“ദിവ്യകാരുണ്യത്തിൽ നിന്നും ഈശോ പറഞ്ഞു, എഴുന്നേറ്റുനടക്കുക”: ഏപ്രിൽഫൂൾ ദിനത്തിൽ നടന്ന ഒരു അത്ഭുതം

ഏഴുവർഷത്തോളം നീണ്ട നരകയാതന. പ്രാർഥനകളും മരുന്നുകളും ഫലിക്കുന്നില്ല എന്നുതോന്നിയ നിമിഷം ചിക്കാഗോയിൽ നിന്നുള്ള ജൂലിയ എന്ന യുവതി ദിവ്യകാരുണ്യ ഈശോയിൽ അഭയംതേടി പൊട്ടിക്കരഞ്ഞു. ആ യാചന കേൾക്കാതിരിക്കാൻ ദൈവത്തിനു കഴിഞ്ഞില്ല. ദിവ്യകാരുണ്യ ആരാധനാമധ്യേ ദൈവം അത്ഭുതസൗഖ്യം നൽകി അവളുടെ വിശ്വാസത്തെ ഉറപ്പിച്ചു. വായിക്കാം, ജൂലിയ എന്ന പെൺകുട്ടിയെ കരുതലോടെ കാത്ത ദൈവത്തിന്റെ അത്ഭുതപ്രവൃത്തി.

ചിക്കാഗോ നഗരപ്രാന്തത്തിലുള്ള ഒരു കത്തോലിക്കാ കുടുംബത്തിലായിരുന്നു ജൂലിയയുടെ ജനനം. അവളുടെ മാതാപിതാക്കളും ആറു സഹോദരങ്ങളുമടങ്ങുന്ന ആ കുടുംബം തങ്ങളുടെ ജീവിതത്തിലെന്നും യേശുവിന് പ്രാധാന്യം കൊടുക്കാൻ ശ്രമിച്ചിരുന്നു. ഇടവകദേവാലയം അടുത്തായിരുന്നതിനാൽതന്നെ സാധിക്കുന്ന ദിവസങ്ങളിലെല്ലാം ഈ കുടുംബം വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. മറ്റു സഹോദരങ്ങൾ ആരോഗ്യവാന്മാരും ആരോഗ്യവതികളുമായിരുന്നെങ്കിലും ജൂലിയ ചെറുപ്പത്തിൽ തന്നെ രോഗാവസ്ഥയിലായിരുന്നു.

കൗമാരപ്രായമായപ്പോൾ അവളുടെ ആരോഗ്യസ്ഥിതി വളരെ മോശമായി. നിരവധി ഡോക്ടർമാരെ കാണുകയും വിപുലമായ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തശേഷം, ഹൃദയമിടിപ്പിനെയും രക്തസമ്മർദ്ദത്തെയും ബാധിക്കുന്ന നാഡീവ്യവസ്ഥയുടെ തകരാറായ, പോസ്ചറൽ ഓർത്തോസ്റ്റാറ്റിക് ടാക്കിക്കാർഡിയ സിൻഡ്രോം (POTS) ആണ് അവൾക്കെന്ന് കണ്ടെത്തി.

“ഞാൻ എഴുന്നേറ്റുനിൽക്കുകയോ, നിവർന്നുനിൽക്കുകയോ ചെയ്യുമ്പോൾ എന്റെ തലയിൽനിന്ന് രക്തമൊഴുകും; അതെന്നെ ബോധാക്ഷയത്തിലേക്കു നയിക്കും” – ഇതായിരുന്നു തന്റെ അവസ്ഥയെന്ന് ജൂലിയ പറയുന്നു. അത് അവളെ തീർത്തും കിടപ്പിലാക്കി. ഈ രോഗാവസ്ഥ, പിന്നീട് ജൂലിയയുടെ ജീവിതത്തെ  ആശുപത്രികളിൽനിന്നും ആശുപത്രികളിലേക്കും മരുന്നുകൾക്കും പിന്നാലെയുള്ള ഒരു യാത്രയാക്കിമാറ്റി.

അവളുടെ സുഹൃത്തുക്കളും സമപ്രായക്കാരും കോളേജിൽ പോകുകയും അവരുടെ തൊഴിലുകൾ കണ്ടെത്തുകയും ചെയ്യുമ്പോൾ അസുഖം അവളെ പൂർണ്ണമായും കിടക്കയിലൊതുക്കി. “ഒരർഥത്തിൽ ഞാനും സ്കൂളിലായിരുന്നു – കുരിശിന്റെ സ്കൂളിൽ” – അവൾ അനുസ്മരിച്ചു.

2017 -ലെ ഏപ്രിൽ ഫൂൾ ദിനം. അന്ന് ജൂലിയ തന്റെ കുടുംബത്തോടൊപ്പം ആരാധനാ ചാപ്പലിലേക്കു പോയി. നിൽക്കാൻ കഴിയാത്തതിനാൽ, ഒരു പായയിൽ കിടന്നുകൊണ്ടാണ് ജൂലിയ ആ ആരാധനയിൽ പങ്കെടുത്തത്. അതുവരെ രോഗശാന്തിക്കായി പ്രാർഥിച്ച ജൂലിയ അന്ന് വ്യത്യസ്തമായി ഒന്ന് പ്രാർഥിച്ചു. ആ പ്രാർഥന അവൾക്കൊരു തമാശയായിരുന്നു. “ദൈവമേ, ഇന്ന് ഏപ്രിൽ ഫൂൾ ദിനമാണ്. ഇന്നെനിക്ക് സൗഖ്യംനൽകിയാൽ നമുക്ക് ആളുകളെ ഫൂൾ ആക്കാം. കാരണം എനിക്ക് അധികനേരം നിൽക്കാനും നടക്കാനും കഴിയില്ലായെന്ന് അവർക്കറിയാമല്ലോ. പെട്ടന്നുള്ള രോഗശാന്തി ആളുകളെ ആശയക്കുഴപ്പത്തിലാക്കുമല്ലോ.” നർമ്മബോധത്തോടെയുള്ള ആ പ്രാർഥിന ദൈവത്തിനിഷ്ടമായി എന്ന് ജൂലിയ സാക്ഷ്യപ്പെടുത്തുന്നു.

പെട്ടെന്ന് അവളുടെ കാതുകളിൽ ഒരു ശബ്ദം മുഴങ്ങി – “എഴുന്നേറ്റുനടക്കുക.” അവൾ ചുറ്റുംനോക്കി. എങ്കിലും ആ ശബ്ദത്തിന്റെ ഉറവിടം എങ്ങും കണ്ടെത്താൻ അവൾക്കു  കഴിഞ്ഞില്ല. താൻ കേട്ടത് സത്യമാണോ അതോ തോന്നിയതാണോ എന്നറിയാൻവേണ്ടി അവൾ ദൈവത്തോട് ഒന്നുകൂടെ പ്രാർഥിച്ചു. പോകാൻ സമയമായപ്പോൾ, അവളുടെ അമ്മ കളിയാക്കിക്കൊണ്ടുപറഞ്ഞു: “നിങ്ങളുടെ പായ എടുത്തു നടക്കൂ.” അത് ദൈവം തനിക്കുനൽകിയ അടയാളമാണെന്ന് ജൂലിയ വിശ്വസിച്ചു.

അവൾ തന്റെ പായ മടക്കി. പതിയെ നടന്നു. സാധാരണ വീട്ടിലേക്ക് നടന്നുപോകാൻ കഴിയില്ല. അതിനാൽ സഹായത്തിനായി ഒപ്പം അമ്മയും വന്നു. വീണുപോയാൽ കൊണ്ടുപോകാനായി അച്ചനും വണ്ടി തയാറാക്കി പിന്നിലായിനിന്നു. എന്നാൽ അതിന്റെയൊന്നും ആവശ്യമില്ല; ഞാൻ സുഖപ്പെട്ടു എന്ന ഉറപ്പ് നൽകി അവൾ നടന്നുതുടങ്ങി. ഒരു കുഴപ്പവുമില്ലാതെ നടന്ന് വീട്ടിലെത്തിയപ്പോൾ ആ കുടുംബം ഒന്നിച്ച് ദൈവത്തിന് നന്ദിപറയുകയായിരുന്നു. ജൂലിയയുടെ പെട്ടെന്നുള്ള സൗഖ്യം  അവളുടെ ഫിസിയോതെറാപ്പിസ്റ്റുകൾക്കും ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടർമാർക്കുപോലും വലിയൊരു ഞെട്ടലായിരുന്നു സമ്മാനിച്ചത്. അവൾ ദൈവത്തോട് പറഞ്ഞതുപോലെ, തങ്ങളെ ജൂലിയ കളിപ്പിക്കുകയാണെന്ന് അവർ തെറ്റിധരിച്ചു.

പിന്നീടുള്ള ദിനങ്ങൾ വളരെ രസകരമായിരുന്നുവെന്ന് ജൂലിയ ഓർക്കുന്നു. അതിനുശേഷം ഡാൻസും പാട്ടും സൈക്കിളിംഗും ഒക്കെയായി തന്റെ ആഗ്രഹങ്ങൾക്കുപിന്നാലെ ഓടുകയാണ് ജൂലിയ. ഒപ്പം കൈപിടിച്ചുനടത്തിയ ദൈവത്തിന് ഹൃദയംനിറയെ നന്ദിപറയുകയാണ് ഈ യുവതി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.