മൊസാംബിക്കിൽ ക്രിസ്തുവിനുവേണ്ടി നിലകൊണ്ടതിന്റെ പേരിൽ കുരിശിൽ തറയ്ക്കപ്പെട്ട വ്യക്തി

മൊസാംബിക്കിൽ ഇസ്ലാമിക തീവ്രവാദികളുടെ ക്രൂരപീഡനങ്ങൾക്ക് ഇരയായ വ്യക്തിയാണ് ഏണസ്റ്റോ. അദ്ദേഹത്തിന്റെ ചെവി ഛേദിച്ച അക്രമികളിൽ പെട്ട ഒരു പതിനാല് വയസുകാരൻ, ഏണസ്റ്റോയെക്കൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചെവി തീറ്റിച്ചു! ക്രിസ്തുവിനുവേണ്ടി നിലകൊണ്ടതിന്റെ പേരിൽ കുരിശിൽ തറക്കുകയും തീ കൊളുത്തുകയും ചെയ്തു. എന്നാൽ, ദൈവം അദ്ദേഹത്തെ കൈവിട്ടില്ല. തുടർന്ന് വായിക്കുക.

2017 ഒക്ടോബറിൽ മാസിംബോവ ഡാപ്രിയയിലെ പൊലീസ് സ്റ്റേഷനുകൾ ആയുധധാരികൾ ആക്രമിച്ചു. അതിനുശേഷം ആക്രമണങ്ങൾ കൂടുതൽ വ്യാപകമാവുകയും അക്രമാസക്തമാവുകയും ചെയ്തു. ഇതേ തുടർന്ന് ഒരു ദശലക്ഷത്തിലധികം ആളുകൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായി. ‘ഗൺമാൻ’ എന്ന ഒരു സ്വതന്ത്ര ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായിരുന്നു ഇതിന്റെ പിന്നിൽ. അവരുടെ ലക്ഷ്യം പ്രദേശത്ത് ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്നതാണ്.

സ്വന്തം ചെവി തിന്നാൻ നിർബന്ധിച്ച അക്രമികൾ!

മൊസാംബിക്കിൽ നിന്നുള്ള 38 വയസ്സുള്ള ഏണസ്റ്റോ ജിഹാദികളുടെ ഇരകളിൽ ഒരാളാണ്. 2019 ൽ ഡാറ്റാ പ്രൊസസറായുള്ള ജോലി നഷ്ട്ടപെട്ട അദ്ദേഹം മത്സ്യം വിറ്റാണ് കുടുംബം പുലർത്തിയിരുന്നത്. അവൻ തന്റെ വീടിനടുത്തുള്ള കടൽത്തീരത്തേക്ക് പോകും. അവിടെ ഒരു പ്രാദേശിക മത്സ്യത്തൊഴിലാളിയിൽ നിന്ന് മത്സ്യം വാങ്ങുകയും അത് കൊണ്ടുനടന്ന് വിൽക്കുകയും ചെയ്യും.

അങ്ങനെ മീൻ മേടിക്കാൻ മത്സ്യത്തൊഴിലാളികളെ കാത്തിരുന്ന ഒരു ദിവസം. “മത്സ്യത്തൊഴിലാളികളെ കാണാൻ ഞാൻ സന്ധ്യവരെ കാത്തിരുന്നു. പക്ഷേ അവിടെ അപ്പോൾ എത്തിയത് തീവ്രവാദികൾ ആയിരുന്നു. അവർ വെടിയുതിർക്കാനും വീടുകൾ കത്തിക്കാനും തുടങ്ങി. ഞാൻ രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ, എങ്ങനെ രക്ഷപ്പെടണമെന്ന് എനിക്കറിയില്ലായിരുന്നു”- ഏണസ്റ്റോ പറയുന്നു.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഒരു ഗ്രാമത്തിലേക്ക് അല്ലെങ്കിൽ ഒന്നിലധികം ഗ്രാമങ്ങളിലേക്ക് ഇരുന്നൂറിനും മുന്നൂറിനും ഇടയിൽ എണ്ണം വരുന്ന ഭീകരരുടെ ഒരു സംഘം എത്തി ആക്രമണം നടത്തുന്നു. ആളുകൾ പരിഭ്രാന്തരായി ഓടുമ്പോൾ അക്രമികൾ അവരെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയോ വെടിയുതിർക്കുകയോ ചെയ്യുന്നു.

ഏണസ്റ്റോയെ ആക്രമിക്കാൻ എത്തിയവരിൽ നൂറിലധികം ആയുധമേന്തിയ അക്രമികൾ ഉണ്ടായിരുന്നു. അവർ ഗ്രാമത്തിലെ രണ്ട് പള്ളികളും കത്തിച്ചു. ഏണസ്റ്റോയെ പിടികൂടി മറ്റ് തടവുകാരോടൊപ്പം അക്രമികൾ കൊള്ളയടിച്ച ബാഗുകൾ ചുമന്നുകൊണ്ട് നടക്കാൻ പറഞ്ഞു. ഏണസ്റ്റോയുടെ കൈയിലുണ്ടായിരുന്ന ബാഗ് വലുതും ഭാരമുള്ളതുമായിരുന്നു. അതിനാൽ ബാഗുമായി അവൻ വീണു. എല്ലാവരോടും യാത്രനിർത്താനും ഏണസ്റ്റോയോട് എഴുന്നേൽക്കാനും അവർ ആജ്ഞാപിച്ചു, പക്ഷേ അദ്ദേഹത്തിന് കഴിഞ്ഞില്ല. അവർ തോക്ക് കൊണ്ട് ഏണസ്റ്റോയുടെ പുറകിൽ അടിച്ചു. മുട്ടുകുത്തിച്ചു നിറുത്തിയിട്ട് ഭീകരർ വെട്ടുകത്തികൊണ്ട് അദ്ദേഹത്തിന്റെ തലയുടെ ഇടതുവശത്ത് അടിച്ചു.

“എന്റെ തലയുടെ വശത്ത് നിന്നും രക്തമൊഴുകാൻ തുടങ്ങി. അവർ എന്നോട് അറബിയിൽ പ്രാർഥിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഞാൻ അത് വിസമ്മതിച്ചുകൊണ്ട് പറഞ്ഞു. ‘ഞാൻ പ്രാർഥിക്കില്ല. ഞാനൊരു മുസ്ലീം അല്ല ക്രിസ്ത്യാനിയാണ്.”

അതുകേട്ട് ആ തീവ്രവാദികൾ രോഷാകുലരായി. അവരിൽ 14 വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു. അവൻ ഏണസ്റ്റോയുടെ ഇടത് ചെവിയുടെ ഒരു ഭാഗം മുറിച്ചുമാറ്റി. അതയാൾ ഏണസ്റ്റോയുടെ വായിൽ വച്ചുകൊണ്ട് അത് കഴിക്കാൻ ആജ്ഞാപിച്ചു. “ഞാൻ എന്റെ ചെവി തന്നെ തിന്നു ഞാൻ അത് വിഴുങ്ങുകയായിരുന്നു. കുട്ടിയായിരുന്നെങ്കിലും ആയുധങ്ങളുമായി നിൽക്കുന്ന അവനെ അനുസരിക്കാതെ വേറെ തരമുണ്ടായിരുന്നില്ല. ഞാൻ ഏതെങ്കിലും വിധത്തിൽ വിസമ്മതിച്ചാൽ ആ ക്ഷണം കൊല്ലപ്പെടുമായിരുന്നു”- ഏണസ്റ്റോ വിഷമത്തോടെ പറയുന്നു.

“കുറച്ചുപേർ രക്ഷപ്പെട്ടു. മറ്റ് ആളുകളെ അവർ തലയറുത്ത് കൊന്നു. അക്രമികൾ വടി എടുത്ത് വെട്ടിയതലകൾ അവയുടെമേൽ വച്ചു. എന്നിട്ട് ആ വിറകുകൾ ആളുകൾ കാണത്തക്കവിധത്തിൽ വഴിയിൽ വച്ചു” ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് അക്രമികൾ ചെയ്ത സംഭവം ഏണസ്റ്റോ വിറയലോടെ ഇന്നും ഓർക്കുന്നു.

‘ക്രിസ്തുവിനെ സ്നേഹിക്കുന്നതിനാൽ അവൻ മരിച്ചതുപോലെ നീയും മരിക്കണം’

ഏണസ്റ്റോയെ പിടികൂടിയവർ അറബിയിൽ പ്രാർഥിക്കാനും അവരുടെ സാധനങ്ങൾ ചുമക്കുവാനും അവനെ വീണ്ടും നിർബന്ധിച്ചു. താൻ ക്രിസ്തുവിന്റെതാണെന്ന് പറഞ്ഞ് ഏണസ്റ്റോ അത് നിരസിച്ചു. അപ്പോൾ അക്രമികൾ അവനോട് പറഞ്ഞു: “നീ ക്രിസ്തുവിനെ സ്നേഹിക്കുന്നതിനാൽ അവൻ മരിച്ചതുപോലെ നിന്നെയും ഞങ്ങൾ കൊല്ലും.”

അവർ ഒരു വലിയ മരം കണ്ടെത്തി അത് കുരിശാകൃതിയിൽ മുറിച്ചു. അവർ ഏണസ്റ്റോയെ മരത്തിനു നേരെ ഉയർത്തി, അവന്റെ ഇടതു കണങ്കാലും കാൽമുട്ടും മരത്തോട് ചേർത്തുതറച്ചു. അങ്ങനെ രണ്ടു കാലും തറച്ച് കുരിശിൽ തറച്ചു. അപ്പോൾ അവർ പറയുന്നത് ഏണസ്റ്റോ കേട്ടു “ഇവൻ മരിക്കാൻ ഒരുപാട് സമയമെടുക്കും. നമുക്ക് അവനെ ചുട്ടെരിക്കണം. ”

“കുരിശിൽ തറച്ച എന്നെ അവർ ഷർട്ടിന്റെ കോളറിലൂടെ ഉയർത്തി കത്തിച്ചു. എനിക്ക് സ്വയം പ്രതിരോധിക്കാൻ പോലും കഴിഞ്ഞില്ല “- അദ്ദേഹം പറയുന്നു.

ആക്രമണത്തിൽ നിന്ന് രക്ഷപെട്ടെത്തിയ ഒരു ഗ്രാമവാസിയും ഭാര്യയും സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അക്രമികൾ പോയപ്പോൾ, അവർ ഏണസ്റ്റോയുടെ അടുത്തേക്ക് ഓടി ചെല്ലുകയും മണൽ എറിഞ്ഞ് തീ അണക്കുകയും ചെയ്തു. അയാൾ ഏണസ്റ്റോയെ കെട്ടിയിരുന്ന കയറുകൾ അഴിച്ചുമാറ്റി. അദ്ദേഹവും ഭാര്യയും ചേർന്ന് ഏണസ്റ്റോയെ അടുത്തുള്ള ഒരു പട്ടണത്തിലേക്ക് കൊണ്ടുപോയി. ഈ സംഭവം അവർ പൊലീസിൽ അറിയിച്ചു.

ഏണസ്റ്റോയുടെ നെഞ്ചിലും മുതുകിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഏണസ്റ്റോ 45 ദിവസം ആശുപത്രിയിൽ ചെലവഴിച്ചു. വീട്ടിലേക്ക് മടങ്ങുമ്പോൾ, ഏണസ്റ്റോയ്ക്ക് അനുഭവിച്ച പീഡനങ്ങളെ തുടർന്ന് പൊള്ളലിന്റെ പാടുകളും ശരീരത്തെയും മനസിനെയും ഒരുപോലെ വേദനിപ്പിച്ചു.

“ഞാൻ ഈ സമൂഹത്തിൽ ഇനി ആരുമല്ലെന്ന് കരുതി. എന്തുകൊണ്ടാണ് എനിക്കിത് സംഭവിച്ചത്? എന്നെ കാണുമ്പോൾ എത്ര വിരൂപമായ അവസ്ഥയിലാണെന്ന് ഞാൻ മനസ്സിലാക്കി. ആ സമയങ്ങളിൽ ആത്‌മഹത്യയെക്കുറിച്ചുപോലും ഞാൻ ചിന്തിച്ചു”-  ഏണസ്റ്റോ പറയുന്നു.

ഓപ്പൺ ഡോർസിന്റെ ആളുകൾ ഏണസ്റ്റോയെയും കുടുംബത്തെയും കണ്ടെത്തുകയും അദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കുകയും ആശുപത്രി ബില്ലുകൾ അടക്കുകയും ചെയ്തു. അദ്ദേഹം മൂന്ന് ഓപ്പറേഷനുകൾക്ക് വിധേയമായി. സുഖം പ്രാപിക്കാൻ അദ്ദേഹത്തിന് ഏകദേശം ഏഴ് മാസങ്ങൾ വേണ്ടിവന്നു.

“ഞാൻ ആത്മഹത്യചെയ്യാൻ തീരുമാനിച്ചിരുന്നു. പക്ഷേ എന്റെ മനസ്സിൽ ഈ തോന്നൽ ശക്തമായി. ‘നിങ്ങൾ ശക്തനാകണം. നിങ്ങൾക്ക് ഒരു മകളുണ്ട് അവളെ പരിപാലിക്കാൻ മറ്റാരുമില്ല.’ അവർ എന്നോട് അറബിയിൽ പ്രാർഥിക്കാൻ പറഞ്ഞപ്പോൾ, ഞാൻ ആരാണെന്ന് എനിക്ക് നിഷേധിക്കാൻ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. ഞാൻ ക്രിസ്തുവിന്റെതാണെങ്കിൽ അവർ എന്നെ കൊന്നാലും ഞാൻ ക്രിസ്തുവിന്റെതായിരിക്കണം” പതിയെ അദ്ദേഹം സഹനങ്ങൾക്കിടയിലും ക്രിസ്തുവിലേക്ക് കൂടുതൽ അടുത്തു.

ഇന്നും കഷ്ടപ്പാടുകളും വെല്ലുവിളികളും ഏറെ ഉണ്ടായിരുന്നിട്ടും, ഏണസ്റ്റോ ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് മുൻപോട്ട് പോകുന്നു.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.