വി. ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായം 39 മുതൽ 45
വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം.
തന്റെ ജീവിതത്തിൽ ദൈവം നൽകിയ കൃപകളെ സ്തുതിച്ചുപാടുന്ന പരിശുദ്ധ അമ്മയുടെ സ്തോത്രഗീതമാണ് ഇത്. ഒന്നുമില്ലാതിരുന്ന തന്റെ ജീവിതത്തെ കൃപകൾകൊണ്ടു നിറയ്ക്കുന്ന ദൈവത്തെ വാഴ്ത്തിപ്പാടുകയാണ് പരിശുദ്ധ അമ്മ. എളിയവരെ ഉയർത്തുന്ന, വിശക്കുന്നവരെ വിശിഷ്ട വിഭവങ്ങൾകൊണ്ട് സംതൃപ്തരാക്കുന്ന ദൈവത്തെ സ്തുതിച്ചുപാടുകയാണ് പരിശുദ്ധ മറിയം.
ജീവിതത്തിൽ എത്രയോ അനുഗ്രഹങ്ങൾ അനുദിനം ദൈവത്തിൽനിന്ന് നമുക്ക് ലഭിക്കുന്നു. പക്ഷേ, അതിനെല്ലാം നന്ദിപറയാൻ നമ്മൾ മനസ്സാവുന്നുണ്ടോ എന്ന് ചിന്തിച്ചുനോക്കാം. എന്ത് കിട്ടി, എത്ര കിട്ടി എന്ന് നോക്കിയല്ല നന്ദിപറയേണ്ടത്, മറിച്ച് ദൈവം നമുക്ക് നൽകിയതിനെല്ലാം – ചെറിയവയെന്നു തോന്നുന്നതിനുപോലും നന്ദിപറയാൻ നാം മനസ്സാകണം. ലഭിക്കുന്ന അനുഗ്രഹങ്ങൾ എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും അതിനെല്ലാം നന്ദിപറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തുമ്പോഴാണ് ജീവിതം അർഥവത്താവുന്നത്. നമ്മുടെയൊക്കെ ജീവിതവും പരിശുദ്ധ അമ്മയോടൊപ്പം ഇപ്രകാരം നമുക്ക് സമാഹരിക്കാം, “ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു.”
ദൈവത്തിന്റെ കൃപയിൽ ആശ്രയിച്ച് അനുദിനം ജീവിക്കാൻ ഈ വചനം നമുക്ക് ശക്തിയേകട്ടെ.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS