ദൈവത്തിന്റെ ഇൻഫ്ളുവൻസറായ കാർലോ അക്കുത്തിസിന്റെ ജീവിതം ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു. ഫ്രാൻസിസ് പാപ്പ അടുത്ത വർഷം വിശുദ്ധനായി പ്രഖ്യാപിക്കാൻ പോകുന്ന ഈ കൊച്ചുവിശുദ്ധൻ യുവാക്കളുടെ ആത്മീയഹരമാണ്. യുവാക്കൾ മാത്രമല്ല, കൊച്ചുകുട്ടികളും ഈ വിശുദ്ധന്റെ ഫോളോവേഴ്സ് ആണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. മെക്സിക്കോയിൽനിന്നും ഒൻപതു വയസ്സുള്ള അലക്‌സ് ഡി എസ്പിനോസ എന്ന ബാലൻ നമുക്കു നൽകുന്ന വിശ്വാസത്തിന്റെ ആഴം വലുതാണ്. കാർലോയും കുഞ്ഞ് അലക്സും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് 2020 മുതലായിരുന്നു. കൃത്യമായി പറഞ്ഞാൽ കാർലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വർഷം.
അന്ന് അലെക്സിന് നാല് വയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. എങ്കിലും അവന്റെ മാതാപിതാക്കൾ കാണിച്ച താൽപര്യം കണ്ട്, അനുഗ്രഹീതനായ കാർലോയുടെ ജീവിതത്തെക്കുറിച്ച് അറിയാൻ അലക്സ് ജിജ്ഞാസ കാണിച്ചു. അക്കുത്തിസിന്റെ കഥ പഠിക്കുകയും അവൻ എങ്ങനെ ‘ഒരു സാധാരണ ജീവിതം, അസാധാരണമായ രീതിയിൽ’ ജീവിച്ചുവെന്ന് മനസ്സിലാക്കുകയും ചെയ്‌തശേഷം, അന്നുതന്നെ ഉച്ചകഴിഞ്ഞ്, അവൻ കുറച്ച് സ്യൂട്ട്കേസുകളെടുത്ത് അമ്മയോടു പറഞ്ഞു: “നാം സ്വർഗത്തിലേക്കു പോകാൻ ഒരുങ്ങണം, അമ്മേ. നമ്മുടെ സ്യൂട്ട്കേസ് തയ്യാറാക്കണം” – കുഞ്ഞലക്സിന്റെ അമ്മ മരിയ ഹെർമിട ഓർക്കുന്നു.
അതിനുശേഷം, എല്ലാ വർഷവും സകല വിശുദ്ധരുടെയും തിരുനാൾ ദിനത്തിൽ, ‘ദൈവത്തിന്റെ ഇൻഫ്ലുവൻസർ’ എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോയെപ്പോലെ അലക്സ് വസ്ത്രം ധരിക്കാൻ ആരംഭിച്ചു. കുഞ്ഞലക്സിന്റെ ഈ കാർലോ ഫോട്ടോകൾ മരിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചു. ഈ യുവ വിശുദ്ധനോട് അലക്സ് കാണിച്ച ഭക്തി ലോകമെമ്പാടുമുള്ള കത്തോലിക്കർക്കിടയിൽ പ്രശംസ പിടിച്ചുപറ്റി.
കാർലോയെപ്പോലെ ഏഴുവയസ്സുള്ളപ്പോൾ തന്നെ തന്റെ ആദ്യകുർബാന നടത്താൻ അലെക്സും ആഗ്രഹിച്ചു. സഭയുടെ കാനൻ നിയമം അനുസരിച്ച് ക്രിസ്തുവിനെ സ്വീകരിക്കാൻ വേണ്ടത്ര അറിവും ഭക്തിയും കുട്ടിക്ക് ഉണ്ടെങ്കിൽ അതിനു സാധ്യമാണ്.
അങ്ങനെ, തന്റെ എട്ടാം ജന്മദിനത്തിന് രണ്ടുദിവസം മുമ്പ് അലക്സ് ആദ്യകുർബാന സ്വീകരിച്ചു. അലക്‌സിന്റെ ദൈനംദിനജീവിതത്തിന്റെ ചെറിയ വിശദാംശങ്ങളിൽപോലും അവന്റെ ഭക്തി പ്രതിഫലിക്കുന്നു. തന്റെ ജന്മദിനം കാർലോയുടെ ചിത്രത്തിനൊപ്പം ആഘോഷിക്കാൻ കുഞ്ഞലക്സ് ആഗ്രഹിച്ചു. അലക്സ് എപ്പോഴും കാർലോയുടെ കഥ മറ്റു കുട്ടികളുമായി പങ്കിടാൻ ഇഷ്ടപ്പെടുന്നു.
ഈ വാക്കുകൾ അലക്സിന്റെ സഹപാഠികളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് മരിയ പറയുന്നത് ഇപ്രകാരമാണ്: “അത് അവരുമായി എത്രത്തോളം ചേർന്നുനിൽക്കുന്നുവെന്ന് എനിക്കറിയില്ല. പക്ഷേ, അത് ആ പ്രായത്തിലുള്ള കുട്ടിയുടെ വിശ്വാസത്തിന്റെ ഒരു പ്രധാന സാക്ഷ്യമാണ്.”
2024 മാർച്ചിൽ, അലക്സിന്റെ പിതാവിന് ശ്വാസകോശങ്ങളിലൊന്നിൽ ക്യാൻസർ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തി. അവർ മികച്ച ചികിത്സയ്ക്കായി കാത്തിരിക്കുമ്പോൾ, ഒരു അടുത്ത സുഹൃത്ത് അവൾക്ക് കാർലോയുടെ ഒരു തിരുശേഷിപ്പ് വാഗ്ദാനം ചെയ്തു. അങ്ങനെ അമ്മയുടെ ഉപദേശമനുസരിച്ച്, കുട്ടി തന്റെ പിതാവിന്റെ ആരോഗ്യത്തിനായി യേശുവിനോട് മാധ്യസ്ഥ്യം വഹിക്കാൻ കാർലോയോട് ആവശ്യപ്പെട്ടു.
അന്നു രാത്രി തന്നെ മരിയ തന്റെ ഭർത്താവിന്റെ നെഞ്ചിൽ ആ തിരുശേഷിപ്പ് വച്ചുകൊടുത്തു. പിറ്റേന്ന് രാവിലെ, അവരുടെ ഭർത്താവിന്റെ ആരോഗ്യം ഗണ്യമായി മെച്ചപ്പെട്ടു. നീർക്കെട്ട് ഗണ്യമായി കുറഞ്ഞുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇത് പ്ലാൻ ചെയ്തതിലും നേരത്തെ ഓപ്പറേഷൻ ചെയ്യാൻ അനുവദിച്ചു.
ഈ സംഭവം ‘വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം’ ആണെന്ന് മരിയ ഉറപ്പിച്ചുപറയുന്നു. കാർലോയുടെ മധ്യസ്ഥതയും മകന്റെ പ്രാർഥനയും പുരോഗതിക്കു കാരണമായി. രോഗശാന്തി, “ശുദ്ധമായ ഹൃദയത്തിൽനിന്നുള്ള ആത്മാർഥവും ശുദ്ധവുമായ പ്രാർഥനയ്ക്കുള്ള ഉത്തരമായിരുന്നു” എന്ന് കാർലോ ഉറപ്പുനൽകുന്നു.
കാർലോ അക്കുത്തിസുമായുള്ള സൗഹൃദം
അസ്സീസിയിലേക്കുള്ള ഒരു യാത്രയ്ക്കിടെ, അലക്സിന്റെ മാതാപിതാക്കൾ കാർലോയുടെ ജീവിതകഥ വിശദമായി പറയുന്ന ഒരു പുസ്തകം കൊണ്ടുവന്നു. അവന്റെ അമ്മ പറയുന്നതനുസരിച്ച്, കാർലോയെ “അടുത്തും കൂടുതൽ യഥാർഥമായും” മനസ്സിലാക്കാൻ ഇത് ആ കൊച്ചുകുട്ടിയെ സഹായിച്ചു. കുഞ്ഞലക്സ് കാർലോയെക്കുറിച്ചു പറയുന്നത് ഇപ്രകാരമാണ്: “കാർലോ എന്റെ സുഹൃത്താണ്. അദ്ദേഹം ഫുട്ബോൾ, ന്യൂട്ടെല്ല, വീഡിയോ ഗെയിമുകൾ എന്നിവ ഇഷ്ടപ്പെടുന്നു.” കുട്ടികളുടെ പ്രകൃതവുമായി ചേർന്നുനിൽക്കുന്ന ഈ ന്യൂജെൻ വിശുദ്ധനെ കുട്ടികൾക്കല്ലാതെ മറ്റാർക്കാണ് കൂടുതൽ ഇഷ്ടപ്പെടുക.
കൈയിൽ ലാപ്ടോപ്പും കീശയിൽ മൊബൈൽ ഫോണും വയ്ക്കാമെങ്കിൽ തീർച്ചയായും തലയ്ക്കുചുറ്റും ഹാലോയും ഹൃദയത്തിൽ ഈശോയുമുള്ള കുഞ്ഞുവിശുദ്ധന്മാർ തീർച്ചയായും ഇനിയും ഉണ്ടാകുമെന്ന് ഉറപ്പാണ്. മെക്സിക്കോയിലെ കുഞ്ഞലക്സിനെപ്പോലെ ലോകമെമ്പാടും വിശുദ്ധരെ സ്നേഹിക്കുന്ന കുഞ്ഞുങ്ങൾ ഇനിയുമുണ്ടാകട്ടെ.
സുനീഷ വി. എഫ്.