സി. സൗമ്യ മുട്ടപ്പിള്ളില്‍ രചിച്ച, പ്രത്യാശയുടെയും പ്രതീക്ഷയുടെയും പാഠങ്ങള്‍ പകര്ന്നുനല്കുന്ന മനോഹരമായ ഗ്രന്ഥമാണ് ‘അതിജീവനത്തിന്റെ ആനന്ദം.’ വേനലില്‍ മഴയും കണ്ണീരില്‍ പുഞ്ചിരിയുംപോലെ നമ്മുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന, ജീവിക്കുന്ന പ്രതീക്ഷയുടെ 15 മനുഷ്യരെ പരിചയപ്പെടുത്തുന്ന പുസ്തകമാണിത്. സന്യാസിനിയായ ഗ്രന്ഥകാരിയുടെ ആത്മീയതയുടെ കൈയൊപ്പു പതിഞ്ഞ ഗ്രന്ഥമാണിത്.
ലൈഫ്ഡേ ബുക്സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തില്‍ 15 അധ്യായങ്ങളും 140 പേജുകളുമാണുള്ളത്. 2019 മുതല്‍ 2024 വരെ ലൈഫ്ഡേ ഓണ്‍ലൈന്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച അനവധി ഫീച്ചറുകളിലെ തെരഞ്ഞെടുക്കപ്പെട്ട 15 ഫീച്ചറുകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അര്‍ഥസമ്പുഷ്ടമായ മുഖച്ചിത്രവും ഉയര്‍ന്ന നിലവാരത്തിലുള്ള പ്രിന്റിംഗും ഈ പുസ്തകത്തില്‍ നമുക്കു കാണാം. 150 രൂപയാണ് വില.
നിരവധി സവിശേഷതകള്‍ നിറഞ്ഞ ഒരു പുസ്തകമാണിത്. ഇതിന്റെ അവതാരികയില്‍, അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളേജിന്റെ പ്രിന്‍സിപ്പാള്‍ ഡോ. ഫ്രാന്‍സിസ് കാരയ്ക്കാട്ട് ഈ ഗ്രന്ഥത്തെക്കുറിച്ച് ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്: ”പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവര്‍ക്കും മാറാരോഗങ്ങളുമായി പോരാടുന്നവര്‍ക്കും ദിശാബോധവും ശുഭാപ്തിവിശ്വാസവും ഉള്‍ബലവും സമ്മാനിക്കുന്ന കലവറയാണ് ‘അതിജീവനത്തിന്റെ ആനന്ദം.’ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും നിരാലംബരുടെയും വെറുക്കപ്പെട്ടവരുടെയും ഇടയില്‍ സ്നേഹവും കരുതലും സാന്ത്വനവുമായി കടന്നുവന്ന്, അവരെ പ്രബുദ്ധരാക്കി, ആത്മാഭിമാനമുള്ള പൗരന്മാരായി വാര്‍ത്തെടുത്ത റോള്‍ മോഡലുകളുടെ അത്ഭുതപ്പെടുത്തുന്ന സാഹസങ്ങളുടെ നേര്‍ക്കാഴ്ച്ചയാണ് അതിജീവനത്തിന്റെ ആനന്ദം.”
പത്രപ്രവര്‍ത്തനം പഠിച്ച ഒരു എഴുത്തുകാരിയുടെ ഗ്രന്ഥം എന്ന സവിശേഷത ഈ പുസ്തകത്തിനുണ്ട്. പുസ്തകം വായിക്കുന്ന ആള്‍ക്ക് അത്തരമൊരു പ്രൊഫഷണല്‍ ശൈലി അനുഭവപ്പെടും. പുസ്തകത്തിന്റെ പല ഭാഗങ്ങളിലും മനോഹരമായ വിവരണശൈലി നമുക്ക് കണ്ടെത്താനാകും. ഉദാഹരണത്തിന്, പേജ് 35-ല്‍ ആഫ്രിക്കയില്‍ ഭീകരന്മാര് തട്ടിക്കൊണ്ടുപോയ സി. സുരഭിലയെക്കുറിച്ച് നമ്മള് ഇങ്ങനെ വായിക്കുന്നു:
”ഒ എല്‍ എഫ് സംഘം ഈ സിസ്റ്റേഴ്സിനെ തേടിവന്ന ദിവസമായിരുന്നു 2023 ജനുവരി 21, ശനിയാഴ്ച. രാത്രി ഒരുമണി. എല്ലാവരും കിടന്നുറങ്ങുന്ന സമയം. അപ്പോഴാണ് കതകില്‍ ഒരു തട്ടുകേട്ടത്; ഒപ്പം വീടിന്റെ കതകിനിട്ട് ഒരു ചവിട്ടും. സി. സുരഭിലയും മറ്റൊരു സിസ്റ്ററും മാത്രമേ അപ്പോള്‍ അവിടെ ഉണ്ടായിരുന്നുള്ളൂ. അസമയത്തുള്ള ആ ശബ്ദം അവരില്‍ ഭയം നിറച്ചു. ആ ശബ്ദം കേട്ട് ഞങ്ങള്‍ രണ്ടുപേരും എഴുന്നേറ്റ് ഉടന്‍ ഗാര്‍ഡിനെ വിളിച്ചു. അപ്പോള്‍ അദ്ദേഹം ഇത്രമാത്രം പറഞ്ഞു: ”അവര്‍ വന്നു.” ഉടനെ കതക് തുറക്കണമെന്നും ഗാര്‍ഡ് കൂട്ടിച്ചേര്‍ത്തു.
കതകു തുറന്നില്ലെങ്കില്‍ അവര്‍ വെടിവയ്ക്കുമെന്ന് ഉറപ്പാണ്. അതിനാല്‍ പെട്ടെന്ന് കതകുതുറക്കാനുള്ള ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. കാരണം, അവര്‍ പുറത്തുനിന്നും ചവിട്ടിയതിനാല്‍ കതക് തുറക്കാന്‍ സാധിക്കാതെ ബ്ലോക്ക് ആയിപ്പോയിരുന്നു. എതിര്‍വശത്ത് വേറെയൊരു കതകുണ്ടായിരുന്നു. വേഗം അതുപോയി തുറന്നു.
കതകു തുറന്നപ്പോള്‍ മുന്പില് സൈനികവേഷം ധരിച്ചിരിക്കുന്ന ആറേഴുപേര്‍. അതില്‍ ആറു പേരുടെ കൈയിലും തോക്ക് ഉണ്ട്. ഒരാള്‍ നോര്‍മല്‍ ഡ്രസില്‍ തോക്കില്ലാതെയുമാണ് വന്നിരിക്കുന്നത്. അവരില്‍ നാലുപേര്‍ മുറിയിലേക്ക് കയറിവന്നു. മൂന്നുപേര്‍ വീടിന്റെ പുറത്തുനിന്നു. ഞങ്ങളെ തട്ടിക്കൊണ്ടുപോകാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നു മനസ്സിലാക്കി ഞങ്ങള്‍ രണ്ടുപേരും അവരോട് അപേക്ഷിച്ചു, ”ഞങ്ങളെ ഇവിടെനിന്നും കൊണ്ടുപോകരുത്. നിങ്ങള്‍ പറയുന്ന പണം ഞങ്ങള്‍ തരാം.” ”ആ സിസ്റ്ററിനെ കൊണ്ടുപോകരുത്; പകരം ഞാന്‍ വരാം.”
ഇതുപോലുള്ള വൈദികരുടെയും സന്യസ്തരുടെയും അത്മായരുടെയും ജീവിതങ്ങള്‍ ഈ പുസ്തകത്തില്‍ നമുക്ക് കണ്ടെത്താനാകും.
ഓരോ ജീവിതത്തിലും നിറഞ്ഞുനില്ക്കുന്ന ഭാവാത്മകവശങ്ങളെയാണ് ഗ്രന്ഥകാരി അവതരിപ്പിക്കുന്നത്. അനുഭവങ്ങളുടെ കരുത്ത് ഈ ഗ്രന്ഥത്തിലുടനീളം കാണാനാകും. മനോഹരമായ ഭാഷാശൈലിയും പദപ്രയോഗങ്ങളും സുലഭമാണ് ‘അതിജീവനത്തിന്റെ ആനന്ദം’ എന്ന ഈ പുസ്തകത്തില്‍. പേജ് 88-ല്‍, കുഷ്ഠരോഗികളെ ശുശ്രൂഷിച്ച് കുഷ്ഠരോഗം ബാധിച്ച ഒരു ബ്രദറിനെക്കുറിച്ചു നമ്മള് ഇങ്ങനെയാണ് വായിക്കുന്നത്:
“രോഗം ബാധിച്ചവരോട് കൂടുതല്‍ അടുത്തിടപെടാന്‍ സാധിക്കുകയില്ല. എന്നാല്‍, ഇവര്‍ ആളുകളുടെ സാമീപ്യം ഒരുപാട് ആഗ്രഹിക്കുന്നവരാണ്. കുഷ്ഠരോഗികളുടെ കൂടെത്തന്നെ ജോലി ചെയ്തും അവരുടെ തോളില്‍ കയ്യിട്ടുനടന്നുമൊക്കെയാണ് ബ്രദറിനും ഈ രോഗം ബാധിച്ചത്. തന്റെ ശ്രദ്ധക്കുറവും രോഗം ബാധിക്കുന്നതിനു കാരണമായി എന്നു ബ്രദര്‍ തുറന്നുസമ്മതിക്കുന്നുണ്ട്.എന്നാല്‍, രോഗം ബാധിച്ചു എന്നറിഞ്ഞപ്പോള്‍, പെട്ടെന്ന് അത് ഉള്‍ക്കൊള്ളാന്‍ ബ്രദറിനായില്ല. കുഷ്ഠരോഗം ബാധിച്ചപ്പോള്‍ ആദ്യം പേടിച്ചുപോയെങ്കിലും ഉടന്‍തന്നെ അതിനുള്ള മരുന്നുകള്‍ കഴിച്ചുതുടങ്ങി.”
കുഷ്ഠരോഗം ബാധിച്ചുകഴിഞ്ഞ അവസ്ഥയെക്കുറിച്ച് ബ്രദര്‍ പങ്കുവയ്ക്കുന്നത് ഇപ്രകാരമാണ്:
”ആദ്യം രോഗം ബാധിക്കുന്നത് ഞരമ്പുകളെയാണ്. ഞരമ്പുകളെ ബാധിച്ചുകഴിയുമ്പോള് പിന്നീടത് മസിലുകളെ ബാധിക്കും. അങ്ങനെ നടക്കാനൊക്കെ ബുദ്ധിമുട്ട് വന്നുതുടങ്ങി. അങ്ങനെയാണ് പരിശോധിക്കാന്പോയത്. രണ്ടു വര്‍ഷത്തോളം ബ്രദര്‍ കുഷ്ഠരോഗം ഭേദമാകുന്നതിനുള്ള മരുന്നുകള്‍ കഴിച്ചു. പിന്നീട് പലയാവര്‍ത്തി ചെക്കപ്പുകള്‍ നടത്തിയെങ്കിലും രോഗത്തിന്റെ ലക്ഷ ണങ്ങളൊന്നും കണ്ടില്ല. ഇപ്പോള്‍ യാതൊരു കുഴപ്പവുമില്ല.” അങ്ങനെ വര്‍ഗീസ് ബ്രദറിന്റെ രോഗം പൂര്‍ണ്ണമായും ഭേദമായി.
ക്രിസ്തുവിലേക്കു വളരാനുള്ള ഏതൊരു മനുഷ്യന്റെയും ശ്രമങ്ങളെ ഉജ്ജീവിപ്പിക്കുന്ന ഗ്രന്ഥമാണിത്. ക്രിസ്തുവില്‍നിന്ന് പ്രചോദനം സ്വീകരിച്ചവരും ക്രിസ്തുവിലേക്കു സഞ്ചരിക്കുന്നവരും മറ്റുള്ളവരെ ക്രിസ്തുവിലേക്കു അടുപ്പിക്കുന്നവരുമാണ് ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്ന എല്ലാവരും. അത്തരത്തില്‍ നോക്കുമ്പോള്‍ സുവിശേഷവത്ക്കരണത്തിനുള്ള ഏറ്റവും നല്ല ഒരു മാര്‍ഗമാണ് ഈ പുസ്തകം എന്നുപറയാം.
ഗ്രന്ഥകാരിയുടെ ആത്മീയതയും പഠനവും പത്രപ്രവര്‍ത്തനരംഗത്തെ പരിചയവും ഈ പുസ്തകരചനയ്ക്ക് ഏറെ സഹായിച്ചിട്ടുണ്ട്. വിഷയങ്ങളെയും ആളുകളെയും അനുഭവങ്ങളെയും അവതരിപ്പിക്കുന്ന ശൈലി നമുക്കിത് വ്യക്തമാക്കിത്തരും. ആളുകള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാത്ത ഒരു വാക്കോ, പ്രയോഗമോ ഈ ഗ്രന്ഥത്തിലില്ല.പുസ്തകത്തിന്റെ കവര്‍ചിത്രവും ഡിസൈനിംഗും അച്ചടിയും മനോഹരമാണ്. എല്ലായിടത്തും ഒരു പ്രൊഫഷണല്‍ ടച്ച് നമുക്ക് ദര്‍ശിക്കാനാവും.
ചുരുക്കത്തില്‍, ഈ കാലഘട്ടത്തില്‍ അനേകരെ സ്വാധീനിച്ചവരെക്കുറിച്ചുള്ള ഈ പുസ്തകം, അനേകായിരങ്ങളെ ആകര്‍ഷിക്കുകയും ആത്മീയതയിലേക്കു നയിക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്. ലൈഫ്ഡേയുടെ ഈ പുതിയ പുസ്തകം എല്ലാവരിലും എത്തിച്ചേരട്ടെ എന്ന് ആഗ്രഹിക്കുന്നു. ഗ്രന്ഥകാരിക്ക് അഭിനന്ദനങ്ങളും ഈ ഗ്രന്ഥത്തിന് പ്രചാരവും നേരുന്നു.