ലെബനോനിൽ കുരുങ്ങിയ ആയിരത്തോളം അഭയാർഥിത്തൊഴിലാളികൾ

“ഞാൻ ബോംബാക്രമണത്തിന്റെ ശബ്ദംകേട്ട് വളരെയധികം ഭയപ്പെട്ടു. ആ നിമിഷം എനിക്ക് എന്റെ കുട്ടിയെ എടുത്ത് ഓടിപ്പോകേണ്ടിവന്നു. എവിടേയ്‌ക്കെന്നറിയില്ല. മൂന്നുമാസം പ്രായം വരുന്ന കുഞ്ഞുമായി രണ്ടാഴ്ചയോളം ഞാൻ തെരുവിൽ കഴിഞ്ഞു. ഇപ്പോൾ സിയറ ലിയോണിൽനിന്നുള്ള മറ്റു 150 സ്ത്രീകൾക്കും ആറു കുട്ടികൾക്കുമൊപ്പം കഴിയുകയാണ്. ഇരുണ്ടതും നനഞ്ഞതുമായ കോൺക്രീറ്റ് വെയർഹൌസിന്റെ നിലത്ത് ഞങ്ങൾ മെത്തനിരത്തി അതിൽകിടക്കുന്നു. നൂറിലധികം ഫോണുകൾക്ക് ഒരു ചാർജിംഗ് പോയിന്റ് മാത്രമാണുള്ളത്. എന്റെ കുടുംബവുമായി ഞാൻ ബന്ധപ്പെട്ടിട്ട് ആഴ്ചകളായി. അവരിപ്പോൾ എന്നെയോർത്ത് ആശങ്കയിലായിരിക്കും” – ബെയ്‌റൂട്ടിൽ അഭയാർഥിത്തൊഴിലാളിയായി എത്തിയ സ്വരൈ എന്ന സ്ത്രീ പറയുന്നു.

ഇത് സ്വരൈയുടെ മാത്രം അനുഭവമല്ല. സ്വരൈയെപ്പോലെ ജോലിക്കായി ബെയ്‌റൂട്ടിൽ എത്തുകയും യുദ്ധം ആരംഭിച്ചപ്പോൾ മുതലാളിമാരാൽ ഉപേക്ഷിക്കപ്പെടുകയും ചെയ്യപ്പെട്ട അനേകം ജോലിക്കാരുടെ അനുഭവമാണിത്.

ഇസ്രായേലി വ്യോമാക്രമണത്തിന്റെ ആദ്യഘട്ടത്തിൽ സ്വരൈയെപ്പോലെതന്നെ അനേകായിരത്തോളം വരുന്ന തൊഴിലാളികളും അവരുടെ ഉടമസ്ഥരോട് സഹായം അഭ്യർഥിച്ചിരുന്നു. എന്നാൽ പലർക്കും സഹായം വാഗ്ദാനം ചെയ്തുവെങ്കിലും അവരെ കൂട്ടാനോ, സുരക്ഷിതസ്ഥാനത്ത് ആക്കാനോ ഉടമസ്ഥർ ആരുംതന്നെ എത്തിയില്ല.

ലെബനനിലെ മിക്ക കുടിയേറ്റത്തൊഴിലാളികളും രാജ്യത്തെ ‘കഫാല’ അല്ലെങ്കിൽ സ്പോൺസർഷിപ്പ് സംവിധാനത്തിനുകീഴിലാണ് ജോലിചെയ്യുന്നത്. ലെബനൻ, ജോർദാൻ, പല ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന ഈ സംവിധാനം ഒരു തൊഴിലാളിയെ ഒരു തൊഴിലുടമയുമായി സംയോജിപ്പിക്കുകയും ഈ പ്രക്രിയയിൽ അവരുടെ അവകാശങ്ങളും ഏജൻസിയും നീക്കംചെയ്യപ്പെടുകയും ചെയ്യുന്നു. തൊഴിലുടമ തൊഴിലാളിയുടെ പാസ്പോർട്ട് കൈവശം വയ്ക്കുന്നു. തൊഴിലുടമയ്ക്ക് അവരെ പിരിച്ചുവിടാൻ കഴിയുമെങ്കിലും അവർക്കൊരിക്കലും ജോലിയുപേക്ഷിക്കാൻ കഴിയില്ല.

2021-ലെ കണക്കനുസരിച്ച് ലെബനനിലെ കുടിയേറ്റ തൊഴിലാളികളിൽ 76% പേരും കുടിയേറ്റ വീട്ടുജോലിക്കാരിൽ 99% പേരും സ്ത്രീകളാണെന്ന് യു. എൻ. വിമൻ വ്യക്തമാക്കുന്നു. “കഫാല സമ്പ്രദായം ഒരു ആധുനിക അടിമത്തസമ്പ്രദായം പോലെയാണ്” – ഓക്സ്ഫാമിന്റെ പ്രാദേശിക മാനുഷികനയ ഉപദേഷ്ടാവ് നൂർ ഷവാഫ് പറഞ്ഞു.

കുടിയേറ്റക്കാരുടെ പാസ്പോർട്ട് എടുത്ത തൊഴിലുടമകൾ ഇന്ന് ജോലിക്കാർക്ക് രേഖകളൊന്നും അവശേഷിപ്പിക്കാത്തതിനാൽ അവർ രാജ്യത്ത് കുടുങ്ങിക്കിടക്കുകയാണ്. പോകാൻ തീരുമാനിച്ചാൽപ്പോലും, അവർക്കുപോകാൻ നിയമപരമായ രേഖകളില്ല. ലെബനനിലുടനീളം ഇസ്രായേൽ സൈന്യത്തിന്റെ ബോംബാക്രമണം ശക്തമാകുമ്പോൾ, നിരവധി കുടിയേറ്റ ഗാർഹികതൊഴിലാളികളെ അവരുടെ തൊഴിലുടമകൾ ഉപേക്ഷിച്ചു; സ്വയരക്ഷയ്ക്കായി വീടുകളിൽനിന്ന് ഇറങ്ങി ഓടേണ്ടതായുംവന്നു.

“സാധനങ്ങൾക്കായി സൂപ്പർമാർക്കറ്റിൽ പോകുകയാണെന്നും ഉടൻതന്നെ തിരിച്ചെത്തുമെന്നും അവർ പറഞ്ഞു. എന്നാൽ, അവർ ഒരിക്കലും തിരികെവന്നില്ല” -പേരുപറയാൻ മടിച്ച ഒരു ജോലിക്കാരി വെളിപ്പെടുത്തി. മറ്റു പലരെയുംപോലെ ഇരുപതു വയസോളം പ്രായമുള്ള ഒരു യുവതി, ബെയ്റൂട്ടിലെ തെരുവുകളിൽ അഭയംതേടാൻ നിർബന്ധിതയായി. നടപ്പാതകളിലും പാർക്കുകളിലും പൊതു കടൽത്തീരത്തും ഉറങ്ങി. ഒടുവിൽ അഭയകേന്ദ്രത്തിലേക്ക് എത്തിയപ്പോഴാണ് ഈ യുവതിക്ക് അല്പം ആശ്വാസമായത്.

സിയറ ലിയോണിൽനിന്നുള്ള മറ്റൊരു കുടിയേറ്റ വീട്ടുജോലിക്കാരി അവിടെനിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനുമുൻപ്, യുദ്ധത്തിന്റെ സാഹചര്യത്തിലും, വീട്ടിൽ നിന്നുകൊണ്ട് ഉടമയുടെ വീടിനെ പരിപാലിക്കാൻ ആവശ്യപ്പെട്ടത് ഏറെ വേദനയോടെയാണ് ഓർക്കുന്നത്. ഇങ്ങനെ കുടുങ്ങിക്കിടക്കുന്ന ഓരോ കുടിയേറ്റ ജോലിക്കാർക്കും അനേകം കാര്യങ്ങൾ പറയാനുണ്ട്. യുദ്ധത്തിന്റെ നിഴലിൽ കുട്ടികളെയും ചേർത്തുപിടിച്ച് ചോർന്നൊലിക്കുന്നതോ, ഇടിഞ്ഞുവീഴാറായതോ ആയ കെട്ടിടത്തിൽ കഴിയുകയാണ് ഇവർ. രക്ഷപെടുമെന്ന് ഒരു പ്രതീക്ഷയുമില്ല ഇവർക്ക്. സഹായം യാചിക്കാൻ ഇടമില്ലാതെ മരണത്തെ പ്രതീക്ഷിച്ചിരിക്കുകയാണ് ഇവർ.

മരിയ ജോസ്

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.