നൈജീരിയയിലെ അനംബ്ര സ്റ്റേറ്റിലെ ഒരു കമ്മ്യൂണിറ്റിയായ ഒമുസെയിയിലെ നിവാസികൾ വളരെയധികം ഭയപ്പാടിലാണ് ജീവിക്കുന്നത്. ആ ഗ്രാമത്തിലുണ്ടായ സൈനിക അധിനിവേശത്തെ തുടർന്ന് എക്വുലോബിയ രൂപതയിലെ കത്തോലിക്കാ ഇടവകകൾ ഉൾപ്പെടെ 18 ആരാധനാകേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ തടസപ്പെട്ടു.
ആഗസ്റ്റ് 18-ന് ഒമുസെയിലെ മൂന്ന് കത്തോലിക്കാ ഇടവകകൾ, സെന്റ് ജോസഫ് കാത്തലിക് ചർച്ച്, സെന്റ് ആന്റണി കാത്തലിക് ചർച്ച്, സെന്റ് തെരേസ കാത്തലിക് ചർച്ച് എന്നിവയ്ക്കൊപ്പം ഒരു ആംഗ്ലിക്കൻ പള്ളിയും നിരവധി പെന്തക്കോസ്ത് പ്രാർഥനാകേന്ദ്രങ്ങളും സൈനികർ ആക്രമിച്ചതായി റിപ്പോർട്ടുണ്ട്. റിപ്പോർട്ടുകൾപ്രകാരം, സൈന്യത്തിന്റെ നടപടി വിശുദ്ധ കുർബാന തടസപ്പെടുത്തുന്നതിനും പള്ളിയിലേക്കുള്ള യാത്ര നിയന്ത്രിക്കുന്നതിനും കാരണമായി.
ആഗസ്റ്റ് 15-ന് സൈനികർ അടുത്തുള്ള പട്ടണമായ ഒമുസെയിൽ ഒരു സായുധസംഘവുമായി ഏറ്റുമുട്ടിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. സൈനികർ ഒമുസെയിൽ സായുധസംഘവുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് രണ്ട് സൈനികർ മരിച്ചു. ഇതിനു പ്രതികാരമായി, സൈന്യം അടുത്ത ദിവസം ഒമുസെയിലേക്ക് വൻസന്നാഹത്തോടെ എത്തി. ആദ്യം, ഭയപ്പെട്ട സമൂഹത്തെ ആശ്വസിപ്പിക്കാനായി എത്തിയ സൈന്യം യാതൊരു പ്രകോപനവുമില്ലാതെ ആഗസ്റ്റ് 18 ഞായറാഴ്ച രാവിലെ നിരവധി പള്ളികളിൽ ആക്രമണം നടത്തുകയും പ്രാർഥനകൾ തടസപ്പെടുത്തുകയും വിശ്വാസികളെ ഭയപ്പെടുത്തുകയും ചെയ്തു.
“പുലർച്ചെ അഞ്ചു മണിക്കുതന്നെ സൈനികർ സെന്റ് ജോസഫ് കത്തോലിക്കാ ദൈവാലയത്തിലെത്തി, വിശ്വാസികൾ അവിടെനിന്നും പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു. ആയുധങ്ങളുമായി സൈനികരെ കണ്ടപ്പോൾ, എല്ലാവരും വിശുദ്ധ കുർബാന ഉപേക്ഷിച്ച് ഓടിപ്പോയി. പള്ളിക്കുള്ളിൽ തുടരുന്നവരെ വെടിവയ്ക്കുമെന്ന് സൈന്യം ഭീഷണിപ്പെടുത്തി. തുടർന്ന് സൈന്യം സെന്റ് ആൻ്റണി കത്തോലിക്കാ പള്ളിയിലേക്കെത്തി. അവിടെയും അവർ വിശുദ്ധ കുർബാന തടസപ്പെടുത്തി. എല്ലാവരെയും പിരിച്ചുവിടാൻ അവർ പള്ളിയടച്ചു, അവർ ലക്ഷ്യമിട്ട രണ്ട് പ്രധാന പള്ളികളായിരുന്നു അവ” – ദൃക്സാക്ഷി വെളിപ്പെടുത്തുന്നു.
ഈ അക്രമങ്ങൾ ആളുകളുടെ മനസ്സിൽ വലിയ തോതിലുള്ള ആഘാതമാണ് ഏല്പിച്ചിരിക്കുന്നത്.