തിരുഹൃദയഭക്തർക്ക് ഈശോ നൽകുന്ന 12 വാഗ്ദാനങ്ങൾ

മൂന്നു നൂറ്റാണ്ടുകൾക്കു മുൻപാണ് ക്രിസ്തു വി. മാർഗരറ്റ് മേരി അലക്കോക്കിനു പ്രത്യക്ഷപ്പെട്ട് തിരുഹൃദയഭക്തി പ്രചരിപ്പിക്കാൻ വെളിപ്പെടുത്തിയത്. ഈശോയുടെ തിരുഹൃദയത്തിന് സ്വയം സമർപ്പിക്കുന്നവർക്ക് ക്രിസ്തു 12 വാഗ്‌ദാനങ്ങൾ നൽകുന്നുണ്ട്.

ഈശോയുടെ തിരുഹൃദയത്തോടു ചേർന്നുനിൽക്കുന്നവർക്ക് സ്നേഹം, കരുണ, കൃപ, വിശുദ്ധീകരണം, രക്ഷ എന്നിവയുടെ എല്ലാ നിധികളും അവിടുന്ന് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് വി. മാർഗരറ്റ് വിശദീകരിച്ചു. തനിക്ക് സ്നേഹവും ബഹുമാനവും മഹത്വവും നൽകുന്നവർ സമ്പന്നരായി തുടരുമെന്നും അവിടുന്ന് ഉറപ്പു നൽകുന്നു.

തിരുഹൃദയത്തെക്കുറിച്ചുള്ള 12 വാഗ്ദാനങ്ങൾ

1. എന്റെ ഹൃദയത്തിൽ സമർപ്പിക്കപ്പെട്ട ആത്മാക്കൾക്ക്, അവരുടെ ആവശ്യങ്ങൾക്ക് അനുസൃതമായ കൃപ ഞാൻ നൽകും.

2. ഞാൻ കുടുംബങ്ങൾക്ക് സമാധാനം നൽകും.

3. അവരുടെ എല്ലാ ക്ലേശങ്ങളിലും ഞാൻ അവരെ ആശ്വസിപ്പിക്കും.

4. ജീവിതകാലത്തും പ്രത്യേകിച്ച് മരണസമയത്തും ഞാൻ അവരുടെ സംരക്ഷണവും സുരക്ഷിതസങ്കേതവുമായിരിക്കും.

5. അവരുടെ സംരംഭങ്ങളിൽ ഞാൻ സമൃദ്ധമായ അനുഗ്രഹങ്ങൾ വർഷിക്കും.

6. പാപികൾ എന്റെ ഹൃദയത്തിൽ അനന്തമായ കരുണയുടെ ഉറവിടം കണ്ടെത്തും.

7. ആത്മാക്കൾ തീക്ഷ്ണതയുള്ളവരായിത്തീരും.

8. തീക്ഷ്ണമായ ആത്മാക്കൾ വളരെ വേഗമേറിയ പൂർണതയിലേക്ക് ഉയരും.

9. എന്റെ തിരുഹൃദയത്തിന്റെ ചിത്രം പ്രദർശിപ്പിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഭവനങ്ങളെ ഞാൻ അനുഗ്രഹിക്കും.

10. കഠിനഹൃദയങ്ങളെ ചലിപ്പിക്കാനുള്ള കൃപ ഞാൻ പുരോഹിതർക്കു നൽകും.

11. ഈ ഭക്തി പ്രചരിപ്പിക്കുന്ന ആളുകളുടെ പേര് എന്റെ ഹൃദയത്തിൽ എഴുതപ്പെടും; അതൊരിക്കലും അവിടെനിന്ന് മായ്‌ക്കപ്പെടില്ല.

12. മാസത്തിലെ ഒൻപത് ആദ്യ വെള്ളിയാഴ്ചകളിൽ തുടർച്ചയായി വിശുദ്ധ കുർബാന സ്വീകരിക്കുന്ന എല്ലാവർക്കും, എന്റെ ഹൃദയത്തിന്റെ സർവശക്തമായ സ്നേഹം അവർക്ക് അന്തിമസ്ഥിരോത്സാഹത്തിന്റെ കൃപ നൽകും.

യേശുവിന്റെ തിരുഹൃദയം വാഗ്ദത്തം ചെയ്യുന്ന കൃപകൾ പ്രാപിക്കുന്നതിനുള്ള വ്യവസ്ഥകൾ

1. തുടർച്ചയായി ഒൻപത് ആദ്യ വെള്ളിയാഴ്ചകളിൽ തടസംകൂടാതെ വിശുദ്ധ കുർബാന സ്വീകരിക്കുക.

2. യേശുവിന്റെ തിരുഹൃദയത്തെ ബഹുമാനിക്കാനും അന്തിമസ്ഥിരോത്സാഹം നേടാനുമുള്ള ഉദ്ദേശ്യം ഉണ്ടായിരിക്കുക.

3. ഓരോ വിശുദ്ധ കുർബാനയും വാഴ്ത്തപ്പെട്ട കൂദാശയ്‌ക്കെതിരായ കുറ്റങ്ങൾക്കു പ്രായശ്ചിത്തമായി അർപ്പിക്കുക.

വിവർത്തനം: സുനിഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.