1942-ൽ യഹൂദ വംശജർക്കുമേൽ നാസി ഭരണകൂടം നടത്തിയ അതിക്രമങ്ങളിൽ നിന്നും തലനാരിഴക്കാണ് മാർക്ക് ഷോൺവെറ്റർ എന്ന വ്യക്തിയും അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബവും രക്ഷപെട്ടത്. നാളുകൾക്കിപ്പുറം, അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനായ മാർക്ക് ഷോൺവെറ്റർ ഇന്ന്, തങ്ങളെ സഹായിച്ച കത്തോലിക്കാ വൈദികനെ നന്ദിയോടെ ഓർക്കുകയാണ്.
1942-ൽ, യഹൂദരായി എന്നതിന്റെ പേരിൽ തങ്ങളുടെ ജീവൻ അപകടത്തിലായപ്പോൾ ഷോൺവെട്ടറും അമ്മയും സഹോദരിയും പോളണ്ടിലെ ബ്രസോസ്റ്റെക്കിൽ നിന്ന് പലായനം ചെയ്തു. “ഈ കാലഘട്ടത്തിൽ നാസികൾ എല്ലാ ജൂതന്മാരെയും കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്കും ലേബർ ക്യാമ്പുകളിലേക്കും കൊണ്ടുപോകുകയായിരുന്നു. അപ്രകാരം കൊണ്ടുപോയവരിൽ ഭൂരിഭാഗവും ജീവനോടെ മടങ്ങിവന്നിട്ടില്ല. എന്നാൽ ഞങ്ങൾക്ക് ഭാഗ്യമുണ്ടായിരുന്നു. ഞങ്ങൾ പിടിക്കപ്പെട്ടില്ല, പക്ഷേ ഞങ്ങൾക്ക് ഒളിവിൽ താമസിക്കേണ്ടി വന്നു” – ഷോൺവെറ്റർ പറയുന്നു.
മിന്നൽ വെളിച്ചത്തിൽ കണ്ട അനേകം മൃതദേഹങ്ങൾ, കൂട്ടക്കുഴിമാടത്തിൽ കിടക്കുന്ന തന്റെ പിതാവിന്റെ ജീവനറ്റ ശരീരം, കാട്ടിൽ മറഞ്ഞിരുന്ന ഇരുണ്ട തണുത്ത രാത്രികൾ എന്നിവ ഷോൺവെറ്റർ സഹിച്ചതിൽ ചിലതു മാത്രം.
ഷോൺവെറ്ററിന്റെ അമ്മ യഹൂദയാണെന്ന് ആളുകൾ സംശയിച്ചതിനെ തുടർന്ന് തന്റെ വിശ്വാസം നിഷേധിക്കാൻ ആ അമ്മ നിർബന്ധിതയായപ്പോൾ, അതിൽ നിന്നും ആ അമ്മയെ സംരക്ഷിച്ചത് ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു.
ആ സംഭവം ഷോൺവെറ്റർ പറയുന്നത് ഇങ്ങനെ: “ഒരു ഞായറാഴ്ച ദിവസം. ഞങ്ങൾക്ക് കുമ്പസാരിക്കേണ്ടിയിരുന്നു. അന്ന് അമ്മ പുരോഹിതന്റെ മുന്നിലിരുന്നു പറഞ്ഞു: ‘അച്ചാ, ഞങ്ങൾ കുമ്പസാരിക്കുമ്പോൾ പറയുന്നതെല്ലാം സത്യമായിരിക്കണമെന്ന് എനിക്കറിയാം. ഞാൻ ജൂതയാണ്, ഞാൻ ഇവിടെ രണ്ട് ചെറിയ കുട്ടികളുമായി ഒളിച്ചിരിക്കുന്നു.’ അന്ന് ആ വൈദികൻ മറുപടിയായി പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘എന്റെ കുഞ്ഞേ, നീ ചെയ്തത് ശരിയാണ്; നിങ്ങൾ അതിജീവിക്കും. ദൈവത്തിൽ വിശ്വസിക്കുക. അവൻ നിങ്ങളെ സഹായിക്കാൻ പോകുകയാണ്.”
ശുശ്രൂഷകൾ കഴിഞ്ഞ്, പുരോഹിതൻ ഷോൺവെറ്ററുടെ അമ്മയുടെ അടുത്തു വന്ന് അവളുടെ തോളിൽ കൈകൾ വച്ചു. അതിനാൽ, അന്നു മുതൽ ആരും അവളെക്കുറിച്ച് ഒരു സംശയവും ഉന്നയിച്ചില്ല. ഇപ്പോൾ 80 വർഷങ്ങൾക്കു ശേഷം, ഹോളോകോസ്റ്റിനെക്കുറിച്ച് ആളുകളെ ബോധവൽക്കരിച്ചുകൊണ്ട് ഷോൺവെറ്റർ എല്ലാ വർഷവും നൂറുകണക്കിന് പ്രസംഗങ്ങൾ നടത്തുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, മതാന്തര സഹകരണം ഒരു മാറ്റമുണ്ടാക്കും എന്നതിന്റെ തെളിവായിരുന്നു ആ വൈദികൻ.