![](https://i0.wp.com/www.lifeday.in/wp-content/uploads/2024/07/WhatsApp-Image-2024-07-30-at-3.35.38-PM.jpeg?resize=696%2C435&ssl=1)
![](https://i0.wp.com/www.lifeday.in/wp-content/uploads/2024/07/sr-retti-1.jpg?resize=82%2C115&ssl=1)
“നല്ല മുന്തിരിപ്പഴങ്ങൾ ചക്കിലിട്ടു ഞെരിക്കുമ്പോൾ ചാറുകിട്ടുന്നു. അത് സംഭരിച്ചുവച്ച് ശുദ്ധീകരിക്കുമ്പോൾ നല്ല വീര്യമുള്ള വീഞ്ഞായി. അതുപോലെ കഷ്ടതകൾകൊണ്ടും വേദനകൾകൊണ്ടും നാം ശുദ്ധീകരിക്കപ്പെടുമ്പോൾ ആത്മവീര്യമുള്ളവരാകും” – വി. അൽഫോൻസാമ്മ.
തിരുസഭ വിശുദ്ധരെ വിശ്വാസികൾക്ക് അനുകരണീയമായ മാതൃകകളാക്കി ഉയർത്തിക്കാണിക്കുന്നു എന്ന് രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ തിരുസഭ എന്ന പ്രമാണരേഖയിൽ പഠിപ്പിക്കുന്നു (LG 50 ). ഫ്രാൻസിസ്കൻ ക്ലാര സഭയിലെ ഒരു എളിയ സന്യാസിനിയായിരുന്ന മുട്ടത്തുപാടത്ത് അൽഫോൻസാമ്മയെ വിശുദ്ധപദവിയിലേക്ക് ഉയർത്തിക്കൊണ്ട് പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പ്രഖ്യാപിച്ചു. “അനിതരസാധാരണ വ്യക്തിത്വമുള്ള ഒരു സ്ത്രീയായിരുന്നു അൽഫോൻസാമ്മ. ക്ലേശങ്ങൾ സഹിക്കുന്നതിൽ അവൾ നമുക്ക് മാതൃകയാകട്ടെ!” സ്വർണ്ണം അഗ്നിശുദ്ധി ചെയ്യുമ്പോൾ അത് തങ്കമായി മാറുന്നതുപോലെ ദൈവത്തിനുമുമ്പിൽ തങ്കമായി മാറിയ അൽഫോൻസാമ്മയുടെ ജീവിതം നമുക്കെല്ലാവർക്കും മാതൃകയാണ്. ജീവിതത്തിൽ ദൈവം തരുന്ന ഏതു കഷ്ടപ്പാടും പരാതിയില്ലാതെ സ്വീകരിക്കുക എന്ന മാതൃക അൽഫോൻസാമ്മയിൽനിന്നും നാം പഠിക്കണം.
ജീവിതപ്രതിസന്ധികളിൽപെട്ട് നട്ടംതിരിയുന്ന മനുഷ്യകുലത്തിന് മാതൃകയാക്കേണ്ട ഒരു ജീവിതമാണ് അൽഫോൻസാമ്മയുടേത്. കുട്ടികൾമുതൽ മുതിർന്നവർവരെ പ്രതിസന്ധികളെ തരണം ചെയ്യാനാവാതെ മാനസികതളർച്ചയിലേക്കും അമിതമായ ഉൽക്കണ്ഠയിലേക്കും നടന്നുനീങ്ങുന്നു. ജീവനുപോലും വിലകല്പിക്കാത്ത ഒരു ലോകത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. കുട്ടികളെപ്പോലും ആർക്കും നേരായ വഴിയിലൂടെ നയിക്കാനാകുന്നില്ല. ഒരു തെറ്റുതിരുത്തൽ കൊടുത്താൽപ്പോലും ആത്മഹത്യയിലേക്കും മയക്കുമരുന്നിന്റെ അടിമത്തത്തിലേക്കും ഡിപ്രെഷനിലക്കും അതിവേഗം അവർ നീങ്ങുന്നു. ആത്മീയമായ ഒരു കരുത്ത് ആർക്കുമില്ല.
വി. അൽഫോൻസാമ്മ പ്രതിസന്ധികളെ ധീരതയോടെ നേരിട്ടു. അതിന് അവളെ സഹായിച്ചത് ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും ദൈവാശ്രയബോധവും ആയിരുന്നു. ജീവിതത്തിന്റെ വിജയം എന്നുപറയുന്നത് വേദനകൾ ഇല്ലാതിരിക്കുന്നതല്ല, മറിച്ച് വേദനകളെ അഭിമുഖീകരിക്കുന്നതാണ്. അൽഫോൻസാമ്മ സഹനത്തെ വിശുദ്ധിയുടെ രക്ഷാമാർഗമാക്കി, പ്രാർഥനയുടെ വിഷയമാക്കി, ലോകത്തിന്റെ പാപത്തിനുള്ള പരിഹാരമാക്കി മാറ്റി. യോഹന്നാന്റെ സുവിശേഷത്തിൽ അഞ്ച് ബാർലി അപ്പവും രണ്ടുമീനും കൈവശമുണ്ടായിരുന്ന ബാലൻ തന്റെ തന്നെ കുറവുകളെ ദൈവത്തിന്റെ കരങ്ങളിൽ കൊടുത്തപ്പോൾ ദൈവം ആശീർവാദം ഉണ്ടായപ്പോൾ ദൈവം തന്നെ അതിനെ നിറവായി പകർന്ന് എല്ലാവർക്കും മതിവരുവോളം വിളമ്പി നൽകി (യോഹ. 6: 1-15).
ദൈവത്തിന്റെ കാരുണ്യത്തിൽ ആശ്രയിക്കാതെ നമുക്ക് നമ്മുടെ ശക്തികൊണ്ട് ഒന്നും ചെയ്യാനാവില്ല. നമ്മുടെ ബലഹീനമായ ഹൃദയത്തെ ദൈവത്തിന്റെ പക്കൽ സമർപ്പിക്കുമ്പോൾ ദൈവം നമ്മുടെ ജീവിതത്തെയും ബലമുള്ളതാക്കും. അതിനുള്ള ശക്തിക്കായി അൽഫോൻസാമ്മയെ മാതൃകയാക്കാൻ ദൈവത്തോടു പ്രാർഥിക്കണം. ക്രിസ്തീയപുണ്യങ്ങളായ വിശ്വാസം, ശരണം, സ്നേഹം എന്നിവയുടെ വീരോചിതമാതൃകയായി അൽഫോൻസാമ്മയെ സഭ ഉയർത്തിക്കാണിക്കുമ്പോൾ നമുക്കും അവളുടെ മാതൃക അനുകരിക്കാം. നമുക്ക് അൽഫോൻസാമ്മയ്ക്ക് നൽകാവുന്ന ഏറ്റവും അനുയോജ്യമായ ആദരവ് അമ്മ പ്രകടിപ്പിച്ച സ്നേഹത്തിന്റെയും കരുണയുടെയും ജീവിതശൈലി ജീവിതത്തിൽ പകർത്തുക എന്നുള്ളതാണ്.
മോക്ഷരാജ്യത്തിൽ എത്തിച്ചേരുക, അങ്ങനെ നിത്യസൗഭാഗ്യം അനുഭവിക്കുക, അത് അൽഫോൻസാമ്മയുടെ ജീവിതവ്രതമായിരുന്നു. അതിനാലാണവൾ ‘മോക്ഷരാജ്യത്തിൽ നിന്നെഴുന്നള്ളി നീ വരേണമേ ദൈവകുമാരാ…’ എന്ന് അവൾ പാടിപ്രാർഥിച്ചിരുന്നത്. ദൈവനന്മകളും അനുഗ്രഹങ്ങളും ഏറ്റുവാങ്ങാൻ ജീവിതത്തിലെ ഒരു നിമിഷം മാത്രം മതി എന്നത് വാസ്തവമാണ്. എന്നാൽ ചിലർക്കായി ചില അനുഗ്രഹനിമിഷങ്ങൾ ദൈവം ഒരുക്കിവച്ചിട്ടുണ്ട്. ആ നിമിഷത്തിൽ ദൈവം അപരിമിതമായ അനുഗ്രഹങ്ങൾ ആ വ്യക്തിയിൽ ചൊരിയുന്നു. സവിശേഷമായ ഉൾപ്രകാശം നൽകി സ്നേഹാനുഭവത്തിൽ പൊതിഞ്ഞ് തന്റെ പക്കലേക്ക് ദൈവം അവരെ വശീകരിക്കുന്നു. ഈ വിധത്തിലുള്ള അനുഗ്രഹീത നിമിഷത്തെക്കുറിച്ചാണ് പൗലോസ് അപ്പസ്തോലൻ വിശേഷിപ്പിച്ചത് -“ഇതാണ് രക്ഷയുടെ ദിവസം; ഇതാണ് സ്വീകാര്യമായ സമയം” (21.6:2). ഇത് എപ്പോൾ സംഭവിക്കുമെന്ന് നമുക്ക്
നിശ്ചയിക്കാനാവില്ല. അതിനാൽ അൽഫോൻസാമ്മയെപ്പോലെ മോക്ഷരാജ്യത്തിലെ രാജാകുമാരനെ നോക്കി നമുക്കും ഈ ലോകജീവിതം ആനന്ദകരമാക്കാം.
സി. റെറ്റി FCC