വാഴ്ത്തപ്പെട്ട കാർലോ അക്യൂറ്റിസിന്റെ മരണശേഷം നടന്ന ദിവ്യകാരുണ്യ അത്ഭുതം

ആധുനികലോകത്തെ സൈബർ അപ്പസ്തോലൻ എന്നറിയപ്പെടുന്ന കാർലോ അക്യൂറ്റിസ് രക്താർബുദം ബാധിച്ച് മരണമടയുന്നത് 2006 ഒക്ടോബർ 12-നായിരുന്നു. അതിനുശേഷമാണ് മെക്സിക്കോയിലെ ടിക്സ്റ്റ്ലയിൽ 2006 ഒക്ടോബർ 21-ന് ഒരു ദിവ്യകാരുണ്യ അത്ഭുതം നടന്നത്.

കാർലോയുടെ അഗാധമായ ദിവ്യകാരുണ്യ ഭക്തിയും അദ്ദേഹത്തിന്റെ മരണത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ നടന്ന ഈ അത്ഭുതവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് ഒട്ടാവയിലെ സെന്റ് മേരീസ് ഇടവകയിലെ ഫാ. മാർക്ക് ഗോറിംഗ് പറയുന്നു.

ഒരു സിസ്റ്റർ വിശുദ്ധ കുർബാന കൊടുക്കുന്ന സമയത്താണ് ഈ അത്ഭുതം സംഭവിക്കുന്നത്. ഒരു ഇടവകക്കാരന് തിരുവോസ്തി കൊടുക്കുന്നതിനുവേണ്ടി കൈകളിൽ എടുക്കാൻനോക്കുമ്പോൾ തിരുവോസ്തിയിൽ രക്തക്കറ കണ്ടു. പല പ്രമുഖ ഫോറൻസിക് വിദഗ്ധരും പരിശോധനകൾ നടത്തി. ഈ രക്തം പുറത്തുനിന്ന് ഉള്ളതല്ലെന്നും ഒരാളുടെ ഉള്ളിൽനിന്നും പുറത്തുവരുന്നതാണെന്നുമുള്ള നിഗമനത്തിൽ അവരെത്തി. ആ രക്തക്കറ ഒരു മുറിവിൽനിന്നും ഉത്ഭവിച്ചതാണെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു.

മനുഷ്യഹൃദയകോശങ്ങൾ ഉൾപ്പെട്ട ഭാഗമായിരുന്നു അതെന്ന് പരിശോധനയിൽ വ്യക്തമായി. സാധാരണയായി 48 മണിക്കൂറിനുശേഷം ഇവ നശിക്കുന്നതാണ്. എന്നാൽ മൂന്നുമാസങ്ങളോളം അവ നശിക്കാതെ നിലനിന്നു. ശാസ്ത്രത്തിന് വിശദീകരിക്കാനാവില്ലാത്ത ഒരു കാര്യമായിരുന്നു അത്. ശാസ്ത്രീയമായ പല അന്വേഷണങ്ങളും നടത്തി.

“ആ ചുവന്ന പദാർഥം മനുഷ്യരുടെ ഹീമോഗ്ലോബിനും ഡി. എൻ‌. എ. യുമുള്ള രക്തവുമായി യോജിക്കുന്ന ഒന്നാണ്. യേശുവിന്റെ രക്തഗ്രൂപ്പായ എബി ഗ്രൂപ്പാണ് ഇതിലേതും. 2006 ഒക്ടോബർ മുതൽ രക്തത്തിന്റെ മുകൾഭാഗം കട്ട പിടിച്ചിട്ടുണ്ട്. മാത്രമല്ല, ആന്തരികപാളികൾ 2010 ഫെബ്രുവരി മുതൽ പുതിയ രക്തത്തിന്റെ സാന്നിധ്യം വെളിപ്പെടുത്തുന്നു” – ഫാ. ഗോറിംഗ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.