മകൻ മരണക്കിടക്കയിൽ നിന്നും തിരിച്ചുവന്നു; ഇടവകപ്പള്ളിയിലേക്ക് മുട്ടിന്മേൽ നീന്തി ഫിലാഡൽഫിയയിലെ ഒരു പിതാവിന്റെ നേർച്ചവീട്ടൽ

ദൈവത്തിലുള്ള അടിയുറച്ച വിശ്വാസമാണ് പല അത്ഭുതങ്ങൾക്കും കാരണമായി മാറുന്നത്. ഈ സത്യം പല സംഭവങ്ങളിലൂടെ ലോകത്തിനു മുന്നിൽ വെളിപ്പെട്ടതുമാണ്. അത്തരത്തിലൊരു സംഭവമാണ് ഫിലാഡൽഫിയയിലെ അരെക് സൂറ എന്ന പിതാവിന്റെ ജീവിതത്തിലും സംഭവിച്ചത്. വൈദ്യശാസ്ത്രം, രക്ഷപെടാൻ പത്തു ശതമാനം പോലും സാധ്യത പറയാത്ത തന്റെ കുഞ്ഞിന്റെ കാര്യത്തിൽ, എല്ലാം ദൈവത്തിനു സമർപ്പിച്ചു കാത്തിരുന്ന ഒരു പിതാവ്! അതായിരുന്നു അരെക് സൂറ. അദ്ദേഹത്തിന്റെ വിശ്വാസം ആ കുഞ്ഞുമകനെ ഇന്ന് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരികയാണ്. ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ച ആ പിതാവിനെയും മകനായി അദ്ദേഹം നേർന്ന വ്യത്യസ്തമായ നേർച്ചയെയും അറിയാം…

2022 ഒക്ടോബറിൽ അമേരിക്കയിലെ ഫിലാഡൽഫിയയിലെ അരെക് സൂറ എന്നയാളുടെ ഏഴ് വയസുള്ള മകൻ അഡ്രിയാന് ഹൃദയസ്തംഭനമുണ്ടായപ്പോൾ അദ്ദേഹം ദൈവത്തോട് ഒരു പ്രതിജ്ഞ ചെയ്തു – “നീ എന്റെ മകനെ രോഗത്തിൽ നിന്നും സുഖപ്പെടുത്തി തിരികെ തന്നാൽ ഞാൻ എന്റെ വീട്ടിൽ നിന്നും ഇടവകപ്പള്ളിയിലേക്ക് മുട്ടിന്മേൽ നീന്തിക്കൊള്ളാം.”

ഫിലാഡൽഫിയയിലെ പോർട്ട് റിച്ച്‌മണ്ട് സെക്ഷനിലെ സെന്റ് ജോൺ പോൾ II ഇടവകയിൽപെട്ടതാണ് സൂറ കുടുംബം. 2022 ഏപ്രിലിലാണ്‌ അഡ്രിയാന് അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (എഎൽഎൽ) ബാധിച്ചതായി മനസിലാകുന്നത്. ചികിത്സയിലായിരിക്കെ, അഡ്രിയാന് കീമോ തെറാപ്പിയുടെ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു പാർശ്വഫലം അനുഭവിക്കേണ്ടിവന്നു. കുഞ്ഞ് ആൻഡ്രിയാന്റെ ഹൃദയം 30 മിനിറ്റ് നേരത്തേക്ക് നിലച്ചുപോയി. ഫിലാഡൽഫിയയിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ കിണഞ്ഞുപരിശ്രമിച്ചു അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ. മെഡിക്കൽ സംഘം അവനെ രക്ഷിച്ചെടുത്തെങ്കിലും ഹൃദയസ്തംഭനത്തിൽ നിന്നുണ്ടായ നിരവധി സൈഡ് എഫക്ട്സ് പിന്നീട് അവന്  അനുഭവിക്കേണ്ടിവന്നു.

അവന്റെ വൃക്കകളും കരളും തകരാറിലായി. വൃക്കകളുടെ പ്രവർത്തനം നിലച്ചത് അവന്റെ ശരീരത്തിൽ വെള്ളം കെട്ടി വീർക്കാൻ കാരണമായി. ഹൃദയസ്തംഭനം മൂലം അഡ്രിയാന് ന്യൂറോളജിക്കൽ തകരാറുണ്ടായിരിക്കാമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. പിന്നീടാണ് തന്റെ മകന് യഥാർത്ഥത്തിൽ അതിജീവിക്കാനുള്ള സാധ്യത വെറും 10% മാത്രമാണുള്ളതെന്ന്‌ ആ പാവം മാതാപിതാക്കൾ മനസിലാക്കുന്നത്.

പക്ഷേ, ഇസബെലയും അരെകും അവരുടെ പത്ത് വയസുള്ള മൂത്ത മകൾ അലക്സാന്ദ്രയും പ്രതീക്ഷ കൈവിട്ടില്ല. അഡ്രിയന്റെ കൈകളിലേക്ക് ജപമാലയോടൊപ്പം മറിയത്തിന്റെയും യേശുവിന്റെയും ഒരു രൂപവും ഇസബെല വച്ചുകൊടുത്തു. അത്ഭുതങ്ങളിലുള്ള അവരുടെ വിശ്വാസം തകർന്നിരുന്നില്ല.

ദൈവത്തിൽ പൂർണ്ണവിശ്വാസം അർപ്പിച്ച ആ കുടുംബത്തിന്റെ കണ്മുൻപിൽ വച്ചു തന്നെ ഡോക്ടർമാർ അഡ്രിയന്റെ ശരീരത്തിൽ നിന്ന് അധിക ദ്രാവകം പതിയെ പതിയെ നീക്കം ചെയ്തു. ഹൃദയസ്തംഭനത്തിന് 46 ദിവസങ്ങൾക്കു ശേഷം, അഡ്രിയാൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു. ഒരു മാസത്തിനു ശേഷം, ന്യൂറോളജിക്കൽ വൈകല്യത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലാതെ അഡ്രിയാൻ പൂർണ്ണമായും സുഖപ്പെട്ടു. ഇപ്പോൾ 16 മാസത്തെ കീമോ തെറാപ്പി പൂർത്തിയാക്കുകയാണ് ആ കൊച്ചുമിടുക്കൻ.

ഏപ്രിൽ 8-ന്, അരെക് സൂറ തന്റെ പ്രതിജ്ഞ നിറവേറ്റി. വീട്ടിൽ നിന്ന് പത്ത് ബ്ലോക്ക് അകലെയുള്ള സെന്റ് അഡാൽബെർട്ട് ഇടവക പള്ളിയിലേക്ക് അരെക് മുട്ടിന്മേൽ  നീന്തി. ഇസബെലയും അഡ്രിയാനും അലക്‌സാന്ദ്രയും അരെകിനെ പിന്തുടർന്നു.

പള്ളിയിലേക്ക് നീന്തിക്കയറിയ അരെകിനെ അഡ്രിയാൻ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു.  ആ നിമിഷം, വിശ്വാസം ഒന്നുകൊണ്ടു മാത്രം ജീവിതത്തിലേക്ക് തിരികെവന്ന അഡ്രിയാന്റെ പ്രവൃത്തി കണ്ടുനിന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.