പതിനായിരത്തിലധികം ജപമാല കെട്ടിയ സന്യാസിനി

സി. സൗമ്യ DSHJ

പാലാ മരിയൻ സെന്റർ ആശുപത്രിയിലെ ഫാർമസിസ്റ്റ് ആയ സി. റെറ്റി ജോസ് എഫ്സിസിക്ക് ഒരു പ്രത്യേകതയുണ്ട്. ഫാർമസിയിലെ ജോലിയുടെ ഇടസമയങ്ങളിൽ ജപമാലകൾ കോർക്കും! അങ്ങനെ ഇതുവരെ കോർത്തത് പതിനായിരത്തിലധികം ജപമാലകൾ. തുടർന്നു വായിക്കുക.

“ജപമാല കൊടുക്കുന്നത് ഒരിക്കലും ഒരു നഷ്ടമായി കാണുന്നില്ല. ഓരോ ജപമാലയും കൊടുക്കുമ്പോൾ അത് ജീവിതത്തിൽ അനുഗ്രഹമായി മാറുന്ന അനുഭവമാണ് ഉണ്ടാകുന്നത്”- പാലാ മരിയൻ സെന്ററിലെ ഫാർമസിസ്റ്റ് ആയ സി. റെറ്റി ജോസ് എഫ്സിസിയുടെ വാക്കുകളാണ് ഇത്. തന്റെ പക്കൽ എത്തുന്നവർക്ക് ഈ സന്യാസിനി നൽകുന്ന ജപമാലകൾക്കു ഒരു പ്രത്യേകത ഉണ്ട്. ജോലിയുടെയും മറ്റു സന്യാസ ഉത്തരവാദിത്വങ്ങളുടെയും ഇടയിൽ, കിട്ടുന്ന സമയങ്ങളിൽ സ്വന്തം കൈകൾ കൊണ്ട് പ്രാർഥനാപൂർവം കോർത്തെടുക്കുന്ന ജപമാലകളാണ് അവ. ഇതുവരെ പതിനായിരത്തിലധികം ജപമാലകൾ ഈ സന്യാസിനി നിർമ്മിച്ചിട്ടുണ്ട്. അനേകം ആത്മീയ അനുഭവങ്ങൾ പകർന്ന ഒരു കർമ്മമായി പരിണമിക്കുന്ന ജപമാല നിർമ്മാണത്തെ കുറിച്ച് ലൈഫ് ഡേയോട് പങ്കുവയ്ക്കുകയാണ് സി. റെറ്റി ജോസ് എഫ്സിസി.

കോൺവെന്റിൽ മറ്റ് സിസ്റ്റർമാർ ജപമാല ഉണ്ടാക്കുന്നത് കണ്ടിട്ടാണ് സി. റെറ്റി ജപമാല ഉണ്ടാക്കാൻ ആരംഭിക്കുന്നത്. അവർ തന്നെയാണ് സിസ്റ്ററിനെ ജപമാല ഉണ്ടാക്കാൻ പഠിപ്പിച്ചതും. അതിനുശേഷം ആരെങ്കിലുമൊക്കെ പൊട്ടി പോകുന്ന ജപമാലകൾ ഉണ്ടാക്കാനും ജപമാല കെട്ടി കൊടുക്കാനും ഒക്കെ ആവശ്യപ്പെടുമായിരുന്നു. ആര് എപ്പോൾ ആവശ്യപ്പെട്ടാലും ഒരിക്കലും ‘പറ്റില്ല’ എന്നു സിസ്റ്റർ പറഞ്ഞിട്ടില്ല. അതുകൊണ്ടാണ് പതിനായിരക്കണക്കിന് ജപമാല ഉണ്ടാക്കാൻ മാതാവ്, തന്നെ സഹായിച്ചതെന്നു സിസ്റ്റർ വിശ്വസിക്കുന്നു. സിസ്റ്ററിനു എന്തു സമ്മാനമാണ് വേണ്ടതെന്നു ആരെങ്കിലും ചോദിച്ചാൽ സിസ്റ്റർ ആവശ്യപ്പെടുന്നത് ജപമാല മുത്തുകളായിരിക്കും. സമ്മാനമായി പൈസ ലഭിച്ചാൽ അതും ജപമാല മുത്തുകൾ മേടിക്കുന്നതിനായി ചിലവഴിക്കും. അങ്ങനെയാണ് ജപമാല ഉണ്ടാക്കുന്നതിന് ആവശ്യമായ നൂൽ, മുത്തുകൾ എന്നിവയൊക്കെ സിസ്റ്റർ സംഘടിപ്പിക്കുന്നത്.

ജപമാല നിർമ്മാണം ബിസിനസല്ല!

ജപമാല ഉണ്ടാക്കുന്നത് റെറ്റി സിസ്റ്റർ ഒരിക്കലും ഒരു ബിസിനസായി എടുത്തില്ല. ജപമാല ഉണ്ടാക്കി വിൽക്കാനൊക്കെ പലരും നിർദേശിച്ചിരുന്നു. എന്നാൽ, സിസ്റ്റർ അത് ഒരിക്കലും മുഖവിലക്കെടുത്തില്ല. ഒരു നല്ല കാര്യം മറ്റൊരു രീതിയിലേക്കും, നിയോഗത്തിലേക്കും മാറി പോകുന്നത് സിസ്റ്ററിന് ഇഷ്ടമല്ലായിരുന്നു. ആവശ്യമുള്ളവർക്കൊക്കെ സിസ്റ്റർ ജപമാല ഉണ്ടാക്കി സൗജന്യമായി കൊടുക്കും. “മിഷനിൽ നിന്നൊക്കെ വരുന്നവർക്ക് ഒരു ജപമാലയൊക്കെ കിട്ടുന്നത് വളരെ കാര്യമാണ്. പിന്നെ തിരുനാളുകൾ, ജൂബിലി എന്നിങ്ങനെയുള്ള ആഘോഷങ്ങളിൽ ജപമാല ഉണ്ടാക്കി അവർക്ക് സമ്മാനമായും ആരെങ്കിലും സന്ദർശിക്കാൻ വരുമ്പോൾ അവർക്കും ജപമാല നൽകും.” – സിസ്റ്റർ പറയുന്നു.

ജപമാല ഉണ്ടാക്കാൻ ആരംഭിക്കുന്നതിന് കാരണമായ സാഹചര്യം

“ജപമാല ഉണ്ടാക്കുന്നത് കൂടുതലും ഫാർമസിയിൽ ജോലി ചെയ്യാൻ പോയി നിൽക്കുമ്പോഴാണ്. കാരണം, ഒ. പിയിലൊക്കെ ഡോക്ടർമാർ വരുന്നത് റൗണ്ടസ് ഒക്കെ കഴിഞ്ഞു പത്ത് പതിനൊന്നു മണി കഴിയുമ്പോഴാണ്. അതുവരെ ഫാർമസിയിൽ ജോലി ചെയ്യുന്നവർ വെറുതെ സംസാരിച്ചു സമയം കളഞ്ഞു നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അങ്ങനെ വെറുതെ സംസാരിച്ചു സമയം കളയുന്നതിന് പകരം ജപമാല ഉണ്ടാക്കി അത് കോർക്കാനൊക്കെ അവരെയും കൂടി സഹായത്തിന് വിളിക്കും. അങ്ങനെ കൊടുക്കാൻ തുടങ്ങിയപ്പോൾ അവരത് വളരെ പ്രാർഥനയോടെയും നിയോഗങ്ങൾ സമർപ്പിച്ചുകൊണ്ടും ചെയ്യുവാൻ ആരംഭിച്ചു. പ്രാർഥനയുടെ ആ നിമിഷങ്ങൾ പതിയെ ദൈവാനുഗ്രഹം ലഭിക്കുന്ന നിമിഷങ്ങൾ ആയി മാറി. അവരുടെ നിയോഗങ്ങൾ ദൈവം സഫലമാക്കിയെന്ന് ആ കുട്ടികൾ തന്നെ വെളിപ്പെടുത്തി. ക്രമേണ ജപമാല ഉണ്ടാക്കുന്നത് അവരും വലിയ താത്പര്യത്തോടെ ചെയ്യുവാൻ തുടങ്ങി. അങ്ങനെ നിരവധി ജപമാലകൾ ഫാർമസിയിൽ സ്റ്റാഫ് കെട്ടുമായിരുന്നു. അതിൽ ക്രൈസ്തവരും അക്രൈസ്തവരും ഒക്കെ ഉൾപ്പെടുന്നു. അക്രൈസ്തവർക്കാണ് കൂടുതൽ വിശ്വാസം. അവർ സംസാരിക്കാതെ, ഭയഭക്തിയോടെ അവരുടെ മക്കളുടെ പഠനത്തിനായും മറ്റ് നിയോഗങ്ങക്കായും ജപമാല കെട്ടുമായിരുന്നു. അങ്ങനെ ചെയ്യുമ്പോൾ ആ നിയോഗങ്ങൾ മാതാവ് അവർക്ക് സാധിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു” – സിസ്റ്റർ പറയുന്നു.

സമയം ഉണ്ടെങ്കിൽ അല്ലെ നമ്മൾ അതിനെ പാഴാക്കി കളയുന്നത്. ഒരു പുസ്തകം ഒക്കെ വായിക്കുമ്പോൾ വലിയ ശ്രദ്ധ ആവശ്യമാണ്. എന്നാൽ, ഒരു ജപമാല ഉണ്ടാക്കാൻ അത്രയും ശ്രദ്ധ ആവശ്യമില്ല. നമ്മുടെ ഒരു നിയോഗം സമർപ്പിച്ചുകൊണ്ടും ‘നന്മ നിറഞ്ഞ മറിയമേ’ ചൊല്ലിക്കൊണ്ടും ഒക്കെ ചെയ്യുവാൻ സാധിക്കും. പിന്നെ ഒരു ജപമാല ഉണ്ടാക്കുമ്പോൾ അതിനിടയിൽ മറ്റു ജോലികൾ തീർക്കുകയോ വിശ്രമിക്കുകയോ ഒക്കെ ചെയ്യാമല്ലോ? സമയം ഒരിക്കലും നഷ്ടപ്പെടുത്തി കളയരുത് എന്ന ഒരു ആഗ്രഹം ഉണ്ടായിരുന്നു ഈ സന്യാസിനിക്ക്. അതിൽ നിന്നൊക്കെയാണ് ജപമാല ഉണ്ടാക്കുന്നതിലേക്ക് കടന്നുവരുന്നത്.

ജപമാല ഉണ്ടാക്കുന്നതുവഴി മാതാവിന്റെ പ്രത്യേക അനുഗ്രഹം

ജപമാല ഉണ്ടാക്കാൻ ആരംഭിച്ചത് മുതൽ കൂടെയുള്ള സിസ്റ്റേഴ്സും സഹായിക്കാൻ തുടങ്ങി. “ഇങ്ങനെ നിരന്തരം ജപമാല ഉണ്ടാക്കുന്നതുകൊണ്ട് മാതാവിന്റെ ഒരു പ്രത്യേക സംരക്ഷണം എനിക്ക് അനുഭവിക്കുവാൻ സാധിക്കുന്നുണ്ട്. പാപത്തിൽ ഒന്നും വീഴാതെ അമ്മ പ്രത്യേകം എന്നെ സംരക്ഷിക്കുന്നതായി എനിക്ക് അനുഭവപ്പെടാറുണ്ട്. മറ്റുള്ളവർക്ക് ദുർമാതൃക കൊടുക്കാതെ ഇടപെടുവാൻ സാധിക്കുന്നതും പരിശുദ്ധ അമ്മയുടെ പ്രത്യേക സംരക്ഷണത്താൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതൊക്കെ ജപമാല ഉണ്ടാക്കുന്നതുകൊണ്ട് മാതാവ് നൽകുന്ന പ്രത്യേക അനുഗ്രഹമായിട്ടാണ് ഞാൻ കാണുന്നത്” – സിസ്റ്റർ വെളിപ്പെടുത്തി.

2008 മുതൽ സിസ്റ്റർ പാലാ മരിയൻ സെന്റർ ആശുപത്രിയിൽ ഉണ്ട്. ഇടക്ക് രണ്ടു വർഷം മിഷനിൽ പോയപ്പോൾ അവിടെയും ജപമാല ഉണ്ടാക്കി കൊടുത്തു. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി ജപമാല മണികൾ സിസ്റ്ററിന്റെ കൈകളിൽ കയറിയിറങ്ങാത്ത സമയങ്ങളില്ലാ എന്ന് വേണം പറയാൻ. ജപമാല ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് എന്ത് ചോദിച്ചാലും ഒരിക്കലും സിസ്റ്റർ ചെയ്യാതിരുന്നിട്ടില്ല. തൊടുപുഴയ്ക്കടുത്ത് ഇളംദേശത്താണ് സിസ്റ്ററിന്റെ വീട്. ഇനിയും അനേകം ജപമാലകൾ നിർമ്മിക്കാനും കൂടുതൽ ജപമാലകൾ ചൊല്ലാനും അതിലൂടെ അനേകർക്ക്‌ ദൈവാനുഭവം പകരുവാനും ഉള്ള പ്രാർഥനയിലാണ് സിസ്റ്റർ ഇപ്പോൾ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.