ഞായർ പ്രസംഗം: ദനഹാക്കാലം മൂന്നാം ഞായർ, ജനുവരി 19 യോഹ. 1: 29-34 ദൈവത്തിന്റെ കുഞ്ഞാട്

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞവരെ,

ഈശോയുടെ മാമോദീസയും പരസ്യജീവിതവും അനുസ്മരിക്കുന്ന ദനഹാക്കാലം. യേശു ആരാണെന്നും യേശുവിന്റെ ദൗത്യമെന്താണെന്നും ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കുന്ന വിവിധ സംഭവങ്ങളെയും വ്യക്തികളെയും കുറിച്ച് ധ്യാനിക്കുന്ന ദനഹാക്കാലത്തിലാണ് നാം. ദനഹാക്കാലത്തിലെ മൂന്നാം ആഴ്ചയിലേക്ക് പ്രവേശിക്കുന്ന നമുക്ക് സ്‌നാപകയോഹന്നാന്‍ യേശുവിനെയും അവിടുത്തെ ദൗത്യത്തെയും നമുക്കായി അറിയിക്കുന്ന തിരുവചനഭാഗമാണ് തിരുസഭാ മാതാവ് വിചിന്തനത്തിനായി നല്‍കിയിരിക്കുന്നത്. വഴിയൊരുക്കാന്‍ വന്നവന്‍ ക്രിസ്തുവിന് സാക്ഷിയായി മാറുന്നു.

യേശുവിനെക്കുറിച്ച് സ്‌നാപകനില്‍നിന്ന് ജനം ശ്രവിക്കുന്ന സാക്ഷ്യവാചകമാണ് ”ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്ന വചനം. ‘ഇതാ’ എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് യോഹന്നാന്‍ നടത്തുന്ന ഈ പരിചയപ്പെടുത്തല്‍ പ്രത്യേകം ആരെയും ചൂണ്ടിക്കാട്ടുന്നില്ല, മറിച്ച് എല്ലാവരെയും ഉള്‍ച്ചേര്‍ത്തുകൊണ്ട് കാലത്തിനും ദേശത്തിനും ഉപരിയായി എല്ലാവരോടും യോഹന്നാന്‍ പ്രഖ്യാപിക്കുകയാണ് യേശുവാണ് ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്നവനെന്ന്. സ്‌നാപകന്‍ ഇവിടെ ഈശോയെ കുഞ്ഞാടിനോടാണ് ഉപമിക്കുന്നത്. യോഹന്നാന്‍ അവതരിപ്പിക്കുന്ന കുഞ്ഞാടായ മിശിഹാ സഹനദാസന്‍ മാത്രമല്ല, വിജയശ്രീലാളിതനും മഹത്വപൂര്‍ണ്ണനുമാണ്. പഴയനിയമത്തില്‍ പാപപരിഹാരത്തിനായി നല്‍കപ്പെടുന്ന കുഞ്ഞാടിനെ പെസഹാക്കുഞ്ഞാടിനോട് ഉപമിക്കുമ്പോള്‍ പുതിയനിയമകുഞ്ഞാട് മരണത്തെ വിജയിച്ച മിശിഹായിലേക്ക് വിരല്‍ ചൂണ്ടുന്നു. വിജയം വരിച്ച കുഞ്ഞാടിനെക്കുറിച്ച് വെളിപാട് പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

യോഹന്നാന്‍ ഈ കുഞ്ഞാടിന്റെ ദൗത്യം വിവരിക്കുന്നത് രണ്ടുവിധത്തിലാണ്. ഒന്നാമതായി, ഈ കുഞ്ഞാട് പാപം വഹിക്കുക മാത്രം ചെയ്യുന്നവനല്ല. പാപം നീക്കിക്കളയുന്നവന്‍ കൂടിയാണ്. പഴയനിയമ പരിഹാരകുഞ്ഞാട് പാപം വഹിക്കുന്ന കുഞ്ഞാട് മാത്രമായിരുന്നു. ദൈവത്തിനു മാത്രമാണ് പാപം, നീതി, ക്ഷമ എന്നിവ നല്‍കാന്‍ കഴിയൂ എന്ന് യഹൂദര്‍ വിശ്വസിച്ചിരുന്നു. ഇവിടെ ഈശോയാകുന്ന കുഞ്ഞാട് പാപം വഹിക്കുകയും പരിഹരിക്കുകയും നീക്കിക്കളയുകയും ക്ഷമിക്കുകയും ചെയ്യുന്ന കുഞ്ഞാടാണ്. രണ്ടാമതായി, കുഞ്ഞാടിന്റെ ദൗത്യം ലോകം മുഴുവനെയും ഉള്‍ക്കൊള്ളുന്നതാണ് എന്ന പ്രത്യേകതകൂടി അവതരിപ്പിച്ചിരിക്കുന്നു. ഇസ്രായേലിന്റെ മാത്രം പാപമോ, ഏതെങ്കിലും വ്യക്തികളുടെ മാത്രം പാപമോ അല്ല ഈശോയാകുന്ന കുഞ്ഞാട് നീക്കുന്നത്, ലോകത്തിന്റെ മുഴുവന്‍ പാപത്തെയാണ്. ഈശോ മാനവരാശി മുഴുവന്റെയും രക്ഷയ്ക്കായി അവതരിച്ച കുഞ്ഞാടാണ്.

കുഞ്ഞാടിനെക്കുറിച്ചുള്ള വിവരണത്തില്‍ ഏറെ ശ്രദ്ധേയമായ മറ്റൊരു കാര്യം ഈ കുഞ്ഞാട് ദൈവത്തിന്റെ കുഞ്ഞാടാണ് എന്ന സത്യമാണ്. ‘ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്’ എന്ന സ്‌നാപകയോഹന്നാന്റെ പ്രഖ്യാപനം അത് ശ്രവിക്കുന്ന ഏവര്‍ക്കും ഒരു ക്ഷണം നല്‍കുന്നുണ്ട്. ഈ കുഞ്ഞാടിനെ അനുഗമിക്കാന്‍, ഈ കുഞ്ഞാടിന്റെ ബലി വഴി രക്ഷിതരാകാന്‍, ഈ കുഞ്ഞാടിന്റെ രക്തത്തില്‍ പാപം കഴുകി വെടിപ്പാക്കാന്‍ അതിനുള്ള ക്ഷണമാണ് സ്‌നാപകന്‍ നമുക്ക് നല്‍കുന്നത്. യേശുവിനെ ദൈവത്തിന്റെ കുഞ്ഞാടും പാപം നീക്കുന്ന കുഞ്ഞാടുമായി സാക്ഷ്യപ്പെടുത്തുമ്പോള്‍ പാപരഹിതരും പരിശുദ്ധരുമായി കുഞ്ഞാടിനോട് ചേര്‍ന്നുനിന്ന് മഹത്വത്തിന്റെ കിരീടം സ്വന്തമാക്കാനുള്ള ഒരു ക്ഷണം കൂടി അടങ്ങിയിരിക്കുന്നു.

സ്‌നാപകയോഹന്നാന്‍ നമ്മെ പഠിപ്പിക്കുന്ന മറ്റൊരു കാര്യമാണ് യേശുവിനെ ലോകത്തിനു വെളിപ്പെടുത്തുക എന്നത്. യോഹന്നാന്‍ തന്റെ ജീവിതംകൊണ്ട് യേശുവിനെ വെളിപ്പെടുത്തിയതു പോലെ നാമും യേശുവിനെ വെളിപ്പെടുത്തുന്നവരാകാനുള്ള ക്ഷണം കൂടി ഇവിടെ നമുക്ക് കാണാന്‍ കഴിയും. സ്‌നാപകന് തന്റെ ദൗത്യത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. താന്‍ വന്ന് ജലത്താല്‍ സ്‌നാനം നല്‍കിയത് മിശിഹായെ ഇസ്രായേലിന് വെളിപ്പെടുത്താന്‍വേണ്ടിയായിരുന്നു എന്ന ബോധ്യം സ്‌നാപകന്‍ യേശുവിനെ വെളിപ്പെടുത്തുന്നത് സ്വന്തമായ തോന്നലില്‍ നിന്നല്ല, മറിച്ച് അത് തന്റെ ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായിട്ടാണ് എന്ന് സ്‌നാപകന്‍ പ്രഖ്യാപിക്കുകയാണിവിടെ. താന്‍ നല്‍കിയത് ജലം കൊണ്ടുള്ള സ്‌നാനമായിരുന്നെന്നും ഇതിലൂടെ ക്രിസ്തുവിന്റെ ശ്രേഷ്ഠമായ സ്‌നാനത്തിലേക്ക് ജനം നയിക്കപ്പെടണമെന്ന വസ്തുതകൂടി ഇവിടെ വെളിവാക്കുകയാണ് സ്‌നാപകന്‍ ചെയ്യുന്നത്. പരിശുദ്ധാത്മാവിനാലുള്ള സ്‌നാനത്തിനായി കാത്തിരിക്കാനുള്ള പ്രചോദനം കൂടിയാണ് ജലത്താലുള്ള സ്‌നാനം. മിശിഹായെ സ്‌നാപകന്‍ പരിചയപ്പെടുത്തുന്നത് പരിശുദ്ധാത്മാവ് കൊണ്ട് സ്‌നാനം നല്‍കുന്നവന്‍ എന്നാണ്. മിശിഹായുടെ സവിശേഷതയാണ് ആത്മാവിനെ നല്‍കുക എന്നത്. മിശിഹാ നല്‍കുന്ന സ്‌നാനത്തിന്റെ മഹനീയത വ്യക്തമാക്കുക കൂടിയാണ് ജലത്താലുള്ള സ്‌നാനത്തിന്റെ ലക്ഷ്യമെന്ന് സ്‌നാപകന്‍ നമ്മെ പഠിപ്പിക്കുന്നു.

ആത്മാവ് പ്രാവിന്റെ രൂപത്തില്‍ മിശിഹായില്‍ ആവസിക്കുന്നതു കണ്ട സ്‌നാപകന്‍ ഇവന്‍ ദൈവപുത്രനാണെന്ന് സാക്ഷ്യപ്പെടുത്തുക കൂടി ചെയ്യുന്നു. സാക്ഷ്യമുണ്ടാകുന്നത്, കണ്ടനുഭവിക്കുന്നതിലൂടെയാണ്. മിശിഹായെ കണ്ടു എന്നാല്‍ അവനെ അനുഭവിക്കുക എന്നാണ്. മിശിഹായെ അനുഭവിച്ച സ്‌നാപകന്റെ സാക്ഷ്യം ഇപ്രകാരമാണ്: ”ഇവന്‍ ദൈവപുത്രനാണ്.” സ്‌നാപകന്‍ വഴിയൊരുക്കാന്‍ വന്നവന്‍ മാത്രമല്ല, മറിച്ച് അനുഭവത്തിലെ മിശിഹായെ സാക്ഷ്യപ്പെടുത്താന്‍ വന്നവനാണ്. സ്‌നാപകന്റെ ഹൃദയം എപ്പോഴും മിശിഹായ്ക്കായി ജ്വലിച്ചിരുന്നു. അവന്‍ ദര്‍ശിച്ച സത്യത്തിന് അവന്‍ സാക്ഷിയായി. ക്രൈസ്തവജീവിതം നമ്മില്‍നിന്ന് ആവശ്യപ്പെടുന്നത് സാക്ഷ്യജീവിതമാണ്. അതിന് ഹൃദയത്തില്‍ യേശു അനുഭവം നിറയണം. ഓരോ പരിശുദ്ധ ബലിയിലും അവന്‍ നിനക്കായി മുറിയുമ്പോള്‍ അത് നമ്മില്‍ ഒരു അനുഭവമായിത്തീരണം. എന്നാല്‍ മാത്രമേ സ്‌നാപകന്റെ ജീവിതം സാക്ഷ്യമായതുപോലെ എന്റെയും നിന്റെയും ജീവിതം ക്രിസ്തുവിനെ പേറുന്ന സാക്ഷ്യമായിത്തീരുകയുള്ളൂ. സ്‌നാപകന്റെ ഹൃദയം മിശിഹായ്ക്കായി ജ്വലിച്ചിരുന്നു. അവനില്‍ നിറഞ്ഞുനിന്ന ഏകസത്യം മിശിഹാ മാത്രമായിരുന്നു. അവനായി വഴിയൊരുക്കണം, അവനായി എരിഞ്ഞടങ്ങണം. ഇതാണ് നമുക്കുള്ള വെല്ലുവിളിയും. ഈ ദനഹാക്കാലത്ത് തിരുസഭ നമ്മോട് ആവശ്യപ്പെടുന്നതും നീ മിശിഹായ്ക്ക് സാക്ഷിയാകുമോ എന്നാണ്. നമ്മുടെ ജീവിതം കൊണ്ട് മിശിഹായ്ക്ക് സാക്ഷ്യം വഹിക്കാന്‍ ഇടവരാന്‍ നമുക്ക് പ്രാര്‍ഥിക്കാം. സര്‍വശക്തന്‍ ഏവരെയും അനുഗ്രഹിക്കട്ടെ, ആമേന്‍.

ബ്രദര്‍ ഫ്രാങ്ക്‌ളിന്‍ വെട്ടുകല്ലേല്‍ MCBS

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.