നമ്മുടെ മാനസികവും ശാരീരികവുമായ സന്തുലിതാവസ്ഥയ്ക്ക് ഉറക്കം പ്രധാനമാണ്. ശരിയായി ഉറങ്ങിയാൽ മാത്രമേ നമുക്ക് ശരിയായി ചിന്തിക്കാനും കാര്യങ്ങളെ മികച്ച രീതിയിൽ മനസ്സിലാക്കാനും അതുവഴി നമ്മുടെ ജീവിതം, വ്യക്തിത്വം എന്നിവ നല്ല രീതിയിൽ മുൻപോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. ചുരുക്കത്തിൽ നല്ല ജീവിതാവസ്ഥ കൈവരിക്കുന്നതിന് ഉറക്കത്തിന്റെ നിലവാരം പ്രധാന പങ്കു വഹിക്കുന്നു.
ഏഴു മുതൽ ഒൻപത് മണിക്കൂർ വരെയാണ് ഒരാൾ ഉറങ്ങേണ്ടത്. എന്നിരുന്നാലും നിങ്ങളുടെ പ്രായം, പ്രവർത്തന നില, ആരോഗ്യം എന്നിവയ്‌ക്കെല്ലാം ഇതിൽ വ്യത്യാസം വരുത്താൻ സാധിക്കും.ഉറക്കമില്ലായ്മ ഒരു വലിയ പ്രശ്നമാണെങ്കിലും അമിതമായി ഉറങ്ങുന്നതും ആശങ്കയ്ക്ക് കാരണമാകും. എന്നാൽ അമിതമായ ഉറക്കത്തെ എങ്ങനെ മനസ്സിലാക്കാം?
24 മണിക്കൂറിനുള്ളിൽ ഒൻപത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നതാണ് അമിത ഉറക്കമായി വിദഗ്ധർ കണക്കാക്കുന്നത്. പിരിമുറുക്കം നിറഞ്ഞ ജോലികളോ, അസുഖങ്ങളുള്ളപ്പോഴോ, ആഴ്ചയുടെ അവസാനമോ എല്ലാം ഒരുപക്ഷേ ഈ ഒൻപത് മണിക്കൂർ കടന്നും നിങ്ങൾ ഉറങ്ങിയിട്ടുണ്ടാകാം. എന്നാൽ അതൊക്കെ വല്ലപ്പോഴും മാത്രമാണ് സംഭവിക്കുന്നത്. എന്നാൽ നിങ്ങൾ അത് പതിവായി ചെയ്യുകയും എല്ലാ ദിവസവും എട്ടോ ഒമ്പതോ മണിക്കൂറിൽ കൂടുതൽ ഉറങ്ങുകയും ചെയ്യുമ്പോൾ, അത് അമിത ഉറക്കമായി കണക്കാക്കും.
അമിതമായി ഉറങ്ങാൻ പലവിധ കാരണങ്ങളുണ്ട്. അതിനെ ഗൗരവതരമായി കണക്കാക്കേണ്ടതുമുണ്ട്. കാരണം അമിത ഉറക്കം നിങ്ങളുടെ ആരോഗ്യത്തെ ഏറ്റവും പ്രതികൂലമായി ബാധിച്ചേക്കാം.
എന്തുകൊണ്ടാണ് അമിതമായി ഉറങ്ങുന്നത്?
രാത്രി ഒമ്പത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നുവെന്ന് ആരെങ്കിലും പറയുമ്പോൾ ആരോഗ്യവിദഗ്ധർ പരിഗണിക്കുന്ന ഏറ്റവും സാധാരണമായ കാരണങ്ങൾ അത് മരുന്നിന്റെ ഫലമോ മെഡിക്കൽ, സൈക്യാട്രിക് അല്ലെങ്കിൽ ന്യൂറോളജിക്കൽ ഡിസോർഡറോ ആണോ എന്നതാണ്. ഗവേഷണമനുസരിച്ച്, പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം, വിട്ടുമാറാത്ത വേദന, സ്ലീപ്പ് ഡിസോർഡർ (സ്ലീപ് അപ്നിയ, ഇൻസോമ്നിയ, അല്ലെങ്കിൽ നാർകോലെപ്സി പോലുള്ളവ), ഹൈപ്പോതൈറോയിഡിസം, വിഷാദം അല്ലെങ്കിൽ ഉത്കണ്ഠ എന്നിവയാണ് പൊതുവേ അമിത ഉറക്കത്തിനുള്ള കാരണങ്ങൾ.
അമിതമായി ഉറങ്ങുന്നവരിൽ, ഹൃദ്രോഗ സാധ്യത, പാർക്കിൻസൺസ് അല്ലെങ്കിൽ മറവി രോഗം, ഹോര്മോണുകളുടെ അസന്തുലിതാവസ്ഥ എന്നിവയ്ക്കും കാരണമാകുന്നു.
നിങ്ങൾ വളരെയധികം ഉറങ്ങുന്നു എന്നതിന്റെ ലക്ഷണങ്ങൾ
രാത്രിയിൽ ഒമ്പത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നത് ഒരു റെഡ് അലേർട്ടായി നാം കണക്കാക്കണം. എങ്കിലും അത് എല്ലായ്പ്പോഴും ആശങ്കയ്ക്ക് കാരണമാക്കേണ്ടതില്ലെന്നും വിദഗ്ദ്ധർ പറയുന്നുണ്ട്. കാരണം, ചിലർക്ക് സ്വാഭാവികമായും മറ്റുള്ളവരേക്കാൾ കൂടുതൽ ഉറക്കം ആവശ്യമാണ്. ജനസംഖ്യയുടെ ഏകദേശം 2 ശതമാനം ‘ലോംഗ് സ്ലീപ്പർമാർ’ ആണ്, അവർക്ക് രാത്രിയിൽ 10 മുതൽ 12 മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്. ഇത്തരക്കാർ അമിതമായി ഉറങ്ങുന്നത് സ്വാഭാവികമാണ്. അത്തരം ആളുകളിൽ ഒരു സാധാരണ ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറക്ക ഷെഡ്യൂൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ഹാനികരവും ഫലത്തിൽ ഒരു ഉറക്ക കടത്തിന് കാരണവുമാകും. ഒൻപതുമണിക്കൂറിൽ കൂടുതൽ ഉറങ്ങിയിട്ടും നിങ്ങൾ സാധാരണമായ ജീവിതം നയിക്കുന്ന വ്യക്തിയാണെങ്കിൽ പേടിക്കേണ്ടതില്ല. എന്നാൽ ഈ സമയത്തിനേക്കാൾ കൂടുതലുറങ്ങുകയും ഉണർന്നിരിക്കുന്ന സമയത്ത് അമിതമായ ക്ഷീണം, മടി, തലവേദന, മാനസികാവസ്ഥയിലുള്ള മാറ്റം, ഉന്മേഷമില്ലായ്മ്മ, എന്നിവയെല്ലാം ഉണ്ടെങ്കിൽ അമിത ഉറക്കത്തിന്റെ പിടിയിലാണ് നിങ്ങൾ.
അതുകൊണ്ട് തന്നെ അമിതമായി ഉറങ്ങുന്നതിലൂടെയുണ്ടാകുന്ന പാർശ്വ ഫലങ്ങളാണ്, വർദ്ധിച്ച ക്ഷീണവും കുറഞ്ഞ ഊർജ്ജവും, രോഗപ്രതിരോധ ശക്തിയില്ലായ്മ, സമ്മർദ്ദങ്ങൾ ഉണ്ടാകുമ്പോൾ പ്രതികരിക്കുന്ന രീതിയിലുള്ള വ്യതിരിക്തത, ഹൃദ്രോഗം, അമിത വണ്ണം. ഇവയെല്ലാം അകാല മരണത്തിലേയ്ക്ക് തള്ളിവിടുന്നവയാണ്.
നിങ്ങൾ അമിതമായി ഉറങ്ങുകയാണെന്ന് നിങ്ങൾ സംശയിക്കുന്നുവെങ്കിൽ എന്തുചെയ്യണം?
വ്യായാമം ചെയ്യുക, അലാറമിന്റെ സ്‌നൂസ് ബട്ടൺ ഒഴിവാക്കുക. വാരാന്ത്യങ്ങൾ ഉൾപ്പെടെയുള്ള ദിവസങ്ങളിൽ എല്ലാ ദിവസവും ഒരേ സമയത്ത് ഉണരുകയും ഉറങ്ങുകയും ചെയ്യുക. ഉണരുമ്പോൾ സ്വാഭാവിക വെളിച്ചം കിട്ടുന്ന രീതിയിൽ കിടപ്പുമുറികൾ സജ്ജീകരിക്കുക. ഈ മാറ്റങ്ങൾ വരുത്തിയതിന് ശേഷവും നിങ്ങൾ പതിവായി അമിതമായി ഉറങ്ങുന്നതായി കണ്ടെത്തുകയാണെങ്കിൽ, നിങ്ങളുടെ ആരോഗ്യ വിദഗ്ദ്ധനെ സന്ദർശിക്കുക.
നല്ല നിലവാരമുള്ള ഉറക്കം ലഭിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് നിർണായകമാണെങ്കിലും അമിതമായി ഉറങ്ങുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. ഉറക്കക്കുറവ് പോലെ, അമിതമായ ഉറക്കം നിങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. അതിനാൽ ശരിയായ ഉറക്കം ലക്ഷ്യം വയ്ക്കുന്നത് പ്രധാനമാണ്. അമിതമായി ഉറങ്ങുന്നതും ആരോഗ്യപ്രശ്നത്തിന്റെ ലക്ഷണമായിരിക്കാം. നിങ്ങൾ പതിവായി ഒമ്പത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുകയും ഇപ്പോഴും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങളുടെ ഡോക്ടറിൽ നിന്ന് ഉപദേശം തേടുന്നത് അനിവാര്യമാണ്.
സുനീഷാ വി. എഫ്