ഇസ്ലാമിൽനിന്ന് നിരീശ്വരവാദത്തിലേക്കും പിന്നീട് കത്തോലിക്കാ സഭയിലേക്കും: തുർക്കിയിൽനിന്നുള്ള ഒരു യുവതിയുടെ വിശ്വാസയാത്ര

61 വർഷം മുമ്പ് തുർക്കിയിലെ ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ച ബെൽകിസ്, അവളുടെ മാതാപിതാക്കൾക്ക് രണ്ട് ആൺമക്കൾക്കുശേഷമുള്ള ആദ്യത്തെ പെൺകുട്ടിയായിരുന്നു. കുട്ടിക്കാലത്ത്, ഇസ്ലാം മതവിശ്വാസിയായിരുന്ന അവൾ അറബിയിൽ ഖുറാൻ വായിക്കുമായിരുന്നു. എന്നാൽ അവൾക്ക് അതൊന്നും മനസിലായില്ല. ചെറുപ്പത്തിൽ ഭൗതികവാദ തത്വശാസ്ത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചതിനുശേഷം 15-ാം വയസിൽ അവൾ നിരീശ്വരവാദിയായും പിന്നീട് കത്തോലിക്കാ വിശ്വാസിയായിയും മാറി. തുടർന്നു വായിക്കുക.

ബെൽകിസ് (സ്വകാര്യത മാനിച്ച് മുഴുവൻ പേര് വെളിപ്പെടുത്തുന്നില്ല) യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദം നേടിയശേഷം ഒരു സാഹിത്യ അധ്യാപികയായി. പിന്നീട് അവൾ നിരന്തരം പുസ്തകങ്ങൾ വായിച്ചുതുടങ്ങി. അവൾക്ക് 28 വയസുള്ളപ്പോഴാണ് ടുറാൻ ദുർസന്റെ ‘ഇതാണ് മതം’ എന്ന പുസ്തകം ബെൽകിസ് വായിക്കുന്നത് (മുൻ ഷിയാ മുസ്ലീമും പണ്ഡിതനുമായ ദുർസുൻ, ഇസ്‌ലാമിനെയും മതത്തെയും കുറിച്ച് എഴുതിയതിന്റെപേരിൽ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ പുസ്തകം മതഗ്രന്ഥങ്ങളെ, പ്രധാനമായും ഖുറാനെ വിമർശിക്കുന്നു.)

ബെൽകിസിന് അവൾ വായിച്ചത് വിശ്വസിക്കാൻ കഴിഞ്ഞില്ല. അതിനാൽ അവൾ ഒരു തുർക്കിഷ് ഖുറാൻ വാങ്ങി അത് വായിച്ചു. പിന്നീട് ഇസ്മിർ ബുക്ക് ഫെയറിൽനിന്ന്  ഒരു ബൈബിൾ വാങ്ങി വായിച്ചു. ഈ കാലയളവിൽത്തന്നെ ഒരു പ്രൊട്ടസ്റ്റന്റ്  പള്ളിയിൽ ലൂക്കായുടെ സുവിശേഷത്തെ അടിസ്ഥാനമാക്കിയുള്ള യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു സിനിമ കാണാൻ അവൾ ക്ഷണിക്കപ്പെട്ടു.

സിനിമ കണ്ടപ്പോൾ ദൈവത്തെക്കുറിച്ചുള്ള അവളുടെ കാഴ്ചപ്പാടുകൾ ആകെ മാറി. ചുങ്കക്കാരന്റെയും ഫരിസേയന്റെയും ദൈവാലയത്തിലെ പ്രാർഥനയാണ് അവളെ ഏറ്റവുമധികം സ്പർശിച്ച ബൈബിളിലെ ഉപമ. ആ ഉപമയിലൂടെ അവൾ സ്വന്തം ജീവിതത്തെ നോക്കിക്കണ്ടു. കാരണം, ഫരിസേയനെപ്പോലെ അവൾ സ്വന്തം നീതിയിൽ വളരെ ആത്മവിശ്വാസമുള്ളവളായിരുന്നു. അവൾക്ക് ആദ്യമായി ദൈവമുമ്പാകെ നിൽക്കാൻ നാണക്കേട് തോന്നി. “നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക” എന്ന വാക്യം അവളുടെ വഴികാട്ടിയായി. സിനിമ കണ്ടുകഴിഞ്ഞപ്പോൾ ബെൽകിസ് പൂർണ്ണഹൃദയത്തോടെ പ്രാർഥിച്ചു: “കർത്താവേ, ദയവായി എന്റെ ജീവിതത്തിലേക്കു വരൂ. ഞാൻ എന്റെ ജീവിതം അങ്ങളുടെ കൈകളിൽ ഏല്പിക്കുന്നു. അങ്ങ് ആഗ്രഹിക്കുന്നതുപോലെ എന്നോടു ചെയ്യുക!”

അതിനുശേഷം, അവൾ എല്ലാ ഞായറാഴ്ചയും പ്രൊട്ടസ്റ്റന്റ് പള്ളിയിൽ പോകുകയും പതിവായി ബൈബിൾ വായിക്കുകയും പ്രാർഥനായോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. അങ്ങനെ അവൾ സ്നാനമേറ്റു, ദൈവവുമായി ജീവനുള്ള ഒരു ബന്ധത്തിൽ സന്തോഷത്തോടെ ജീവിച്ചു.

2005-ലെ ഒരു ഞായറാഴ്ച പള്ളിയിലെ ശുശ്രൂഷയിൽ, കർത്താവിന്റെ മേശയിൽ അപ്പവും വീഞ്ഞുമെടുക്കുന്ന ഒരു ചെറുപ്പക്കാരൻ അപ്പമെടുത്ത്, പുറംതോട് വായിൽവച്ച്, അപ്പത്തിന്റെ ഉള്ളം കൈപ്പത്തിയിൽ ഞെക്കി. ബെൽകിസിന് ഇതുകണ്ടപ്പോൾ അസ്വസ്ഥത തോന്നി. കാരണം, കർത്താവിന്റെ ശരീരത്തിനു മുറിവേറ്റതായി അവൾക്കുതോന്നി. അവൾ ഒരു പ്രൊട്ടസ്റ്റന്റ് സുഹൃത്തിനോട് അതിനെക്കുറിച്ചു സംസാരിച്ചു. അത് ശരിയാണെന്ന് അവൻ തന്നോടു പറഞ്ഞതായി അവൾ പറഞ്ഞു. കാരണം, “ഇത് യഥാർഥത്തിൽ കർത്താവിന്റെ ശരീരമല്ല, ഞങ്ങൾ അത് സ്മരണയ്ക്കായി ചെയ്യുന്നു; അത് ക്രിസ്തുവിന്റെ ശരീരമാണെന്ന് കത്തോലിക്കർ വിശ്വസിക്കുന്നു.”

അത് അവളെ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് കൂടുതൽ അറിയാൻ പ്രേരിപ്പിച്ചു. അതിനുശേഷം അവൾ കത്തോലിക്കാ സഭയെ തേടിയെത്തി. അന്നുമുതൽ കത്തോലിക്കയായി. മതബോധന ക്ലാസുകളിൽ പങ്കെടുത്തശേഷം, 2011 ഏപ്രിൽ 25-ന് അവൾ കത്തോലിക്ക വിശ്വാസിയായി മാറി. കൂടാതെ, അവളുടെ ജനനസർട്ടിഫിക്കറ്റിലെ മതം മുസ്ലീം എന്നായിരുന്നത് ക്രിസ്ത്യൻ എന്നാക്കി മാറ്റി.

ഒരു ക്രിസ്ത്യാനി എന്ന നിലയിൽ പീഡനത്തെ ഭയപ്പെടുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ ബെൽകിസ് പുഞ്ചിരിച്ചു: “യേശുവിനെ ഒറ്റിക്കൊടുത്തപ്പോൾ അവന്റെ ശിഷ്യനായ പത്രോസ് യേശുവിനെ മൂന്നുപ്രാവശ്യം നിഷേധിച്ചു. കാരണം, അവൻ ഭയപ്പെട്ടു. എന്നാൽ, അതേ പത്രോസ് പരിശുദ്ധാത്മാവിനെ സ്വീകരിച്ചശേഷം ജറുസലേമിൽനിന്ന് റോമിലേക്ക് സുവിശേഷം പ്രചരിപ്പിച്ചു. ക്രൂശിക്കപ്പെടാൻ പോകുമ്പോൾ, ‘കർത്താവേ, അങ്ങയെപ്പോലെ മരിക്കാൻ ഞാൻ യോഗ്യനല്ല’ എന്നു പറഞ്ഞ്, തലകീഴായി ക്രൂശിക്കപ്പെട്ടു.”

തന്റെ വിശ്വാസയാത്രയിൽ താൻ അന്വേഷിച്ചത് ബൈബിളിൽ കണ്ടെത്തിയെന്ന് ബെൽകിസ് പറഞ്ഞു: “സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം” (ഗലാ 5: 22-23).

“ദൈവം നമുക്കെല്ലാവർക്കും ഒരു നിധി വാഗ്ദാനം ചെയ്യുന്നു. നാം ചെയ്യേണ്ടത് അത് അംഗീകരിക്കുക എന്നതാണ്. ഞാൻ ദൈവത്തെ തെരഞ്ഞെടുത്തില്ല; അവൻ എന്നെ തെരഞ്ഞെടുത്തു. ക്രിസ്തുവിശ്വാസത്തിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് കർത്താവായ യേശുവിന് നമ്മോടുള്ള അനന്തമായ സ്നേഹമാണ്. ഞാൻ എന്റെ ഏറ്റവും നല്ല സുഹൃത്തിനെയും എന്റെ ഏറ്റവും സുന്ദരനായ കാമുകനെയും കണ്ടെത്തി” –  ബെൽകിസ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.