റോമിലെ സാൻ ജോസ് മരിയ എസ്ക്രിവ ഇടവകയിൽ ഒരു പുരോഹിതനുണ്ട്. അൽവാരോ ഗ്രാനാഡോസ് ടെംസ് എന്നാണ് ആ പുരോഹിതന്റെ പേര്. തലച്ചോറിലെയും സുഷുമ്നയിലെയും നാഡീകോശങ്ങളെ അപചയത്തിലേക്ക് നയിക്കുന്ന അപൂർവ രോഗമായ അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (എ. എൽ. എസ്) ബാധിതനായ അദ്ദേഹം ഇന്ന് ശരീര ചലനം നഷ്ടപ്പെട്ട് വീൽ ചെയറിനെ അഭയം പ്രാപിച്ചിരിക്കുന്നെങ്കിലും ഇടവകയിലെ ശുശ്രൂഷകളിൽ സജീവനാണ്. രോഗത്തിന്റെ ഫലമായി സ്വാഭാവിക വസനപ്രക്രിയ പോലും താറുമാറായെങ്കിലും അദ്ദേഹം ഇന്നും ഇടവക ജനങ്ങൾക്ക് വേണ്ടി ബലിയർപ്പിച്ചും അവർക്കുവേണ്ടി കൂദാശകൾ പരികർമ്മം ചെയ്തും തന്റെ അനുഭവങ്ങൾ പങ്കുവച്ചും ഏകദേശം ഒമ്പതുമണിക്കൂറോളം ഇടവക ജനത്തോടൊപ്പം ചെലവഴിക്കുന്നു. ചെറിയ ശാരീരിക പ്രശ്നങ്ങളിൽ പോലും അസ്വസ്ഥരാകുന്ന നമുക്ക് ഈ പുരോഹിതന്റെ ജീവിതം മാതൃകയാകട്ടെ.
‘അവർക്കെന്നെ വേണം’
“അവരെന്നെ ആത്മാർഥമായി സ്നേഹിക്കുന്നു. ചിലർ എന്റെ അടുത്ത് കുമ്പസാരിക്കാൻ വരുന്നു. മറ്റുചിലർ ആത്മീയ കാര്യങ്ങളെക്കുറിച്ചും കുടുംബപരമായ പ്രതിസന്ധികളെ കുറിച്ചും എന്നോട് സംസാരിക്കുന്നു. വേറെ ചിലർ എന്നോട് സ്നേഹപൂർവ്വം സംസാരിക്കുകയും എനിക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു” തന്റെ ഇടവക ജനങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളിൽ തന്റെ അജഗണത്തോടുള്ള ബന്ധം വ്യക്തമാണ്. ഇടവക ജനങ്ങളോട് സംവദിക്കുന്ന വേളകളിലൊക്കെയും തന്നെ വിലമതിക്കുന്ന ഒരു ഇടവക ജനത്തെയാണ് അദ്ദേഹത്തിന് കാണാൻ കഴിഞ്ഞിട്ടുള്ളത്. “നമ്മെ ഭാരമായി കരുതാത്ത ആളുകൾ നമുക്കുചുറ്റും ഉണ്ടെങ്കിൽ മാത്രമേ ഏത് രോഗവും നന്നായി സ്വീകരിക്കാൻ കഴിയൂ എന്ന് ഞാൻ വിശ്വസിക്കുന്നു” എന്നാണ് ഫാ. അൽവാരോയുടെ വാക്കുകൾ.
രോഗികൾക്കുള്ള സുവിശേഷം
“ഞാനൊരു രോഗിയായതുകൊണ്ടുതന്നെ രോഗമുള്ള മറ്റു വ്യക്തികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ എനിക്ക് എളുപ്പമുണ്ട്” എന്ന തിരിച്ചറിവിൽ രോഗം തളർത്തിയ ശരീരത്തോട് കൂടെ പ്രചോദനാത്മകമായ വീഡിയോ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ‘രോഗികൾക്കുള്ള സുവിശേഷം’ എന്ന പേരിൽ സന്ദേശങ്ങൾ പ്രസിദ്ധീകരിക്കാൻ സ്വന്തമായി ഒരു യൂട്യൂബ് ചാനലും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. https://www.youtube.com/@alvarogranados9874/videos
വിധവയുടെ ചെമ്പുതുട്ടു പോലെ
തന്റെ രോഗത്തെക്കുറിച്ചോ രോഗത്തിന്റെ അസ്വസ്ഥതകളെ കുറിച്ചോ പരിഭവങ്ങളില്ലാത്ത ഫാ. അൽവാരോ തന്റെ രോഗത്തെയും അതിന്റെ അസ്വസ്ഥതകളെയും ക്രിസ്തുവിന്റെ ഹൃദയം കവർന്ന വിധവയുടെ രണ്ട് ചെമ്പുതുട്ടുകളോടാണ് ഉപമിക്കുന്നത്. “എനിക്ക് എന്റെ ദൈവത്തിന് നൽകാനുള്ളത് എന്റെ അസുഖവും തളർന്ന ശരീരം മുന്നോട്ടുവയ്ക്കുന്ന അസ്വസ്ഥതകളും പെട്ടെന്നുള്ള വേദനയും ശ്വാസ തടസ്സങ്ങളും ഒക്കെയാണ്. കൂടുതലൊന്നും എനിക്ക് നൽകാനില്ലെങ്കിലും എന്റെ ദൈവത്തിന് ഇത് ധാരാളം മതി. അവൻ എന്നെ സഹായിക്കുന്നു” എന്നാണ് ഫാ. അൽവാരോയുടെ അനുഭവം.
ഫാ. അൽവാരോ ജീവിതരേഖ
1964 നവംബർ 14-ന് മാഡ്രിഡിൽ ജനനം. 1988-ൽ സ്പെയിനിലെ യൂണിവേഴ്സിറ്റി ഓഫ് ലാലഗൂണയിൽ നിന്ന് നിയമ ബിരുദം നേടിയ അൽവാരോ 1944- ൽ വൈദികനായി. പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഹോളി ക്രോസിൽ നിന്ന് 1996-ൽ ഫിലോസഫിക്കൽ ആന്ത്രോപോളജിയിൽ സ്പെഷ്യലൈസേഷനോടെ അദ്ദേഹം ഡോക്ടറും നേടിയിട്ടുണ്ട്. 1995 മുതൽ 2006 വരെയുള്ള കാലയളവിൽ അദ്ദേഹം റോമിലെ സെഡെസ് സാപിയൻ്റിയേ ഇൻ്റർനാഷണൽ എക്ലെസിയാസ്റ്റിക് കോളേജിൽ പരിശീലകനായി സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ അറുപതു വയസ്സുള്ള ഫാ.അൽവാരോ റോമിലെ സാൻ ജോസ് മരിയ എസ്ക്രിവ ഇടവകയിൽ ശുശ്രൂഷ ചെയ്തുവരുന്നു.