ദൈവത്തിന്റെ ഗന്ധമുള്ള ഒരു പള്ളി

    1952 – പണികഴിക്കപ്പെട്ട മംഗലപ്പുഴ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലെ ചാപ്പല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം വീണ്ടും തുറക്കുകയാണ്. 2025 ജനുവരി 28 – നാണ് നവീകരിച്ച ചാപ്പലിന്റെ വെഞ്ചരിപ്പ്.  പാശ്ചാത്യ- കാർമ്മലീയ ആത്മിക പാരമ്പര്യത്തെ ഭാരതീയ ആത്മീയധാരയിൽ ചാലിച്ചെടുത്തൊരു സമാനതയില്ലാത്ത ശിലാ നിർമ്മിതിയാണ് ഈ ചാപ്പല്‍. തുടര്‍ന്നു വായിക്കുക.

    ആലുവ മംഗലപ്പുഴയിലെ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലെ ദേവാലയത്തിനകത്തേക്ക് പ്രവേശിച്ച് കടന്നുപോകുന്ന ഏതൊരാളും തന്റെ ആത്മാവിന്റെ കോണിൽ എഴുതിയിടുന്ന ഒരു വാചകമാണിത്: ‘ഇവിടെ സത്യമായും ദൈവത്തിൻറെ ഗന്ധമുണ്ട് ‘. ദൈവവും മനുഷ്യനും തമ്മിൽ നടത്തുന്ന  സ്നേഹ ഭാഷണത്തിന്റെ സാക്ഷികൾ ആകാൻ മാലാഖമാർ തിരക്കുകൂട്ടുന്ന ഒരു പള്ളി. നിയോ – ഗോഥിക് ശൈലിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ പള്ളി അതിൻറെ ഉള്ളിടത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്താണ്? ദൈവ മനുഷ്യ അനുരാഗത്തിൻറെ കവിതയാണ് ഇതിൽ അലിയിച്ച് ചേർത്തിരിക്കുന്നത്. ചിന്തകനായ പ്ലോട്ടിനൂസിൻറെ വാക്കുകളിൽ പറഞ്ഞാൽ ‘രണ്ടാമത്തെ ദൈവമാണ് തച്ചുശാസ്ത്രി അഥവാ വാസ്തു ശിൽപി’  (architectus secundus Deus). കാരണം, തന്റെ കലയിലൂടെ അയാൾ പ്രതിഫലിപ്പിക്കുന്നത് അയാളുടെ മനസ്സാണ്. ശില്പിയുടെ മനസ്സിൻറെ ദർപ്പണമാണ് അയാളുടെ സൃഷ്ടി. അങ്ങനെ,  ദൈവത്തിന്റെയും രണ്ടാമത്തെ ദൈവമായ തച്ചുശാസ്ത്രിയുടെയും മനസ്സിൻറെ ദർപ്പണമായും  സർഗാത്മകതയുടെ ഇടവുമായും അടയാളപ്പെടുത്താവുന്ന ഒന്നാണ് മംഗലപ്പുഴ സെമിനാരിയിലെ ഈ ചാപ്പൽ.

    ആലുവയിലെ പെരിയാറിന്റെ തീരത്തുള്ള മംഗലപ്പുഴ കുന്നിലെ സ്വച്ചഭൂമിക. “മോന്തെ ഫോർമോസാ” (Monte Formosa)  എന്നാണ് അത് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. ഒരു വൈദികപരിശീലന ഭവനത്തിന് എല്ലാ അർത്ഥത്തിലും അനുയോജ്യമായ ഒരു അന്തരീക്ഷം. സ്പെയിനിലെ നവാറയിൽ നിന്നും കപ്പൽ കയറി ഇവിടെ വന്ന ഒരുകൂട്ടം സന്യാസിമാർ. ഈ മംഗലപ്പുഴ കുന്നിലാണ് അവരുടെ കണ്ണുകൾ ഉടക്കിയത്.  പത്രോസിന്റെ ശുശ്രൂഷ തുടരുന്ന റോമാ മാർപാപ്പയുടെ കൽപ്പന ശിരസ്സിലേറ്റി മലയാളത്തിൻറെ മണ്ണിലേക്ക് AD 1682 ൽ വന്നവർ.

    ഇവിടെ വന്ന് മരണം വരെ ഈ മണ്ണിൽ ചവിട്ടി നടന്നവർ. അന്ത്യനിദ്രയും ഈ മണ്ണിൽതന്നെ ആകണമെന്ന് ആഗ്രഹിച്ചവർ. മംഗലപ്പുഴ സെമിനാരിയുടെ സിമിത്തേരി ചാപ്പലിൽ ഇന്നും ഉറങ്ങുന്നവർ. അവരുടെ പുണ്യത്തിന്റെ ഗന്ധം നിറഞ്ഞ മണ്ണാണ്, വിശുദ്ധ വായുവാണ് മംഗലപ്പുഴയുടെത്.

    ഇതിൻറെ പരിസരപ്രദേശങ്ങളായ ആലുവയിലും കാലടിയിലുമൊക്കെയുള്ള ഹൈന്ദവസന്യാസ ജീവിതശൈലിയുടെ ഭാരതീയ ചേരുവകൾ സ്വീകരിച്ച് ക്രൈസ്തവ സന്യാസത്തിന് കാഷായം കൊണ്ടൊരു ഉപനയനം കുറിച്ച മഹായോഗികൾ. സർവ്വ സംഘപരിത്യാഗികളായി ഇവിടെ ജീവിച്ച മഹാത്യാഗരാജൻമാർ. ഈ മണ്ണിന്റെയും ഈ നാടിന്റെയും ഈശ്വര സ്മൃതിധാരകൊണ്ട് കുതിർന്ന മണ്ണിൽ ക്രിസ്തുവിനെ ധ്യാനിക്കാൻ വേണ്ടി മെനഞ്ഞെടുത്ത ഒരു പുണ്യ ഇടം. അതാണ് മംഗലപുഴയിലെ പള്ളി. ക്രൈസ്തവ ധർമ്മത്തിന്റെ അനന്യതയുടെയും ഭാരതീയ ദാർശനികതയുടെയും ശിലാഭാഷ്യം. മനുഷ്യനെക്കുറിച്ചുള്ള ക്രൈസ്തവ ധർമ്മദർശനം ഉടലാർന്നുറച്ചതാണ് മംഗലപ്പുഴയിലെ ഈ പള്ളി.

    “നിങ്ങൾ ലോകത്തിൻറെ ഉപ്പും പ്രകാശവുമാണ്” (Lux et sal) എന്ന വിശുദ്ധ മൊഴി പറഞ്ഞുകൊടുത്തു പഠിപ്പിച്ച ഗുരുവിൻറെ നിത്യസാന്നിധ്യത്തിൻറെ തച്ചുശാസ്ത്ര ഭാഷ്യം.

    പാശ്ചാത്യ- കാർമ്മലീയ ആത്മിക പാരമ്പര്യത്തെ ഭാരതീയ ആത്മീയധാരയിൽ ചാലിച്ചെടുത്തൊരു സമാനതയില്ലാത്ത ശിലാ നിർമ്മിതി. 75 -ാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ് ഈ അറിവൊളിയുടെ (Enlightenment) നിയോ- ഗോഥിക് ശിലാ കൂടാരം. അങ്ങനെ മലയാള മണ്ണിൽ ഒരു നവ- ആത്മീയ ദർശനത്തിന്റെ കാരണവന്മാരായി തീർന്ന ഫാ. ഔറേലിയൻ, ഫാ. സക്കറിയാസ്, ഫാ ജോൺ ജോസഫ് , ബിഷപ്പ് വിക്ടർ സാൻ മിഖായേൽ, തുടങ്ങിയ സന്യാസവര്യന്മാരാണ് മംഗലപ്പുഴയെ ഇന്ത്യയുടെ ഭൂപടത്തിൽ അടയാളപ്പെടുത്തിയത്. മലയാളത്തിന്റെ ആത്മീയ ഭൂമികയുടെ ഉമ്മറത്ത് കസേര വലിച്ചിട്ട് ഇരുന്നവർ. അവരുടെ ഇടമുറിയാത്ത സ്മൃതി ധാരയുടെ ചേതനയിലാണ് മംഗലപ്പുഴയിലെ സൂര്യാംശു പതിക്കുന്നത് .

    “തമസോമ ജ്യോതിർ ഗമയ, മൃത്യുമ അമൃതംഗമയ” ഇരുട്ടിൽ നിന്നും പ്രകാശത്തിലേക്ക് എന്നെ നയിക്കണമേ.  മരണത്തിൽ നിന്നും ജീവനിലേക്ക് എന്നെ നയിക്കണമേ’ എന്ന ഈ ഭാരതീയ മണ്ണിൻറെ ആഗ്രഹം ആ സന്യാസികൾ തങ്ങളുടെ ഹൃദയത്തിൽ കുറിച്ചിട്ടു. ഈ പ്രാർത്ഥനയുടെ ആവിഷ്കാരമാണ് ഈ ദേവാലയ നിർമ്മാണത്തിലൂടെ അവർ പൂർത്തീകരിച്ചത്. തമസിൽ നിന്നും പ്രഭയിലേക്കുള്ള മനുഷ്യന്റെ യാത്രയുടെ അടയാളപ്പെടുത്തൽ ആണിത്. കാരണം, ആ യാത്രയിലാണ് അമരത്വം നൽകപ്പെടുന്നത് എന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. (ചില കരാള കാഴ്ചകൾ നമ്മുടെ കാഴ്ചയെയും ദർശനത്തെയും മൂടിക്കളയുന്നു എന്ന് വിലപിക്കുന്ന ഈ കാലത്ത് ഇവിടെ ഇതാ കാഴ്ചകളെ കൂടുതൽ ദീപ്തമാക്കുന്ന ഒരു വിശുദ്ധ കാഴ്ച)

    വിശുദ്ധ ഹ്യൂഗിന്റെ അഭിപ്രായത്തിൽ ആവർത്തിച്ച് മിന്നുന്ന നക്ഷത്രമാണ് ഗോഥിക് ദേവാലയം.  ‘വിശാലമായി വിരിഞ്ഞു നിൽക്കുന്ന ദൈവ ശിഖരമാണ് ഒരു ഗോഥിക് ദേവാലയം’ എന്നാണ് ജോഹാൻ ഗോഥെ എന്ന ജർമ്മൻ കവി പറഞ്ഞുവെച്ചത്. കവികളും എഴുത്തുകാരും ഗോഥിക് വാസ്തുവിദ്യ പ്രകാരം നിർമ്മിക്കപ്പെട്ട ഒരു പള്ളിയെ വിളിക്കുന്നത് ‘ഭൂമിയിലെ മാലാഖമാർ നടക്കുന്ന ഇടം’ എന്നാണ്.  അദൃശ്യമായതിന്റെ പ്രതിധ്വനി നമുക്ക് ശ്രാവ്യമാക്കി തരുന്ന വിശുദ്ധ ജാമിതീയ സംഗീതം. അതിസുന്ദരവും അതിഭാവുകത്വവും നിറഞ്ഞതുമായ ഒരു അനുഭവമാണ് ഓരോ ഗോഥിക് ദേവാലയവും. കാഴ്ചക്കാരന്റെ  ആത്മാവിൽ അതിഭൗതികമായതും അദൃശ്യമായവുമായ ഇടപെടലുകൾ നടത്താൻ കഴിവുള്ള കലയുടെ പേരാണ് ഗോഥിക്. പവിത്രമായ കണക്കുകളുടെ കലയാണത്. പകരം വയ്ക്കാനാവാത്ത വിശുദ്ധ ക്ഷേത്രത്തിൻറെ ജാമിതിയം. വാസ്തുവിദ്യയിലൂടെ നൽകപ്പെട്ടിരിക്കുന്ന ഗൂഢ ഭാഷയാണത് (lingua mystica).ഒരു തലമുറ മറ്റൊരു തലമുറയ്ക്ക് സമ്മാനിക്കുന്ന രഹസ്യഭാഷ (a transgenerational secret code).

    ഗോഥിക് വാസ്തുവിദ്യയുടെ ചരിത്ര സഞ്ചാര പാത

    എഡി 1150 ലാണ് ഗോഥിക് മാതൃകയിലുള്ള വാസ്തുവിദ്യ യൂറോപ്പിൽ ഉടലെടുക്കുന്നത്. തുടർന്ന്, 1350 വരെ പള്ളികളും ആശ്രമങ്ങളും ഇടവക ദേവാലയങ്ങളും സന്യാസ ആശ്രമങ്ങളും സന്യാസ ദേവാലയങ്ങളും നഗരങ്ങളും ഭവനങ്ങളും ഈ തച്ചുശാസ്ത്ര രീതിയെ പിന്തുടർന്നു. ഗോഥിക് ദേവാലയങ്ങളുടെ പിറവിയുടെ വസന്തകാലം. (ഈ സമയത്താണ് പാശ്ചാത്യ ക്രൈസ്തവ ലോകം മുഴുവനും പ്രത്യേകിച്ച് ഷാർത്രിലും കൊളോണിലും അമിൻസിലും മിലാനിലും ബെൽജിയത്തിലും ഇറ്റലിയിലും സ്പെയിനിലും സ്വിറ്റ്സർലാൻഡിലും ലക്സംബർഗിലും പാരീസ് നഗരത്തിലും നൊത്രദാം, സലീസ്ബുറി, എൽക്ക്, കാന്റർബറി, സോയ്സൺസ്, വെസ്റ്റ് മിനിസ്റ്റർ, റേഗൻസ്ബുർഗ്, സിയന്നാ, ഓർവിയെത്തോ, റൂൻ, തൊളദോ, പ്രാഗ്, റെയിം തുടങ്ങിയ നഗരങ്ങളിലും ഗോഥിക് ദേവാലയങ്ങൾ ഉയർന്നത്)

    കൂടാതെ പന്ത്രണ്ടാം നൂറ്റാണ്ട് യൂറോപ്പിനെ അഥവാ പശ്ചാത്യലോകത്തെ സംബന്ധിച്ച് ഏറ്റവും സജീവമായ ഒരു കാലഘട്ടമായിരുന്നു. പുതുമയുടെ സുഗന്ധം അനിഷേധ്യമാം വിധം ജീവിതത്തിന്റെ എല്ലാ  ഇടവഴികളിലേക്കും ഇടനാഴികളിലേക്കും അരിച്ച് ഇറങ്ങിയ സമയമായിരുന്നു. ദൈവശാസ്ത്രത്തിന്റെയും കലയുടെയും തത്വശാസ്ത്രത്തിന്റെയും മണ്ഡലങ്ങളിൽ അനിഷേധ്യമായതും വിപ്ലവാത്മകരമായതുമായ മാറ്റങ്ങൾ ഉണ്ടാക്കിയ കാലമായിരുന്നു. മാറ്റങ്ങളുടെ ഈ കൊടുങ്കാറ്റ് ക്രൈസ്തവധർമ്മത്തിന്റെ ആശയ പരിസരങ്ങളെ സ്വാധീനിച്ചിരുന്നു എന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. തൽഫലമായി ക്രൈസ്തവ ആശയങ്ങളുടെ രൂപമാതൃകകൾ തന്നെയാണ് ഗോഥിക് ദേവാലയങ്ങളും അടയാളപ്പെടുത്തിയത്. (Imago generalis ecclesiale) ഇങ്ങനെ മധ്യകാലഘട്ടത്തിലെ ക്രൈസ്തവ ധർമ്മത്തിന്റെ ഉള്ളടക്കത്തിന്റെ ആവിഷ്കരണം ആയിരുന്നു ഗോഥിക് വാസ്തുവിദ്യ.

    അന്നത്തെ കാലഘട്ടത്തിന്റെയും ആ സമൂഹം ജീവിച്ചു വന്ന പൊതുബോധത്തിന്റെയും ചിന്താശീലങ്ങളുടെയും സംവേദനമാണ് ഈ വാസ്തുവിദ്യയിലൂടെ പ്രതിഫലിച്ചത്. ഒപ്പം പാശ്ചാത്യ ലോകത്തിന്റെ സാഹിത്യമേഖലയെയും പ്രാദേശിക ഭാഷകളെയും പന്ത്രണ്ടാം നൂറ്റാണ്ട് വളരെ നിർണായകമായ വിധത്തിൽ സ്വാധീനിച്ചു. യൂണിവേഴ്സിറ്റികളും സന്യാസ ആശ്രമങ്ങളും വളരെ വ്യാപകമായ രീതിയിൽ യൂറോപ്പിൽ ഉടനീളം പ്രചരിച്ച കാലഘട്ടമായിരുന്നു ഇത്. പഠന കേന്ദ്രങ്ങൾ വ്യാപിച്ചതോടുകൂടി ഗ്രീക്ക് തത്വശാസ്ത്രവും റോമൻ നിയമസംഹിതയും അതിന്റെ പ്രൗഡിയോടെ മനുഷ്യജീവിതത്തിന്റെ മണ്ഡലങ്ങളിലേക്കും തിരികെ പ്രവേശിച്ചു.

    അതോടൊപ്പം യൂറോപ്പിലെ രാജാക്കന്മാരുടെ ഭരണപരമായ ശൈലിയിലും രൂഢമൂലമായ മാറ്റങ്ങൾ ഈ കാലത്ത് സംഭവിച്ചു. അതുവരെ പടയോട്ടങ്ങൾകൊണ്ട് തങ്ങളുടെ രാജപ്രൗഡിയെയും അധികാരത്തെയും അടയാളപ്പെടുത്തിയിരുന്ന രാജാക്കന്മാർ പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ മാനവിക വിഷയങ്ങളുടെ ഉപാസകരും പ്രചാരകരും ആയിതീർന്നു. ക്ലാസിക്കൽ ലത്തീൻ ഭാഷയുടെയും കലയുടെയും കലാകാരന്മാരുടെയും മധ്യസ്ഥൻമാരായി അവർ മാറി. ഇത് പാശ്ചാത്യ ലോകത്തിന്റെ സാംസ്കാരിക ഭൂമികയുടെ വ്യാകരണങ്ങളെ മാറ്റിമറിച്ചു. ഈ കാലഘട്ടത്തിനോടൊപ്പം ആണ് ഗോഥിക് വാസ്തുവിദ്യ വ്യാപകമായി പ്രചരിച്ചതും വളർന്നതും. അതോടൊപ്പം തന്നെ ഉദാത്തമായ ആദർശങ്ങളുടെയും ധാർമിക മൂല്യങ്ങളുടെയും സഹയാത്രികരാൻ മനുഷ്യൻ തീരുമാനിച്ച ഒരു കാലഘട്ടം കൂടിയായിരുന്നു ഇത്. ധൈഷണികമായ അർത്ഥത്തിൽ, പുതിയ ചിന്താധാരകൾ ഈ കാലഘട്ടത്തിൽ രൂപം കൊണ്ടു. 12 -ാം നൂറ്റാണ്ട് മുതൽ ഉണ്ടായ രൂപപ്പെട്ട സാംസ്കാരികവും മതപരവും  ധൈഷണികവുമായ പരിസരങ്ങളെ മനസ്സിലാക്കാതെ ഗോഥിക് വാസ്തുവിദ്യ എന്താണെന്ന്  മനസ്സിലാക്കാൻ നമുക്ക് കഴിയില്ല.

    ക്രൈസ്തവധർമ്മത്തിന്റെ സ്വാധീനവും ഗോഥിക് വാസ്തുവിദ്യയിൽ വളരെ  നിർണായകമായിരുന്നു. പ്രാദേശിക മേൽപ്പട്ടക്കാരുടെ സ്വാധീനത്തിന്റെയും അധികാരത്തിന്റെയും വളർച്ചയെ  അടയാളപ്പെടുത്തിയ കാലം ആയിരുന്നു പന്ത്രണ്ടാം നൂറ്റാണ്ട്. ക്രൈസ്തവ ധർമ്മ ആധ്യാത്മികതയിൽ സമാനതകളില്ലാത്ത പാത്രധർമ്മങ്ങൾ മേൽപ്പട്ടക്കാർക്ക് നിശ്ചയിക്കപ്പെട്ടു. പ്രാദേശിക മേൽപ്പട്ടക്കാരുടെ അധികാരങ്ങൾ വർധിച്ചതോടുകൂടി അവർ നഗര രൂപീകരണത്തിലും രൂപതകളുടെ വളർച്ചയിലും നിർണായകമായ പങ്കുവഹിക്കുവാൻ തുടങ്ങി. അങ്ങനെ മേൽപ്പട്ടക്കാരുടെ അധികാരത്തിന്റെ ദൃശ്യ സൂചികകളായി പുതിയ കത്തീഡ്രലുകൾ രൂപപ്പെട്ടു. അവയോട് ചേർന്ന് ബൗദ്ധികമായ പരിശീലന വേദികൾ പിറവിയെടുത്തു. തങ്ങളുടെ അധികാരത്തെയോ സ്വാധീനത്തെയോ പ്രതാപത്തെയോ അടയാളപ്പെടുത്താൻ ആയിരുന്നില്ല ഈ ദേവാലയങ്ങൾ പണിയപ്പെട്ടത്.

    മറിച്ച്, ദൈവത്തിനുള്ള ബഹുമാനത്തെയും ദൈവത്തോടുള്ള ആദരവിനെയും (Laus Deo) അടയാളപ്പെടുത്താൻ ആയിരുന്നു. അങ്ങനെ ആ കാലഘട്ടത്തിന്റെ ആത്മീയവും ധൈഷണികവും സാംസ്കാരികവും സാമൂഹ്യവുമായ ജീവിതമേഖലകളെ ബാധിക്കുന്ന നിർണായകമായ രാസത്വരകം ആയിരുന്നു ഈ ഗോഥിക് കത്തീഡ്രലുകൾ. അങ്ങനെ ജനകീയശൈലിയുടെ പര്യായമായി ഗോഥിക് മാതൃകയിൽ പണിയപ്പെട്ട ദേവാലയങ്ങൾ അറിയപ്പെടാൻ ആരംഭിച്ചു. ഈ വാസ്തുശൈലിയാണ് യഥാർത്ഥ നഗര ശൈലി (Urban fashion) എന്ന സംസാരം വ്യാപകമായി.

    ഗോഥിക് ദേവാലയങ്ങൾ പൊതുവേ അകത്തേക്ക് കൂനിയിരിക്കുന്ന ശൈലിയിലാണ് പണിയപ്പെട്ടിരുന്നത്. അത്ഭുതമെന്നോണം, കൗതുകകരമായ ഈ നിർമ്മാണ രീതി ജനകീയമായ സ്വീകാര്യതയും അംഗീകാരവും നേടിയെടുത്തു. യുക്തിയുടെ അടിത്തറയിലാണ് ഗോഥിക് പള്ളികൾ പണിയപ്പെടുന്നത് എന്ന പൊതുബോധം വ്യാപകമായി. യുക്തിയുടെ സുതാര്യത ഒരു മനുഷ്യനിർമ്മിതിയിലൂടെ വെളിപ്പെടുത്തുന്നതാണ് ഈ വാസ്തുവിദ്യ എന്ന ചിന്ത പ്രബലമായി. ഇങ്ങനെ ആവേശഭരിതമായ ക്രൈസ്തവധർമ്മത്തിന്റെ  വളർച്ചയുടെയും ചടുലമായ ഊർജ്ജംകൊണ്ട് അടയാളപ്പെടുത്തപ്പെട്ട ഒരു സംസ്കാരത്തിന്റെയും പശ്ചാത്തലത്തിലാണ് ഗോഥിക് വാസ്തുവിദ്യ വ്യാപിച്ചതും വളർന്നതും.

    ‘ഗോഥിക്’ എന്ന പദം

    ക്രൈസ്തവ ദേവാലയങ്ങളെ സൂചിപ്പിക്കുവാനായി ‘ഗോഥിക്’ എന്ന പദം പതിനഞ്ചാം നൂറ്റാണ്ട് മുതലാണ് ഉപയോഗിക്കാൻ ആരംഭിച്ചത്. പ്രാരംഭദശയിൽ ക്രൈസ്തവ ദേവാലയങ്ങളെയോ വാസ്തുവിദ്യയോ സൂചിപ്പിക്കാൻ ആയിരുന്നില്ല ഈ പദം ഉപയോഗിച്ചിരുന്നത്. ക്രൈസ്തവ ദേവാലയങ്ങൾക്ക് ഈ നാമവിശേഷം ലഭിച്ചത് അവയുടെ വാസ്തുവിദ്യയുടെ ചില പ്രത്യേകതകളുടെ പശ്ചാത്തലത്തിൽ ആയിരുന്നു. അതായത്, പുറമേനിന്നു നോക്കുമ്പോൾ ഒരു ഗോഥിക് ദേവാലയം വളരെ ഭീമാകാരനായ ഒരു നിർമ്മാണ രൂപമായി കാണപ്പെടുന്ന ഒന്നാണ്. ഒപ്പം, അതിനൊരു ശോകഛവിയുണ്ട്. ഒരു വിഷാദ ഭാവമുണ്ട്. ചെറിയ ഇരുണ്ട നിറത്തിലുള്ള ഭാവത്തോടുകൂടി നിൽക്കുന്ന ഈ നിർമ്മാണഘടനയ്ക്ക് ആർദ്രമായ ഒരു വിഷാദ ഭാവ രൂപമാണുള്ളത്. മനുഷ്യൻറെ അസ്ഥിത്വത്തെ കുറിച്ചുള്ള ഒരു നേർവായന ആയിരുന്നു ഇങ്ങനെയൊരു അവതരണത്തിന്റെ അടിസ്ഥാനം. അതായത്, അവനവനിലേക്ക് തന്നെ തിരിയുന്ന ഉന്മയുടെ ഭാവങ്ങൾ വിഷാദം മാത്രമേ നിനക്ക് സമ്മാനിക്കൂ. മറിച്ച്, നിന്നിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ മുകളിലേക്ക് അഥവാ ദൈവത്തിലേക്ക് നോക്കുന്ന പക്ഷം നിൻറെ ഉള്ളിൽ ദീപ്തമായ അസ്ഥിത്വ ഭാവങ്ങൾ ഉദയം ചെയ്യും എന്നാണ് ഈ ദേവാലയത്തിന്റെ വൈരുദ്ധ്യ ഭാഷ നമ്മളോട് സംസാരിക്കുന്നത്. പുറമേ നോക്കിയാൽ കറുത്ത വസ്ത്രം ധരിച്ച സന്യാസിമാർ കൂടി നിൽക്കുന്ന പോലെയുള്ള ഒരു രൂപഭാവവും ഇതിനുണ്ട്. പതിനേഴാം നൂറ്റാണ്ട് മുതലാണ് ദേവാലയങ്ങളുടെ സൗന്ദര്യമാനങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെടാൻ ആരംഭിച്ചത്.

    പന്ത്രണ്ടാം നൂറ്റാണ്ട് വരെ യൂറോപ്പിൽ നിലനിന്നിരുന്നത് റോമനെസ്കോ വാസ്തു ശൈലി ആയിരുന്നു. ഇതിന് പകരമായിട്ടാണ് ഗോഥിക് തച്ചുശാസ്ത്രം യൂറോപ്പിൽ ആകമാനം പടർന്ന് പന്തലിച്ചത്. റോമനെസ്കോ നിർമ്മാണരീതി അനുസരിച്ച് ഭീമാകാരമായ തൂണുകളിൽ ആണ് കെട്ടിടസമുച്ചയം താങ്ങിനിർത്തപ്പെട്ടിരുന്നത്. തൂണുകളുടെ വലിപ്പവും ബാഹുല്യവും ഏത് ഭാരത്തെയും വഹിക്കാനും താങ്ങി നിർത്താനും പോകുന്നവയായിരുന്നു. ഗുരുത്വാകർഷണബലത്തെ അടിവരയിട്ടുറപ്പിക്കുന്ന രീതിയാണ് അവയ്ക്ക് ഉണ്ടായിരുന്നത്. നിലം പതിക്കാത്ത, വീണുപോകാത്ത ഒരു കെട്ടിടം എന്നത് മാത്രമായിരുന്നു അവയുടെ മുഖ്യലക്ഷ്യം. അതുകൊണ്ടുതന്നെ അവയുടെ ഭിത്തി കനമുള്ള രീതിയിലാണ് പണിയപ്പെട്ടിരുന്നത്. ജനാലകൾ എല്ലാം താരതമ്യേന വലിപ്പം കുറഞ്ഞവയായിരുന്നു. തത്ഫലമായി,  കെട്ടിടത്തിന്റെ ഉള്ളിൽ പ്രവേശിക്കുന്ന പ്രകാശത്തിന്റെ അളവിന് പരിമിതികൾ ഉണ്ടായിരുന്നു.  ഇതിനെയാണ് ഗോഥിക് ശൈലി തിരുത്തിക്കുറിച്ചത്.

    ഭാരത്തെ താങ്ങിനിർത്തുന്ന തൂണുകളെ പറ്റിയുള്ള വ്യഗ്രത ഗോഥിക് വാസ്തുവിദ്യ ഇല്ലാതാക്കി. കല്ലിൽ മാത്രം കെട്ടി ഉയർത്തി വന്നിരുന്ന ശൈലിക്ക് പകരം ധാരാളം പ്രകാശവും വായുസഞ്ചാരവും ഉള്ള നവീനരീതിയെ ഗോഥിക് വസ്തുവിദ്യ അവതരിപ്പിച്ചു. മുകളിലേക്ക് കൂർത്തുനിൽക്കുന്ന നിർമ്മാണ ശൈലികൾ അവലംബിച്ചു.

    നാല് പ്രത്യേകതകളാണ് ഗോഥിക് വാസ്തുവിദ്യക്ക് ഉണ്ടായിരുന്നത്: ആത്മീയത, യുക്തിപരത, സാമൂഹ്യബോധം, സാങ്കേതികവിദ്യ. മാനുഷിക യുക്തിചിന്തയുടെ സുതാര്യതയാണ് (transparency of rationality) ഈ മനുഷ്യനിർമ്മിത നിർമ്മാണ രൂപം പ്രകടമാക്കിയത്. ശിലയിലും ഗ്ലാസിലും കൊത്തിവയ്ക്കപ്പെട്ട ഗോഥിക് ദേവാലയങ്ങൾ കാഴ്ചക്കാരിൽ വിസ്മയത്തിന്റെ അനിഷേധ്യ കാരണങ്ങളായി മാറാൻ അധികം സമയം എടുത്തില്ല. ഗോഥിക് ദേവാലയങ്ങളെ നോക്കി വിസ്മയിച്ച കവികളും എഴുത്തുകാരും “ശിലയുടെ ഭാഷ പഠിക്കൂ” എന്ന ക്ഷണക്കത്തിന്റെ കുറിപ്പുകൾ പൊതുജനങ്ങൾക്കായി എഴുതാൻ ആരംഭിച്ചു.  അതുവരെ നിലവിൽ ഇല്ലാതിരുന്ന ഒരു വാസ്തുവിദ്യയെ ആണ് ഇത് അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ പുതുമയുടെ ഗന്ധം അവയ്ക്ക് ഉണ്ടായിരുന്നു. ആകാശത്തിലേക്ക് മുഖം ചേർത്തുവെച്ചുകൊണ്ട് നിൽക്കുന്ന ഈ ദേവാലയങ്ങൾ സുന്ദരവും ഒപ്പം മനുഷ്യൻറെ ശ്രദ്ധയെ ആകർഷിക്കുന്നതും ആയിരുന്നു. മണ്ണിൽ നിന്നും വിണ്ണിലേക്ക് ഉയർന്നു നിൽക്കുന്ന ഈ ദേവാലയങ്ങൾക്ക് തൂവൽ കനം മാത്രമേയുള്ളൂ എന്ന പ്രതീതി

    കാഴ്ചക്കാരനിൽ ജനിപ്പിച്ചിരുന്നു. ഭാരമില്ലായ്മയുടെ അഥവാ ലഘുത്വത്തിന്റെ നിയമമാണ് അവ ആവിഷ്കരിച്ചത്. ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന ഗോഥിക് ദേവാലയത്തിന്റെ ടവറുകൾ  ആകാശത്തേക്ക് പറക്കാൻ വെമ്പി നിൽക്കുന്ന പ്രതീതിയാണ് കാഴ്ചക്കാരനിൽ സമ്മാനിച്ചത്.

    ഗോഥിക് ദേവാലയങ്ങൾ ക്രൈസ്തവ ആരാധന കേന്ദ്രങ്ങൾ മാത്രമായിരുന്നില്ല. മറിച്ച്, അതുവരെ നിലനിന്നിരുന്ന ധാരണകളുടെയും പൊതുബോധത്തെയും ഭൂമികയുടെ തിരുത്തിയെഴുതൽ ആയിരുന്നു.അതായത്, ദൈവത്തെ പറ്റിയുള്ള ചിന്തകൾക്ക് ധാരണകൾക്ക് കലാപരമായ ആവിഷ്കരണ സാധ്യതകളുടെ വഴിതുറന്നത് ഈ വാസ്തുവിദ്യയായിരുന്നു. ആരാണ് മനുഷ്യൻ, അവൻറെ നിയോഗം എന്താണ് എന്ന ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കൽ ആയിരുന്നു ഇവയുടെ ആഖ്യാന ഭാഷ. ഈ ഭൂമിയിൽ ആയിരിക്കുമ്പോൾ നീ എന്ത് ചെയ്യണം,  നിന്റെ ഭാഗധേയം എന്താണ്, നിന്റെ നിയോഗം എന്താണ്, നിന്റെ ഇടം എവിടെയാണ് എന്ന് കാഴ്ചക്കാരനോട് സംവേദനം ചെയ്യുന്നതിന്റെ മാധ്യമം ആയിരുന്നു ഓരോ ഗോഥിക് ദേവാലയവും.

    പ്രപഞ്ചത്തെക്കുറിച്ച്, മനുഷ്യന്റെ ജീവിത നിയോഗങ്ങളെ കുറിച്ച്, കലയിലൂടെ സംസാരിക്കുന്ന പുതിയൊരു ശൈലിയുടെ വഴിവെട്ടി തുറക്കൽ ആയിരുന്നു ഇത്. ഗോഥിക് ദേവാലയത്തിലെ അകക്കാഴ്ചകൾ  ഒരു വിമലീകരണത്തിന്റെ അനുഭവമാണ് കാഴ്ചക്കാരനിൽ സമ്മാനിച്ചിരുന്നത്. ഇങ്ങനെ ഈ ദേവാലയത്തിനകത്തേക്ക് പ്രവേശിക്കുന്ന ഓരോ വ്യക്തിയും കാഴ്ചയിലൂടെ വിശുദ്ധീകരിക്കപ്പെടുന്ന എൻജിനീയറിങ്ങിന്റെ വിദ്യയാണ് വാസ്തു ശൈലി അവതരിപ്പിച്ചത് (Katharsis). ശിലയിലും ഇഷ്ടികയിലും പണിതുയർത്തപ്പെട്ട കെട്ടിടം എന്നതിനേക്കാൾ അപ്പുറത്ത് സാധാരണ മനുഷ്യന്റെ പാഠപുസ്തകം ആയിരുന്നു. ജീവിതത്തിന്റെ നിയോഗങ്ങളെ കുറിച്ച് ഉത്തരം തരുന്ന പവിത്രമായ രേഖകൾ ആയിരുന്നു. ഒരു വിദൂര ലോകം നമുക്ക് സമ്മാനിച്ച വിലയിടാൻ പറ്റാത്ത സ്വർഗ്ഗ ശിലയായ അവയുടെ പരിസരങ്ങളിൽ ജീവിക്കാൻ കഴിയുന്ന മനുഷ്യൻ ഭാഗ്യമുള്ളവരാണ്.

    ഭാവനയും ഗോഥിക് വാസ്തുശൈലിയും

    ക്രൈസ്തവ ധർമ്മത്തിന്റെ വളർച്ചയോ പ്രാമുഖ്യമോ പൗരോഹിത്യ സ്വാധീനമോ മേൽക്കോയ്മയോ ആയിരുന്നില്ല ഗോഥിക് വാസ്തുവിദ്യയുടെ ഉറവിടം. മറിച്ച്, ഈ കാലഘട്ടം അതിന്റെ മാനുവൽ ആയി ഉപയോഗിച്ചിരുന്നത് ഭാവനയെയും കവിതയെയും ആയിരുന്നു. ക്രൈസ്തവ ഭാവനയുടെ പുഷ്പിക്കൽ ആയിരുന്നു ഈ വാസ്തുവിദ്യ പ്രകാരമുള്ള ദേവാലയങ്ങൾ. കാരണം, അവരെ സംബന്ധിച്ചിടത്തോളം മനുഷ്യന്റെ ഇന്ദ്രിയങ്ങൾക്ക് പോലും അറിവിന്റെ ജനാലകൾ തുറക്കാൻ സാധിക്കും എന്ന തിരിച്ചറിവ് ഇതിന്റെ ശില്പികൾക്ക് ഉണ്ടായിരുന്നു. ഈ അർത്ഥത്തിൽ, അതീന്ദ്രിയതയിലേക്ക് (transcendence) തുറന്നുവെച്ച ജനാലകൾ ആയിരുന്നു ഗോഥിക് ദേവാലയങ്ങൾ.

    ഘടനപരമായ സവിശേഷതകൾ

    വിവിധവും വ്യത്യസ്തവുമായ ബഹുവിധ ഘടകങ്ങളുടെ കൃത്യമായ ഏകോപിപ്പിക്കൽ ആയിരുന്നു ഗോഥിക് ദേവാലയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ബഹുവിധ ഘടകങ്ങളെ ഒരേ നൂലിഴയിൽ കോർത്തെടുത്താൽ എന്നപോലെ പലവിധ, നാരുകളെ ഒരുമിച്ച് ഇഴ ചേർത്ത് തുന്നി പിടിപ്പിച്ച ഒറ്റ വസ്ത്രം നെയ്യുന്നത് പോലെ ആയിരുന്നു ഈ ദേവാലയങ്ങൾ. തനിയെ നിൽക്കുന്ന ഓരോ ഭാഗത്തെയും തുന്നി ചേർത്ത് ഒറ്റനൂലിൽ കോർത്തെടുക്കുന്ന ഏകതന്തു രചന നടത്തിയ കവിതകളാണ് ഗോഥിക് പള്ളികൾ. ഒറ്റക്കമ്പിയുടെ ആധാര ശ്രുതിയിൽ തീർത്ത സംഗീതം പോലെ ഒരു ദൃശ്യ നിർമ്മിതി. ഇതിന് ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. അതായത്, ഏകോപിപ്പിക്കപ്പെട്ടതും ഗ്രാഹ്യവുമായ ഒരു ഇടം (unified and intellible space) സൃഷ്ടിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം.

    അങ്ങനെ സ്വർഗ്ഗത്തെ ഈ ഭൂമിയിൽ സാക്ഷാത്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ഏകോപിപ്പിക്കൽ നടന്നത്. അതിലൂടെ ഐക്യത്തിലേക്ക് ഉള്ള ഒരു ക്ഷണവും വ്യഗ്രതയും കാഴ്ചക്കാരന്റെ ഉൾബോധമണ്ഡലത്തിൽ അയാൾ അറിയാതെ തന്നെ രൂപപ്പെടുത്താൻ ഈ വാസ്തുവിദ്യക്ക് കഴിഞ്ഞിരുന്നു. ഇതാണ് ഒരു ഗോഥിക് ദേവാലയത്തിന്റെ ഉള്ളിടം ഒരു കാഴ്ചക്കാരന് പ്രഥമത സമ്മാനിക്കുന്നത്. ഈ വാസ്തുവിദ്യയുടെ ലംബരൂപമാണ് (verticality) ഇതിന്റെ കലാപരമായ മറ്റൊരു സവിശേഷത. ഭൂമിയിൽ നിന്നും ആകാശത്തേക്ക് ഉയർന്നു നിവർന്ന് നിന്നുകൊണ്ട് കുത്തനെ നിലകൊള്ളുന്ന അതിന്റെ രൂപഭാവം പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. തനിക്ക് അപ്പുറത്തേക്ക് യാത്ര ചെയ്യാനുള്ള മനുഷ്യന്റെ സഹജമായ സ്വഭാവത്തിന്റെ കേന്ദ്രീകരിക്കലാണ് ഇത് സൂചിപ്പിച്ചത്. വെളിച്ചവുമായി ഉള്ള ഈ ദേവാലയങ്ങളുടെ ഭാഷണം ആണ് ഈ ശൈലിയുടെ മറ്റൊരു പ്രത്യേകത. വെളിച്ചം കടത്തിവിടുന്ന നിർമ്മാണ ശൈലിയാണിത്. സുതാര്യതയുടെ ഇടമാണത്. സാധാരണഗതിയിൽ ഭിത്തികൾ പ്രകാശത്തെ തടയുമ്പോൾ ഗോഥിക് വാസ്തുവിദ്യപ്രകാരം ഉള്ള ദേവാലയങ്ങളുടെ ഭിത്തികൾ പ്രകാശത്തെ പ്രവേശിപ്പിച്ചുകൊണ്ട് സുതാര്യതയുടെ നിർമ്മിതികളായി മാറുകയാണ് ചെയ്യുന്നത്. വർണ്ണങ്ങൾ നിറഞ്ഞ പ്രകാശത്തിനു മുൻപിൽ തീർക്കുന്ന വേലി മാത്രമാണ് ഗോഥിക് ദേവാലയങ്ങളുടെ ഭിത്തികൾ.

    സൗന്ദര്യവും ഗോഥിക് വാസ്തുവിദ്യയും

    പ്രാരംഭഘട്ടത്തിൽ ഈ നിർമിതികൾ ഉദ്ഘോഷിച്ചിരുന്നത് ഇപ്രകാരമായിരുന്നു: “ദൈവമേ, അങ്ങയുടെ ആലയത്തിന്റെ സൗന്ദര്യത്തെയും മനോഹാരിതയെയും ഞാൻ സ്നേഹിക്കുന്നു.” പതിമൂന്നാം നൂറ്റാണ്ടിന്റെ പകുതി മുതൽ ഇതിന് ചെറിയ ഒരു മാറ്റം സംഭവിച്ചു. അത് ഇങ്ങനെയായിരുന്നു: “ഞാൻ സൗന്ദര്യത്തെയും  ലാവണ്യത്തെയും സ്നേഹിക്കുന്നു”. അതായത്, ഈ കാലഘട്ടത്തിൽ തീവ്രമതാത്മകതയെ കുറച്ച് മയപ്പെടുത്തുകയും പകരം പൊതുവായ കലാശൈലിയെ പ്രോത്സാഹിപ്പിക്കുന്ന രീതിയെ ഗോഥിക് ശൈലി ആശ്ലേഷിച്ചു.

    ഗോഥിക് ദേവാലയങ്ങളുടെ ഉൾഭാഗത്തിന്റെ സൗന്ദര്യം വർണ്ണിച്ചുതീർക്കാൻ ആവില്ല. അവ അത്രമേൽ ലാവണ്യശോഭ നിറഞ്ഞതാണ്. ഇതിനൊരു മറുപുറം ഉണ്ട്. നിൻറെ ഉള്ളിലെ, ആന്തരികതയിലെ,  വൈരൂപ്യത്തെ എറിഞ്ഞു കളയുക എന്നാണ് അതിന്റെ അർത്ഥം. അത് നമ്മെ ഓർമിപ്പിക്കാൻ വേണ്ടിയാണ് ഇതിൻറെ ദേവാലയത്തിന്റെ അകത്തളങ്ങൾ ഇത്ര മനോഹരിതമാക്കുന്നത്. അങ്ങനെ, നമ്മുടെ ഇന്ദ്രിയങ്ങൾക്ക് അതീതമായ ചില യാഥാർത്ഥ്യങ്ങളെ നമ്മുടെ നേത്രങ്ങൾക്ക് ദൃശ്യമാക്കുന്ന പ്രതീകങ്ങളാണ് ഗോഥിക് ദേവാലയങ്ങൾ.

    സൗന്ദര്യശാസ്ത്രത്തിന്റെ ആശയ പരിസരങ്ങളിൽ നിന്നു കൊണ്ട് ഗോഥിക് വാസ്തുവിദ്യയെ സമീപിക്കുന്നതിന് പിന്നിൽ ഒരു പ്രത്യേക പശ്ചാത്തലം ഉണ്ടായിരുന്നു. അതായത് വിശുദ്ധ അഗസ്റ്റിന്റെ ദൈവശാസ്ത്ര ഭൂമികകൾ സൗന്ദര്യത്തെ പറ്റിയുള്ള ചിന്തകൾക്ക് ഊർജ്ജം പകർന്ന കാലമായിരുന്നു അത്. അഗസ്റ്റിന്റെ അഭിപ്രായത്തിൽ  സുന്ദരമായ ഓരോ വസ്തുവും സൃഷ്ടിയും സൗന്ദര്യം തന്നെയായ ദൈവത്തിലേക്കാണ് (quod per se ipsum) കാഴ്ചക്കാരനെ നയിക്കുന്നത്.

    ദൈവം സൗന്ദര്യം തന്നെയാണ് (esse est pulchrum esse)

    ദൈവത്തിൻറെ സത്തയിൽ ദൈവം സൗന്ദര്യമാണ്. ദൈവത്തിന്റെ ലാവണ്യത്തിന്റെ മകുടമായ ഉദാഹരണമാണ് ക്രിസ്തു. മനുഷ്യന്റെ ഹൃദയത്തിലെ വൈരൂപ്യം നീക്കികളയാൻ ആഗ്രഹിക്കുന്നവനാണ് ക്രിസ്തു. അവന്റെ കൃപകൊണ്ടാണ് അവൻ മനുഷ്യന്റെ വൈരൂപ്യത്തെ തുടച്ചു മാറ്റി മനുഷ്യന്റെ

    ഉന്മയെ കൂടുതൽ സൗന്ദര്യം ഉള്ളതാക്കി തീർക്കുന്നത് (gratia illuminans et dealbans). വിശുദ്ധ അഗസ്റ്റിന്റെ ഈ ചിന്തയാണ് ഗോഥിക് തച്ചുശാസ്ത്രികൾ ഏറ്റെടുത്തത്. ഇങ്ങനെ ക്രിസ്തുവിന്റെ കൃപാസ്മൃതിയുടെ പുനർവായനയുടെ ഇടങ്ങളായി ഗോഥിക് ദേവാലയങ്ങൾ മാറ്റപ്പെട്ടു.

    പ്രകാശപ്രളയവും ഗോഥിക് പള്ളികളും

    ഗോഥിക് പള്ളികളുടെ ഏറ്റവും വലിയ പ്രത്യേകതയാണ് വിവിധ വർണ്ണങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ട സ്റ്റെയിൻഡ് ഗ്ലാസുകൾ. ദൈവത്തിന്റെ പ്രതീകമാണ് പ്രകാശം. “ഞാൻ ലോകത്തിൻറെ പ്രകാശമാണ്” എന്ന ക്രിസ്തുമൊഴിയെ അടയാളപ്പെടുത്തുന്നതായിരുന്നു വിവിധ വർണ്ണങ്ങളിൽ ഉള്ള ഗ്ലാസ്സുകൾ. പുറത്തുനിന്നും പ്രവേശിക്കുന്ന പ്രകാശമാണ് (Lux) മനുഷ്യന്റെ ഉൾബോധ തലങ്ങളെ ദീപ്തമാക്കുന്നത് (Lumen) എന്ന ചിന്തയാണ് ഇതിന് പിന്നിൽ ഉണ്ടായിരുന്നത്. ദൈവത്തിൻറെ പ്രകാശം (Lux  Spiritualis) മനുഷ്യന്റെ ആത്മീയ പ്രകാശമായി (Lumen Spiritualis) തീരുന്ന ഒരു പ്രത്യേകതരം മായാവിദ്യ. ഉൾബോധത്തിന്റെ  നയനങ്ങളിലൂടെയുള്ള (oculis mentis) വിമലീകരണം ആയിരുന്നു ഓരോ ഗോഥിക് ദേവാലയവും. ഇങ്ങനെ, കാഴ്ചയിലൂടെ സംഭവിക്കുന്ന സ്നാനത്തെ ആണ് ഓരോ ഗോഥിക് ദേവാലയവും സമ്മാനിച്ചത്.

     ഗോഥിക് – സ്കൊളാസ്റ്റിക് രസതന്ത്രം

    ഗോഥിക് വാസ്തുവിദ്യയും സ്കൊളാറ്റിസിസവും സമകാലികർ ആയിരുന്നു. ചരിത്രപരമായ അവയുടെ ഏകത്വം പാരസ്പര്യ സ്വഭാവമുള്ള ആശയങ്ങളുടെ കൈമാറ്റത്തിന് കാരണമായി ഭവിച്ചു. ദൃശ്യമായ, സൃഷ്ടിക്കപ്പെട്ട ഈ ലോകത്തെ നിരീക്ഷിക്കുന്നതിലൂടെയും മനസ്സിലാക്കുന്നതിലൂടെയും അതിന്റെ സ്രഷ്ടാവിനെ ഗ്രഹിക്കാനാണ് സ്കൊളാസ്റ്റിക് ദൈവശാസ്ത്രജ്ഞന്മാർ ശ്രമിച്ചത്. ഇതുതന്നെയായിരുന്നു ഗോഥിക് വാസ്തു ശാസ്ത്രികളുടെയും ശ്രദ്ധാകേന്ദ്രം. ഒരു പരിധിവരെ, സ്കൊളാസ്റ്റിക് കാഴ്ചപ്പാടുകളെയാണ് ഗോഥിക് തച്ചുശാസ്ത്ര അവതരിപ്പിച്ചത് എന്ന് പറയുന്നതിൽ തെറ്റില്ല. പക്ഷേ, അത് ഏക വഴിയിൽ അല്ലായിരുന്നു എന്ന് മാത്രം. എണ്ണി തീർക്കാൻ ആവാത്ത വിധം ബഹുസ്വരതയുടെ ഭാഷയും ശൈലിയും അവലംബിച്ചുകൊണ്ടാണ് അവർ അത് നിർവഹിച്ചത്. അദ്‌ഭുതാവഹമായ ഒരു മനപ്പൊരുത്തം എന്നൊക്കെ പറയാവുന്ന തരത്തിൽ സ്കൊളാസ്റ്റിക്ക് ദൈവശാസ്ത്രവും ഗോഥിക് വാസ്തുവിദ്യയും തമ്മിൽ ഒരു രസതന്ത്രം നിലനിന്നിരുന്നു.

    സൃഷ്ടിയിൽ നിന്നും സ്രഷ്ടാവിലേക്ക് അധികം ദൂരമില്ല എന്ന് ഇരു കൂട്ടരും കണ്ടെത്തി. ദൈവം ഒരു ആശയമല്ല എന്ന വസ്തുതയ്ക്ക്, വാദഗതിക്ക്, തച്ചുശാസ്ത്രികൾ അടിവരയിട്ടു. ദൈവം എന്നാൽ ദൃശ്യമായ ഈ ഭൗതിക ലോകത്തിന്റെ മധ്യത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തുന്നവനും ആവിഷ്കരിക്കുന്നവനുമാണ് എന്ന് അവർ തിരിച്ചറിഞ്ഞു. അതുകൊണ്ട്, ദൈവത്തിന്റെ ദൃശ്യപരതയാണ് ദേവാലയ നിർമ്മാണത്തിലൂടെ അവർ അടയാളപ്പെടുത്തിയത്. തങ്ങളുടെ തന്നെ സർഗാത്മകതയെ ആശ്രയിച്ചു കൊണ്ടായിരുന്നില്ല അവർ അതിനെ രൂപപ്പെടുത്തിയത്. മറിച്ച് , മനുഷ്യന്റെ പ്രവർത്തികളെ നിർണയിക്കുന്ന, നിയന്ത്രിക്കുന്ന തത്വങ്ങൾ നിലവിലുണ്ട് എന്നും ആ തത്വങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത് എന്നും (principium importans ordinem ad actum) അവർ തിരിച്ചറിഞ്ഞിരുന്നു. അവർ തിരിച്ചറിഞ്ഞ തത്വത്തിന്റെ പേരായിരുന്നു സ്കോളാസ്റ്റിസിസം.

    ബുദ്ധിക്ക് മാത്രമല്ല, മറിച്ച് ഇന്ദ്രിയങ്ങൾക്കും അറിവിന്റെ വാതായനങ്ങൾ തുറക്കാൻ ആവുമെന്ന് സ്കോളാസ്റ്റിക് ചിന്തകർ കണ്ടെത്തി. കാഴ്ചയ്ക്ക് ഒരുതരം ബുദ്ധി (intelligence) ഉണ്ടെന്ന് അവർ മനസ്സിലാക്കി. ഇത് കലയെയും സ്വാധീനിച്ചു. ഭാവനയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചു. സംഗീതവും ദൃശ്യകലയും നിർമ്മാണ ശൈലിയും കൂടുതൽ സ്പഷ്ടമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ വേണ്ടിയുള്ള നവസങ്കേതങ്ങൾ അന്വേഷിക്കാൻ ആരംഭിച്ചു. ഇതിന്റെ അനന്തരഫലമായി ദൃശ്യകലകൾ അവ ആവിഷ്കരിക്കപ്പെടുന്ന ഇടങ്ങളെ (spaces) കൃത്യവും നിയതവുമായ രീതിയിൽ വിഭജിക്കുന്ന ശൈലി അവലംബിക്കാൻ ആരംഭിച്ചു.  തച്ചുശാസ്ത്രവും ഈ ശൈലിയെ സ്വീകരിച്ചു. തൽഫലമായി നിർമ്മാണങ്ങളും മറ്റും കൂടുതൽ വ്യക്തത (manifestatio) ഉളവാക്കാൻ വേണ്ടിയുള്ള തച്ചുശാസ്ത്ര സങ്കേതങ്ങൾ വികസിപ്പിച്ചു.

    മനുഷ്യന്റെ അസ്ഥിത്വവുമായി ബന്ധപ്പെട്ട എല്ലാ യാഥാർത്ഥ്യങ്ങളെയും അതിന്റെ സാകല്യത്തിൽ  (totality) പ്രതിപാദിക്കുക എന്ന ശൈലി സ്കൊളാസ്റ്റിക് ചിന്തകകർ അവലംബിച്ചു. അങ്ങനെയാണ് ‘എല്ലാറ്റിന്റെയും സമാഹരണം’ (summa) എന്ന അർത്ഥത്തിലുള്ള ഗ്രന്ഥങ്ങൾ രൂപപ്പെട്ടത്. സമഗ്രതയിൽ ഓരോ ഘടകത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഓരോ അംശത്തിനും അതിന്റെ ഇടമുണ്ട്. ഓരോ ഘടകവും സാകല്യത്തെ പറ്റിയുള്ള ഒരു സംഗീതശകലം തന്നെയാണ്.

    സ്കൊളാറ്റിസിസത്തിന്റെ ആവിർഭാവത്തോടെയാണ് ക്രമീകൃതമായ അവതരണ രീതി ഉടലെടുത്തത്. അതായത്, യുക്തിഭദ്രമായ രീതിയിൽ കാര്യങ്ങളെ ചിട്ടയോടെ സംവേദനം ചെയ്യുന്ന ശൈലിയാണ് അത് (secundum ordiem disciplinae). അടുക്കും ചിട്ടയോടെ ഒരു കാര്യം അവതരിപ്പിക്കുന്ന രീതി അന്നത്തെ പൊതു ബോധത്തിന്റെ ഭാഗമായി മാറി. ഇത് തച്ചുശാസ്ത്രത്തിലക്കും കടന്നുവന്നു. അതുകൊണ്ടാണ് ഗോഥിക് ദേവാലയത്തിന്റെ ഓരോ ഭാഗങ്ങളും എത്ര ചെറുതാണെങ്കിലും അവയെല്ലാം പരസ്പരം അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നത്. അവയെല്ലാം കൂടി ചേർന്നാണ് ഒരു സാകല്യത്തെ (whole) മെനയുന്നത്.

    മധ്യകാല ക്രൈസ്തവ ധർമ്മം രൂപീകരിച്ച ജ്ഞാനസിദ്ധാന്തത്തിന്റെ ലാളിത്യമാർന്ന വിശദീകരണമാണ് മംഗലപ്പുഴ സെമിനാരിയിലെ ഈ ഗോഥിക് ദേവാലയം. 1947 – ൽ നിർമ്മാണം ആരംഭിച്ച ഈ ദേവാലയത്തിന്റെ നിർമ്മാണം 1951- ൽ പൂർത്തിയായി. ഖനനം ചെയ്യപ്പെടാത്ത പ്രത്യേകതകളുടെയും കൗതുകങ്ങളുടെയും നിധിയാണ് ഈ പള്ളി. മംഗലപ്പുഴ സെമിനാരിയുടെ അന്നത്തെ പ്രൊക്കുറേറ്റർ ആയിരുന്ന ബഹുമാനപ്പെട്ട ഫാ. വിക്ടർ സാൻ മിഖായേൽ ആണ് നിർമ്മാണത്തിന് നേതൃത്വം വഹിച്ചത്. അദ്ദേഹത്തിന് പൈതൃകമായി കിട്ടിയ സ്വത്ത് ഈ ദേവാലയ നിർമാണത്തിനായി അദ്ദേഹം ഉപയോഗിച്ചു.  അതിനു പുറമേ, അദ്ദേഹം വ്യക്തിപരമായി ഉപകാരികളെ കണ്ടെത്തിയാണ് ഇതിനുവേണ്ട ധനസമാഹരണം നടത്തിയത്.

    സെമിനാരിയുടെ കണക്കിൽ നിന്ന് ഒരു രൂപപോലും ചെലവഴിക്കാതെ അദ്ദേഹം ചെയ്ത മഹാത്യാഗത്തിന്റെ അടയാളപ്പെടുത്തലാണ് മംഗലപ്പുഴയിലെ ഈ പുണ്യകൂടാരം. ഇതിന്റെ നിർമ്മാണത്തിനായി ജനാലകളിൽ ഉപയോഗിച്ചിരിക്കുന്ന ഗ്ലാസുകൾ എല്ലാം എത്തിച്ചത് ബെൽജിയത്തിൽ നിന്നായിരുന്നു. ഇറ്റലിയിലെ കരാറ എന്ന സ്ഥലത്തുനിന്നും എത്തിച്ച 30 ടൺ  മാർബിൾ ആണ് മദ്ബഹയിൽ ഉപയോഗിച്ചിരിക്കുന്നത്. അവിടെനിന്നും കപ്പലിൽ കൊണ്ടുവന്ന നിർമ്മാണ സാമഗ്രികൾ കൊച്ചിയിൽ എത്തിച്ചതിനുശേഷം മംഗലപുഴയിലേക്ക് ലോറി മാർഗ്ഗമാണ് എത്തിച്ചത്. അൾത്താരയുടെയും മദുബഹയുടെയും ജോലികൾ നിർവഹിച്ച കമ്പനി റോമിൽ നിന്നുള്ളവരായിരുന്നു. എട്ട് നിറത്തിലുള്ള മാർബിളുകൾ ആണ് തറയിൽ പാകിയിരിക്കുന്നത്. മദുബഹയുടെ മുകളിലുള്ള അഞ്ച് ജനാലകളിൽ ഉപയോഗിച്ചിരിക്കുന്ന ഗ്ലാസുകൾ അതി വിശിഷ്ടമാണ്. അൾത്താരയിലും സക്രാരിക്ക് ചുറ്റുമായി ഉപയോഗിച്ചിരിക്കുന്ന മരതകം പോലെയുള്ള വിലപ്പെട്ട കല്ലുകൾ കൊണ്ടുവന്നത് ഉക്രൈനിൽ നിന്നായിരുന്നു. ദേവാലയത്തിൽ ഉപയോഗിച്ചിരിക്കുന്ന വിശുദ്ധ രൂപങ്ങളും കുരിശിന്റെ വഴിയുടെ ചിത്രീകരണ ഫലകങ്ങളും എല്ലാം വിദേശത്തുനിന്ന് കൊണ്ടുവന്നവയാണ്. മേൽപ്പറഞ്ഞ നിർമ്മാണ സാമഗ്രികളുടെയും വസ്തുക്കളുടെയും മൂല്യം ഇന്നത്തെ വില അനുസരിച്ച് കണക്ക് കൂട്ടിയാൽ നമുക്ക് ഉൾക്കൊള്ളാൻ ആവാത്ത അത്ര ഭീമമാണ്.

    ബഹുമാനപ്പെട്ട ഔറേലിയൻ അച്ചൻ മംഗലപ്പുഴ സെമിനാരിയുടെ റെക്ടറായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ്  ഈ ഐതിഹാസിക നിർമ്മാണ ജോലികൾ നടന്നത്. മംഗലപ്പുഴയുടെ നെറ്റിയിലെ കർമ്മല ചുംബനം. മലയാളത്തിന്റെ ശ്രീകോവിലിൽ കത്തിച്ചുവെച്ച കെടാവിളക്ക്. സ്വർഗ്ഗത്തെ തൊടുന്ന മണ്ണിന്റെ കനവ്.

    1951 കൂദാശ ചെയ്യപ്പെട്ട അന്നുമുതൽ ഭാരതസഭയുടെയും കേരളസഭയുടെയും സഭയുടെയും പൈതൃക സ്വത്തായി ഈ സെമിനാരി ചാപ്പൽ കരുതപ്പെടുന്നു. മാറി മാറി വന്ന സെമിനാരി കമ്മീഷനുകളിലെ എല്ലാ മേൽപ്പട്ടക്കാരും ഒപ്പം ലത്തീൻ, മലങ്കര സഭകളിലെ മേൽപ്പട്ടക്കാരും ദേവാലയത്തിന്റെ അനന്യതയും കലാമൂല്യവും അംഗീകരിച്ച് അതിനെ സംരക്ഷിച്ചു പോരുന്നു. അന്നുമുതൽ ഇന്നോളം മംഗലപ്പുഴ സെമിനാരിയുടെ റെക്ടർമാർ ആയിരുന്നു ഈ വിശുദ്ധ കൂടാരത്തിന്റെ സൂക്ഷിപ്പുകാർ. മലയാളത്തിൽ ഒരു പ്രയോഗം ഉണ്ടല്ലോ. ‘നിധി കാക്കുന്ന ഭൂതം’  ഈ വൈദികപരിശീലന ഭവനത്തിന്റെ എല്ലാ റെക്ടർമാരും ഈ ദേവാലയം എന്ന നിധിയെ കാക്കുന്ന കാവൽക്കാർ ആയിരുന്നു. ഒരു പോറൽ പോലും ഏൽക്കാതെ അതിനെ ഇത്രയും നാൾ സംരക്ഷിച്ചതും ആവശ്യമായ പരിചരണം കൊടുത്തതും അവർ തന്നെയായിരുന്നു. അവരുടെ ജാഗ്രതക്കു മുന്നിൽ തലമുറകളുടെ ശതകോടി പ്രണാമം.

    ഫാ. ബിനു തോമസ്‌   

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.