‘ഞാനും എന്റെ ജപമാലയും’: ജപമാല പ്രാർഥനയുടെ ശക്തി വെളിപ്പെടുത്തുന്ന അനുഭവങ്ങളുമായി ഒരു നൈജീരിയൻ വൈദികൻ

“എല്ലാ ദിവസവും ജപമാലയിലെ 20 ദിവ്യരഹസ്യങ്ങളും പ്രാർഥിക്കുമെന്ന് അഞ്ചു വർഷങ്ങൾക്കുമുമ്പ് ഞാൻ പ്രതിജ്ഞ ചെയ്തു. ഇന്നുവരെയും അത് മുടക്കിയിട്ടില്ല” – ഫാ. ജസ്റ്റിൻ ജോൺ ഡൈകുക്ക് എന്ന നൈജീരിയൻ കത്തോലിക്കാ പുരോഹിതന്റെ വാക്കുകളാണിത്. പരിശുദ്ധ ജപമാലയോടുള്ള ഭക്തിയിലേക്ക് തന്നെ വളർത്തിയ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് ‘ഞാനും എന്റെ ജപമാലയും’ എന്ന പുസ്തകത്തിലൂടെ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഈ വൈദികൻ.

വിശ്വാസത്തിൽ ആഴപ്പെടുത്തിയ അനുഭവം

വടക്കുകിഴക്കൻ നൈജീരിയയിലെ ബൗച്ചി കത്തോലിക്കാ രൂപതയിലെ ജിംപിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലുള്ള ദൈവാലയത്തിൽ വികാരിയായി സേവനമനുഷ്ഠിക്കുമ്പോഴാണ് പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയിൽ തന്നെ വളർത്തിയ ഒരു അനുഭവം ഉണ്ടായതെന്ന് ഫാ. ജസ്റ്റിൻ പങ്കുവയ്ക്കുന്നു.

തന്റെ ഇടവകാംഗമായിരുന്ന ഒരു വ്യക്തി മന്ത്രവാദത്താലും അധാർമ്മികപ്രവർത്തനങ്ങളാലും നശിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി ഫാ. ജസ്റ്റിൻ അദ്ദേഹത്തോട് അഭ്യർഥിച്ചെങ്കിലും എതിർപ്പും പ്രതികാരവും മാത്രമായിരുന്നു ആ പുരോഹിതൻ നേരിടേണ്ടിവന്നത്. ഒടുവിൽ തന്റെ ഇടവകാംഗമായ ആ വ്യക്തിയുടെ മാനസാന്തരത്തിനുവേണ്ടി ഈ വൈദികൻ ജപമാല ചൊല്ലാൻ ആരംഭിച്ചു. കൂടാതെ, ദിവ്യകാരുണ്യ ആരാധനയും നൊവേന പ്രാർഥനകളും നടത്തിക്കൊണ്ടിരുന്നു.

പ്രാർഥനകൾ ആരംഭിച്ച് മൂന്നാം ദിവസം, പാപത്തിൽക്കഴിഞ്ഞിരുന്ന ആ വ്യക്തിയും അദ്ദേഹത്തിന്റെ ഭാര്യയും ഫാ. ജസ്റ്റിന്റെ അരികിൽ വരികയും അദ്ദേഹത്തോടു മാപ്പുചോദിക്കുകയും ചെയ്തു.

“അച്ചാ, ഞാൻ അങ്ങയോട് അപമര്യാദയായി പ്രവർത്തിച്ചത് എന്നോടു ക്ഷമിക്കണം. ഞങ്ങൾക്ക് ഇന്നലെ ഉറങ്ങാൻ കഴിഞ്ഞില്ല. ഞങ്ങൾ വീട്ടിൽ ഒരു പ്രകാശം കണ്ടു. നിങ്ങളോട് ക്ഷമ ചോദിക്കാൻ അതെന്നോട് ആവശ്യപ്പെട്ടു” എന്നാണ് കാൽക്കൽവീണ് മാപ്പുചോദിച്ച ആ വ്യക്തി പങ്കുവച്ചത്.

“അന്നുമുതലാണ് എന്റെ ജീവിതകാലം മുഴുവനും, ദിവസവും 20 ജപമാലരഹസ്യങ്ങൾ ചൊല്ലുമെന്ന് ഞാൻ തീരുമാനിച്ചത്. ഇപ്പോൾ അഞ്ചു വർഷങ്ങൾ പിന്നിട്ടു. ഇതുവരെയും ഞാൻ അതിൽ വീഴ്ച വരുത്തിയിട്ടില്ല” എന്നാണ് ഫാ. ജസ്റ്റിന്റെ വാക്കുകൾ. മുടങ്ങാതെ ജപമാല ചൊല്ലുന്നതുകൊണ്ടോ, അത് പങ്കുവച്ചതുകൊണ്ടോ ഞാൻ വിശുദ്ധനാണെന്ന് ഒരുതരത്തിലും ഞാൻ പ്രഖ്യാപിക്കുന്നില്ല എന്നും ഈ അനുഭവം ദൈവമാതൃഭക്തിയിൽ വളരാൻ എനിക്ക് ദൈവം തന്നതാണെന്നും ഒരുപക്ഷേ, ഈ അനുഭവം ഇല്ലാതിരുന്നെങ്കിൽ ഞാൻ പ്രാർഥനയിൽ ആഴപ്പെടുമായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞാനും എന്റെ ജപമാലയും’

പരിശുദ്ധ ജപമാലയുടെ ശക്തിയെക്കുറിച്ചുള്ള, ഫാ. ജസ്റ്റിൻ ജോൺ ഡൈകുക്കിന്റെ വ്യക്തിപരമായ സാക്ഷ്യങ്ങളുടെ പുസ്തകമാണിത്. പരിശുദ്ധ ജപമാലപ്രാർഥനയിലൂടെ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ എങ്ങനെ പരസ്പരം അനുരഞ്ജനം നടത്തി എന്നതിന്റെ വിശദാംശങ്ങളും ഇസ്ലാമിക ആക്രമണത്തിന് ഇരകളായവരും എന്നാൽ ജപമാലപ്രാർഥനയുടെ ശക്തിയാൽ രക്ഷപെട്ടവരുമായ ആളുകളുടെ സാക്ഷ്യപത്രങ്ങളും ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ബോക്കോ ഹറാം ആക്രമണങ്ങളുടെ പ്രഭവകേന്ദ്രമായിരുന്ന മൈദുഗുരി കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ഒലിവർ ഡാഷെ ഡോമിന്റെ അനുഭവങ്ങളും ഈ പുസ്തകത്തിലുണ്ട്.

“വായനക്കാർക്ക് ജപമാലപ്രാർഥനയിൽ പുതിയ കാഴ്ചപ്പാടുകൾ ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ. അങ്ങനെ ജപമാല അവർക്ക് അനുഭവമാകട്ടെ” എന്നാണ് ഫാ. ജസ്റ്റിൻ പങ്കുവയ്ക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.