13-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ മിസ്‌റ്റിക്കും അഗസ്തീനിയൻ പുരോഹിതനുമായിരുന്നു ടോലെന്റിനോയിലെ വി. നിക്കോളാസ്. ഈ വിശുദ്ധൻ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ പ്രത്യേക മധ്യസ്ഥൻ ആണ്. സെപ്റ്റംബർ പത്തിനാണ് അദ്ദേഹത്തിന്റെ തിരുനാൾ ദിനം.
1245-ൽ മധ്യ ഇറ്റാലിയൻ പ്രദേശമായ മാർച്ചെയിലാണ് നിക്കോളാസ് ജനിച്ചത്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ മാതാപിതാക്കൾ വലിയ ഭക്തരായിരുന്നു. ഇടവകയിൽ നിന്നുള്ള ഒരു അഗസ്തീനിയൻ പുരോഹിതന്റെ പ്രസംഗത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നിക്കോളാസ് കൗമാരപ്രായത്തിൽ അഗസ്തീനിയൻ സെമിനാരിയിൽ ചേർന്നു. ഏഴുവർഷത്തെ പഠനങ്ങൾക്ക് ശേഷം അദ്ദേഹം പുരോഹിതനായി.
പുരോഹിതനായി അഭിഷിക്തനായി താമസിയാതെ തന്നെ ഒരു പ്രസംഗകനെന്ന നിലയിൽ അദ്ദേഹം പ്രശസ്തി നേടി. പ്രസംഗിക്കാനുള്ള കഴിവും സൗമ്യമായ സ്വഭാവവും പ്രദേശത്തെ രാഷ്ട്രീയ തർക്കങ്ങളിൽ പോലും സമാധാനപരമായ പരിഹാരം കാണാൻ അദ്ദേഹത്തെ പ്രാപ്തനാക്കി. 30 വയസ്സുള്ളപ്പോൾ, നിക്കോളാസിന് തന്റെ ജന്മനാട്ടിൽ നിന്ന് ഏകദേശം 15 മൈൽ അകലെയുള്ള ടൊലെന്റിനോ എന്ന സമൂഹത്തിലേക്ക് പോകാൻ പ്രചോദനമുണ്ടായി. 30 വർഷം അദ്ദേഹം ടൊലെന്റിനോയിൽ ചെലവഴിച്ചു, അവിടെ അദ്ദേഹം മിക്കവാറും എല്ലാ ദിവസവും പ്രസംഗിച്ചു.
ശുദ്ധീകരണസ്ഥലത്തെ കുറിച്ചുള്ള ദർശനങ്ങൾ
അവിടെയായിരുന്നപ്പോൾ ശുദ്ധീകരണസ്ഥലത്തെ കുറിച്ചുള്ള ദർശനങ്ങൾ നിക്കോളാസിന് ലഭിച്ചു തുടങ്ങി. പ്രത്യേകിച്ചും ഈ ദർശനങ്ങൾ ലഭിച്ചിരുന്നത് നോമ്പിന്റെ അവസരത്തിലായിരുന്നു. ഈ ദർശനങ്ങൾക്ക് ശേഷം, അദ്ദേഹത്തിന്റെ ആത്മീയശ്രദ്ധ കൂടുതലും കേന്ദ്രീകരിച്ചിരുന്നത് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടിയിട്ടായിരുന്നു. ജീവിച്ചിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ ശുശ്രൂഷാ കൂടുതലും നൽകിയിരുന്നത് സഭയിൽ നിന്ന് അകന്നുപോയ വ്യക്തികൾക്കും.
നിക്കോളാസ് ദീർഘനാളായി ഒരു രോഗബാധിതനായിരുന്നു. അങ്ങനെ 1305 സെപ്റ്റംബർ പത്തിന് 60-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ടൊലെന്റിനോയിലെ ബസിലിക്ക ഡി സാൻ നിക്കോളയിലെ വി. നിക്കോളാസിന്റെ ദൈവാലയത്തിൽ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്തിരിക്കുന്നു.
ആദ്യത്തെ അഗസ്റ്റിനിയൻ വിശുദ്ധൻ
നിക്കോളാസിന്റെ മരണത്തിന് തൊട്ടുപിന്നാലെ, അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. കൂടാതെ നിരവധി അത്ഭുതങ്ങൾ അദ്ദേഹത്തിന്റെ മാധ്യസ്ഥം വഴി ലഭിച്ചു.
1446 ജൂൺ 5-ന് യൂജിൻ നാലാമൻ മാർപാപ്പ നിക്കോളാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. അങ്ങനെ വി. നിക്കോളാസ് വിശുദ്ധപദവി ലഭിച്ച ആദ്യത്തെ അഗസ്തീനിയൻ സന്യാസിയായി. 1884-ൽ ലിയോ പതിമൂന്നാമൻ മാർപാപ്പ നിക്കോളാസിനെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചു.
സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ