ദിവ്യകാരുണ്യത്തിന്റെ കാവൽദൂതൻ
ദിവ്യകാരുണ്യ മിഷനറി സഭയുടെ ചരിത്രത്താളിൽ മിഴിനീരുകൊണ്ട് എഴുതപ്പെട്ട ദിനമാണ് 1972 ആഗസ്റ്റ് 21. ബഹുമാനപ്പെട്ട ജോസഫ് പറേടത്തിലച്ചന്റെ സ്വർഗയാത്രയ്ക്ക് ഇന്ന് 52 വർഷം തികയുമ്പോൾ വന്ദ്യപിതാവിനെ നന്ദിയോടെ ഓർക്കട്ടെ.
ദിവ്യകാരുണ്യത്തിന്റെ കാവൽദൂതനായ ഫാ. ജോസഫ് പറേടം, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ മുത്തോലപുരത്ത് 1887 ഡിസംബർ മാസം പതിനഞ്ചാം തീയതി പറേടത്തിൽ മാത്തൻ – ത്രേസ്യ ദമ്പതികളുടെ ഏഴുമക്കളിൽ മൂന്നാമനായി ഭൂജാതനായി. പുതുവേലി, മാന്നാനം എന്നിവിടങ്ങളിലായിരുന്നു ഔസേപ്പച്ചന്റെ സ്കൂൾവിദ്യാഭ്യാസം.
മാന്നാനത്തുള്ള പഠനം തന്റെ ചിരകാലാഭിലാഷമായിരുന്ന വൈദികജീവിതത്തിന് ഒരുക്കമായിട്ടാണ് ഔസേപ്പച്ചൻ കണ്ടത്. 1908 ജനുവരി മാസം ഒമ്പതാം തീയതി വരാപ്പുഴയിലുള്ള പുത്തൻപള്ളി സെമിനാരിയിൽ ഔസേപ്പച്ചൻ ചേർന്നു. സെമിനാരിയിലെ ആധ്യാത്മികപിതാവായിരുന്ന ജർമ്മൻകാരൻ കാസ്പറച്ചന് ഔസേപ്പച്ചനോട് പ്രത്യേക താല്പര്യവും സ്നേഹവുമുണ്ടായിരുന്നു. ദിവ്യകാരുണ്യ ഈശോയോടുള്ള സ്നേഹവും ഭക്തിയും ഔസേപ്പച്ചനിൽ വളരാൻ കാസ്പറച്ചൻ ഒരു നിർണ്ണായകഘടകമായി.
1914 ഡിസംബർ മാസം 28-ന് വരാപ്പുഴ പുത്തൻപള്ളി സെമിനാരിയിൽവച്ച് മാർ തോമസ് കുര്യാളശ്ശേരി പിതാവിൽനിന്നും ഔസേപ്പച്ചൻ തിരുപ്പട്ടം സ്വീകരിച്ചു. രണ്ടു ദിവസങ്ങൾക്കുശേഷം ഡിസംബർ മാസം മുപ്പതാം തീയതി തന്റെ മാതൃഇടവകയായ മുത്തോലപരം പള്ളിയിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു.
1915 ജൂലൈ മാസത്തിൽ ഭരണങ്ങാനം പള്ളിയുടെ അസിസ്റ്റന്റ് വികാരിയായി നിയമിതനായി. പിന്നീട് കുറച്ചുനാൾ മുത്തോലപുരം പള്ളിയിൽ സഹവികാരിയായി ശുശ്രൂഷചെയ്തു. മുട്ടുചിറ, തത്തംപള്ളി, കൈനടി തുടങ്ങിയവയായിരുന്നു അടുത്ത അജപാലനമേഖലകൾ. 1920-ൽ മുത്തോലപുരം പള്ളിയിലാണ് പറേടത്തിലച്ചൻ ആദ്യമായി വികാരിയയായി നിയമിതനാകുന്നത്. 1922-ൽ വടകരയിലും പിന്നീട് ചെമ്മലമറ്റം പള്ളിയിലും ഔസേപ്പച്ചൻ അജപാലനദൗത്യം നിറവേറ്റി. 1927-ൽ മുത്തോലപുരത്ത് വീണ്ടും വികാരിയായി ചാർജെടുത്തു. മൂന്നു വർഷങ്ങൾക്കുശേഷം മരങ്ങാട്ടുപള്ളിയിൽ വികാരിയായി ശുശ്രൂഷ ചെയ്യുമ്പോഴാണ് തന്റെ വിളി സന്യാസത്തിലേക്കാണെന്ന് ഔസേപ്പച്ചൻ പൂർണ്ണമായി തിരിച്ചറിഞ്ഞത്. ഇക്കാലയളവിൽ പലപ്രാവശ്യം ഇടവകജോലിയിൽനിന്ന് തന്നെ ഒഴിവാക്കണമെന്നും സന്യാസത്തിനു വിടണമെന്നും അഭിവന്ദ്യ കാളാശേരി പിതാവിനോട് ആവശ്യപ്പെട്ടിരുന്നു.
അവസാനം 1932 ഏപ്രിൽ 19-ന് താൻ വളരെക്കാലമായി പ്രതീക്ഷിച്ചിരുന്ന സന്യാസ സഭയിൽ ചേരുന്നതിനുള്ള അനുവാദം ഔസേപ്പച്ചന് അഭിവന്ദ്യ പിതാവിൽനിന്നു ലഭിച്ചു. 1933 മെയ് മാസം ഏഴാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നര മണിക്ക് അഭിവന്ദ്യ ജെയിംസ് കാളാശേരി പിതാവ് ദിവ്യകാരുണ്യ മിഷനറി സഭ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അന്ന് വി. യൗസേപ്പിതാവിന്റെ മധ്യസ്ഥത്തിരുനാൾ ആയിരുന്നു. സഭയുടെ പ്രഥമ വിക്കർ സുപ്പീരിയറായി ബഹു. യൗസേപ്പച്ചനെ തന്നെ വന്ദ്യപിതാവ് നിയോഗിച്ചു.
അമ്മ കുഞ്ഞിനെ വളർത്തുന്നതുപോലെ തന്റെ ജീവൻ പകർന്നുനൽകി പറേടത്തിലച്ചൻ ദിവ്യകാരുണ്യ മിഷനറി സഭയെ വളർത്തി. 1933 മുതൽ 1959 വരെയുള്ള കാലഘട്ടത്തിൽ 16 വർഷം വിക്കർ സുപ്പീരിയറായും ആറു വർഷം സുപ്പീരിയർ ജനറലായും പറേടത്തിലച്ചൻ ദിവ്യകാരുണ്യ മിഷനറി സഭയിൽ നേതൃത്വശുശ്രൂഷ നിർവഹിച്ചു. 1937 ആഗസ്റ്റ് മാസം പതിനഞ്ചാം തീയതി ദിവ്യകാരുണ്യ മിഷനറി സഭയിലെ ആദ്യബാച്ച് നോവേഷ്യറ്റ് പൂർത്തിയാക്കി പറേടത്തിൽ ജോസഫച്ചൻ, ആലക്കളത്തിൽ മത്തായി അച്ചൻ, കുഴിക്കാട്ടിൽ ചാക്കോച്ചൻ, പാറേമാക്കൽ മത്തായി അച്ചൻ എന്നിവർ പ്രഥമ വ്രതവാഗ്ദാനം നടത്തി ദൈവത്തിനു തങ്ങളെത്തന്നെ സമർപ്പിച്ചു. 1937-ൽ ചെന്നൈയിൽ വച്ചുനടന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ ‘അത്മായരും ദിവ്യകാരുണ്യഭക്തിയും’ എന്ന വിഷയത്തെപ്പറ്റി അച്ചൻ അവതരിപ്പിച്ച പ്രബന്ധം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
സഭയുടെ വളർച്ചയിൽ പറേടത്തിലച്ചൻ വഹിച്ച പങ്കിനെപ്പറ്റി ആലക്കളത്തിൽ മത്തായി അച്ചൻ പറയുന്നത് ഇപ്രകാരം: “വിക്കർ സുപ്പീരിയറായി ആരംഭിച്ച അദ്ദേഹം ഇന്ന് സഭയുടെ സുപ്പീരിയർ ജനറലായിത്തീർന്നിരിക്കുന്നു. വർധനവിന്റെ പുത്രനെ അർഥമുള്ള ഔസേപ്പ് നാമധാരിയായ അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമഫലമാണ് സഭയെ സംബന്ധിച്ച് ഇന്ന് കാണുന്നവയത്രയും.”
1959 സെപ്റ്റംബർ 26-ന് സുപ്പീരിയൽ ജനറൽ സ്ഥാനത്തുനിന്ന് വിരമിച്ച പറേടത്തച്ചൻ കരിമ്പാനി ആശ്രമത്തിലേക്കു മടങ്ങി. 1961 ആഗസ്റ്റ് 17-ന് ആലുവ സ്റ്റഡിഹൗസിന്റെ പണി പൂർത്തിയായപ്പോൾ അവിടെ വൈദികവിദ്യാർഥികളുടെ ആധ്യാത്മികപിതാവായി സഭാധികാരികൾ അച്ചനെ നിയോഗിച്ചു.
1972 ആരംഭത്തിൽ അച്ചന്റെ ഓർമ്മയും ആരോഗ്യവും ക്ഷയിക്കാൻതുടങ്ങി. ബലിയർപ്പണം നിർത്തിയെങ്കിലും വൈദികവിദ്യാർഥികളോടൊപ്പം ബലിയിൽ പങ്കുകൊണ്ടു. 1972 ആഗസ്റ്റ് മാസം ആയപ്പോഴേക്കും അച്ചന്റെ രോഗം അത്യന്തം ഗുരുതരമായി.
പറേടത്തിൽ അച്ചന്റെ അന്ത്യനിമിഷങ്ങളെക്കുറിച്ച് ബഹു. തോമസ് പട്ടേരിയച്ചൻ ഇപ്രകാരം സക്ഷ്യപ്പെടുത്തുന്നു: “അച്ചൻ മരിക്കുന്ന ദിവസം രാത്രി അച്ചനെ ശുശ്രൂഷിക്കാനായി അടുത്തുണ്ടായിരുന്നത് ജോർജ് മറ്റത്തിൽ അച്ചനും ജോർജ് കിടക്കേമുറി അച്ചനും ഞാനുമായിരുന്നു. ഞങ്ങൾ മൂന്നുപേരും കാത്തിരിക്കുകയായിരുന്നു. നോക്കിയിരിക്കുമ്പോൾ ശ്വാസം വലിക്കുന്നതിന്റെ വ്യത്യാസം മനസിലാക്കിയ ഞങ്ങൾ റെക്ടറായിരുന്ന വഞ്ചിപ്പുരയച്ചനെയും ജനറാളച്ചനായിരുന്ന മൂന്നാനപ്പള്ളി അച്ചനെയും വിളിച്ചുവരുത്തി. ഉടനെതന്നെ മരണത്തിനൊരുക്കമായുള്ള പ്രാർഥനകൾ നടത്തി. ‘ഈശോ-മറിയം-യൗസേപ്പേ’ എന്ന സുകൃതജപം അച്ചൻ ആവർത്തിച്ചുചൊല്ലി, ക്രൂശിതരൂപം അദ്ദേഹം പലപ്രാവശ്യം ചുംബിച്ചു. അധികം താമസിയാതെ ഔസേപ്പച്ചന്റെ ആത്മാവ് സ്വർലോകത്തേക്കു പറന്നുയർന്നു. 1972 ആഗസ്റ്റ് 21 രാവിലെ 3.30-നായിരുന്നു അത്. ഒരു വിശുദ്ധ ആത്മാവ് മരിച്ചുകിടക്കുന്ന ചിത്രം, അത് ഇന്നും എന്റെ ഓർമ്മയിൽ തെളിഞ്ഞുനിൽക്കുന്നു.”
ബഹു. പറേടത്തിലച്ചന്റെ ഇരുപത്തിയഞ്ചാം ചരമവാർഷികം ആചരിച്ച വേളയിൽ പാലാ രൂപത മെത്രാനായിരുന്ന മാർ ജോസഫ് പള്ളിക്കാപറമ്പിൽ ഇപ്രകാരം പറഞ്ഞു: “അദ്ദേഹത്തെ നല്ലവണ്ണം അറിയാവുന്നവരും പരിചയക്കാരും എല്ലാം ‘കൊച്ചച്ചൻ’ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. ആകൃതിയിലും പ്രകൃതിയിലും കൊച്ചച്ചനായിരുന്നു ഔസേപ്പച്ചൻ. ജീവിതംതന്നെ ദിവ്യകാരുണ്യമാക്കി മാറ്റിയ പറേടത്തിൽ കൊച്ചച്ചൻ ഒരു വിശുദ്ധനായ വൈദികനായിരുന്നു. തേവർപ്പറമ്പിൽ കുഞ്ഞച്ചന്റേതുപോലെ അധികം വൈകാതെ കൊച്ചച്ചന്റെയും നാമകരണനടപടികൾ ആരംഭിക്കുമെന്നാണ് എന്റെ വിശ്വാസം.”
ദിവ്യകാരുണ്യ മിഷനറി സഭയെ പാലൂട്ടി വളർത്തി പരിപോഷിച്ച അമ്മസാന്നിധ്യമേ, ഒരായിരം നന്ദി. പ്രതിസന്ധിഘട്ടങ്ങളിൽ ദിവ്യകാരുണ്യ മിഷനറി സഭയാകുന്ന ശിശുവിനെക്കരുതി വളർത്താൻ നീ സഹിച്ച ക്ലേശങ്ങൾ വർണ്ണനാതീതം. എന്തിനുമേതിനും അങ്ങേയ്ക്കുണ്ടായിരുന്ന ഒറ്റമൂലി ‘ദിവ്യകാരുണ്യ ഈശോയോടുള്ള അടിപതറാത്ത ഭക്തി’ ഞങ്ങൾക്കു മാതൃകയാകട്ടെ.
പ്രിയ പിതാവേ, മൺപാത്രത്തിലെ നിധിപോലെ നീ പകർന്നുനൽകിയ ദിവ്യകാരുണ്യ സന്യാസദർശനങ്ങൾ കാത്തുസൂക്ഷിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.