വെള്ളത്തിനു മുകളിലൂടെ നടന്ന ഫ്രാൻസിസ്കൻ വിശുദ്ധൻ

ജീവിച്ചിരുന്നപ്പോൾ മഹാദ്ഭുതങ്ങൾ ചെയ്യുന്നവനായി അറിയപ്പെട്ടിരുന്ന ഒരു വിശുദ്ധനുണ്ട്. പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഫ്രാൻസിസ്കൻ സന്യാസിയായിരുന്ന പാവോളയിലെ വിശുദ്ധ ഫ്രാൻസിസ് ആയിരുന്നു അത്. പ്രാർഥനയിലും ഏകാന്തതയിലും ദൈവത്തോട് ഏറ്റവും അടുത്ത് ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

ഫ്രാൻസിസ് അസീസിയുടെ ജീവിതശൈലിയിൽ ആകൃഷ്ടനായ അദ്ദേഹം മിനിം ഫ്രയർമാരുടെ സന്യാസ സമൂഹത്തിന് രൂപം നൽകി. മനുഷ്യരിൽനിന്ന് അകന്ന് ഏകാന്തതയിൽ ജീവിക്കാൻ ശ്രമിച്ച അദ്ദേഹം ചെറുപ്രായത്തിൽതന്നെ ഒരു അദ്ഭുതപ്രവർത്തകനായി അറിയപ്പെട്ടു. എന്നാൽ ആരുടെയും ശ്രദ്ധനേടാൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല. അദ്ദേഹം ആത്മാർഥമായി പ്രാർഥിക്കുകയും ആഴത്തിൽ ദൈവത്തിൽ വിശ്വാസമർപ്പിക്കുകയും ചെയ്തിരുന്നു. അതുമാത്രമായിരുന്നു അദ്ദേഹം തന്റെ ജീവിതകാലത്തിൽ ചെയ്തിട്ടുള്ളത്.

എന്നിരുന്നാലും, അദേഹത്തിന്റെ വിശ്വാസം പലരെയും അദ്ദേഹത്തിലേക്ക് ആകർഷിച്ചു. ദൈവത്തോട് ഇണങ്ങുന്ന അദ്ദേഹത്തിന്റെ ജീവിതരീതി പിന്തുടർന്ന് നിരവധി പേർ സന്യാസ സമൂഹത്തിൽ ചേർന്നു. ഈ കാലഘട്ടത്തിലാണ് അദ്ദേഹം മരിച്ചവരെ ഉയിർപ്പിക്കുകയും നിരവധി അദ്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തത്. പല രാജാക്കന്മാരും ആത്മീയ ഉപദേശം തേടി ഈ സന്യാസിയുടെ അടുക്കൽ വന്നിരുന്നു.

വെള്ളത്തിനു മുകളിലൂടെ നടന്ന അദ്ഭുതം അദ്ദേഹത്തിന്റെ പ്രവർത്തികളിൽ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള അദ്ഭുതങ്ങളിലൊന്നാണ്.

ഒരിക്കൽ ഈ വിശുദ്ധന് ഒരു നദി മുറിച്ചുകടക്കേണ്ടിവന്നു. തോണിക്കാരനെ സമീപിച്ചപ്പോൾ, കൊടുക്കാൻ പണമില്ലാത്തതിനാൽ അദ്ദേഹം വിശുദ്ധനെ തോണിയിൽ കയറാൻ അനുവദിച്ചില്ല. ഒടുവിൽ നദിയെ അനുഗ്രഹിച്ചുകൊണ്ട് നദിക്കരയിൽ മുട്ടുകുത്തി നിന്ന് അദ്ദേഹം ദൈവത്തോടു പ്രാർഥിച്ചു. പ്രാർഥന കഴിഞ്ഞ് എഴുന്നേറ്റ് കരയിലൂടെ എന്നപോലെ നദിക്ക് കുറുകെ നടക്കാൻ തുടങ്ങിയെന്നും മേലങ്കി വെള്ളത്തിന്മേൽ ഇട്ട് അതിൽഇരുന്ന്‌ അക്കരെ എത്തിയെന്നും മറ്റു ചില കഥകളും പറയുന്നു.

ഈ ഒരു കാരണത്താൽ, നാവികരുടെയും ബോട്ടുകാരുടെയും രക്ഷാധികാരിയായി വിശുദ്ധ ഫ്രാൻസിസ് അറിയപ്പെടുന്നു.

സുനീഷ വി. എഫ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.