വിളിക്കുള്ളിലെ വിളി തിരിച്ചറിഞ്ഞ മൂന്നു ജീവിതങ്ങൾ 1 – എയ്ഞ്ചൽ ഗബ്രിയേൽ കാസ്ട്രോ

തികച്ചും വ്യത്യസ്തമായ ജീവിതപന്ഥാവിലൂടെ യാത്ര തിരിച്ച മൂന്നു വ്യക്തികൾ സമർപ്പിത ജീവിതം എന്ന വിളിക്കുള്ളിലെ വിളി തിരിച്ചറിഞ്ഞ അനുഭവങ്ങളാണിത്. ഒരു ഫുട്ബോൾ കളിക്കാരനിൽ നിന്നും ഒരു സർജനിൽ നിന്നും പുരോഹിതരെയും വിധവയായ എൻജിനീയറിൽ നിന്ന് ഒരു സമർപ്പിതയെയും രൂപപ്പെടുത്തിയ ദൈവത്തിന്റെ മഹനീയ പ്രവൃത്തികൾ നമുക്ക് കൂടുതൽ അറിയാം.

സ്വർഗത്തിന്റെ കോർട്ടിലെ ഫുട്ബോൾ കളിക്കാരൻ

ആത്മീയ യാത്രയിൽ ഗോൾ അടിച്ചുകൊണ്ട് അനേകം ആത്മാക്കളെ സ്വർഗത്തിലേക്ക് ആകർഷിതരാക്കാൻ ദൈവം ഒരു ഫുട്ബോൾ കോർട്ടിൽ നിന്ന് പൗരോഹിത്യത്തിലേക്ക് ക്ഷണിച്ച വ്യക്തിയാണ് എയ്ഞ്ചൽ ഗബ്രിയേൽ കാസ്ട്രോ. കുട്ടിക്കാലം മുതൽ കാസ്ട്രോയുടെ സ്വപ്നം ഒരു മികച്ച ഫുട്ബോൾ കളിക്കാരനാകാൻ ആയിരുന്നു. അന്താരാഷ്ട്രതലത്തിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒരു ഫുട്ബോൾ കളിക്കാരൻ ആകാൻ ആഗ്രഹിച്ച കാസ്ട്രോ ഇന്ന് പൗരോഹിത്യത്തിന്റെ പാതയിലാണ്.

ഒളിമ്പിയയിലേക്ക്

ഹോണ്ടുറാസിലെ ഏറ്റവും പ്രശസ്തവും വിജയകരവുമായ നാഷണൽ സോക്കർ ലീഗ് ടീമായ ഒളിമ്പിയ സോക്കർ അക്കാദമിയിലേക്കുള്ള എയ്ഞ്ചൽ കാസ്ട്രോയുടെ പ്രവേശനം അദ്ദേഹത്തിന്റെ നിരന്തരമായ കഠിനാധ്വാനത്തിന്റെയും ലക്ഷ്യബോധത്തിന്റെയും ഫലമായിരുന്നു. അവിടെ യൂത്ത് ടീമുകൾക്കായി നടത്തിയ മികച്ച പ്രകടനത്തിലൂടെ ദേശീയ യൂത്ത് അക്കാദമിയിലേക്കുള്ള പ്രവേശനവും കാസ്ട്രോ സ്വന്തമാക്കി.

ലോകകപ്പ് എന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക്

2007 ൽ ദക്ഷിണ കൊറിയയിൽ നടന്ന അണ്ടർ-17 ലോകകപ്പിന് ആദ്യമായി യോഗ്യത നേടിയ ഹോണ്ടുറാസ് ടീമിലെ അംഗമായിരുന്നു കാസ്ട്രോ. അതൊരു ചരിത്ര നേട്ടമായിരുന്നു. അതേ വർഷം തന്നെ ബ്രസീലിൽ നടന്ന പാൻ അമേരിക്കൻ ഗെയിംസിലും അദ്ദേഹത്തിന് അവസരം ലഭിച്ചു. 2009 ൽ ഈജിപ്തിൽ നടന്ന അണ്ടർ-20 ലോകകപ്പിൽ കളിച്ച ടീമിലും ഏഞ്ചൽ കാസ്ട്രോ ഉണ്ടായിരുന്നു. അങ്ങനെ ഹോണ്ടുറാസിന്റെ യുവതലമുറയിലെ ശ്രദ്ധേയനായ കളിക്കാരനായി വളരാൻ കാസ്ട്രോയ്ക്കു കഴിഞ്ഞു.

കളിക്കളത്തിലെ പ്രാർഥനയും ജീവിതത്തിലെ വഴിത്തിരിവും

“കർത്താവേ ഈ കളി എന്റെ അവസാനത്തേതെന്നോണം കളിക്കാൻ എന്നെ സഹായിക്കേണമേ. എല്ലായ്‌പ്പോഴും അങ്ങയുടെ ഇഷ്ടത്തിനനുസരിച്ച് എന്നെ നയിക്കണമേ” എന്നു പ്രാർഥിച്ചുകൊണ്ടായിരുന്നു എയ്ഞ്ചൽ കാസ്ട്രോ ഓരോ മത്സരത്തിനു മുൻപും കളിക്കളത്തിലേക്ക് ഇറങ്ങിയിരുന്നത്. എന്നാൽ അദ്ദേഹം അറിയാതെ തന്നെ സ്വന്തം കരിയറിനപ്പുറമുള്ള ദൈവിക പദ്ധതിയുടെ പൂർത്തീകരണത്തിനായുള്ള പ്രാർഥനയും അദ്ദേഹത്തിന്റെ നിരന്തരമായ പ്രാർഥനകളിൽ ചേർന്നിരുന്നു. അങ്ങനെ അദ്ദേഹം ഒളിമ്പിയയുടെ ഫസ്റ്റ് ടീമിനായി കരാർ ഒപ്പുവച്ചു. തുടർന്ന് പല ടീമുകൾക്കും വേണ്ടി അദ്ദേഹം കളിച്ചു.
“എനിക്ക് നല്ല ശമ്പളം ഉണ്ടായിരുന്നു. സ്വന്തമായി ഒരു ജീവിതം കെട്ടിപ്പടുത്തിരുന്നു. പക്ഷേ എന്തോ ഒന്ന് എനിക്ക് നഷ്ടമായി തോന്നി” കോർട്ടിലും കരിയറിലും വിജയ കുതിപ്പോടെ മുന്നേറിയിരുന്ന അദ്ദേഹം പങ്കുവച്ചു. ദൈവാലയത്തിൽ പോകുമ്പോൾ അനുഭവിക്കുന്ന സന്തോഷമാണ് കാസ്ട്രോയിൽ ദൈവവിളിയെ കുറിച്ചുള്ള ചിന്തകൾ വീണ്ടും ഉണർത്തിയത്. ജോസ് ഡെൽ കാർമൽ എസ്കോബാർ എന്ന പുരോഹിതനാണ് കാസ്ട്രോയെ ആത്മീയമായി നയിച്ചതും ഒരു തിരഞ്ഞെടുപ്പിന് സഹായിച്ചതും.

ഫുട്ബോളിനോട് വിട

2018 ഡിസംബർ 12നാണ് കാസ്ട്രോ തന്റെ അവസാനത്തെ ഫുട്ബോൾ മത്സരം കളിച്ചത്. 2019 ജനുവരിയിൽ തന്റെ 28-ാം വയസ്സിൽ കാസ്ട്രോ അവർ ലേഡി ഓഫ് സുയാപ സെമിനാരിയിൽ പ്രവേശിച്ചു. സാമ്പത്തിക ഭദ്രതയുണ്ടായിരുന്ന കാസ്ട്രോ, തന്റെ കുടുംബത്തെ സഹായിച്ചിരുന്നു എന്നാൽ, പൗരോഹിത്യം സ്വീകരിച്ചാൽ തന്റെ കുടുംബത്തെ സാമ്പത്തികമായി പിന്തുണക്കാൻ കഴിയില്ല എന്ന ചിന്ത അദ്ദേഹത്തെ വളരെയേറെ ക്ലേശിപ്പിച്ചിരുന്നു.

“എല്ലാം ദൈവത്തിന് വിട്ടുകൊടുക്കാൻ ഞാൻ തീരുമാനിച്ചു. അതാണ് ദൈവം ആഗ്രഹിച്ചത്” എന്ന ദൈവികമായ ചിന്തയാണ് അദ്ദേഹത്തെ കുടുംബത്തെക്കുറിച്ചുള്ള അധിക ചിന്തയിൽ നിന്ന് വിടുവിച്ചത് എന്ന് കാസ്ട്രോ പങ്കുവയ്ക്കുന്നു. “കർത്താവേ, അങ്ങ് എവിടെയാണോ ആഗ്രഹിക്കുന്നത് അവിടെ എന്നെ എത്തിക്കണമേ” എന്ന നിരന്തരമായ പ്രാർഥനയാണ് എന്നെ ഇന്നോളം നയിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു എന്നും കാസ്ട്രോ കൂട്ടിച്ചേർത്തു.

ഏഴാം വർഷത്തിലേക്ക് സന്തോഷത്തോടെ

ഇപ്പോൾ എയ്ഞ്ചൽ ഗബ്രിയേൽ കാസ്ട്രോ സെമിനാരിയിലെ ഏഴാം വർഷത്തിലാണ്. മൂന്നാം വർഷ ദൈവശാസ്ത്ര വിദ്യാർഥിയായ അദ്ദേഹം സന്തോഷവാനാണെന്ന് പങ്കുവയ്ക്കുന്നു. ശീലിച്ചുവന്ന ഒരു ജീവിതശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ജീവിത സാഹചര്യത്തിലാണെങ്കിലും ദൈവം തന്നെ മുന്നോട്ടു പോകാൻ ആവശ്യമായ സഹായവും പിന്തുണയും നൽകുന്ന അനുഭവമാണ് അദ്ദേഹത്തിനുള്ളത്. ഫുട്ബോൾ കോർട്ടിലെ വിജയാരവങ്ങളിൽ നിന്ന് ദൈവവചനത്തിന്റെ നിശ്ശബ്ദ ശാന്തതയുടെ മാധുര്യം തിരിച്ചറിഞ്ഞ എയ്ഞ്ചൽ ഗബ്രിയേൽ കാസ്ട്രോയുടെ ജീവിതം നമുക്കൊരു പ്രചോദനമാണ്.

തുടരും …

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.