ആര്‍മണ്ട് അച്ചന്‍ ജ്വലിക്കുന്ന ഒരോര്‍മ്മയാണ്. അനുഭവതീവ്രതയുടെ ഭാവരശ്മികള്‍ ഉള്ളില്‍ തിളങ്ങിനില്‍ക്കുമ്പോഴും അക്ഷരങ്ങളിലൂടെ പകര്‍ത്തുകയെന്നത് അപ്രാപ്യമായിട്ടു തോന്നുന്നു. അക്ഷരാര്‍ഥത്തില്‍നിന്നും ആന്തരാര്‍ഥത്തിലേക്കുള്ള പ്രയാണമാണല്ലോ ജീവിതം.
മനുഷ്യനോടുള്ള അഗാധസ്നേഹത്താല്‍ അവന്റെ മോചനത്തിനും രക്ഷയ്ക്കുംവേണ്ടി സ്വന്തം ജീവിതം കുരിശിലേക്കു വലിച്ചെറിഞ്ഞ മുപ്പത്തിമൂന്നുകാരനും കാല്‍വരിയിലെ നിലവിളി അന്തരാത്മാവില്‍ അഗ്നി പടര്‍ത്തിയപ്പോള്‍ സകലതും വലിച്ചെറിഞ്ഞുകൊണ്ട് ക്രൂശിതപാദങ്ങളിലേക്ക് അണഞ്ഞടുക്കുന്ന അസ്സീസിയിലെ നാല്പത്തിനാലുകാരനും ഹൃദയത്തില്‍ കനലായി എരിഞ്ഞപ്പോള്‍ അസ്സീസിയിലെ ദരിദ്രമനുഷ്യന്റെ കീറത്തുണി വാരിച്ചുറ്റി മനുഷ്യഹൃദയങ്ങളില്‍ സ്നേഹത്തിന്റെ തീ കോരിയിട്ടുകൊണ്ട് ഓടിനടന്ന ബഹു. ആര്‍മണ്ട് മാധവത്ത് കപ്പൂച്ചിന്‍ അച്ചനും ഓര്‍മ്മയില്‍ ഓളങ്ങള്‍ തീര്‍ത്തുകൊണ്ട് സജീവമായി നില്‍ക്കുന്നു.
കേട്ടറിഞ്ഞ, കണ്ടറിഞ്ഞ, തൊട്ടനുഭവിച്ചറിഞ്ഞ, സ്നേഹംകൊണ്ട് എപ്പോഴും എന്നെ തോല്പിക്കുന്ന, സ്വയം താഴ്ന്നുകൊണ്ട് എല്ലാവരെയും ഉയര്‍ത്തുന്ന ആര്‍മണ്ട് അച്ചനെ ഓര്‍മ്മിക്കുന്നതുതന്നെ പച്ചപ്പുള്ള ഒരനുഭവമാണ്.
യാതൊരു സങ്കീര്‍ണതകളുമില്ലാതെ ലളിതവും സരളവുമായ ജീവിതം. ഒരു ക്രിസ്തുശിഷ്യന്റെ ജീവിതം അങ്ങനെയായിരിക്കണമല്ലോ? ഏച്ചുകെട്ടലോ, വച്ചുകെട്ടലോ, മുഴച്ചുനില്‍ക്കുന്ന യാതൊന്നുമില്ലാതെ, എല്ലാവരെയും തൊട്ടുതലോടി ശാന്തമായി ഒഴുകുന്ന ജീവിതം. സുവിശേഷത്തിലെ ഈശോയെപ്പോലെ. എന്തുകൊണ്ട് യൂദാസിന് ചുംബനംകൊണ്ട് ഈശോയെ ഒറ്റിക്കൊടുക്കേണ്ടിവന്നു. സമൂഹത്തില്‍ അപ്പസ്തോലന്മാരുടെ നടുവില്‍ നില്‍ക്കുമ്പോള്‍ വേഷഭൂഷാധികളിലോ, ഭാവഹാവാധികളിലോ തിരിച്ചറിയാന്‍ പറ്റുന്ന വ്യത്യസ്തതകളൊന്നും അവിടുന്ന് പുലര്‍ത്തിയിരുന്നില്ല. അവരോടൊപ്പമായിരുന്നു, അവരെപ്പോലെ തന്നെയായിരുന്നു. സ്നേഹമുദ്രയായ ചുംബനം ഒറ്റികൊടുക്കലിന്റെ അടയാളപ്പെടുത്തലായി മാറിയതെങ്ങനെയാണ്. വ്യത്യസ്തതകളൊന്നും പ്രകടനപരതയിലേക്കു വഴുതിവീഴാതെ ആര്‍മണ്ട് അച്ചനും എല്ലാവരോടുമൊപ്പം ചേര്‍ന്നുനിന്നു. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി.
1996 മുതല്‍ 2001 ജനുവരി വരെ അച്ചനോടൊപ്പം ആയിരുന്നതിന്റെയും ചേര്‍ന്നുനടന്നതിന്റെയും അനുഭവത്തില്‍, ഓര്‍മ്മകളില്‍നിന്നും ഏതാനും വരികള്‍ കുറിക്കട്ടെ. 1996 ഒക്ടോബര്‍ 16 ബുധനാഴ്ച മുതല്‍ ആര്‍മണ്ട് അച്ചനോടൊപ്പമിരുന്ന് പ്രാർഥിക്കാനുള്ള ഭാഗ്യം ലഭിച്ചു. തുടര്‍ന്ന് കോര്‍സെല്‍ മീറ്റിംഗിലും ഒരംഗമായി പങ്കെടുക്കാനുള്ള അവസരവും ലഭിക്കുകയുണ്ടായി. പതിനൊന്നു പേരടങ്ങുന്ന കൂട്ടായ്മയില്‍ ജീവിതാനുഭവങ്ങള്‍ ആഴത്തില്‍ പങ്കുവയ്ക്കപ്പെടുകയും താല്പര്യപൂര്‍വം ശ്രവിക്കുകയും എല്ലാവരുടെയും നിയോഗങ്ങള്‍ക്കുവേണ്ടി എല്ലാവരും പ്രാർഥിക്കുകയും ചെയ്യുമായിരുന്നു. എന്റെ വിശ്വാസജീവിതവും പ്രാര്‍ഥനാജീവിതവും വളര്‍ച്ച പ്രാപിച്ചത് ഇതുമൂലമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. പല കാര്യങ്ങളും ഗുരുമുഖത്ത് നിന്ന് നേരിട്ടുപഠിക്കുന്നതുപോലെ തോന്നിയിരുന്നു. ഓര്‍ത്തിരിക്കാന്‍ ഹൃദയത്തോട് ചേര്‍ത്തുവച്ചു കൊണ്ടുനടക്കാന്‍ ഒത്തിരി ഒത്തിരി ഓര്‍മ്മകള്‍. യേശുചൈതന്യം തുളുമ്പുന്ന ആത്മപ്രസാദമുള്ള മുഖം, പ്രതീക്ഷാനിര്‍ഭരമായ വിശ്വാസം, ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്നും വരുന്ന പ്രാര്‍ഥന, ദൈവാശ്രയബോധം, നിഷ്കളങ്കതയും എളിമയും ജീവിതത്തിന്റെ സുതാര്യതയും സത്യസന്ധതയും വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശനിഷ്ഠയും പരിശുദ്ധ ത്രിത്വത്തോടും പരിശുദ്ധ അമ്മയോടും പരിശുദ്ധ കുര്‍ബാനയോടുമുള്ള ഭക്തി, സ്ഥിരോത്സാഹം, എല്ലാകാര്യങ്ങളും പ്രാര്‍ഥിച്ച് തീരുമാനങ്ങളെടുക്കുന്ന രീതി.
‘പുകഞ്ഞ കൊള്ളി പുറത്ത്’ എന്ന സമൂഹത്തിന്റെ പൊതുവായ ചിന്താധാരയില്‍നിന്നും മാറി, നിഷേധികളെ ഏറെ സ്നേഹിക്കുന്ന, ചങ്കിലേക്ക് കുന്തം പായിക്കാന്‍ വന്നവന്റെ അന്ധതയെ സൗഖ്യപ്പെടുത്തിയ നസ്രായനായ യേശുവിന്റെ കരുണാര്‍ദ്രസ്നേഹം സ്വജീവിതത്തിലൂടെ ആര്‍മണ്ടച്ചന്‍ ദൃശ്യവത്കരിച്ചു.
ഒന്നുരണ്ടു ചെറിയ സംഭവങ്ങള്‍
പട്ടാരം ജംഗ്ഷനില്‍ വച്ചിരുന്ന, ആശ്രമത്തിന്റെ ബോര്‍ഡ് മദ്യപിച്ച് ലക്കുകെട്ട ഒരാള്‍ നശിപ്പിച്ചു. അയാളുടെ സ്നേഹിതന്മാര്‍ കക്ഷിയെ പിടിച്ചുകെട്ടി അച്ചന്റെ മുന്‍പില്‍ കൊണ്ടുവന്നു. അച്ചന്‍ വേഗത്തില്‍ ഇറങ്ങിവന്ന് അവരോട് കെട്ടുകള്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. ആ മനുഷ്യനെ സ്നേഹത്തോടെ വിളിച്ച് അടുത്തിരുത്തി ആശ്വസിപ്പിച്ച് ഭക്ഷണവും നല്‍കി പറഞ്ഞയച്ചു. കൊണ്ടുവന്നവര്‍ അച്ചനിലൂടെ വെളിപ്പെട്ട ക്രിസ്തുസ്നേഹത്തിനുമുമ്പില്‍ പകച്ചുനിന്നുപോയി.
ഭവനസന്ദര്‍ശനവേളകളില്‍ അച്ചന്റെ സന്തതസഹചാരിയായിരുന്ന പ്രേഷിതന്‍ വെള്ളിലാങ്കല്‍ കുഞ്ഞച്ചന്‍ പങ്കുവച്ച ഒരു സംഭവം.
ആര്‍മണ്ടച്ചനും കുഞ്ഞച്ചനും സമീപപ്രദേശത്തുള്ള ഒരു ഭവനത്തിലേക്ക് കടന്നുചെന്നു. അവിടെ പ്രായമുള്ള ഒരു അമ്മയും മകനും മാത്രമായിരുന്നു താമസം. അമ്മ ആദരവോടെ അച്ചനെ എതിരേറ്റു. മകന് അതൊന്നും ഇഷ്ടപ്പെട്ടില്ല. വിശേഷങ്ങളൊക്കെ ചോദിച്ചു. വിശ്വാസപരമായ കാര്യങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍ മകന്‍ വളരെ രോഷാകുലനായി. “എല്ലാവരെയും നന്നാക്കാന്‍ നടക്കുന്നു. വേറെ പണിയൊന്നുമില്ലേ” എന്ന് ചോദിച്ചുകൊണ്ട് കയര്‍ത്തുസംസാരിച്ചു. നിശ്ശബ്ദനായി എല്ലാം കേട്ടിരുന്ന അച്ചന്‍, നിറമിഴികളോടെ നിന്ന അമ്മയോടു പറഞ്ഞു: “സാരമില്ല, ഈശോ അനുഗ്രഹിക്കും. എല്ലാം നന്നായി വരും.” ചെറിയ പ്രാര്‍ഥനയ്ക്കുശേഷം അച്ചന്‍ മടങ്ങി. തൊട്ടടുത്ത ശനിയാഴ്ച പട്ടാരത്ത് വചനശുശ്രൂഷയുടെ സമയത്ത് ഓലപ്പന്തലിന്റെ ഏറ്റവും പിറകില്‍ ഒരു ചെറുപ്പക്കാരനിരുന്ന് വിങ്ങിപ്പൊട്ടി കരയുന്നു. ശുശ്രൂഷ കഴിഞ്ഞ് ആര്‍മണ്ടച്ചന്‍ ആ മകന്റെ അടുത്തേക്കു ചെന്ന് അവനെ തോളില്‍ത്തട്ടി എഴുന്നേല്പിച്ചു. എങ്ങലടിച്ചുകൊണ്ട്, എനിക്ക് കുമ്പസാരിക്കണമെന്ന് അവന്‍ ഉറക്കെ പറഞ്ഞു.
താന്തോന്നികളെ, ധിക്കാരികളെ, പ്രശ്നക്കാരെ, വിലകെട്ടവരെ ഒക്കെ സ്നേഹത്തോടെ വീണ്ടെടുക്കുന്ന അച്ചന്റെ സൗഖ്യശുശ്രൂഷയെക്കുറിച്ചു കേട്ടറിഞ്ഞവര്‍ അനേകരെ പട്ടാരത്തേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. ഏറെപ്പേര്‍ ആത്മനിറവുള്ള പ്രേഷിതരായി മാറി.
എന്റെ സ്വന്തം അനുഭവം
1998-ലായിരുന്നു എന്‍റെ മകളുടെ വിവാഹം. വിവാഹാവശ്യത്തിലേക്കായി കുറച്ചു സ്ഥലം വിറ്റു. അഡ്വാന്‍സായി കുറെ പണം തന്നു. ബാക്കി തുക രേഖ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തരാമെന്നു പറഞ്ഞ് എഗ്രിമെന്റ് ഒപ്പിട്ടു കൈമാറി. സാമ്പത്തികപ്രതിസന്ധിമൂലം അവധിക്ക് കാര്യങ്ങള്‍ നടത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ദിവസങ്ങള്‍ അടുത്തുവരുന്നു. ആകെ അസ്വസ്ഥതയായി പലരെയും സമീപിച്ചു. ഏതാനും ചിലര്‍ സഹായിച്ചു. അവസാനം മുപ്പതിനായിരം രൂപയുടെ കുറവുണ്ട്. ഒരു ഉള്‍പ്രേരണയാല്‍ ഞാന്‍ പട്ടാരത്ത് ആര്‍മണ്ട് അച്ചന്റെ അടുത്തുവന്നു. പണം ചോദിക്കാനല്ല വന്നത്. എല്ലാം പറഞ്ഞ് പ്രാര്‍ഥിക്കാനാണ് വന്നത്. ഞാന്‍ സങ്കടത്തോടെ എല്ലാം പറഞ്ഞു. അടുത്തിരുന്ന് അച്ചൻ അതെല്ലാം കേട്ടു. ഒന്നും പറയാതെ അച്ചൻ എഴുന്നേറ്റുപോയി.
എനിക്ക് വലിയ വിഷമം തോന്നി. സഹായിച്ചില്ലെങ്കിലും ചിലരൊക്കെ സഹതാപപ്രകടനങ്ങളൊക്കെ നടത്തി. ഇവിടെ അതുപോലുമില്ലല്ലോ എന്നോര്‍ത്തു. കണ്ണുനിറഞ്ഞു. ആ നിമിഷം ഒരു ഹാര്‍ഡ്ബോര്‍ഡ് പെട്ടിയുമായി മുറിയില്‍നിന്നും അച്ചനിറങ്ങി വന്നു. “പട്ടാരം കണ്‍വെന്‍ഷനുവേണ്ടിയുള്ള പണമാണിത്. ജോസിന് ആവശ്യമുള്ളത് എണ്ണിയെടുത്തുകൊള്ളൂ” എന്നുപറഞ്ഞു. കൂടുതലൊന്നും എഴുതാന്‍ ഇപ്പോഴും എനിക്ക് സാധിക്കില്ല. ഉള്ളം വിങ്ങുന്നു.
ആര്‍മണ്ടച്ചന്‍ ആദ്യം താമസിച്ചിരുന്ന വീടിന്റെ വരാന്തയില്‍വച്ചാണ് ഇതു നടന്നത്. അപ്പോള്‍ അവിടെ വാണിയപ്പാറയില്‍ താമസിക്കുന്ന മണ്ണാപറമ്പില്‍ ബേബി എന്ന സഹോദരനും കോര്‍സെല്ലില്‍ അംഗമായ ചേരുംതടം അപ്പച്ചന്‍ചേട്ടനും ഉണ്ടായിരുന്നു. പണം എണ്ണിതരാന്‍ അവരുടെ സഹായം തേടി. ബേബി മണ്ണാപറമ്പില്‍ മുപ്പതിനായിരം രൂപ എണ്ണിതിട്ടപ്പെടുത്തി കൈയില്‍ തന്നു. അപ്പച്ചന്‍ ചേട്ടനും സഹായിച്ചു.
ആര്‍മണ്ട് അച്ചനുമായിട്ട് ഒരു വര്‍ഷത്തെ പരിചയമേയുള്ളൂ. എന്നു തിരിച്ചുതരുമെന്നോ, എങ്ങനെ തരുമെന്നോ ഒന്നും ചോദിച്ചില്ല. ബാക്കി എന്റെ മുറിയിലേക്കു വച്ചേക്കാന്‍ പറഞ്ഞു. “ഞാന്‍ പ്രാര്‍ഥിക്കാം. എല്ലാ കാര്യവും കര്‍ത്താവ് നടത്തിത്തരും” എന്നുപറഞ്ഞ് പ്രാര്‍ഥിച്ച് അനുഗ്രഹിച്ചയച്ചു.
1998 ഫെബ്രുവരി രണ്ടിനായിരുന്നു ആയിരങ്ങള്‍ പങ്കെടുത്ത കണ്‍വെന്‍ഷന്റെ തുടക്കം കുറിച്ചത്. അതിനുമുമ്പ് കടം വീട്ടാനുള്ള അനുഗ്രഹം തന്ന് സര്‍വശക്തനായ ദൈവം എന്നെയും കുടുംബത്തെയും അനുഗ്രഹിച്ചു. ത്രിത്വൈക ദൈവത്തിനു സ്തോത്രം.
ഈ മനുഷ്യനെ എന്തു പേരിട്ടു വിളിക്കണം, ഉള്ളില്‍ തിങ്ങിവിങ്ങി തിളച്ചുമറിഞ്ഞ് നില്‍ക്കുന്ന ഏറെ കാര്യങ്ങളുണ്ട്. ഭാഷയുടെ ദൗര്‍ബല്യവും വാക്കുകളുടെ ദൗര്‍ബല്യവും തിരിച്ചറിഞ്ഞ് നിര്‍ത്തുന്നു.
ദര്‍ശനശൂന്യതയുടെ പാഴ്നിലങ്ങളില്‍ പദമൂന്നി നിന്നുകൊണ്ട് നിരര്‍ഥക പദാവലികള്‍ ഉരുവിട്ടുപഠിപ്പിക്കുന്ന ഗുരുവല്ല എനിക്ക് ആര്‍മണ്ട് അച്ചന്‍. കൂടെയിരുന്ന് ജീവിതംകൊണ്ട് സ്നേഹത്തിന്റെ അക്ഷരങ്ങള്‍ ഹൃദയത്തില്‍ എഴുതിപഠിപ്പിച്ച ആത്മീയജ്യോതിസ്സാണ്.
അരമണ്ടന്‍, മരമണ്ടന്‍, മുഴുമണ്ടന്‍, ആര്‍മണ്ടന്‍? ഒരിക്കല്‍ക്കൂടി തോല്‍ക്കുന്നു സന്തോഷത്തോടെ, സുല്ല്.
ജോസ് ഉള്ളുരുപ്പിൽ
കടപ്പാട്: അസ്സീസ്സി മാഗസിൻ