പതിനാലാം വയസ്സുമുതൽ വീൽചെയറിൽ ആണ് ജീവിതമെങ്കിലും നിക്കോളാസ് റെംഗഡെ പറയും ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ താനാണെന്ന്. മൾട്ടിപ്പിൾ സ്ക്ലിറോസിസ് രോഗബാധിതനായ നിക്കോളാസിനെ ഒരു പ്രാവശ്യം കണ്ടാൽ ആരും അത്രപെട്ടെന്ന് മറക്കില്ല. അത്രമാത്രം പ്രസന്നവദനനും നന്ദിയുള്ളവനുമായാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽപോലും പരാതിപ്പെടുന്ന നാം അറിയേണ്ട ജീവിതമാണ് 30 വയസ്സുവരെ മാത്രമേ ജീവിക്കൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയ നിക്കോളാസിന്റെ ജീവിതം. തുടർന്ന് വായിക്കുക.
ബുദ്ധിമുട്ടേറിയ ബാല്യകാലം
ദൈവവിശ്വാസമുള്ള ഒരു കുടുംബത്തിലാണ് നിക്കോളാസ് ജനിച്ചത്. എങ്കിലും അവന്റെ ജീവിതം അത്ര എളുപ്പമായിരുന്നില്ല. എട്ടര വയസ്സുള്ളപ്പോൾ നിക്കോളാസിന് ഡുചെൻ എന്ന ഒരു ജനിതകരോഗം കണ്ടെത്തി. മുപ്പത് വയസ്സുവരെ മാത്രമേ നിക്കോളാസ് ജീവിച്ചിരിക്കുകയുള്ളൂ എന്ന് ഡോക്ടർമാർ വിധിയെഴുതി. ഏതാനും മാസങ്ങൾക്കുശേഷം, മാതാപിതാക്കളുടെ വിവാഹമോചന വാർത്തയും കൂടി അറിഞ്ഞപ്പോൾ ചെറിയ കുട്ടിയായിരുന്ന നിക്കോളാസിനെ അത് സാരമായി ബാധിച്ചു. മൂന്ന് വയസ്സ് മുതൽ ഒൻപത് വയസുവരെ ജപ്പാനിൽ ആണ് അവൻ വളർന്നത്.
ഒൻപതാം വയസ്സിൽ ഫ്രാൻസിലേക്ക് മടങ്ങിയ നിക്കോളാസിന് ക്രമേണ നടക്കാനുള്ള ശേഷി നഷ്ടപ്പെട്ടു തുടങ്ങി. 2015 ആയപ്പോഴേക്കും നടക്കാനേ കഴിയാത്ത അവസ്ഥയിൽ അവൻ എത്തി. അതേ വർഷം തന്നെ അദ്ദേഹത്തിന് ഹൃദയാഘാതവും ഉണ്ടായി. എന്നാൽ, ഇവയൊന്നും അവനെ തളർത്തിയില്ല. ഹൈസ്കൂൾ കാലത്ത് ഫ്രഞ്ച് മയോപ്പതി അസോസിയേഷനുമായി ഇടപഴകി. സംഗീതത്തിലും അഭിനയത്തിലും ഉള്ള തന്റെ കഴിവ് തെളിയിച്ചു. സാധ്യമായ എല്ലാ കായിക ഇനങ്ങളും (ടെന്നീസ്, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്…) അവൻ പ്രാവീണ്യം നേടി.
തന്റെ ജീവിതം അവസാനിക്കാറായെന്ന് അറിയാവുന്ന നിക്കോളാസ് അത് പരമാവധി പ്രയോജനപ്പെടുത്തുവാനാണ് ശ്രമിക്കുന്നത്. ” എന്റെ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്നതിനാൽ ഇനിയും ജീവിക്കാൻ എനിക്ക് വളരെ ആഗ്രഹമാണ്.” നിക്കോളാസ് പറയുന്നു.
2023 ഏപ്രിലിൽ, നിക്കോളാസിന് തന്റെ കാഴ്ചശക്തിയും നഷ്ടപ്പെട്ടു. അതെ തുടർന്ന് ആശുപത്രിയിലാക്കി നിരവധി പരിശോധനകൾ നടത്തി. ഒടുവിൽ അദ്ദേഹത്തിന് മൾട്ടിപ്പിൾ സ്ക്ലിറോസിസ് ഉണ്ടെന്ന് കണ്ടെത്തി.
“എനിക്ക് 60 ദശലക്ഷത്തിൽ ഒരാൾക്ക് വന്നേക്കാവുന്ന രണ്ട് രോഗങ്ങൾ ഉണ്ട്. എന്നാൽ ഇപ്പോഴും ജീവിതം എനിക്ക് തന്ന ദൈവത്തോട് ഞാൻ നന്ദിയുള്ളവനാണ്. എന്റെ അരികിൽ സ്നേഹവാനായ നല്ല ഒരു പിതാവ്, കുടുംബം, നല്ല സുഹൃത്തുക്കൾ എല്ലാമുണ്ട്. ദൈവം എപ്പോഴും എന്റെ അരികിലുണ്ടെന്ന് അറിയാനുള്ള ഭാഗ്യം അതിലൂടെയെല്ലാം എനിക്ക് ലഭിച്ചു.”
നിക്കോളാസിന്റെ ദൈവവിശ്വാസം, അവന്റെ മനസ്സിനെ കൂടുതൽ ശക്തിപ്പെടുത്തി. 16 -മത്തെ വയസ്സിൽ ലൂർദിൽ പോയി കുമ്പസാരിക്കുന്ന സമയംവരെ പേരിന് മാത്രം കത്തോലിക്കാ വിശ്വാസിയായിരുന്നു അദ്ദേഹം. അന്നുമുതൽ എല്ലാ വർഷവും ലൂർദിൽ പരിശുദ്ധ അമ്മയുടെ പക്കൽ അദ്ദേഹം പോകും.
“എന്റെ ഹൃദയം മുഴുവനും നിറഞ്ഞ സ്നേഹ സാന്നിധ്യം എനിക്ക് അനുഭവപ്പെട്ടു. എന്റെ ഉള്ളിൽ വളരെയധികം സന്തോഷം ഉണ്ടായിരുന്നു. എന്റെ ജീവിതത്തിന്റെ സൗന്ദര്യത്തെ ഓർത്ത് ഞാൻ പുഞ്ചിരിക്കുന്നു. ഓരോരുത്തർക്കും അവരുടേതായ ബലഹീനതകളുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനാൽ എനിക്ക് ആരോടും ഒന്നിനെക്കുറിച്ചും പരാതിയില്ല.” നിക്കോളാസ് തന്റെ സന്തോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു.
“മറ്റുള്ളവരെ സഹായിക്കുക എന്നത് എനിക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആദ്യം, ഞാൻ എന്റെ അഭിമാനം പണയപ്പെടുത്തി എല്ലാവരോടും സഹായം ചോദിച്ചിരുന്നു. ഇപ്പോൾ മറ്റുള്ളവരെ സഹായിക്കുവാൻ സാധിക്കുന്ന ഒരു സന്ദർഭവും ഞാൻ നഷ്ടപ്പെടുത്താറില്ല” അദ്ദേഹം പറയുന്നു.
ഈ തിരിച്ചറിവ് നിക്കോളാസിന്റെ ജീവിതവിളി തിരിച്ചറിയുന്നതിലേക്ക് അവനെ നയിച്ചു. നിയമപഠനം പൂർത്തിയാക്കിയ നിക്കോളാസ് ബുദ്ധിമുട്ടുകളിൽ കുടുങ്ങിപ്പോയവരെ അല്ലെങ്കിൽ അവരുടെ വഴി കണ്ടെത്താൻ പാടുപെടുന്നവരെ സഹായിക്കുവാൻ ശ്രമിക്കുന്നു. “നാം എന്താണെന്നും ലോകം നമുക്ക് നൽകുന്നതിനെക്കുറിച്ചും നമുക്ക് നന്ദിയുള്ളവരായിരിക്കാം” നിക്കോളാസ് പറയുന്നു.
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ