ആരുമില്ലാത്തവർക്ക് അഭയമായി ആനിയമ്മയുടെ ‘സാന്ത്വനം’

സി. സൗമ്യ DSHJ

ആരൊക്കെ ഉപേക്ഷിച്ചാലും ‘സാന്ത്വന’ത്തിൽ ഇടമുണ്ട്. അവിടെ കാത്തിരിക്കാൻ ഒരമ്മയും ഉണ്ട്. ആനി എന്ന വീട്ടമ്മയുടെ അനാഥ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള കോട്ടയത്തെ ‘സാന്ത്വനം’. സ്വന്തം വീട്ടിൽ താമസിക്കാൻ സാധിക്കാത്ത തരത്തിൽ കുടുംബപ്രശ്നങ്ങൾ മൂലം വീടുപേക്ഷിക്കേണ്ടി വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അഭയം നൽകുന്ന ഭവനമാണിത്. ആനി എന്ന സ്ത്രീ നൽകുന്ന പ്രതീക്ഷയുടെ ഭവനം. തുടർന്ന് വായിക്കുക.

എല്ലാം നഷ്ടപ്പെട്ടിടത്ത് പ്രതീക്ഷ പകരുന്ന ഭവനം

കോട്ടയം മെഡിക്കൽ കോളേജിന് അടുത്ത് ഗാന്ധിനഗറിലാണ് ‘സാന്ത്വനം’ അഭയകേന്ദ്രം പ്രവർത്തിക്കുന്നത്. പേരുപോലെ തന്നെ അനേകർക്കാണ് ഈ ഭവനം സാന്ത്വനമേകുന്നത്. സംശയരോഗിയായ ഭർത്താവിനാലും, കുടുബപ്രശ്നങ്ങൾ മൂലവും ബുദ്ധിമുട്ടുന്ന സ്ത്രീകൾക്കെല്ലാം ഈ ഇടം ആശ്വാസമാകുന്നു. വീട്ടിൽ തുടരാൻ കഴിയാതെ ജീവിതംഅവസാനിപ്പിക്കാൻ പോയ അമ്മയെയും കുഞ്ഞുങ്ങളെയും റെയിൽവേ ട്രാക്കിൽ നിന്നും ഇവിടെ എത്തിച്ചിട്ടുണ്ട്. അവരൊക്കെയിപ്പോൾ മിടുക്കരായി. സാന്ത്വനത്തിന്റെ ഒരു പ്രത്യേകത അമ്മയ്ക്കും മക്കൾക്കും ഒരുമിച്ചു ജീവിക്കാനുള്ള സൗകര്യം ഇവിടെ കൊടുക്കുന്നുണ്ട് എന്നതാണ്. ഒരിക്കൽ വിഭജിക്കപ്പെട്ടെങ്കിലും ഇനിയും അതിന്റെ വേദന അനുഭവിക്കാതെ തന്നെ അമ്മയ്ക്കും മക്കൾക്കും ഒന്നിച്ചു താമസിച്ചുകൊണ്ട് മക്കളെ പഠിപ്പിക്കാൻ സാധിക്കും. അമ്മയ്ക്ക് ഒരു ജോലി കണ്ടെത്താനുള്ള സാഹചര്യവും ഇവിടെയുണ്ട്. ഇവിടെ നിന്നുകൊണ്ട് വിദ്യാഭ്യാസം പൂർത്തിയാക്കി ഗൾഫിൽപോയ അമ്മമാരും ഉണ്ട്. ഇവിടെ അഭയം തേടിയശേഷം സ്വന്തമായി സ്ഥലം മേടിച്ചവരും വീടുവച്ചവരും ഉണ്ട്.

“പ്രതീക്ഷ നഷ്ടപ്പെട്ട് നിൽക്കുമ്പോൾ അവർക്ക് ഒരു സപ്പോർട്ട് മതി. ജോലിക്കൊക്കെ പോകുന്നവർക്ക് ഇടയ്ക്ക് ഒന്ന് കയറി വരാൻ ഒരു വീടാണ് ആവശ്യം. സ്ത്രീകൾക്ക് ഏതു സമയത്തും ഇവിടെ വരാനും താമസിക്കാനും വേണ്ട സൗകര്യം കൊടുക്കും. മുൻവിധിയില്ലാതെ അവരെ സ്വീകരിക്കും. എന്താണ് അവരുടെ ഉള്ളിലുള്ള ആവശ്യം എന്നറിഞ്ഞു അതനുസരിച്ച് അവരെ സഹായിക്കും” – ആനി പറയുന്നു.

ആനിയെന്ന വീട്ടമ്മ അനേകരുടെ അമ്മയായതെങ്ങനെ?

ആനി ഒരു സാധാരണ വീട്ടമ്മയയായിരുന്നു. മുൻപ് പാലായിൽ ആറുമാസത്തെ ഒരു കൗൺസലിംഗ് കോഴ്‌സ് പഠിച്ചു. അതുകഴിഞ്ഞപ്പോൾ ആണ് കോട്ടയത്തെ ‘തണൽ’ റിഹാബിലിറ്റേഷൻ സെന്ററിൽ ഒരാളെ ആവശ്യമെന്നുണ്ടെന്ന് ആനി പഠിച്ച സ്ഥാപനത്തിൽ നിന്നും വിളിച്ചു പറഞ്ഞു. ആദ്യം പോകുന്നില്ലെന്നൊക്കെ പറഞ്ഞെങ്കിലും ആനി പിന്നീട് അവിടെ കൗൺസിലിംഗിനായി പോയിതുടങ്ങി. പിന്നീട് ‘തണലിന്റെ’ സെക്രട്ടറി ആയി.

“അവിടെ ചെന്നപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് ഇങ്ങനെ ഒരു വിഭാഗം ആളുകൾ ഉണ്ടെന്ന്. സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ഒത്തിരി ദുരിതങ്ങൾ മനസിലാക്കാൻ ആ കാലഘത്തിൽ സാധിച്ചു” – ആനി കൂട്ടിച്ചേർത്തു.

അവിടെ വരുന്നവർ പട്ടിണി കിടക്കുന്നവരും മദ്യപാനികളുടെ ഭാര്യമാരും മക്കളും ഒക്കെയായിരുന്നു. എട്ടുവർഷത്തോളം തണലിൽ ജോലി ചെയ്തു. അക്കാലത്ത് ഒത്തിരിയേറെപ്പേരെ അവിടെ താമസിപ്പിക്കേണ്ടി വന്നു. അപ്പോൾ അവിടുത്തെ മാനേജ്‌മെന്റ് ഒരു തീരുമാനമെടുത്തു, അഞ്ചു പേരിൽ കൂടുതൽ താമസിപ്പിക്കേണ്ടെന്ന്. അങ്ങനെയൊരു സാഹചര്യത്തിൽ ആനിയ്ക്ക് അത് ഉൾക്കൊള്ളാനായില്ല. തുടർന്ന് ആനി അവിടുന്ന് രാജിവച്ചു. എന്തെങ്കിലും കാരണത്താൽ ആദ്യം വന്നവർ തന്നെ രണ്ടാമതും എത്തിയാൽ അവരെ എടുക്കേണ്ടെന്ന് അവർ തീരുമാനിച്ചിരുന്നു. അങ്ങനെ രണ്ടാമത് എടുക്കാതെ വന്ന രണ്ട് സ്ത്രീകൾ ആത്മഹത്യ ചെയ്തു. അത് ആനിയെ കൂടുതൽ വിഷമത്തിലാഴ്ത്തി.

രാജിവച്ച് പോരാൻ നേരത്ത് മൂന്നു വയസുള്ള പൊലീസ് ഏൽപ്പിച്ച ഒരു പെൺകുട്ടിയെയും ആനിയ്ക്ക് കൂടെ കൂട്ടേണ്ടി വന്നു. സ്ത്രീകൾക്കുവേണ്ടി എന്തെങ്കിലും തുടങ്ങണമെന്ന് മനസിൽ ഉറപ്പിച്ചുകൊണ്ടാണ് ആനി അന്നു അവിടെനിന്നും പോന്നത്. അത് ‘സാന്ത്വനം’ എന്നപേരിൽ യാഥാർഥ്യമാകുകയായിരുന്നു.

അനേകരുടെ കരുതലിൽ ഒരു വീട്

ഇന്ന് സാന്ത്വനത്തിൽ അറുപതോളം പേരുണ്ട്. എട്ടോളം കുട്ടികൾ സ്‌കൂളിൽ പോകുന്നവരുണ്ട്. കുറച്ചു കുട്ടികളെ ബോർഡിങ്ങിൽ ചേർത്ത് പഠിപ്പിക്കുന്നു. കോളേജിൽ പഠിക്കുന്നവരുമുണ്ട്, അമ്മച്ചിമാരുണ്ട്. അതുകൊണ്ട് ഇവിടം ഒരു വീടുപോലെയാണ്.

“മാന്നാനം കെ. ഇ. സ്കൂൾ, പള്ളിക്കൂടം സ്‌കൂൾ ഇങ്ങനെ കോട്ടയത്തെ മികച്ച സ്‌കൂളുകളിൽ ഫീസുപോലും കൊടുക്കാതെ ഇവിടെ നിന്നുള്ള കുട്ടികൾ പഠിക്കുന്നുണ്ട്. വാസ്തവത്തിൽ ഞാൻ ഇടയ്ക്ക് ഒരാൾ ഉണ്ടെന്നേ ഉള്ളൂ. ഒരുപാട് നല്ല മനുഷ്യരുടെ കാരുണ്യംകൊണ്ടും കൂടിയാണ് ഈ സംരംഭം മുൻപോട്ട് പോകുന്നത്. ബി എസ് സി നേഴ്സിംഗ് പഠിച്ചുകഴിഞ്ഞ 13 ഓളം കുട്ടികൾ ഉണ്ട്. 13 പേരെ ഇവിടെ നിന്നും വിവാഹം കഴിച്ചയച്ചു. ഇടയ്ക്ക് അവരൊക്കെ ഇവിടെ ഒരുമിച്ച് കൂടാറുണ്ട്” – ആനി പറയുന്നു.

പുറകോട്ടു തിരിഞ്ഞുനോക്കുമ്പോൾ ആനി വളരെ സന്തോഷത്തോടെ ജീവിച്ച ഒരു വ്യക്തിയാണ്. എന്നാൽ, ഇന്ന് അതൊക്കെ അവർക്ക് വെള്ളത്തിൽ വരച്ച വര പോലെയാണ്. ആരുമില്ലാത്ത ഇവർക്കുവേണ്ടി ജീവിച്ചപ്പോഴാണ് ആനിയ്ക്ക് ജീവിതത്തിന് ഒരു അർഥമുണ്ടായത്.

“എനിക്കങ്ങനെ ചെയ്യാതിരിക്കാൻ പറ്റാത്ത ഒരു സാഹചര്യമായിരുന്നു. ഒരു സ്ത്രീയും മരിക്കണ്ട. ഇവിടെ എപ്പോഴും ഗേറ്റ് തുറന്നാണ് കിടക്കുന്നത്. ഒരു കുഞ്ഞിനേയും കൊല്ലരുത്. ഏത് വിഷമിക്കുന്നവർക്കും ഇങ്ങോട്ട് വരാം. ഏത് പാതിരാത്രിക്കും വിളിക്കാം. എനിക്കതൊരു ബുദ്ധിമുട്ടല്ല,” ഒരമ്മ കരുതലോടെ വിളിക്കുകയാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ
കടപ്പാട്: ME MEDIA

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.