
പാക്കിസ്ഥാനിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനങ്ങൾക്കിടയിൽ, മാർച്ച് 22 ന് ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് 22 വയസ്സുള്ള ഒരു യുവാവിനെ ക്രൂരമായി ആക്രമിച്ച് സൂപ്പർവൈസർ. പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) ആണ് ഈ ആക്രമണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്.
മാർച്ച് 22 ന് പഞ്ചാബിലെ സുഭാൻ പേപ്പർ മില്ലിന്റെ സൂപ്പർവൈസർ, സൊഹൈബ് ആണ് ക്രൈസ്തവ യുവാവായ വഖാസ് മാസിഹിനെ ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ക്രൂരമായി ആക്രമിച്ചത്. മുസ്ലിം മതഗ്രന്ഥമായ ഖുർ ആനിന്റെ ചില പേജുകൾ ഒരു ചവറ്റുകുട്ടയിൽ നിന്ന് കണ്ടെത്തിയതിനുശേഷം, ഖുർ ആനിനെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതകശ്രമത്തിന് കുറ്റം ചുമത്തുകയും ചെയ്തു.
ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കണം. പാക്കിസ്ഥാനിലെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് അവബോധം വളർത്തുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ഞങ്ങൾ വിനീതമായി അഭ്യർഥിക്കുന്നു. കൂടാതെ, സോഷ്യൽ മീഡിയയിൽ ഇസ്ലാമിനെതിരായ സന്ദേശങ്ങൾ പങ്കുവച്ചുവെന്ന് ആരോപിച്ച് ക്രിസ്ത്യാനികൾക്ക് ജയിൽശിക്ഷയോ, വധശിക്ഷയോ വിധിക്കപ്പെടുന്നതായി പാക്കിസ്ഥാനിൽ നിന്നും റിപ്പോർട്ടുകളുണ്ട്. ഇത്തരം കാര്യങ്ങളിൽ ഏറ്റവും ദുർബലരായവരെ സംരക്ഷിക്കാൻ പ്രാദേശിക അധികാരികൾ ശ്രമിക്കേണ്ടതിന്റെ ആവശ്യകതയെയും ഫാ. അസ്ലം അടിവരയിട്ടു പറഞ്ഞു.