ദൈവത്തെ സഹായിക്കുമ്പോൾ ദൈവം സഹായത്തിനെത്തും; വെന്റിലേറ്ററിൽ നിന്നും ഒരു വിശ്വാസ സാക്ഷ്യം

പാവങ്ങളെ സ്നേഹിച്ചും ശുശ്രൂഷിച്ചും അവർക്കുവേണ്ടി മുപ്പത്തഞ്ചു വർഷങ്ങൾ ചിലവഴിച്ച സിസ്റ്റർ, ഡോക്ടർമാർക്ക് ഒന്നും ചെയ്യാനാവാതെ ദിവസങ്ങളോളം വെന്റിലേറിൽ കിടന്നു. കർണാടക ഇലക്ഷന് വരുമ്പോൾ പ്രൊവിൻഷ്യൽ അമ്മയായ മരിയാമ്മയെ കാണാമല്ലോ എന്ന സന്തോഷത്തിലായിരുന്നു ഞാൻ. എന്നാൽ, സിസ്റ്ററിന് പെട്ടെന്ന് അസുഖം കൂടുതലായി. വെല്ലൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റാക്കി. മാത്രമല്ല പെട്ടെന്ന് വെന്റിലേറ്ററിലേക്കും മാറ്റി.

വോട്ടു ചെയ്ത് കഴിഞ്ഞ ഏപ്രിൽ മാസം അവസാനം ഞാനും മറ്റ് സഹോദരിമാർക്ക് ഒപ്പം ഒന്ന് കാണാൻ ഓടിച്ചെന്നു. “ഒന്ന് കണ്ണ് തുറക്ക് മരിയാമ്മേ, ഒന്ന് സംസാരിക്കൂ സിസ്റ്റർ…” പക്ഷെ, അമ്മ മിണ്ടിയില്ല. ആ വെന്റിലേറ്റർ വാർഡിലെ എല്ലാവരേയും ഒന്ന് ഓടിച്ചു നോക്കി. ആർക്കും ചലനങ്ങൾ ഇല്ല. യന്ത്രങ്ങളുടെ യാന്ത്രിക ശബ്ദങ്ങൾ മാത്രം. നേഴ്‌സുമാരും ഒന്നും പറയുന്നില്ല. കിട്ടിയ ഒരേ ഒരു മിനിട്ട് നഷ്ടപ്പെടുത്തരുതല്ലോ. കയ്യിലും കവിളിലും ഒക്കെ പിടിച്ചു. തണുപ്പാണ്! മരിയാമ്മേ, ഇനി ഞാൻ വരില്ല. ഒന്ന് നോക്കിക്കേ. കൂടെ വന്ന റോസമ്മയും പലതവണ പേര് വിളിച്ചു. മറുപടി വൈകും തോറും കണ്ണുകൾ നിറഞ്ഞൊഴുകി. ‘സമയം കഴിഞ്ഞു’ എന്നാരോ പറഞ്ഞപ്പോൾ ഒന്നൂടെ നോക്കി. തിരിഞ്ഞുനടക്കുന്ന വേളയിലും പിന്തിരിഞ്ഞ് വെള്ളയിൽ പൊതിഞ്ഞ ആ നിശ്ചലശരീരത്തെ നോക്കി. ‘പറഞ്ഞതൊക്കെ കേട്ടുകാണും’ അങ്ങിനെ അല്ലെ ട്രോമയിൽ ഉള്ളവരെ കുറിച്ച് പോലും പറയുന്നത്.

പ്രിയപ്പെട്ടവർ ഒക്കെ പ്രാർഥനയും കണ്ണീരുമായി കാത്തിരുന്നു. ഒരാഴ്ച്ചയ്ക്കുശേഷം വെല്ലൂരിലെ ഡോക്ടർമാർ പറഞ്ഞു “സി. മരിയ ഈസ് നോ മോർ” ഇത് പറഞ്ഞു കഴിഞ്ഞ് ഡോക്ടർമാർ സി.പി. ആറോ എന്തോ കൊടുത്തുവെന്ന് പറഞ്ഞു. സിസ്റ്റർ പെട്ടെന്ന് കണ്ണു തുറന്നു. ഡോക്ടർമാരുടെ കണ്ണു തള്ളി! പുറത്തുനിന്ന സിസ്റ്റേഴ്‌സിനെ വിവരമറിയിച്ചപ്പോൾ സന്തോഷം കൊണ്ട് കണ്ടവരുടെയും, കേട്ടവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. ആ ഡോക്ടർമാർ സിസ്റ്റർ മരിയയുടെ കൈകൾ മുത്തി പറഞ്ഞു”- ഒരു വിശുദ്ധയായ സിസ്റ്റർ ആണിത്” ഞങ്ങൾ ഇങ്ങനെ ഒരു അദ്ഭുതം ഇതുവരെ കണ്ടിട്ടില്ല.

പിന്നെ ഒരുമാസം അവധി കഴിഞ്ഞ് കണ്ണൂരിൽ നിന്നും കാട്പാടി വഴി തിരിച്ചു പോകുമ്പോൾ, ഞാൻ ഒരു ദിവസം മുമ്പേ ഇറങ്ങി സിസ്റ്ററിനെ കാണാൻ ചെന്നു. കട്ടിലിൽ ഇരുന്ന് ഒരു കൈകൊണ്ടുതാങ്ങി ബൈബിൾ വായിക്കുകയായിരുന്നു. എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു. കാരണം, കൈകളുടെ മസിലുകൾക്ക് ശക്തി വന്നിട്ടില്ല. വളരെ ദുർബലമായ, ക്ഷീണിച്ച ശരീരം. കാൽപാദങ്ങൾ പൊട്ടി, തൊലി ഉരിഞ്ഞു പോയിരിക്കുന്നതിനാൽ നിലത്തുകുത്താൻ പറ്റുന്നില്ല. ആ അവസ്ഥയിലും കൈകളിൽ വിശുദ്ധ ബൈബിൾ ആണ്. എത്ര വലിയ ദൈവഭക്തി!

മഹാരാഷ്ട്രയിൽ 21 വർഷങ്ങൾ. പിന്നെ ഗുജറാത്തും, തമിഴ്നാടും ഉള്ള പാവങ്ങളെ സ്നേഹിച്ചും ശുശ്രൂഷിച്ചും കൂടെ ഉള്ള സിസ്റ്റേഴ്സിനെ നന്നായി പരിഗണിച്ചും അവർക്കു വേണ്ടി മുപ്പത്തഞ്ചു വർഷങ്ങൾ ചിലവഴിച്ചപ്പോൾ, ഡോക്ടർമാർക്ക് ഒന്നും ചെയ്യാനാവാതെവന്ന ദിവസങ്ങളിൽ ദൈവം ഡോക്ടറായി വെന്റിലേറിൽ കടന്നു വന്നു. ദൈവത്തെ സഹായിക്കുമ്പോൾ ദൈവം സഹായത്തിനെത്തും. തീർച്ച!

സി. സോണിയ കെ. ചാക്കോ DC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.