സ്കൂളിലെ സ്പോർട്സ് താരമായിരുന്ന മേരി പ്രീഡിഗ്രിക്ക് ശേഷം മഠത്തിലേക്ക്! കൂട്ടുകാർക്കും വീട്ടുകാർക്കും ഇക്കാര്യം വിശ്വസിക്കാനേ കഴിഞ്ഞില്ല. എന്നാൽ മേരിയുടെ ദൃഢനിശ്ചയത്തിന്റെ മുൻപിൽ അവർക്ക് അവസാനം സമ്മതിക്കേണ്ടി വന്നു. വർഷങ്ങൾക്കിപ്പുറം ഇന്ന് 74 -ാം വയസ്സിൽ എത്തിനിൽക്കുന്ന സി. മേരി ജെയിൻ എസ്. ഡി. സ്വന്തമായി എഴുതിയിരിക്കുന്നത് 40 – ഓളം പുസ്തകങ്ങൾ. ഒപ്പം തന്നെ നിരവധി അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട് ഈ എഴുത്തുകാരി സിസ്റ്റർ. മലയാളം അധ്യാപികയായി തന്റെ സേവനജീവിതം തുടങ്ങിയ സിസ്റ്റർ, റിട്ടയർമെന്റിനു ശേഷം കുട്ടികൾക്കും മുതിർന്നവർക്കും നൽകുന്ന കൗൺസിലിങ്ങിലൂടെ ഇപ്പോഴും പ്രവർത്തനനിരതയാണ്.
അധ്യാപികയായി തുടങ്ങിയ സമർപ്പണ ജീവിതം
പാലായിലെ വിവിധ സ്കൂളുകളിലെ മലയാളം അധ്യാപിക ആയിട്ടായിരുന്നു സി. മേരിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആ സമയങ്ങളിൽ തന്നെ സിസ്റ്റർ സന്യാസിനീ സമൂഹത്തിന്റെ ബുള്ളറ്റിനുകളിൽ എഴുതിത്തുടങ്ങിയിരുന്നു. തുടർന്ന് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതി. കാർമ്മൽ, കുടുംബദീപം തുടങ്ങിയവയിലെ രചനകൾ സിസ്റ്ററിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ഇപ്പോൾ നാല്പതു വർഷത്തോളമായി സിസ്റ്റർ എഴുതാൻ തുടങ്ങിയിട്ട്. കുടുംബം, വിദ്യാഭ്യാസം, സാമൂഹികം എന്നീ വിഷയങ്ങളിലാണ് സിസ്റ്ററിന് എഴുതാൻ താല്പര്യവും സിസ്റ്ററിന്റെ രചനകളും.
നാല്പതാം വയസ്സിൽ തുടങ്ങിയ പുസ്തകരചന
ജീവിചരിത്രങ്ങൾ രചിച്ചാണ് സിസ്റ്റർ പുസ്തകരചന തുടങ്ങിയത്. ‘നിങ്ങളുടെ സ്വന്തം അൽഫോൻസാ’, ‘കുഞ്ഞേട്ടൻ ഒരു തീർത്ഥാടകൻ’, ‘ദൈവദാസൻ വർഗീസ് പയ്യമ്പിള്ളി അച്ചൻ: ജീവചരിത്രം’ എന്നിങ്ങനെ നീളുന്നു സിസ്റ്ററിന്റെ ജീവചരിത്ര രചനകൾ. തുടർന്ന് നിരവധി രചനകളാണ് സിസ്റ്ററിന്റെ തൂലികയിൽ നിന്ന് സമൂഹത്തിനു ലഭിച്ചത്. ഏകദേശം നാല്പതോളം പുസ്തകങ്ങൾ. അവയെല്ലാം വിശ്വാസികൾക്ക് പ്രിയപ്പെട്ടതാണ്. ഏറ്റവും ഒടുവിലായി സിസ്റ്റർ രചിച്ചത് ആത്മകഥയാണ്. ‘ആത്മസങ്കീർത്തനം’ എന്നാണ് സിസ്റ്റർ ആ കൃതിക്ക് പേരു നൽകിയിരിക്കുന്നത്.
സി. മേരി ജെയ്ൻ എന്ന എഴുത്തുകാരിയുടെ മികവിന് ധാരാളം അവാർഡുകളും സിസ്റ്ററിനെ തേടിയെത്തിയിട്ടുണ്ട്. 2002- ൽ ‘ഹൃദയസ്പന്ദനങ്ങൾ’ എന്ന പുസ്തകത്തിന് ക്രൈസ്തവസാഹിത്യ അവാർഡ്, 2003- ൽ എ.കെ.സി.സി. അഞ്ഞൂറ്റിമംഗലം സാഹിത്യ അവാർഡ്, ‘പൂജാഗിരിയിലെ പുരോഹിതൻ’ എന്ന പുസ്തകത്തിന് 2013- ൽ ആത്മവിദ്യ അവാർഡ്, 2014- ൽ സാഹിത്യമേഖലയിലുള്ള സംഭാവനകൾക്ക് കെ.സി.ബി.സി. ഗുരുപൂജ അവാർഡ്, 2016- ൽ സി. മേരി ബെനീഞ്ഞ വാനമ്പാടി അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ഈ സിസ്റ്ററിന് സ്വന്തമാണ്. എന്നാൽ സിസ്റ്ററിന് ഇന്നും സന്തോഷം നൽകുന്നത് അവാർഡുകളല്ല, പിന്നെയോ രചനകളിലൂടെ താൻ പകർന്ന അറിവിനെയും പ്രഘോഷിച്ച ക്രിസ്തുവിനെയുംപ്രതിയാണ്. ഒരു എഴുത്തുകാരി എന്ന നിലയിൽ വിശ്വാസികൾക്കിടയിൽ ഒരുസ്ഥാനം എന്നും ഈ സന്യസ്തക്ക് സ്വന്തമാണ്. ഒരു അദ്ധ്യാപിക എന്ന നിലയിലും സന്യസ്ത എന്ന നിലയിലും സിസ്റ്റർ സന്തുഷ്ടയാണ്.
പാലാ രൂപതയിലെ കടനാട് ഇടവകയിലെ ജോസഫ് – ഏലിയാമ്മ ദമ്പതികളുടെ മകളാണ് മേരി ജെയ്ൻ. കർഷകനായ പിതാവ് ധാരാളമായി വായിക്കുന്ന പ്രകൃതക്കാരനായിരുന്നു. അതുകൊണ്ടു തന്നെ മകളായ മേരിക്കും ഏറ്റവും പ്രിയം പുസ്തകങ്ങളോടായിരുന്നു. എങ്കിലും വളർന്നുവരുമ്പോൾ താനൊരു എഴുത്തുകാരിയാവുമെന്ന് സിസ്റ്റർ നിനച്ചിട്ടു പോലുമുണ്ടായിരുന്നില്ല.
ബാല്യം മുതൽ സ്വപ്നം കണ്ടത് സമർപ്പിത ജീവിതം
അഞ്ചാം ക്ലാസ്സ് മുതൽ ഒരു സന്യസ്തയാകാനുള്ള ആഗ്രഹം മേരിയിൽ മൊട്ടിട്ടിരുന്നു. സ്കൂളിലെ അറിയപ്പെടുന്ന സ്പോർട്സ് താരമായിരുന്ന മേരിയുടെ ഈ ആഗ്രഹം എല്ലാവർക്കും ഒരു അത്ഭുതമായിരുന്നു. എന്നാൽ അതിനെ ഉറപ്പിച്ചത് മിഷൻലീഗ് പ്രവർത്തനങ്ങളായിരുന്നു. മിഷൻലീഗ് പരിപാടികളിലെ സജീവസാന്നിധ്യമായിരുന്ന മേരി, തന്റെ വിശ്വാസജീവിതത്തയും ദൈവവിളിയെയും പ്രചോദിപ്പിച്ചത് മിഷൻലീഗ് സംഘടനയായിരുന്നു എന്നു പറയുന്നതിൽ സിസ്റ്റർ അഭിമാനിക്കുന്നു.
സംഘടനാ പരിപാടികളുടെ ഭാഗമായി പല മിഷനറിമാരും വന്ന് അവരുടെ മിഷൻ അനുഭവങ്ങൾ പങ്കുവയ്ക്കുമായിരുന്നു. മിഷൻലീഗ് കുഞ്ഞേട്ടനുമായും സിസ്റ്ററിന് ഒരു ആത്മീയബന്ധമുണ്ട്. പത്താം ക്ലാസ്സ് കഴിഞ്ഞ് മഠത്തിൽ പ്രവേശിക്കാൻ ആഗ്രഹിച്ച മേരിയെ വീട്ടുകാർ അതിനനുവദിച്ചില്ല. അങ്ങനെ പാലാ അൽഫോൻസാ കോളേജിൽ പ്രീഡിഗ്രി പഠനത്തിനായി മേരി ചേർന്നു. എല്ലാ വെള്ളിയാഴ്ചയും മേരി അൽഫോൻസാമ്മയുടെ കബറിടത്തിൽ തന്റെ ആഗ്രഹസാഫല്യത്തിനു വേണ്ടി പ്രാർത്ഥിക്കുമായിരുന്നു. അങ്ങനെ മികച്ച മാർക്കോടെ പ്രീഡിഗ്രി പാസായത്തിനു ശേഷം മേരി വീണ്ടും തന്റെ ആഗ്രഹം മാതാപിതാക്കളോടു പറഞ്ഞു. എന്നാൽ ഇത്തവണ മാതാപിതാക്കളോട് സംസാരിക്കാൻ ഏതാനും സന്യസ്തരെയും വൈദികരെയും മേരി സമീപിച്ചിരുന്നു. അങ്ങനെ വീട്ടുകാരുടെ സമ്മതത്തോടെ എസ്.ഡി. സന്യാസ സമൂഹത്തിന്റെ ചങ്ങനാശ്ശേരി പ്രൊവിൻസ് അംഗമാകാൻ മേരി യാത്രയായി.
മഠത്തിലേക്കു പ്രവേശിച്ചപ്പോൾ സ്വീകരിച്ചത് ക്രൂശിതനായ ക്രിസ്തു
മഠത്തിലേക്ക് മേരിയെ കൊണ്ടുചെന്നാക്കാൻ വീട്ടുകാരെല്ലാവരും ഉണ്ടായിരുന്നു. ഒരു സ്വീകരണം തന്നെ സിസ്റ്റേഴ്സ് മേരിക്കു നൽകി. ഏക്കറുകളുള്ള മഠത്തിന്റെ കോമ്പൗണ്ട് ഒന്ന് ചുറ്റിക്കാണാനായി വീട്ടുകാർ പുറത്തേക്കിറങ്ങി. എന്നാൽ മേരി ചാപ്പലിലേക്കാണ് പ്രവേശിച്ചത്. ചാപ്പലിൽ ഈശോയുടെ ക്രൂശിതരൂപത്തിന്റെ മുന്നിൽ മുട്ടുകുത്തി നിന്നു. പെട്ടെന്ന് ഈശോയുടെ രൂപത്തിൽ നിന്ന് ഒരു പ്രകാശവലയം വന്ന് തന്നെയും ഈശോയെയും ബന്ധിക്കുന്നതായി മേരിക്ക് തോന്നി.
ഒരു സ്വർണ്ണനൂൽ എന്നെയും ക്രൂശിതനായ ക്രിസ്തുവിനെയും ബന്ധിപ്പിച്ചു എന്നാണ് ഈ അനുഭവത്തെക്കുറിച്ച് സിസ്റ്റർ പറയുന്നത്. നിറഞ്ഞ കണ്ണുകളോടെ നിന്ന മേരിക്ക് വീട്ടുകാരോടൊപ്പം മഠത്തിന്റെ കോമ്പൗണ്ട് ചുറ്റിനടന്നു കാണാനുള്ള ആഗ്രഹവും അതോടെ നഷ്ടപ്പെട്ടു. ക്രിസ്തുവിന്റെ പ്രിയമണവാട്ടി ആവുക എന്ന ചിന്ത മാത്രമാണ് പിന്നീടുള്ള നിമിഷങ്ങളിൽ മേരിയെ ഭരിച്ചത്. ഇന്നും ആ അനുഭവത്തെക്കുറിച്ചു പറയുമ്പോൾ സന്തോഷം കൊണ്ട് ആ കണ്ണുകൾ നിറയുന്നുണ്ട്. അങ്ങനെ 1971- ൽ പ്രഥമ വ്രതവാഗ്‌ദാനവും 1977- ൽ നിത്യ വ്രതവാഗ്‌ദാനവും നടത്തി സി. മേരി ജെയ്ൻ എന്ന നാമം സ്വീകരിച്ച് ഈശോയുടെ സ്വന്തമായി.
സന്യാസജീവിതം ആനന്ദകരമാണ്
സന്യാസജീവിതത്തിന്റെ നാളുകൾ തന്നിൽ സന്തോഷം മാത്രമേ നിറച്ചിട്ടുള്ളുവെന്നാണ് സിസ്റ്റർ പറയുന്നത്. അതിനു കാരണമോ, നിശബ്ദതയും പ്രാർത്ഥനയും സേവനവും മൗനവും ഒരുപോലെ കൊണ്ടുപോകുന്ന ഒരു ജീവിതമാണ് സന്യസ്തജീവിതം എന്നതുകൊണ്ടു തന്നെ. ക്രിസ്തുവിനെ മാത്രം കേന്ദ്രീകരിച്ചുള്ള ജീവിതമാണ് സന്യസ്തജീവിതം. അത് ആത്മാവിൽ നിറയ്ക്കുന്ന പ്രകാശത്തെ വർണ്ണിക്കുക അസാധ്യം. അത് മറ്റുള്ളവർക്ക് പകർന്നു നല്കാൻ ഓരോ സന്യസ്തയും വിളിക്കപ്പെട്ടിരിക്കുകയാണ്. സി. മേരി ജയ്‌നാകട്ടെ തന്റെ രചനയിലൂടെയാണ് ക്രിസ്തുവിനെ പ്രഘോഷിക്കുന്നത്.
പലവിധ ശാരീരിക അസ്വസ്ഥതകൾ സിസ്റ്ററിനെ അലോസരപ്പെട്ടുത്തിയിട്ടുണ്ട്. നീണ്ട നാളുകൾ രോഗികൾക്കുള്ള മുറിയിൽ മാത്രം കിടക്കേണ്ടി വന്നു. എന്നിരുന്നാലും ആ നാളുകളിൽ സിസ്റ്റർ അനുഭവിച്ചത് ഏകാന്തതയായിരുന്നില്ല; മറിച്ച് ഈശോയുടെ സാന്നിധ്യമായിരുന്നു. ശാന്തമായിരുന്ന് പല കാര്യങ്ങൾ ധ്യാനിക്കാനും ഉത്തരം കണ്ടെത്താനും സിസ്റ്റർ ആ സമയം വിനിയോഗിക്കുകയായിരുന്നു. അതോടൊപ്പം വായിക്കുകയും എഴുതുകയും കൂടി ചെയ്യുന്നതോടെ സിസ്റ്ററിന് ആനന്ദം മാത്രമായിരുന്നു. ഇപ്പോൾ സിസ്റ്ററിന് എഴുതാതിരിക്കാൻ സാധിക്കുന്നില്ല. എഴുതുന്നില്ലെങ്കിൽ തനിക്ക് എന്തോ നഷ്ടമാകുന്നു എന്നാണ് സിസ്റ്റർ പറയുന്നത്.
74 -ാം വയസ്സിലും കർമ്മനിരത
മേവടയിലെ എസ്.ഡി. കോൺവെന്റിലാണ് സിസ്റ്റർ ഇപ്പോൾ താമസിക്കുന്നത്. ഇവിടെ സിസ്റ്റർ ചെറിയൊരു ക്ലിനിക് നടത്തുന്നുണ്ട്. പാസ്റ്ററൽ കൗൺസിലിങ് അതുപോലെ ഹോളിസ്റ്റിക് ഹീലിംഗ് എന്നിവയിൽ ഡിപ്ലോമയുള്ള സിസ്റ്റർ ആ മേഖലയിലും പ്രവർത്തനനിരതയാണ്. ഇരുപതു വർഷത്തെ ഗ്രേറ്റ് ഹീലിംഗ് സർവ്വീസിനുള്ള അംഗീകാരമുദ്ര സിനെർജി ഇന്റർനാഷമാൽ 2016 -ൽ സിസ്റ്ററിനു നൽകിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗൺസിലിങ്ങുകളും തെറാപ്പികളും സിസ്റ്റർ നടത്തുന്നുണ്ട്. എഴുത്തിലും കൗൺസിലിങ്ങിലും ഒരുപോലെ ചുവടുറപ്പിച്ച സിസ്റ്ററിന് ലൈഫ് ഡേയുടെ ആശംസകൾ.
ഐശ്വര്യാ സെബാസ്റ്റ്യൻ