‘ഈ നാട്ടിൽ യൂണിഫോമിട്ടു നടക്കുന്ന ഒരൊറ്റയാളേ ഉള്ളൂ…’ വരയൻ സിനിമയിലെ ഈ സംഭാഷണത്തിലെ ആ ആൾ കാപ്പിപ്പൊടി കളർ ഉടുപ്പിട്ട എബിച്ചൻ എന്ന നായകകഥാപാത്രമാണ്. ഒരു കപ്പൂച്ചിൻ വൈദികന്റെ ഉടുപ്പിട്ട നായക കഥാപാത്രം. ഈ പള്ളീലച്ചന്റെ കഥ പറയുന്ന ആളും ഒരു കാപ്പിപ്പൊടി കളർ ഉടുപ്പിട്ട വൈദികനാണ് – ഫാ. ഡാനി കപ്പൂച്ചിൻ. ഇതുവരെ ധ്യാനഗുരുവായും എഴുത്തുകാരനായും അറിയപ്പെട്ടിരുന്ന ഫാ. ഡാനി മെയ് 20- ന് റിലീസ് ചെയ്യുന്ന വരയൻ സിനിമയുടെ തിരക്കഥാകൃത്താണ്. ഈ ചിത്രത്തിന്റെ കഥയിലേക്ക് കടന്നുവരാനുണ്ടായ അനുഭവം ഫാ. ഡാനി ലൈഫ്ഡേയുമായി പങ്കുവയ്ക്കുന്നു.
‘വരയനി’ലൂടെ വൈദികനില്‍ നിന്നും തിരക്കഥാകൃത്തായി
ജിജോ ജോസഫ് സംവിധാനം ചെയ്ത ‘വരയന്‍’ എന്ന സിനിമയില്‍ സിജു വിൽസനാണ് കേന്ദ്രകഥാപാത്രമായ കപ്പൂച്ചിൻ അച്ചനെ അവതരിപ്പിക്കുന്നത്. മലയാളപ്രേക്ഷകർ കാത്തിരിക്കുന്ന ‘വരയൻ’ എന്ന ചിത്രത്തിന്റെ തിരക്കഥക്കു പിന്നിൽ ഒരു സംഭവമുണ്ട്. ഒരിക്കൽ ഒരു സ്ഥലത്തെ കുരിശടിയിൽ ഏതാനും ഗുണ്ടകൾ രണ്ട് കപ്പൂച്ചിൻ അച്ചന്മാരെ വളഞ്ഞ് അവരോട് മുട്ടുകുത്തി ജപമാല ചൊല്ലാൻ ആവശ്യപ്പെട്ടു. ഈ ഒരു സംഭവം ഫാ. ഡാനിയെ ഏറെ ചിന്തിപ്പിച്ചു. ആ സ്ഥലത്ത് ഒരുപാട് നല്ല മനുഷ്യരുമുണ്ട്. എന്നാൽ അതിൽ ഏതാനും പേർ മാത്രമാണ് വൈദികരോട് ഇത്തരത്തിൽ പെരുമാറിയത്. ഈ സംഭവത്തിൽ നിന്നാണ് വരയൻ എന്ന ചിത്രത്തിന്റെ കഥ ഉത്ഭവിക്കുന്നത്.
സ്‌കൂൾ പഠനകാലത്തും വൈദിക പരിശീലനകാലത്തുമൊക്കെ ധാരാളം കഥകള്‍ എഴുതുമായിരുന്നു ഡാനിയച്ചന്‍. ‘ദൈവം പെയ്തിറങ്ങുന്നു’ എന്ന നോവൽ എഴുതിയിട്ടുള്ള അച്ചൻ ആദ്യം ആ നോവൽ സിനിമയാക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ അതിൽ കൊമേഴ്ഷ്യല്‍ ഘടകങ്ങൾ ഇല്ലെന്നതിനാൽ വേണ്ടാന്നു വച്ചു. പിന്നീട് വളരെ കൊമേഴ്ഷ്യലായ, പ്രേക്ഷകർ ഇഷ്ടപ്പെടുന്ന കഥക്കു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ‘വരയന്‍’ സിനിമയുടെ കഥ രൂപപ്പെട്ടപ്പോൾ, ഫാ. ഡാനി ആദ്യം സമീപിച്ചത് സുഹൃത്തായ ജിജോയെ ആയിരുന്നു. പിന്നീട് ആ കഥ തിരക്കഥയായി. ഒരു യുവവൈദികൻ പുതിയൊരു ഇടവകയിലേക്ക് കടന്നുവരുന്നതും അവിടെ ആ വൈദികൻ നേരിടുന്ന പ്രശ്‍നങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം.
‘വരയൻ’ സിനിമയായപ്പോൾ
തിരക്കഥ പൂർത്തിയായപ്പോൾ അടുത്തതായി അവർ അന്വേഷിച്ചത് ഒരു നിർമ്മാതാവിനെയായിരുന്നു. തുടർന്ന് സത്യം സിനിമാസിന്റെ ബാനറിൽ എ.ജെ. പ്രേമചന്ദ്രൻ ഈ ചിത്രം നിർമ്മിക്കാമെന്നു സമ്മതിച്ചു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ കപ്പൂച്ചിൻ അച്ചനെ അവതരിപ്പിക്കാൻ ഫാ. ഡാനിയും ജിജോയും നടനായ സിജു വിത്സനെ സമീപിച്ചു. സിജു വിത്സന്റെ ഉയരവും നിഷ്കളങ്കമായ ചിരിയും ഫാ. ഡാനി മനസ്സിൽ കണ്ട യുവവൈദികന്റെ കഥാപാത്രവുമായി ചേർന്നുപോകുന്നതായിരുന്നു. മാത്രമല്ല, അദ്ദേഹം സാധാരണ ചെയ്യുന്ന വേഷങ്ങളേക്കാൾ കൂടുതൽ അഭിനയസാധ്യതയുള്ള കഥാപാത്രമാണ് ഈ ചിത്രത്തിലെ വൈദികന്റെ കഥാപാത്രം. സിജുവിന് തിരക്കഥ ഒരുപാട് ഇഷ്ടമായി. അങ്ങനെ സിജു വിത്സൺ വരയനിലെ നായകനായി.
“ഒരുപാട് നല്ല കാര്യങ്ങൾ പറയുന്ന മതാത്മകമായ ചിത്രങ്ങൾ മലയാള സിനിമാചരിത്രത്തിൽ പിറന്നിട്ടുണ്ട്. എന്നാൽ അത്തരം ചിത്രങ്ങൾ ഒരിക്കലും പ്രേക്ഷകപ്രീതിയാർജ്ജിച്ചിട്ടില്ല. അതിലും നല്ലത് ഒരുപാട് ആളുകൾ കാണുകയും അല്പം കാര്യങ്ങൾ മാത്രം പറയുകയും ചെയ്യുന്ന ചിത്രങ്ങളാണ്. ‘വരയൻ’ എന്ന ചിത്രം പൂർണ്ണമായും സെക്കുലർ, കൊമേർഷ്യൽ ചിത്രമാണ്” – ഫാ. ഡാനി ലൈഫ്ഡേയോട് പറഞ്ഞു.
‘വരയനി’ലെ അഭിനേതാക്കളെക്കുറിച്ച്
വരയനിലെ പ്രധാന കഥാപാത്രമെന്നു പറയുന്നത്, കപ്പൂച്ചിൻ സന്യാസ സമൂഹത്തിൽപെട്ട ഒരു യുവവൈദികനാണ്. വളരെ പുതുമയുള്ള കഥാപാത്രമാണിത്. സിജു വിത്സൺ ഈ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ, പ്രതീക്ഷയ്ക്കപ്പുറത്ത് വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ടെന്ന് ഫാ. ഡാനി പറയുന്നു.
വ്യത്യസ്തമായ വില്ലൻ കഥാപാത്രത്തെയാണ് മണിയൻപിള്ള രാജു ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അതുപോലെ സംവിധായകനായ ജൂഡ് ആന്റണിയും ഒരു വൈദികന്റെ വേഷത്തിൽ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. സാധാരണയായി വില്ലൻ കഥാപാത്രങ്ങൾ ചെയ്തു ശീലിച്ച വിജയരാഘവൻ എന്ന നടന് ഒരു ബിഷപ്പിന്റെ വേഷമാണ് ഈ ചിത്രത്തിൽ.
പക്വതയാർന്ന അമ്മകഥാപാത്രങ്ങളിലൂടെയാണ് ലിയോണ ലിഷോയ് എന്ന നടിയെ മലയാളികൾക്ക് പരിചയം. എന്നാൽ വരയനിൽ ലിയോണ പ്രത്യക്ഷപ്പെടുന്നത്, ബുള്ളറ്റ് ഓടിക്കുന്ന ബോൾഡായ ഒരു മുഴുനീള കഥാപാത്രമായിട്ടാണ്. അങ്ങനെ എല്ലാത്തരത്തിലും ചിത്രത്തിൽ ഒരു വ്യത്യസ്തത കൊണ്ടുവരാൻ ഫാ. ഡാനിയും സംവിധായകനായ ജിജോയും ശ്രമിച്ചിട്ടുണ്ട്.
ലൊക്കേഷൻ വിശേഷങ്ങൾ
ആലപ്പുഴയായിരുന്നു ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ആലപ്പുഴയിൽ നിന്ന് ഒന്നര കിലോമീറ്റർ ബോട്ടിൽ യാത്ര ചെയ്താൽ ചിത്തിരക്കായലിന്റെ അപ്പുറത്തെത്താം. അവിടെ പണ്ട് ബ്രിട്ടീഷുകാർ കർഷകർക്കു വേണ്ടി പണിതീർത്ത ഒരു ദേവാലയമുണ്ട്. എന്നാൽ ഇന്ന് അവിടെ ശുശ്രൂഷകൾ ഒന്നും തന്നെ നടക്കുന്നില്ല. ആ ദേവാലയം ഇന്ന് സഭയുടെ കീഴിലല്ല, മറിച്ച് ഒരു ട്രസ്റ്റിന്റെ കീഴിലാണ്. ആ ദേവാലയമായിരുന്നു ഈ ചിത്രത്തിലെ ഒരു ലൊക്കേഷൻ. 20 ദിവസത്തോളം ചിത്രീകരണം നടന്നത് അവിടെയായിരുന്നു.
ദേവാലയത്തിലേക്കുള്ള ബോട്ട് യാത്ര സാഹസികമായിരുന്നത്രേ. കാരണം അത്രയും ആളുകൾ ബോട്ടിൽ യാത്ര ചെയ്യുന്നതിൽ ഒരുപാട് അപകടസാധ്യതകളുണ്ട്. ഒരിക്കൽ കായലിലൂടെയുള്ള ബോട്ട് യാത്രയിൽ വൈദികന്റെ വേഷം ചെയ്യുന്ന ജൂഡ് ആന്റണി ബോട്ടിൽ നിന്ന് കായലിലേക്കു വീണു. ആ ദൃശ്യം കണ്ട എല്ലാവരും ആദ്യം ഒന്ന് പകച്ചുപോയെങ്കിലും ജൂഡിന് അപകടമൊന്നും സംഭവിച്ചില്ല. ഈ വാർത്ത സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.
അതുപോലെ ഒരു ദിവസം സിജുവും ഫാ. ഡാനിയും ചിത്തിരക്കായലിന്റെ അപ്പുറത്തേക്ക് പോകാനായി സ്പീഡ് ബോട്ടിൽ കയറി. ഒരാൾക്കു കൂടെയുള്ള സ്ഥലം ബോട്ടിലുണ്ടായിരുന്നു. ആരു വേണമെങ്കിലും തങ്ങളുടെ കൂടെ വന്നോട്ടെ എന്ന് നിലപാടിലായിരുന്നു അവർ. എന്നാൽ അവരുടെ കൂടെ യാത്ര ചെയ്യാൻ വന്ന മൂന്നാമനെ കണ്ടപ്പോൾ അറിയാതെ തന്നെ അവർ ഒന്ന് വിയർത്തുപോയി. കാരണം അത് ചിത്രത്തിൽ അഭിനയിക്കുന്ന നായയായിരുന്നു. നായ ബോട്ടിലേക്ക് ചാടിക്കയറി മൂന്നാം സ്ഥാനം ഉറപ്പിച്ചു. വിരണ്ടുപോയ അവരോട് നായയുടെ ട്രെയ്നർ, ഭയപ്പെടേണ്ടതില്ലായെന്ന് അറിയിച്ചു. അങ്ങനെ ആ ദിവസം അവരുടെ യാത്ര നായയോടൊപ്പമായിരുന്നു.
വരയനോടുള്ള പ്രേക്ഷകപ്രതികരണം
വരയന്റെ ട്രെയ്‌ലറും പാട്ടുകളും റിലീസ് ചെയ്തകഴിഞ്ഞു. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും വരയന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകർക്ക് വരയനിലെ കഥാപാത്രങ്ങളും ദൃശ്യങ്ങളും പാട്ടുകളുമെല്ലാം പുതിയൊരു അനുഭവമാണ്. “ഈ ചിത്രത്തിലെ ട്രെയ്‌ലറിനും പാട്ടുകൾക്കും ഒരു ‘wow’ ഫീലിംഗ് ഉണ്ടെന്നാണ് പ്രേക്ഷകർ പറഞ്ഞത്” – ഫാ. ഡാനി ലൈഫ്ഡേയോട് പങ്കുവെച്ചു.
അതുപോലെ ധാരാളം വിമർശനങ്ങളും ഈ ചിത്രത്തെക്കുറിച്ച് ഫാ. ഡാനി കേട്ടിട്ടുണ്ട്. ഈ ചിത്രത്തിലെ ഗാനരംഗത്തിൽ വൈദികൻ കള്ളുഷാപ്പിൽ പോകുന്നതും ചീട്ട് കളിക്കുന്നതുമായ ദൃശ്യങ്ങളുണ്ട്. ഇത് ഒരുപാട് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കാരണം സാധാരണ മനുഷ്യരുടെ ദൃഷ്ടിയിൽ വൈദികൻ കള്ളുഷാപ്പിൽ പോകുന്നതും ചീട്ട് കളിക്കുന്നതുമൊക്കെ തെറ്റല്ലേ. എന്നാൽ ഈ ഗാനരംഗത്തിൽ വൈദികൻ കള്ളുഷാപ്പിലേക്ക് കയറിയതല്ല, മറിച്ച് പെട്ടുപോകുന്നതാണെന്നാണ് ഫാ. ഡാനി പറയുന്നത്. കള്ളുഷാപ്പിൽ എത്തിപ്പെടുന്ന വൈദികൻ ഉടൻ തന്നെ കള്ളുകുടിക്കുന്നവരെ മാനസാന്തരപ്പെടുത്താനോ, അവരോട് സുവിശേഷം പറയാനോ അല്ല ശ്രമിക്കുന്നത്. കള്ളാണെന്നുപറഞ്ഞ് എന്ത് കലക്കിക്കൊടുത്താലും കുടിക്കുന്നവരോട് ഈ വൈദികൻ ആദ്യം പറയുന്നത്, ‘നിങ്ങൾ നല്ല കള്ളു കുടിക്ക്’ എന്നാണ്. അതുപോലെ ചീട്ട് കളിക്കുന്നവരുടെ കൂടെ അല്പസമയം ചിലവഴിച്ചിട്ട്, അവിടെ നിന്ന് പോകുന്നതിനു മുമ്പ് വൈദികൻ ഒരു കാര്യം ചെയ്യുന്നുണ്ട്. അടുത്തുള്ള ചുമരിൽ ഒരു ജോക്കറിന്റെ പടം വരച്ചിട്ട്, ചീട്ടുകളിക്കാരോട് പറയുന്നു: “തിരികെ വീട്ടിലേക്ക് ചെല്ലുമ്പോൾ കൈയ്യിൽ കാശില്ലെങ്കിൽ നിങ്ങളും ഒരു ജോക്കറാകും.”
ഈയൊരു വാചകം ശരിക്കും പറഞ്ഞാൽ അനാവശ്യമായി ചീട്ട് കളിച്ച് കാശു കളയുന്നവർക്കുള്ള ഒരു പാഠമല്ലേ. സ്വന്തം പ്രവർത്തികൾ കൊണ്ടോ, അശ്രദ്ധ കൊണ്ടോ മറ്റുള്ളവരുടെ മുന്നിൽ ജോക്കറാകരുത് എന്ന് അവരെ പഠിപ്പിക്കുകയല്ലേ. ക്രിസ്തുവിന്റെ ശൈലിയോട് ഒരുപാട് സാമ്യമുണ്ട് വരയനിലെ കപ്പൂച്ചിൻ അച്ചന്റെ ഇത്തരം പ്രവർത്തനങ്ങൾക്കും.
ഒരു തിരക്കഥാകൃത്ത് മാത്രമല്ല ഡാനിയച്ചന്‍
കൊല്ലം കണ്ടൻചിറ ഇടവകയിലെ ബെനഡിക്ട് – മേരി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ഡാനി ബെനഡിക്ട്. ഇന്ന് കപ്പൂച്ചിൻ സന്യാസ സമൂഹത്തിൽപെട്ട ഫാ. ഡാനി, സെന്റ് ഫ്രാൻസിസ് ഓഫ് അസീസി പ്രൊവിൻസ് അംഗമാണ്. 47- കാരനായ ഈ വൈദികൻ പൗരോഹിത്യം സ്വീകരിച്ചിട്ട് 17 വർഷം കഴിഞ്ഞു. ഇപ്പോൾ അദ്ദേഹം ഒരു വർഷമായി കൊല്ലം ജില്ലയിലെ അഞ്ചൽ പ്രദേശത്തെ ആശ്രമത്തിലാണ് താമസം. സന്യാസിനികൾക്കും വൈദികർക്കും അത്മായർക്കും ധ്യാനങ്ങൾ നടത്താറുണ്ട് ഈ വൈദികൻ.
ഒരേ സമയം എഴുത്തുകാരനായും ധ്യാനഗുരുവായും പ്രവർത്തിക്കുന്ന ഫാ. ഡാനി തുടർന്നും സിനിമകൾ ചെയ്യാന്‍ തന്നെയാണ് തീരുമാനം. കുടുംബചിത്രങ്ങളാണ് ഫാ. ഡാനി ഇനി ചെയ്യാൻ ഉദ്ദേശിക്കുന്നത്. എന്നാൽ സംവിധായകന്റെ കുപ്പായമണിയാൻ അദ്ദേഹത്തിനു താല്പര്യമില്ല. കാരണം തന്റെ വൈദികജീവിതത്തിനും ധ്യാനങ്ങൾക്കും അത് തടസമാകുമെന്നാണ് ഡാനിയച്ചന്‍ പറയുന്നത്.
ഐശ്വര്യ സെബാസ്റ്റ്യൻ