You dont have javascript enabled! Please enable it!
Home Articles ആര്‍ച്ചുബിഷപ്പ് മാര്‍ തോമസ് തറയില്‍: കര്‍ത്താവ് കരുതിവച്ച കാവലാള്‍

ആര്‍ച്ചുബിഷപ്പ് മാര്‍ തോമസ് തറയില്‍: കര്‍ത്താവ് കരുതിവച്ച കാവലാള്‍

കഴിഞ്ഞ ഏഴു വര്‍ഷക്കാലം സഹായമെത്രാനായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായതില്‍ അതിരൂപതയുടെ അകംനിറഞ്ഞ ആനന്ദം അറിയിച്ചുകൊള്ളളട്ടെ. നിരവധിയായ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ ആധുനിക കാലഘട്ടത്തില്‍ അവയെ അതിജീവിക്കാന്‍ തിരുസഭയ്ക്കായി കര്‍ത്താവ് കരുതിവച്ച കൈത്താങ്ങും കാവലാളുമാണ് മാര്‍ തോമസ് തറയില്‍.

ഈ തെരഞ്ഞെടുപ്പ് അതിരൂപതയ്ക്കു മുഴുവന്‍ ആഹ്ലാദവും പുത്തനുണര്‍വും പ്രചോദനനവും നല്‍കും. തനിക്ക് ഭരമേല്‍പിക്കപ്പെട്ടിരിക്കുന്ന ദൈവജനത്തെ പാടവത്തോടെ പഠിപ്പിക്കുന്നതിനും ധീരതയോടെ നയിക്കുന്നതിനും ആത്മശക്തിയാല്‍ വിശുദ്ധീകരിക്കുന്നതിനും അദ്ദേഹത്തിനു സാധിക്കട്ടെയെന്നു പ്രാർഥിക്കുകയും ഹൃദയപൂര്‍വം ആശംസിക്കുകയും ചെയ്യുന്നു.

ആര്‍ച്ചുബിഷപ്പ് മാര്‍ തോമസ് തറയിലിന്റെ ജിവിതത്തെക്കുറിച്ചും ശുശ്രൂഷാമേഖലകളെക്കുറിച്ചുമുള്ള ലഘുവിവരണം ചുവടെ ചേര്‍ക്കുന്നു.

ജീവിതവഴികള്‍ 

ആര്‍ച്ചുബിഷപ്പ് മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ ഇടവക, തറയില്‍ പരേതനായ ടി. ജെ. ജോസഫ് – മറിയാമ്മ ദമ്പതികളുടെ ഏഴു മക്കളില്‍ ഏറ്റവും ഇളയവനായി 1972 ഫെബ്രുവരി രണ്ടിനു ജനിച്ചു. ടോമി എന്നാണ് വിളിപ്പേര്. ചങ്ങനാശേരി സെന്റ് ജോസഫ്സ് എല്‍. പി. സ്കൂള്‍, സേക്രഡ് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, എസ്. ബി. കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനും കുറിച്ചി സെന്റ് തോമസ് മൈനര്‍ സെമിനാരി, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി എന്നിവിടങ്ങളിലെ വൈദികപരിശീലനത്തിനുംശേഷം മഹാജൂബിലി വര്‍ഷത്തില്‍ (2000) ജനുവരി ഒന്നിന് മാര്‍ ജോസഫ് പവ്വത്തില്‍ പിതാവിന്റെ കൈവയ്പ്പുവഴി പൗരോഹിത്യം സ്വീകരിച്ചു.

ശുശ്രൂഷാമേഖലകള്‍

അദ്ദേഹം അതിരമ്പുഴ, നെടുംകുന്നം, എടത്വ (കോയില്‍മുക്ക് കുരിശുപള്ളി ചുമതല) ഫൊറോനാ പള്ളികളില്‍ അസിസ്റ്റന്റ് വികാരിയായും താഴത്തുവടകര പള്ളിവികാരിയായും സേവനമനുഷ്ഠിച്ചു. ആംഗലേയ സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള അദ്ദേഹം ഉപരിപഠനത്തിനായി 2004 ല്‍ റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ ചേരുകയും മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി 2011 ല്‍ തിരികെയെത്തുകയും ചെയ്തു. തുടര്‍ന്ന് ആലപ്പുഴ പുന്നപ്ര ദനഹാലയ മനഃശാസ്ത്ര പഠനകേന്ദ്രത്തിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. ഈ കാലയളവില്‍ അദ്ദേഹം അതിരൂപതാ ഉപദേശകസമിതി അംഗമായിരുന്നു. കൂടാതെ, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി, ബെംഗളൂർ ധര്‍മാരാം വിദ്യാക്ഷേത്രം തുടങ്ങിയ ഇടങ്ങളില്‍ പ്രൊഫസറും ആയിരുന്നു.

മേലധ്യക്ഷസ്ഥാനത്തേക്ക്

2017 ജനുവരി 14 ന് അദ്ദേഹം ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായി. തുടര്‍ന്ന് 2017 ഏപ്രില്‍ 23 ന് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍വച്ച് ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പിതാവിന്റെ കൈവയ്പുവഴി മെത്രാഭിഷേകം സ്വീകരിച്ചു. തൈലാഭിഷേകം, ആദ്യകുര്‍ബാന, പൗരോഹിത്യം, മെത്രാഭിഷേകം എന്നിവയെല്ലാം ഒരു പള്ളിയില്‍ വച്ചുതന്നെ സ്വീകരിച്ചുവെന്നത് മാര്‍ തറയിലിനു മാത്രം അവകാശപ്പെടാവുന്ന പ്രത്യേകതയായിരിക്കും.

അദ്ദേഹത്തിന്റെ സ്ഥാനികരൂപത അഗ്രീപ്പിയാസ് ആണ്. ഇപ്പോള്‍ മാര്‍ തറയില്‍ ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പായി നിയമിതനായിരിക്കുകയാണ്.

പ്രതിഭയും പ്രതിബദ്ധതയുമുള്ള പുരോഹിതശ്രേഷ്ഠന്‍

ചെറുപ്പം മുതലേ കലാരംഗത്തും പ്രസംഗരംഗത്തും പ്രാവീണ്യം തെളിയിച്ചിട്ടുള്ള മാര്‍ തോമസ് തറയില്‍, സൺ‌ഡേ സ്‌കൂള്‍ കലോത്സവ മത്സരങ്ങളില്‍ അതിരൂപതാതലത്തില്‍ പലതവണ ബെസ്റ്റ് ആക്ടര്‍ സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. പ്രസംഗമത്സരങ്ങളിലും മാര്‍ഗം കളിയിലും മറ്റും നിരവധി സമ്മാനങ്ങളും അതിരൂപതാതലത്തില്‍ കരസ്ഥമാക്കിയിട്ടുണ്ട്. വി.അല്‍ഫോന്‍സാമ്മയെക്കുറിച്ച് ആത്മീയപിതാവായിരുന്ന ഫാ. റോമുളസ് സി. എം. ഐ. പ്രസ്താവിച്ചതുപോലെ, ”കലാസാംസ്കാരിക മേഖലയില്‍ വളരെ താരമൂല്യം ഉണ്ടാകേണ്ടിയിരുന്ന ഒരു ജീവിതമാണ് അദ്ദേഹം ദൈവത്തിനു സമര്‍പ്പിച്ചത്.”

മാര്‍ തറയില്‍ നലംതികഞ്ഞ വാഗ്മിയും പ്രചോദനം പകരുന്ന പ്രസംഗകനും ചൈതന്യം നിറഞ്ഞ ധ്യാനഗുരുവുമാണ്. യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയകളിലും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് പ്രേക്ഷകരാണുള്ളത്. അഭിനയകല കൂടി ഉപയോഗിച്ചുകൊണ്ടു പ്രസംഗിക്കുന്ന അദ്ദേഹത്തിന്റെ ശൈലി ജാതിമതഭേദമന്യേ ഏവരെയും ഹഠാദാകര്‍ഷിക്കുന്നു. ദൈവവചനം, മനഃശാസ്ത്രം എന്നിവയ്ക്കുപുറമെ സാമൂഹിക, രാഷ്ട്രീയ, സമുദായവിഷയങ്ങളും അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കങ്ങളാകാറുണ്ട്.

അമേരിക്കന്‍ സുവിശേഷ പ്രസംഗകനായ ബിഷപ്പ് ഫുള്‍ട്ടന്‍ ജെ. ഷീനിനോട് അദ്ദേഹത്തെ സാമമ്യപ്പെടുത്തുന്നത്തിൽ ഒട്ടുംതന്നെ അതിശയോക്തിയാകില്ല. ബഹുഭാഷാപണ്ഡിതനായ അദ്ദേഹം ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍, സ്പാനിഷ് എന്നിവ അനായാസം കൈകാര്യം ചെയ്യും. അദ്ദേഹം ഒരു ഗ്രന്ഥകര്‍ത്താവ് കൂടിയാണ്. 1. Beyond Secure Attachment, 2. Attachment Intimacy & Celibacy, 3. Formation and Psychology, 4. പൊട്ടിച്ചിരികളുടെ കുടുംബം എന്നീ പുസ്തകങ്ങള്‍ മാര്‍ തറയിലിന്റെ തൂലികയില്‍ വിരിഞ്ഞവയാണ്.

ഒരു മനഃശാസ്ത്ര പണ്ഡിതന്‍ കൂടിയായ പിതാവ് സ്വദേശത്തും വിദേശത്തും വിവിധ യൂണിവേഴ്‌സിറ്റികളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പ്രതങ്ങളിലും ലേഖനങ്ങള്‍ എഴുതാറുണ്ട്.

അജഗണത്തിന്റെ സ്പന്ദനമറിയുന്ന ഇടയശ്രഷ്ഠന്‍

ഇവയ്‌ക്കെല്ലാമുപരിയായി മാര്‍ തോമസ് തറയില്‍ തീക്ഷ്ണത നിറഞ്ഞ അജപാലകനാണ്. തനിക്ക് പ്രത്യേക ചുമതലയുണ്ടായിരുന്ന, അതിരൂപതയുടെ തെക്കന്‍മേഖലയിലെ തിരുവനന്തപുരം, ആമ്പൂരി, കൊല്ലം – ആയൂര്‍ ഫൊറോനകളില്‍ അദ്ദേഹം നിരന്തരം അജപാലനസന്ദര്‍ശനം നടത്തിയിരുന്നു. ഇടവകസന്ദര്‍ശനം മാത്രമല്ല, പല ഇടവകകളിലെയും എല്ലാ ഭവനങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. സഭയുടെ ഭാവിയും അടുത്ത തലമുറയുടെ രൂപീകരണവും അദ്ദേഹത്തിന്റെ പ്രത്യേക ശ്രദ്ധയൂന്നുന്ന വിഷയങ്ങളാണ്. പഠിക്കാന്‍ സമര്‍ഥരായ എന്നാല്‍, സാമ്പത്തികശേഷി കുറഞ്ഞ നിവരധി കുട്ടികളെ അദ്ദേഹം സ്വന്തം പണം മുടക്കി പഠിപ്പിക്കുന്നുണ്ട്.

കാരുണ്യഭവനങ്ങളുടെ കാര്യത്തിലും രോഗീശുശ്രൂഷയിലും പിതാവ് വളരെ കരുതല്‍ പുലര്‍ത്തുന്നു. വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയെ പിതാവ് പ്രത്യേകം പ്രോത്സാഹിപ്പിക്കുന്നു. യുവവൈദികരുടെ കാര്യത്തിലും യുവദമ്പതിമാരുടെ കാര്യത്തിലും പിതാവ് ബദ്ധശ്രദ്ധാലുവാണ്. സമുദായവിഷയങ്ങളാണ് പിതാവ് പ്രത്യേകം കൈകാര്യം ചെയ്യുന്ന മറ്റൊരു പ്രധാന മേഖല. ന്യൂനപക്ഷ ആനുകൂല്യങ്ങള്‍, സാമ്പത്തിക സംവരണം, ജനസംഖ്യ, തൊഴില്‍ – രാഷ്ട്രീയ – ഉദ്യോഗസ്ഥമേഖല, ദളിത് ക്രൈസ്തവര്‍, നാടാര്‍ ക്രൈസ്തവര്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ പിതാവ് നിരന്തരം ശ്രദ്ധ പുലര്‍ത്തുന്നു. സമുദായശാക്തീകരണം ലക്ഷ്യമാക്കി അതിരൂപതയില്‍ CARP -Communtiy Awareness and Rights’ Protection എന്ന ഡിപ്പാര്‍ട്ടുമെന്റ് ആരംഭിച്ചതിനുപിന്നിലെ പ്രേരകശക്തിയും മാര്‍ തറയില്‍ പിതാവാണ്.

സഭാതല ചുമതലകള്‍

സഭാതലത്തിലും പിതാവ് വളരെയേറെ ചുമതലകള്‍ വഹിക്കുന്നു. സി. ബി. സി. ഐ. പരിസ്ഥിതി കമ്മീഷന്‍ മെമ്പര്‍, കെ. സി. ബി. സി. ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍, സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കണ്‍വീനര്‍, സീറോമലബാര്‍ വിദ്യാഭ്യാസ കമ്മിറ്റി മെമ്പര്‍ എന്നീ ഉത്തരവാദിത്വങ്ങളും മാര്‍ തറയില്‍ നിര്‍വഹിക്കുന്നു.

ആര്‍ച്ചുബിഷപ്പ് മാര്‍ തോമസ് തറയില്‍ പിതാവിനെ മെത്രാപ്പോലീത്തയായി ലഭിച്ചതില്‍ ചങ്ങനാശേരി അതിരൂപതയിലെ ദൈവജനം സര്‍വശക്തനായ ദൈവത്തോടും അഭിവന്ദ്യ സിനഡ് പിതാക്കന്മാരോടും അദ്ദേഹത്തിന്റെ മാതാപിതാക്കളോടും കുടുംബാംഗങ്ങളോടുമുള്ള ആഴമായ കൃതജ്ഞത അര്‍പ്പിച്ചുകൊള്ളുന്നു.

ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷന്‍സ്

NO COMMENTS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.