![A-journalist-who-fights-for-Afghan-women-after-escaping-the-Taliban](https://i0.wp.com/www.lifeday.in/wp-content/uploads/2024/05/A-journalist-who-fights-for-Afghan-women-after-escaping-the-Taliban.jpg?resize=696%2C435&ssl=1)
താലിബാന് അഫ്ഗാന് കീഴടക്കിയതിനു പിന്നാലെ 2021 ആഗസ്റ്റില്‍ രാജ്യത്തുനിന്ന് പുറപ്പെട്ട അവസാന വിമാനങ്ങളിലൊന്നിലാണ് സഹ്റ ജോയ തന്റെ സഹോദരങ്ങളോടൊപ്പം ലണ്ടനില്‍ അഭയം തേടിയത്. ലണ്ടനില്‍ സുരക്ഷിതമായ ജീവിതം നയിക്കുമ്പോഴും ഇപ്പോഴും അവിടെയുള്ള സ്ത്രീകളെയും പെണ്‍കുട്ടികളെയും കുറിച്ചു ചിന്തിക്കാതിരിക്കാന്‍ സഹ്റയ്ക്കാകില്ല. വിദ്യാഭ്യാസവും സഞ്ചാരസ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് അനേകായിരം അഫ്ഗാനിസ്ത്രീകള് താലിബാന്‍ഭരണത്തില്‍ വീടുകളുടെ അകത്തളങ്ങളില്‍ ഇരിക്കുകയാണെന്നത് സഹ്റയെ ഏറെ വിഷമിപ്പിക്കുന്നു.
അവരുടെ കഥകള്‍ ലോകത്തെ അറിയിക്കേണ്ടത് തന്റെകൂടി ബാധ്യതയാണെന്ന് സഹ്റ കരുതുന്നു. അതുകൊണ്ടു കൂടിയാണ് റുക്ഷാന മീഡിയ എന്ന വാര്‍ത്ത ഏജന്‍സിയുടെ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടുപോകാന്‍ സഹ്റ ജോയ തീരുമാനിച്ചത്.
2020-ല്‍ സഹ്റ ആരംഭിച്ച വാര്‍ത്താ ഏജന്‍സിയാണ് റുക്ഷാന മീഡിയ. താലിബാന്ഭരണത്തിനു കീഴില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരായി നടക്കുന്ന ക്രൂരമായ ആക്രമണത്തെ രേഖപ്പെടുത്തുന്ന നൂറുകണക്കിനു ജീവിതകഥകള്‍ ഈ മാധ്യമത്തിലൂട സഹ്റ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. റിപ്പോട്ടര്‍മാരുടെ ഒരു ചെറുസംഘം അഫ്ഗാനില്‍ രഹസ്യമായി പ്രവര്‍ത്തിക്കുകയാണ്.
“ഓരോ ആഴ്ചയും സ്ഥിതി കൂടുതല്‍ നിരാശാജനകമാണ്. ദശലക്ഷക്കണക്കിനു പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസമോ, ജോലിചെയ്യാനുള്ള അവസരമോ, വീടിനു പുറത്ത് യാത്രചെയ്യാനുള്ള അവസരമോ അവര്‍ നിഷേധിക്കുന്നു. അവര്‍ സ്ത്രീകളെ പൂര്‍ണമായും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണ്” – സഹ്റ വ്യക്തമാക്കുന്നു.
താലിബാന്റെ കീഴില്‍ മാധ്യമരംഗം തകര്‍ന്നതോടെ മാധ്യമപ്രവര്‍ത്തകരെല്ലാം ലോകത്തിന്റെ പല ഭാഗങ്ങളിലേക്കു ചിതറിപ്പോയി. എന്നാല്‍ തങ്ങളുടെ മാതൃരാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഇപ്പോഴും ഇവര്‍ റിപ്പോര്‍ട്ട് ചെയ്ത്കൊണ്ടിരിക്കുന്നു. അനീതിക്കെതിരെ വെളിച്ചം വീശാനുള്ള തന്റെ വിശ്വാസത്തെക്കുറിച്ച് സഹ്റ വളരെ ആവേശത്തോടെയാണു സംസാരിക്കുന്നത്. ഒപ്പം ദശലക്ഷക്കണക്കിനു സ്ത്രീകളും പെണ്‍കുട്ടികളും കഷ്ടപ്പെടുമ്പോള്‍ സുരക്ഷിതത്വം കണ്ടെത്തിയതിന്റെ സങ്കടവും കുറ്റബോധവും അവളുടെ വാക്കുകളിലുണ്ട്.
2021 ആഗസ്റ്റില്‍ കുടുംബത്തെ അഫ്ഗാനില്‍ വിട്ടിട്ടുപോരുമ്പോള് അനുഭവിച്ച വേദനകളും അവരെ വേട്ടയാടുന്നുണ്ട്. “താലിബാന് എന്റെ കുടുംബത്തെയും ഞങ്ങളുടെ ഹൃദയങ്ങളെയും നടുവിലൂടെ വിഭജിച്ചു” – സഹ്റയുടെ മാതാപിതാക്കളും മൂത്ത രണ്ടു സഹോദരങ്ങളും നിലവില്‍ പാക്കിസ്ഥാനിലാണുള്ളത്. റുക്ഷാന മീഡിയയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു നേരിട്ട നിരന്തര ഭീഷണികള്‍ക്കൊടുവില്‍ കുടുംബം പാക്കിസ്ഥാനിലേക്കു കുടിയേറിയിരിക്കുകയാണ്. എന്നാല്‍ അഫ്ഗാനിലേക്കു മടങ്ങേണ്ടിവരുമെന്ന ഭയം കുടുംബത്തിനുണ്ട്. യു.കെ.യിലേക്കു പോകാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തു. കുടുംബം ഇപ്പോള്‍ ഫലപ്രദമായി ഒറ്റപ്പെട്ടിരിക്കുകയാണെന്നും താലിബാനുമായി ബന്ധമുള്ള ആളുകളുടെ ഭീഷണികള്‍ തുടരുകയാണെന്നും സഹ്റ പറയുന്നു.
തനിക്കുവേണ്ടി അഫ്ഗാനില്‍ രഹസ്യമായി ജോലി ചെയ്യുന്നവരെ ഓര്‍ത്താണ് സഹ്റയുടെ ഉത്കണ്ഠകള്‍. “വലിയ അപകടത്തിലാണ് അവര്‍ ഈ ജോലി ചെയ്യുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ക്കു മാത്രമേ എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂവെന്ന് അവര്‍ വിശ്വസിക്കുന്നു. പിടിക്കപ്പെട്ടാല്‍ എനിക്കവരെ സഹായിക്കാന്‍ കഴിയുന്നതിന് പരിധികളുണ്ട്” – സഹ്റ ചൂണ്ടിക്കാട്ടുന്നു.
“റിപ്പോര്‍ട്ടിങ്ങുമായി മുന്നോട്ടുപോകാനാണ് തീരുമാനം. അവിടെ ഉപേക്ഷിക്കപ്പെട്ട സ്ത്രീകളെയും പെണ്‍കുട്ടികളെയും അവരുടെ കഥകള്‍ പുറംലോകത്തെ അറിയിക്കാതെ ഒറ്റയ്ക്കു കഷ്ടപ്പെടാന്‍ വിടാന്‍ എനിക്കു കഴിയില്ല” – സഹ്റ വ്യക്തമാക്കുന്നു.