൊടുക്കിയ ചരിത്രം

1915 ഏപ്രില്‍ 24 -നാണ് തുര്‍ക്കി, അര്‍മേനിയന്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യാന്‍ ആരംഭിച്ചത്. 15 ലക്ഷത്തിലധികം ക്രിസ്ത്യാനികളെ കൊന്നൊടുക്കിയ ചരിത്രം വായിക്കുക.

പതിനാറാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ തുര്‍ക്കികള്‍ അര്‍മേനിയന്‍ ക്രിസ്ത്യാനികളുടെ പ്രദേശം കീഴടക്കിയതോടെയാണ് പീഡനങ്ങളുടെ തുടക്കം. ആദ്യകാലങ്ങളില്‍ ചെറിയ രീതിയില്‍ സ്വാതന്ത്ര്യം അനുവദിച്ചിരുന്നെങ്കിലും ‘അവിശ്വാസികള്‍’ (infidels) ആയിട്ടാണ് ക്രിസ്ത്യാനികളെ കണക്കാക്കിയിരുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടായപ്പോള്‍ പീഡനങ്ങളുടെ അളവ് വര്‍ദ്ധിച്ചു. അതിനെ തുടര്‍ന്നാണ് 1894 മുതല്‍ 1896 വരെ ക്രൂരമായ ‘ഹമീദിയന്‍ കൂട്ടക്കൊല’ അരങ്ങേറിയത്. അതിനു ശേഷം തുര്‍ക്കിയിലെ ഇസ്ലാമി ഭരണകൂടം, അവരുടെ രാജ്യത്തുണ്ടായിരുന്ന 15 ലക്ഷത്തിലധികം അര്‍മേനിയന്‍ ക്രിസ്ത്യാനികളെ 1914 -നും 1923 -നുമിടയില്‍ നിഷ്ഠൂരമായ രീതിയില്‍ കൊന്നൊടുക്കി. വേര്‍തിരിച്ചു കാണിക്കാനുള്ള എളുപ്പത്തിനായി, ആദ്യ വംശഹത്യയെ ഹമീദിയന്‍ കൂട്ടക്കൊല എന്നും രണ്ടാമത്തേതിനെ അര്‍മേനിയന്‍ വംശഹത്യയെന്നും വിളിക്കുന്നു.

ഹമീദിയന്‍ വംശഹത്യ (1894-1896)

തുര്‍ക്കികളും കുര്‍ദ്ദുകളും ചേര്‍ന്ന് ഓട്ടോമന്‍ സാമ്രാജ്യത്തിലെ അര്‍മേനിയന്‍ ക്രിസ്ത്യാനികള്‍ക്കെതിരെ 1894 -നും 1896 -നും ഇടയ്ക്ക് നടത്തിയ വിവിധ കൂട്ടക്കൊലകളാണ് ഹമീദിയന്‍ കൂട്ടക്കൊല എന്ന് അറിയപ്പെടുന്നത്. അന്നത്തെ ഓട്ടോമന്‍ സുല്‍ത്താനായിരുന്ന അബ്ദുള്‍ ഹമീദ് രണ്ടാമന്റെ ഉത്തരവിന്‍പ്രകാരം ഇത് നടത്തിയതിനാലാണ് ഹമീദിയന്‍ കൂട്ടക്കൊല എന്ന് ഇതിന് പേര് വന്നത്.

ജന്മനാട്ടില്‍ അടിമകളെപ്പോലെ കഴിയേണ്ടിവന്ന അര്‍മേനിയക്കാരുടെ ദേശീയബോധം ഉടലെടുത്ത പശ്ചാത്തലത്തിലായിരുന്നു ഈ ആക്രമണങ്ങള്‍. ആദ്യം അര്‍മേനിയക്കാരുടെമേല്‍ ചില പ്രത്യേക നികുതി ഏര്‍പ്പെടുത്തി. പക്ഷേ, അത് അടയ്ക്കാന്‍ സാസുണ്‍ പ്രദേശത്തെ അര്‍മേനിയക്കാര്‍ വിസമ്മതിച്ചതോടെ തുര്‍ക്കികളും കുര്‍ദ്ദുകളും അവരുടേമേല്‍ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു. അവരുടെ ഗ്രാമങ്ങള്‍ കത്തിക്കുകയും ആയിരക്കണക്കിന് അര്‍മേനിയക്കാരെ കൊല്ലുകയും ചെയ്തു. 1894 -ലാണ് ഇത് നടന്നത്.

1895 സെപ്റ്റംബറില്‍, ഇസ്താംബൂളില്‍ നടന്ന ഒരു പ്രതിഷേധപ്രകടനത്തെ തുടര്‍ന്ന് നിരവധി കൂട്ടക്കൊലകള്‍ അരങ്ങേറി. 1895 ഡിസംബറില്‍ അത് മൂര്‍ദ്ധന്യാവസ്ഥയിലെത്തി. ഉര്‍ഫാ കത്തീഡ്രലില്‍ അഭയം തേടിയ 3,000 അര്‍മേനിയന്‍ ക്രിസ്ത്യാനികളെ മുസ്ലീം ഭരണകൂടം ജീവനോടെ ചുട്ടെരിച്ചതാണ് അവയില്‍ ഏറ്റവും ഭീകരമായതില്‍ ഒന്ന്.

ഉര്‍ഫാ (സര്‍ലിഉര്‍ഫാ) നഗരത്തിന്റെ പഴയ പേര് ഏദേസ എന്നായിരുന്നു. സുറിയാനി ക്രിസ്ത്യാനികളുടെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്ന്. അര്‍മേനിയന്‍ അക്ഷരമാല കണ്ടുപിടിച്ചത് ഈ നഗരത്തില്‍ വച്ചാണ് എന്നാണ് കരുതപ്പെടുന്നത്. അവിടുത്തെ പ്രസിദ്ധമായ വി. പത്രോസിന്റെയും വി. പൗലോസിന്റെയും പേരിലുള്ള അസ്സീറിയന്‍ ദേവാലയം ഇപ്പോള്‍ ഇസ്ലാമിന്റെ ഹാരാന്‍ യൂണിവേഴ്‌സിറ്റിയാണ്. ഒരുകാലത്ത് ഉര്‍ഫാ നഗരത്തില്‍ ഏകദേശം 300 -ഓളം ക്രിസ്ത്യന്‍ ദേവാലയങ്ങളും ആശ്രമങ്ങളും ഉണ്ടായിരുന്നു. ഇന്ന് അവയൊന്നുമില്ല. അവയെല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു. പകരം എല്ലായിടത്തും മോസ്കുകളാണ്. കൊറീണ ഷട്ടക് (Corinna Shattuck) എന്ന അമേരിക്കന്‍ വിദ്യാഭ്യാസ മിഷനറി പ്രവര്‍ത്തക, അക്രമാസക്തരായ മുസ്ലീം ജനക്കൂട്ടത്തിനു മുമ്പില്‍ നിന്ന് അമേരിക്കന്‍ പതാക ഉയര്‍ത്തിപ്പിടിച്ച്, അര്‍മേനിയന്‍ സ്ത്രീകളയും കുട്ടികളെയും രക്ഷപെടുത്തിയ ചരിത്രം പ്രസിദ്ധമാണ്.

അര്‍മേനിയന്‍ വംശഹത്യ (1914-1923)

തുര്‍ക്കിയിലെ ഇസ്ലാമി ഭരണകൂടം, അവരുടെ രാജ്യത്തുണ്ടായിരുന്ന 15 ലക്ഷത്തിലധികം അര്‍മേനിയന്‍ ക്രിസ്ത്യാനികളെ 1914 -നും 1923 -നുമിടയില്‍ നിഷ്ഠൂരമായ രീതിയില്‍ കൊന്നൊടുക്കിയതിനെയാണ് അര്‍മേനിയന്‍ വംശഹത്യ എന്നു വിളിക്കുന്നത്.

വംശഹത്യക്കു മുമ്പ് സാമ്പത്തികമായി വളരെയധികം ഉയര്‍ന്ന നിലയിലായിരുന്നു അര്‍മേനിയക്കാര്‍. അര്‍മേനിയന്‍ പാര്‍ലമെന്റേറിയനും എഴുത്തുകാരനുമായ ക്രിക്കോര്‍ സൊഹാറബ് 1913 -ല്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: “തുര്‍ക്കിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവരിലെ 166 പേരില്‍ 141 പേരും അര്‍മേനിയക്കാരാണ്. തുര്‍ക്കികള്‍ 13 മാത്രം. 9,800 വ്യാപാരശാലകളില്‍ 6,800 അര്‍മേനിയക്കാരുടേതും 2,550 എണ്ണം തുര്‍ക്കികളുടേതും. 150 കയറ്റുമതിക്കാരില്‍ 127 അര്‍മേനിയക്കാരും 23 തുര്‍ക്കികളും. 153 വ്യവസായികളില്‍ 130 അര്‍മേനിയക്കാരും 20 തുര്‍ക്കികളും. 37 ബാങ്കുകാരില്‍ 32 പേര്‍ അര്‍മേനിയക്കാര്‍.”

ഇത്രയും സാമ്പത്തികഭദ്രതയുള്ളവരായിരുന്നു അര്‍മേനിയക്കാര്‍. ഇതിനിടയില്‍ സംഭവിച്ച മൂന്നു പ്രധാന സംഭവങ്ങള്‍ അര്‍മേനിയന്‍ വംശഹത്യയിലേക്കു നയിച്ചു.

1. 1912-1913 കാലഘട്ടത്തില്‍ നടന്ന ബാല്‍ക്കണ്‍ യുദ്ധത്തിലെ തുര്‍ക്കിയുടെ പരാജയവും ഭൂപ്രദേശം നഷ്ടപ്പെടലും.
2. 1913 ജനുവരി 23 യുവതുര്‍ക്കികള്‍ നടത്തിയ പട്ടാളഭരണ അട്ടിമറി.
3. ഒന്നാം ലോകമഹായുദ്ധത്തിന്റെ ആരംഭം.

അര്‍മേനിയക്കാര്‍ യുദ്ധത്തില്‍ ശത്രുപക്ഷത്തിന്റെ ഒപ്പമായിരുന്നു എന്ന് യുവതുര്‍ക്കികള്‍ പറഞ്ഞുപരത്തുകയും അത് അര്‍മേനിയക്കാരോടുള്ള വലിയ വിദ്വേഷത്തില്‍ കലാശിക്കുകയും ചെയ്തു. താലാത്ത്, എന്‍വര്‍ എന്നീ രണ്ടു പേരുടെ നേതൃത്വത്തില്‍ 50 പേരുടെ ഒരു ഗ്രൂപ്പായിരുന്നു യുവതുര്‍ക്കികളുടെ ഭരണം നിയന്ത്രിച്ചിരുന്നത്. അവര്‍ക്കിടയിലുള്ള വൈരാഗ്യവും അവര്‍ ക്രിസ്ത്യാനികളുടെമേല്‍ തീര്‍ത്തു. ബാള്‍ക്കന്‍ യുദ്ധത്തില്‍  നഷ്ടപ്പെട്ടതെല്ലാം ഒന്നാം ലോകമഹായുദ്ധത്തില്‍ തിരിച്ചുപിടിക്കാം എന്ന് തുര്‍ക്കികള്‍ വ്യാമോഹിച്ചു. യുദ്ധത്തിന്റെ മറവില്‍ രാജ്യത്തിനുള്ളിലെ ക്രിസ്ത്യാനികളെ ഇല്ലാതാക്കാനും അവര്‍ പദ്ധതിയിട്ടു.

വംശഹത്യയുടെ രീതി

വര്‍ഷങ്ങളോളം നീണ്ടുനിന്ന ആസൂത്രിതമായ കൂട്ടക്കൊലപാതകങ്ങളും നശിപ്പിക്കലുകളും സ്വത്ത് തട്ടിയെടുക്കലുകളും നാടുകടത്തലുകളും ക്രൂരമര്‍ദ്ദനങ്ങളും ചുട്ടെരിക്കലുകളും കലാപം അഴിച്ചുവിടലും കൃത്രിമക്ഷാമം സൃഷ്ടിക്കലുകളുമെല്ലാം ഒക്കെ ചേര്‍ന്നതായിരുന്നു അര്‍മേനിയന്‍ വംശഹത്യ.

1. ബൗദ്ധിക-സാംസ്‌ക്കാരിക നേതാക്കന്മാരെ  ഇല്ലായ്മ ചെയ്യല്‍

തുര്‍ക്കിയിലെ മുസ്ലീം നേതൃത്വം ആദ്യം ചെയ്തത് അര്‍മേനിയന്‍ ബൗദ്ധിക-സാംസ്‌ക്കാരിക നേതാക്കന്മാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 1915 ഏപ്രില്‍ 24 -ന് തുര്‍ക്കിയുടെ വിശാലസാമ്രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള ‘ഇന്റലക്ച്വല്‍സിനെയും’ അറസ്റ്റ് ചെയ്തു. മെയ് 30 -നു നടന്ന ‘ദിയാര്‍ബെകിര്‍ കൂട്ടക്കൊല’ അത്തരം അറസ്റ്റുകള്‍ക്കു ശേഷം നടന്നതാണ്. 636 അര്‍മേനിയന്‍ സാംസ്‌ക്കാരിക-ബൗദ്ധിക-രാഷ്ട്രീയനായകരെ ദിയാര്‍ബെകിര്‍ പട്ടണത്തില്‍ കൊണ്ടുവന്നു. ആ കൂട്ടത്തില്‍ ഒരു മെത്രാനും ഉണ്ടായിരുന്നു. അവിടെ നിന്ന് ടൈഗ്രിസ്‌ നദി വഴി അവരെ പട്ടാളക്കാര്‍ കൊണ്ടുപോയി. അതിനിടയില്‍ അവരുടെ കയ്യിലുണ്ടായിരുന്ന പണം തട്ടിയെടുത്തു. ആറു പേരുള്ള ഗ്രൂപ്പായി തിരിച്ച്, വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത്, കോടാലി കൊണ്ടും കഠാര കൊണ്ടും തോക്ക് ഉപയോഗിച്ചും അവരില്‍ എല്ലാവരെയും കൊന്നു. ശവശരീരങ്ങള്‍ നദിയില്‍ തള്ളി. ബൗദ്ധിക-സാംസ്‌ക്കാരിക-രാഷ്ട്രീയനേതാക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി അര്‍മേനിയക്കാരില്‍ നേതാക്കന്മാര്‍ ഇല്ലാതാകുകയായിരുന്നു തുര്‍ക്കികളുടെ ലക്ഷ്യം.

2. ചതിയിലൂടെ സമ്പത്ത് കൈക്കലാക്കല്‍

ആധുനിക കാലത്ത് നടന്ന ഏറ്റവും വലിയ സമ്പത്ത് കൈമാറ്റം സംഭവിച്ചത് തുര്‍ക്കിയിലാണ്. അര്‍മേനിയക്കാരുടെ സമ്പത്ത്, ഭവനങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം അവര്‍ നിയമം വഴി തട്ടിയെടുത്തു. 1915 ജൂണ് 10 -ന് തുര്‍ക്കി ഗവണ്മെന്റ് പാസ്സാക്കിയ ‘Abandoned Propetry Commossion’ അര്‍മേനിയക്കാരുടെ സ്വത്ത് പിടിച്ചെടുക്കാന്‍ ലക്ഷ്യമാക്കിയായിരുന്നു. അതോടെ, അര്‍മേനിയക്കാരുടെ എല്ലാ സ്വത്തുക്കളും ഗവണ്മെന്റിന്റേതായി മാറി. ജൂണ്‍ 15 -ന് ഇറങ്ങിയ ഗവണ്മെന്റ് കുറിപ്പില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:

“നിങ്ങളുടെ എല്ലാ സ്വത്തുക്കളും ഉപേക്ഷിക്കുക. ഫര്‍ണിച്ചറുകളും മറ്റ് വസ്തുക്കളുമെല്ലാം. നിങ്ങളുടെ  വ്യവസായ സ്ഥാപനങ്ങളും കടകളുമെല്ലാം, എല്ലാ സാധനങ്ങളും ഉള്ളില്‍ വച്ച് അടച്ചുപൂട്ടുക. പ്രത്യേക അടയാളത്താല്‍ നിങ്ങളുടെ വാതിലുകള്‍ മുദ്ര ചെയ്യപ്പെടും. നിങ്ങള്‍ തിരിച്ചുവരുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാം ലഭിക്കും. ഒരു വസ്തുക്കളും വില്‍ക്കാന്‍ പാടില്ല. നിങ്ങളുടെ കയ്യിലുള്ള പണം, വിദേശത്തുള്ള നിങ്ങളുടെ ബന്ധുവിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. ഇതെല്ലാം നടപ്പിലാക്കാന്‍ 10 ദിവസങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു.” ഇതിനെ തുടര്‍ന്നാണ് നിര്‍ബന്ധിത പലായനം ചെയ്യിക്കല്‍ നടന്നത്.

3. നിര്‍ബന്ധിത പലായനം

മുഴുവന്‍ അര്‍മേനിയക്കാരെയും സിറിയന്‍ മരുഭൂമിയിലേക്ക് കൊണ്ടുപോവുകയാണ് പിന്നീട് ചെയ്തത്. പോകാനുള്ള ഒരുക്കത്തിന് ഭൂരിഭാഗം അര്‍മേനിയക്കാര്‍ക്കും ചുരുങ്ങിയ ദിവസങ്ങളേ ലഭിച്ചുള്ളൂ. ചിലര്‍ക്ക് ചുരുങ്ങിയ മണിക്കൂറുകളും. എര്‍സുരും എന്ന പട്ടണത്തില്‍ നിന്നുള്ള ഒരു ദൃശ്യം ഇങ്ങനെയാണ്:

“40,000 അര്‍മേനിയക്കാരാണ് ഇവിടെ നിന്നും നിര്‍ബന്ധിത പലായനത്തിന് വിധേയരാക്കപ്പെട്ടത്. എന്തിനു വേണ്ടിയാണ് തങ്ങളെ കൊണ്ടുപോകുന്നതെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. അതിര്‍ത്തിയില്‍ എത്തും മുമ്പേ പലരും തളര്‍ന്നുവീണു മരിച്ചു. ക്രെമാ എന്ന പട്ടണത്തില്‍ എത്തിയപ്പോള്‍ നിരവധി പേരെ വാളിനിരയാക്കി. യൂഫ്രട്ടീസ് നദിയില്‍ തള്ളി. ദെര്‍-എല്‍-സാര്‍ പട്ടണത്തിലെത്തിയപ്പോള്‍ കേവലം 200 പേര്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. 99.30 ശതമാനം മരണം!”

സിറിയന്‍ മരുഭൂമിയില്‍ അര്‍മേനിയക്കാരെ ഉപേക്ഷിക്കാനായിരുന്നു തുര്‍ക്കിയുടെ നീക്കം. അതിനായി, ചുട്ടുപൊള്ളുന്ന വെയിലില്‍ 1000 -ലധികം കിലോമീറ്ററുകള്‍ അര്‍മേനിയക്കാരെ നടത്തിച്ചും കുതിരപ്പുറത്ത് തുര്‍ക്കി പട്ടാളക്കാര്‍ ഒപ്പമുണ്ടായിരുന്നു. യാത്രക്കിടയില്‍ പെണ്‍കുഞ്ഞുങ്ങളെയടക്കം അവര്‍ ലൈംഗികപീഡനത്തിന് ഇരയാക്കി. പല സ്ത്രീകളും കുട്ടികളെയും കൊണ്ട് പാലങ്ങളില്‍ നിന്നു ചാടി മരിച്ചു. മരുഭൂമിയുടെ നടുക്കെത്തിയപ്പോള്‍ പട്ടാളക്കാര്‍ തിരിച്ചുപോന്നു. വിശപ്പും ദാഹവും സഹിക്കാനാവാതെ ചുട്ടുപൊളളുന്ന സിറിയന്‍ മരുഭൂമിയില്‍ അര്‍മേനിയന്‍ ക്രിസ്ത്യാനികള്‍ പിടഞ്ഞുവീണു മരിച്ചു.

4. അര്‍മേനിയന്‍ വ്യക്തിത്വം നശിപ്പിക്കല്‍

നിര്‍ബന്ധപൂര്‍വ്വമുള്ള അര്‍മേനിയന്‍ വ്യക്തിത്വം നശിപ്പിക്കല്‍ നടപടികള്‍ ഇതിനോട് ചേര്‍ന്നു നടന്നു. സ്ത്രീകളെയും കുട്ടികളെയും നിര്‍ബന്ധപൂര്‍വ്വം ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത് അവരിലൂടെ അര്‍മേനിയന്‍ വ്യക്തിത്വം തുടരാതിരിക്കാന്‍ വേണ്ടിയായിരുന്നു. പതിനായിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോയി മതപരിവര്‍ത്തനം നടത്തിച്ചിട്ടുണ്ട്. കൊന്‍യാ, ബെയ്‌റൂട്ട് എന്നീ പട്ടണങ്ങളിലെ വലിയ മുസ്ലീം അനാഥാലയങ്ങളിലേക്ക് അനേകായിരം അര്‍മേനിയന്‍ കുട്ടികള്‍ മാറ്റപ്പെട്ടു. അവിടെ അവര്‍ മുസ്ലീം കുട്ടികളായി വളര്‍ന്നു വന്നു. അവര്‍ക്ക് തുര്‍ക്കിഷ് പേരുകള്‍ നല്‍കുകയും തുര്‍ക്കിഷ് ഭാഷ മാത്രം പഠിപ്പിക്കുകയും ചെയ്തു. അര്‍മേനിയന്‍ പൊതുബോധം നശിപ്പിക്കുന്ന പ്രക്രിയയായിരുന്നു ഇത്. സ്ത്രീകളെ അടിമകളാക്കി, അവരില്‍ നിന്നു ജനിച്ച കുട്ടികള്‍ പിന്നീട് മുസ്ലീമുകളായി വളര്‍ത്തപ്പെട്ടു.

5. സാംസ്‌ക്കാരിക പൈതൃകം നശിപ്പിക്കല്‍

അര്‍മേനിയക്കാരുടേതായിരുന്ന സാംസ്‌ക്കാരിക പൈതൃകനിര്‍മ്മിതികള്‍ ഇല്ലാതാക്കുകയായിരുന്നു അടുത്തപടി. തുര്‍ക്കി മുസ്ലീംങ്ങള്‍ അര്‍മേനിയന്‍ ദേവാലയങ്ങള്‍ നശിപ്പിച്ചു. പുസ്തകങ്ങള്‍ക്ക് തീയിട്ടു. കെട്ടിടങ്ങളിലെ അര്‍മേനിയന്‍ ബോര്‍ഡുകള്‍ നീക്കം ചെയ്തു. അര്‍മേനിയന്‍ മതത്തിന്റെയോ, സംസ്‌ക്കാരത്തിന്റെയോ ഒരു തരിപോലും അവശേഷിപ്പിക്കില്ല എന്നതായിരുന്നു അവരുടെ തീരുമാനം. അര്‍മേനിയന്‍ ദേവാലയങ്ങളും ആശ്രമങ്ങളും ലൈബ്രറികളും നശിപ്പിക്കപ്പെട്ടു.

1914 -ല്‍ അര്‍മേനിയന്‍ സമൂഹത്തിന് 2,600 പള്ളികളും 450 ആശ്രമങ്ങളും 2,000 സ്‌കൂളുകളും ഉണ്ടായിരുന്നു. വംശഹത്യയുടെ അവസാനമെത്തിയപ്പോഴേക്കും ഏകദേശം 3,000 അര്‍മേനിയന്‍ വാസസ്ഥലങ്ങളില്‍ (ഗ്രാമങ്ങള്‍, പട്ടണങ്ങള്‍) ഒരു അര്‍മേനിയക്കാരന്‍ പോലും ഇല്ലാതായി എന്ന സ്ഥിതിയായി. ഇന്ന്, ഇസ്താംബൂളില്‍ ഒഴിച്ച് തുര്‍ക്കിയില്‍ മറ്റൊരിടത്തും അര്‍മേനിയക്കാര്‍ ഇല്ലാത്ത അവസ്ഥയായി. ഇപ്പോള്‍ അര്‍മേനിയന്‍ സമൂഹത്തിന് തുര്‍ക്കിയില്‍ 35 പള്ളികള്‍ മാത്രമാണുള്ളത്; ഒരൊറ്റ സ്‌കൂളും ആശ്രമവും അവരുടെ പൂര്‍ണ്ണ സ്വതന്ത്ര്യത്തില്‍ ഇല്ല.

6. ദൃക്ഷ്‌സാക്ഷിയുടെ വിവരണം

അര്‍മേനിയന്‍ വംശഹത്യക്ക് നേര്‍സാക്ഷ്യം വഹിച്ച ഒട്ടനവധി വ്യക്തികളുണ്ട്. അവരില്‍ പലരും അത് ഭാവിതലമുറക്കായി രേഖപ്പെടുത്തി വയ്ക്കുകയും ചെയ്തു. വംശഹത്യക്ക് സാക്ഷ്യം വഹിച്ചവരുടെയും വംശഹത്യയെ അതിജീവിച്ചവരുടെയും വിവരണങ്ങള്‍ വഴിയാണ് അന്ന് ആളുകള്‍ അനുഭവിച്ച ക്രൂരതയുടെ ഒരംശമെങ്കിലും പുറംലോകം അറിയാനിടയായത്.

അതില്‍ മരിയ ജോക്കോബ്‌സണ്‍ (1882-1960) എന്ന ഡാനിഷ് മിഷനറിയുടെ ‘ഒരു ഡാനിഷ് മിഷനറിയുടെ ഡയറിക്കുറിപ്പുകള്‍’ (Diaries of a Danish Missionary: Harpoot, 1907-1919) എന്ന പുസ്തകം പ്രസിദ്ധമാണ്. അര്‍മേനിയന്‍ വംശഹത്യയെക്കുറിച്ചുള്ള ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന പുസ്തകമാണ് ഇതെന്നാണ് ആറാ സറാഫിയന്‍ (Ara Sarafian) എന്ന അര്‍മേനിയന്‍ വംശഹത്യാ പണ്ഡിതന്‍ സാക്ഷ്യപ്പെടുത്തുന്നത്. അനേകം അര്‍മേനിയക്കാരെ രക്ഷപെടുത്തിയതിന്റെ പേരില്‍ ‘മമ്മാ’ (Mayrika Mothe) എന്നാണ് മരിയ ജാക്കോബ്‌സണ്‍ അറിയപ്പെടുന്നത്.

1915 ജൂണ്‍ 26 -ന് അര്‍മേനിയക്കാരുടെ നിര്‍ബന്ധിത പലായനം ആരംഭിച്ചപ്പോള്‍ അവര്‍ ഡയറിയില്‍ എഴുതി: “ഈ നിര്‍ബന്ധിത പലായനത്തിന്റെ ലക്ഷ്യം അര്‍മേനിയക്കാരെ ഉന്മൂലനം ചെയ്യുക എന്നതാണ്.”

“20 വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന കൂട്ടക്കൊലയുടെ (ഹമീദിയന്‍ കൂട്ടക്കൊല) സമയത്തുണ്ടായിരുന്ന സാഹചര്യങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും മാറിയിരിക്കുന്നു. അന്ന് തുര്‍ക്കികള്‍ക്ക് അസാധ്യമായത് ഇന്ന സാധ്യമാകുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. യൂറോപ്പില്‍ ഉയരുന്ന യുദ്ധത്തിന്റെ ഭീകരത തുര്‍ക്കിക്ക് നന്നായി അറിയാം. അര്‍മേനിയക്കാരെ രക്ഷിക്കാന്‍ പറ്റാത്തത്ര തിരക്കിലാണ് യൂറോപ്യന്‍ ക്രിസ്ത്യന്‍ രാജ്യങ്ങള്‍. ആയതിനാല്‍ തുര്‍ക്കി അവരുടെ ‘ശത്രുക്കളെ’ ഉന്മൂലനം ചെയ്യാന്‍ ഈ അവസരം നന്നായി ഉപയോഗിക്കുകയാണ്.”

തുര്‍ക്കി പട്ടാളക്കാര്‍ ഒരിക്കല്‍ തന്നോട് ചോദിച്ച ചോദ്യവും മരിയ ഡയറിയില്‍ എഴുതിയിരിക്കുന്നു. “നിങ്ങള്‍ എന്തിനാണ് ഈ ജനങ്ങള്‍ക്ക് പണവും ഭക്ഷണവും നല്‍കുന്നത്? അവര്‍ കൊല്ലപ്പെടാന്‍ വേണ്ടി മാത്രമാണ് മലമുകളിലേക്കു പോകുന്നത്?” ഇതായിരുന്നു പട്ടാളക്കാര്‍ അവരോട് ചോദിച്ചത്.

ജൂലൈ 6 -ന് മരിയ ജാക്കോബ്‌സണും മറ്റൊരു ഡാനിഷ് മിഷനറിയായ റ്റാസി അറ്റ്കിന്‍സണും (Tacy Atkinson) മലയിടുക്കില്‍ വച്ച് കൂട്ടക്കൊല ചെയ്യപ്പെട്ട 800 പുരുഷന്മാെപ്പറ്റി എഴുതി. 13 വയസ്സിനു മുകളില്‍ പ്രായമുള്ള ആണുങ്ങളെയാണ് അറസ്റ്റ് ചെയ്തതും പിന്നീട് വധിച്ചതും. ഒന്‍പതു വയസ്സിനു മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികളെ കുര്‍ദ്ദുകളും ഒരു പട്ടാളവിഭാഗവും ചേര്‍ന്ന് മോസ്‌ക്കിലേക്ക് കയറ്റിയതും രേഖപ്പെടുത്തിയിട്ടുണ്ട്. “രക്തത്തില്‍ കുതിര്‍ന്ന വസ്ത്രവുമായിട്ടായിരുന്നു അവര്‍ തിരിച്ചിറങ്ങിയത്.”

പുരുഷന്മാരെ കൊന്നൊടുക്കുകയും സ്ത്രീകളെ പിടിച്ചുകൊണ്ടു പോവുകയും ചെയ്തപ്പോള്‍ പതിനായിരക്കണക്കിന് കുട്ടികള്‍ അനാഥമാക്കപ്പെട്ടു. താമസിക്കാന്‍ ഇടമില്ലാത്തതും ഭക്ഷണമില്ലാത്തതും അവരെയും ക്രമേണ ഇല്ലാതാക്കി. അത്തരമൊരു സാഹചര്യത്തെക്കുറിച്ച് മരിയ വിവരിക്കുന്നുണ്ട്.
“ഇവിടെയുള്ള എല്ലാ കുട്ടികളും വിശന്ന് മരിച്ചുപോകുമെന്ന് ഞങ്ങള്‍ ഭയന്നു. ഓരോ ദിവസവും വിശന്നുവലഞ്ഞ കുട്ടികളുടെ കൂട്ടങ്ങള്‍ ഞങ്ങളുടെ കെട്ടിടത്തിന്റെ മുമ്പിലെത്തി ഭക്ഷണത്തിനും പാര്‍പ്പിടസൗകര്യത്തിനുമായി കെഞ്ചി. പക്ഷേ, എനിക്കെന്തു നല്‍കാനാകും? എന്റെ കയ്യിലുള്ളതെല്ലാം കൊടുത്തിരുന്നു. അവര്‍ക്കായി നല്‍കാന്‍ പുതുതായി ഒന്നുമില്ലായിരുന്നു. ഒരു ദിവസം പുതുതായി വന്നെത്തിയ കുട്ടികളുടെ കൂട്ടത്തില്‍ ഒരു പതിമൂന്നു വയസ്സുകാരന്‍ ഉണ്ടായിരുന്നു. ഞാന്‍ നോക്കിയപ്പോള്‍ അവന് മറ്റു കുട്ടികളുടെ ഒപ്പം ക്ഷീണമുള്ളതായി തോന്നിയില്ല. അതിനാല്‍ ഞാന്‍ അവനോട് പറഞ്ഞു: നിന്നേക്കാളും മോശം അവസ്ഥയിലുള്ള നിരവധി കുട്ടികള്‍ ഉള്ളതിനാല്‍ നിന്നെ ഇവിടെ എടുക്കാന്‍ പറ്റില്ല. അന്നു വൈകിട്ട് ഞാന്‍ അടുക്കളയില്‍ ചെന്നപ്പോള്‍ അടുപ്പിലെ ചാരത്തില്‍ പൊതിഞ്ഞ് ഒരു കുട്ടി കിടക്കുന്നതു കണ്ടു. അത് രാവിലെ ഞാന്‍ കണ്ട കുട്ടിയായിരുന്നു. അവന്‍ വിശന്ന് മരിച്ചുവീണു കിടക്കുന്നതാണ്! ജീവിതത്തില്‍ പിന്നീടൊരിക്കലും എനിക് ചിരിക്കാന്‍ കഴിയില്ല എന്ന് അന്നെനിക്കു തോന്നി. ഓരോ ദിവസവും വിശപ്പ് മൂലം പത്തും പതിനഞ്ചും കുട്ടികള്‍ മരിച്ചുവീണിരുന്നു.”

നിര്‍ബന്ധിത പലായനം നടത്താന്‍ വിധിക്കപ്പെട്ടവരെക്കുറിച്ച് മരിയ ഇങ്ങനെയാണ് എഴുതിയത്: “അവരെ കണ്ടാല്‍ മനുഷ്യരാണെന്നു പോലും പറയില്ല. മൃഗങ്ങളെ പോലും ഈ അവസ്ഥയില്‍ നമ്മള്‍ കണ്ടിട്ടുണ്ടാവില്ല. ഈ സ്ഥിതിയില്‍ മരണം എന്നത് അവരോട് കാണിക്കാവുന്ന ദയയാണ്.”

അക്കാലത്തെ ഓട്ടോമന്‍ സാമ്രാജ്യത്തിലെ അമേരിക്കന്‍ അംബാസിഡര്‍ ഹെന്റി മോര്‍ഗെന്‍തു (Henry Moregenthau 1856-1946) തുര്‍ക്കി നടത്തുന്ന വംശഹത്യയെക്കുറിച്ച് ബോധവാനായിരുന്നു. അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ അദ്ദേഹം വാഷിംഗ്ടണിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. “ഒരു വംശത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്” എന്നായിരുന്നു അദ്ദേഹം റിപ്പോര്‍ട്ടില്‍ എഴുതിയിരുന്നത്. 1916 -ല്‍ അദ്ദേഹം നേരിട്ട് ഇക്കാര്യം അമേരിക്കന്‍ ഭരണകൂടത്തെ ബോധിപ്പിച്ചിരുന്നു. 1918 -ല്‍ അദ്ദേഹം ‘അംബാസിഡര്‍ മോര്‍ഗെന്‍തുവിന്റെ കഥ’ (Ambassador Morgenthau’s Story)) എന്ന പേരില്‍ ഒരു ഓര്‍മ്മക്കുറിപ്പ് പ്രസിദ്ധീകരിച്ചു. അര്‍മേനിയക്കാരെക്കുറിച്ച് ‘ഒരു രാജ്യത്തന്റെ കൊലപാതകം’ (The Murder of a Nation) എന്നൊരു അധ്യായം അതിലുണ്ട്. “മനുഷ്യചരിത്രത്തില്‍ ഇന്നോളം വരെ ഇത്രമാത്രം ഭീകരമായ സംഭവങ്ങള്‍ അരങ്ങേറിയിട്ടില്ല എന്ന് എനിക്കുറപ്പുണ്ട്” എന്ന് അദ്ദേഹം അതില്‍ എഴുതിയിരിക്കുന്നു.

ഹൃദയത്തെ പിളര്‍ക്കുന്നതും കണ്ണുകളെ ഈറനണിയിക്കുന്നതുമാണ് വംശഹത്യയെ അതിജീവിച്ചവരുടെയും ദൃക്‌സാക്ഷികളുടെയും വിവരണങ്ങള്‍. തങ്ങളുടെ മതം മാത്രം മതി ഈ ഭൂമിയില്‍ എന്ന ചിന്തയില്‍ മറ്റു മനുഷ്യരെ കൊന്നൊടുക്കുന്നവരെ കുറിച്ച് വായിക്കുമ്പോള്‍ നമുക്കു തോന്നാം, അവരൊക്കെ മനുഷ്യരാണോ എന്ന്. തീര്‍ച്ചയായും അവര്‍ മനുഷ്യന്‍ തന്നെയാണ്; കാരണം, മൃഗങ്ങള്‍ ഇത്രമാത്രം ക്രൂരത സ്വന്തം ഗണത്തില്‍പെട്ടവരോടും ശത്രുക്കളോടു പോലും കാണിക്കാറില്ല.

(Ugur Ümit Üngör, The Armenian Genocide, 1915, https://www.niod.nl/sites/niod.nl/files/Armenian%20genocide.pdf).

Lifeday Team

2 COMMENTS

  1. എന്തുകൊണ്ടാണ് ക്രിസ്ത്യൻ രാജ്യങ്ങ് മാനം പാലിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.