ഒരാളുടെ ജീവിതത്തിൽ ദൈവം ഇടപെടുന്നത് പല രീതികളിലാണ്. പ്രത്യേകമായ അനുഭവങ്ങളിലൂടെയോ, സംഭവങ്ങളിലൂടെയോ, ആളുകളിലൂടെയോ എന്തിന് അവർ ധരിക്കുന്ന വേഷത്തിലൂടെയോ ഒക്കെ ദൈവത്തിന്റെ ഇടപെടൽ സംഭവിക്കാം. അത്തരത്തിലൊരു സംഭവം പ്രശസ്ത ഇംഗ്ലീഷ് നടനായ അലക് ഗിന്നസിന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. അലക് ഗിന്നസ് ചെയ്തുകൊണ്ടിരുന്ന ഒരു വേഷം ദൈവാനുഭവത്തിന്റെ, ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള മാറ്റത്തിന്റെ ആദ്യപടിയായി മാറുകയായിരുന്നു.
ഒബി-വാൻ കെനോബി എന്ന സ്റ്റാർ വാർസിലെ കഥാപാത്രത്തെ മറക്കാൻ ആർക്കും കഴിയില്ല. അലക് ഗിന്നസിന്റെ ജീവിതത്തിലും പ്രധാന ഒരു കഥാപാത്രമായിരുന്നു അത്. നാടകങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന വ്യക്തിയായിരുന്നു അദ്ദേഹം. അഭിനയരംഗത്ത് തിളങ്ങിനിന്നിരുന്ന കാലയളവിലാണ് അവിശ്വസനീയമാംവിധം ദൈവം അദ്ദേഹത്തെ കത്തോലിക്കാ വിശ്വാസത്തിലേക്ക് കൊണ്ടുവന്നത്. ജി.കെ. ചെസ്റ്റർട്ടൺ ചിത്രത്തിൽ, കുറ്റകൃത്യങ്ങൾ പരിഹരിക്കുന്ന കത്തോലിക്കാ പുരോഹിതനായ ഫാ. ബ്രൗൺ ആയി അഭിനയിക്കുന്നതിന് ഗിന്നസ് തിരഞ്ഞെടുക്കപ്പെട്ടു.
സിനിമയുടെ ചിത്രീകരണം ഫ്രാൻസിലെ ഒരു ഗ്രാമത്തിൽ വച്ചായിരുന്നു നടന്നത്. ചിത്രീകരണത്തിനിടയിൽ ഒരു ദിവസം വൈകുന്നേരം അദ്ദേഹം നടക്കാനിറങ്ങി. താൻ അഭിനയിക്കുന്ന പുരോഹിതന്റെ വേഷം അദ്ദേഹം അഴിച്ചുവച്ചിരുന്നില്ല. പതിയെ കാഴ്ചകളൊക്കെ കണ്ട് അദ്ദേഹം നടന്നുനീങ്ങി. പെട്ടെന്ന് ഒരു ചെറിയ ബാലൻ അദ്ദേഹത്തിന്റെ ഒപ്പം കൂടി. ഒരു വൈദികനാണ് ഗിന്നസ് എന്ന് തെറ്റിദ്ധരിച്ച ആ ബാലൻ അദ്ദേഹവുമായി ധാരാളം കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. വളരെ സന്തോഷത്തോടെ മുൻപരിചയമൊന്നും ഇല്ലാത്ത തന്നോട് അടുത്ത ഇടപഴകുന്ന ആ ബാലന്റെ പ്രകൃതം അദ്ദേഹത്തിലും അത്ഭുതമുളവാക്കി. പോകാൻ നേരം അവൻ, “എങ്കിൽ ശരി അച്ചാ, പോകട്ടെ” എന്ന് പറഞ്ഞു നടന്നകന്നു.
ഫ്രഞ്ച് അത്ര വശമില്ലാതിരുന്ന നടന്, ആ ബാലൻ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും മനസിലാക്കാൻ കഴിഞ്ഞില്ല എങ്കിലും അത്തരമൊരു സൗഹൃദസംഭാഷണത്തിന് വഴിയൊരുക്കിയത് താൻ ധരിച്ചിരുന്ന പുരോഹിതവേഷമാണെന്ന് അദ്ദേഹത്തിനു ബോധ്യമായി.
ആ നടത്തം അദ്ദേഹം തുടർന്നു. ഒരു വൈദികനിൽ ആ ചെറിയ ബാലൻ ഉണ്ടാക്കിയ സ്വാധീനം അദ്ദേഹത്തെ ചിന്തിപ്പിച്ചു. വൈദികരെക്കുറിച്ചും ക്രൈസ്ത വിശ്വാസത്തെക്കുറിച്ചും ഉണ്ടായിരുന്ന മുൻധാരണകളെല്ലാം മാറ്റിമറിക്കാൻ പോന്നതായിരുന്നു ആ സംഭവം. എങ്കിലും പെടുന്നനെ ഒരു മാറ്റം അദ്ദേഹത്തിൽ സംഭവിച്ചില്ല. തന്റെ മനസിൽ ഉണ്ടായിരുന്ന ധാരാളം സംശയങ്ങൾ മാറുവോളം അദ്ദേഹം കാത്തിരുന്നു. അദ്ദേഹത്തിന്റെ സംശയങ്ങൾ ദൂരീകരിക്കാൻ ദൈവം പല അനുഭവങ്ങളും അത്ഭുതങ്ങളും ഈ കാലയളവിൽ ഗിന്നസിനു മുന്നിൽ കൊണ്ടുവന്നു. അതിലൊന്നായിരുന്നു പോളിയോ ബാധിച്ചു തളർന്ന ഇളയ മകന്റെ സൗഖ്യം.
പോളിയോ ബാധിച്ചു തളർന്ന തന്റെ മകന്റെ ഭാവിയെക്കുറിച്ച് അദ്ദേഹത്തിന് വലിയ ആശങ്ക ഉണ്ടായിരുന്നു. ആ സമയങ്ങളിൽ അദ്ദേഹം ഷൂട്ടിങ് കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ അടുത്തുള്ള ദൈവാലയത്തിൽ കയറാൻ തുടങ്ങി. ദൈവവുമായി ഒരു വിലപേശൽ നടത്താൻ ഗിന്നസ് തീരുമാനിച്ചു. ഇളയ മകൻ മാത്യുവിനെ ദൈവം സുഖപ്പെടുത്തുകയാണെങ്കിൽ, അവന് ആഗ്രഹമുണ്ടെങ്കിൽ കത്തോലിക്കാ സഭയിലേക്കു ചേരാൻ തടസമാകില്ല എന്ന് അദ്ദേഹം ദൈവതിരുമുമ്പിൽ വാക്ക് നൽകി.
അത്ഭുതമെന്നു പറയട്ടെ, വൈകാതെ തന്നെ അദ്ദേഹത്തിന്റെ മകൻ സൗഖ്യം പ്രാപിച്ചു. ഗിന്നസും ഭാര്യയും മകനെ ഒരു ജസ്യൂട്ട് അക്കാദമിയിൽ ചേർത്തു. 15 വയസുള്ളപ്പോൾ തനിക്ക് കത്തോലിക്കാ സഭയിൽ അംഗമാകുന്നതിന് താല്പര്യമാണെന്ന കാര്യം മകൻ ഗിന്നസിനെ അറിയിച്ചു. അദ്ദേഹം മകന് മാമ്മോദീസ സ്വീകരിക്കുന്നതിനുള്ള അനുമതി നൽകി. പതിയെപ്പതിയെ ഗിന്നസും ദൈവത്തിലേക്ക് അടുത്തു. അദ്ദേഹം ഒരു കത്തോലിക്കാ പുരോഹിതനുമായി കൂടിക്കാഴ്ച ആരംഭിച്ചു. ഒരു ട്രാപ്പിസ്റ്റ് ആശ്രമത്തിലെ ധ്യാനത്തിനു ശേഷം കത്തോലിക്കാ വിശ്വാസം സ്വീകരിക്കാൻ അദ്ദേഹം തയ്യാറായി. പിന്നീടുള്ള ദിവസങ്ങളിൽ അദ്ദേഹം ഷൂട്ടിങ്ങിനിടയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനുള്ള സമയം കണ്ടെത്തിയിരുന്നു. താമസിയാതെ അദ്ദേഹത്തിന്റെ ഭാര്യയും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.
മരിയ ജോസ്