ആത്മീയഗുരുവിന് സ്നേഹത്തോടെ വിട

“പെട്ടെന്നുള്ള ഈ വേർപാട് വലിയ സങ്കടമാണെങ്കിലും ഈശോയുടെ പക്കൽ ഞങ്ങൾക്കായി ഒരു മധ്യസ്ഥൻ കൂടിയുണ്ടെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം” – ഫാ. ജോർജ് കരിന്തോളിൽ എം. സി. ബി. എസ്. നെക്കുറിച്ച് ഗായകനും സംഗീതസംവിധായകനുമായ ഫാ. മാത്യൂസ് പയ്യപ്പിള്ളിൽ എഴുതുന്നു.

അൾത്താരബാലനായിരുന്ന നാളുകളിൽ ലേഖനം വായിച്ചതു തെറ്റുകയോ മറ്റോ ചെയ്യുമ്പോൾ കുർബാന കഴിഞ്ഞു വീട്ടിൽ വരുമ്പോൾ അപ്പച്ചൻ അത് കറക്റ്റ് ചെയ്തുതരുമായിരുന്നു. അതോടൊപ്പം ഉദാഹരണമായി കരിന്തോളിൽ അച്ചന്റെ കുർബാനയെക്കുറിച്ചും സൂചിപ്പിക്കും.

“എത്ര സ്പുടമായിട്ടാണ് അച്ചൻ വാക്കുകൾ ഉച്ചരിക്കുന്നത്. നിർത്തി, നിർത്തി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ. അതുപോലെ പ്രാർഥനകൾ ചൊല്ലണം” – അങ്ങനെയായിരുന്നു അപ്പച്ചൻ പറഞ്ഞിരുന്നത്.

അക്കാലത്ത്, മലയാറ്റൂരുള്ള സന്നിധാന ആശ്രമത്തിൽ  കരിന്തോളിലച്ചൻ ഉണ്ടായിരുന്നു; ഇടയ്ക്ക് മലയാറ്റൂർ പള്ളിയിൽ കുർബാന ചൊല്ലാനും വരുമായിരുന്നു. അച്ചൻ എത്ര ഭക്തിനിർഭരമായിട്ടായിരുന്നു കുർബാന അർപ്പിച്ചിരുന്നത്! അച്ചൻ കുർബാന ചൊല്ലുന്ന രീതിയൊക്കെ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

അപ്പച്ചൻ കരിന്തോളിലച്ചനുമായി ആത്മബന്ധം പുലർത്തിയിരുന്നു. ആ സമയത്ത് അപ്പച്ചൻ സന്നിധാന ആശ്രമത്തിന് അടുത്തുള്ള ഇല്ലിത്തോട് സ്കൂളിൽ ഹെഡ്മാസ്റ്റർ ആയിരുന്നു. ഉച്ചയ്ക്ക് സമയം കിട്ടുമ്പോഴൊക്കെ ആശ്രമത്തിൽ ചെന്ന് അച്ചനെ അപ്പച്ചൻ സന്ദർശിക്കുമായിരുന്നു. അത് പിന്നീട് അപ്പച്ചന്റെ ആത്മീയഗുരു എന്ന രീതിയിലേക്കു വളർന്നു.

കരിന്തോളിൽ അച്ചന് വീടുമായി നല്ല ബന്ധം ഉണ്ടായിരുന്നെങ്കിലും എന്നെ സെമിനാരിയിലേക്ക് ക്ഷണിച്ചതുമില്ല. എസ്. എസ്. എൽ. സി. പഠനം കഴിഞ്ഞ് സെമിനാരിയിൽ പോകണമെന്നു പറഞ്ഞപ്പോൾ അപ്പച്ചൻ അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു:

“കരിന്തോളിൽ അച്ചന്റെ സഭയിൽ പോകുന്നോ?”

“ഇല്ല” എന്നായിരുന്നു എന്റെ മറുപടി.

ആ കാലയളവിൽ അച്ചൻ ഇല്ലിത്തോട് സന്നിധാന ആശ്രമത്തിൽ നിന്നും മാറി അതിരമ്പുഴ സെമിനാരിയിൽ ആത്മീയപിതാവായി ചാർജ് എടുത്തിരുന്നു.  ഡോൺ ബോസ്കോ സെമിനാരിയിൽ പോകാനിരുന്ന ഞാൻ പിന്നീട് സിബി പനയ്ക്കച്ചിറ അച്ചനുമായുണ്ടായ കൂടിക്കാഴ്ച്ചയിൽ എം. സി. ബി. എസ്. അതിരമ്പുഴ സെമിനാരിയിൽ ക്യാമ്പിനു പോകാൻ തീരുമാനിച്ചു.

അവിടെച്ചെല്ലുമ്പോൾ അതാ കരിന്തോളിൽ അച്ചൻ അവിടെ ബാസ്കറ്റ് ബോൾ കളിച്ചുകൊണ്ടു നില്കുന്നു. അച്ചനെ കണ്ട് ഓടിച്ചെന്നപ്പോൾ അച്ചൻ എന്നോടു പറഞ്ഞു:

“ആ ഇവിടെത്തന്നെ എത്തീലോ. ഞാൻ ഇങ്ങോട്ട്, എം. സി. ബി. എസ്. – ലേക്ക് വിളിക്കണമെന്നോർത്തു. പിന്നെ ഞാൻ കരുതി, ഇഷ്ടമുണ്ടെങ്കിൽ വരട്ടെയെന്ന്. എന്തായാലും ഇങ്ങോട്ടുതന്നെ ദൈവം കൊണ്ടുവന്നല്ലോ.”

അതൊരു തുടക്കമായിരുന്നു; ആത്മീയബന്ധത്തിന്റെ തുടക്കം. സെമിനാരിയിൽ ചേർന്ന ആദ്യ രണ്ടു വർഷം കരിന്തോളിലച്ചൻ ഞങ്ങളുടെ ആത്മീയപിതാവായിരുന്നു. വേണ്ടതെല്ലാം പറഞ്ഞുതന്ന് മുന്നോട്ടു കൊണ്ടുപോയി. ദിവ്യകാരുണ്യത്തിന്റെ മുൻപിൽ മണിക്കൂറുകളോളം ഇരിക്കുന്നതും ബൈബിൾ വചനങ്ങൾ പഠിക്കുന്നതും അന്ന് ഞാൻ കണ്ടിട്ടുണ്ട്. അതെല്ലാം എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.

സെമിനാരിയിൽ പാട്ടിനും മറ്റെല്ലാ പ്രോഗ്രാമുകൾക്കും ഞാൻ ഉണ്ടായിരുന്നതുകൊണ്ട് അച്ചൻ വലിയ പ്രോത്സാഹനം നൽകുമായിരുന്നു. അന്നും അച്ചൻ അർപ്പിക്കുന്ന കുർബാന, പ്രാർഥനകൾ ചൊല്ലുന്ന രീതി എല്ലാം ആകർഷകമായിരുന്നു.

പിന്നീട് മൈനർ സെമിനാരി പഠനത്തിനുശേഷം തിരിച്ചുപോയാലോ എന്ന് ചിന്തിച്ചപ്പോൾ അച്ചനാണ് മുന്നോട്ടുപോകാൻ പ്രേരണ നൽകിയത്.

“വഞ്ചിയിൽ കാല് എടുത്തുവച്ചില്ലേ ഇനി അങ്ങോട്ട് മുന്നോട്ടുപോകട്ടെ” എന്നായിരുന്നു അച്ചന്റെ വാക്കുകൾ. അതിനുശേഷം ഒരിക്കൽപ്പോലും തിരിച്ചുപോകണമെന്ന് ചിന്തിച്ചിട്ടില്ല. ഏതു പ്രതിസന്ധി വരുമ്പോഴും അച്ചനുമായി സംസാരിക്കുമായിരുന്നു; പൂർണ്ണ സപ്പോർട്ടും തരുമായിരുന്നു.

ഫോർമേഷൻ കാലയളവിൽ പല സമയത്തും അച്ചന്റെ സമയോചിതമായ ഇടപെടൽ അനുഭവിക്കാൻ സാധിച്ചിട്ടുണ്ട്. എഴുതുന്ന പാട്ടുകൾ, നൽകുന്ന സംഗീതം എല്ലാം കേട്ട് നല്ല അഭിപ്രായം പറയുമായിരുന്നു. ഏതു കാര്യത്തിന് ഓടിച്ചെന്നാലും അവധിക്കു ആശ്രമത്തിൽച്ചെന്ന് കാണുമ്പോഴും കരുതലോടെ സംസാരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുമായിരുന്നു.

പെട്ടെന്നുള്ള ഈ വേർപാട് ഒരുപാട് സങ്കടമാണെങ്കിലും ഈശോയുടെ പക്കൽ ഞങ്ങൾക്കായി ഒരു മധ്യസ്ഥൻ കൂടിയുണ്ടെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.

ഫാ. മാത്യൂസ് പയ്യപ്പിള്ളിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.