ശ്ലീഹാക്കാലം: ചരിത്രം, ആത്മീയത 

പന്തക്കുസ്താത്തിരുനാള്‍ മുതലുള്ള ഏഴ് ആഴ്ചകളാണ് ‘ശ്ലീഹാക്കാലം’ എന്നപേരില്‍ അറിയപ്പെടുന്നത്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രത്യേകമായി പ്രാധാന്യം നല്കുന്ന കാലമാണിത്. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ്, ലോകംമുഴുവനിലും രക്ഷയുടെ സന്ദേശം അറിയിക്കുകയെന്നത് ദൈവജനത്തിന്റെ ഉത്തരവാദിത്വമാണ്. തുടർന്നു വായിക്കുക.

പന്തക്കുസ്താത്തിരുനാള്‍ മുതലുള്ള ഏഴ് ആഴ്ചകളാണ് ‘ശ്ലീഹാക്കാലം’ എന്നപേരില്‍ അറിയപ്പെടുന്നത്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രത്യേകമായി പ്രാധാന്യം നല്കുന്ന കാലമാണിത്. രക്ഷാചരിത്രവുമായി അഭേദ്യന്ധം പുലര്‍ത്തുന്ന ഒരു തിരുനാളാണ് പന്തക്കുസ്ത. ഇസ്രായേല്‍ജനം വിളവെടുപ്പിനോടനുബന്ധപ്പെടുത്തി ‘പന്തക്കുസ്താ’ത്തിരുനാള്‍ ആഘോഷിച്ചിരുന്നതായി പഴയ നിയമത്തില്‍ വായിക്കുന്നു. ‘പന്തക്കുസ്ത’ എന്ന പദത്തിന്‍റെ അര്‍ഥം ‘അമ്പത്’ എന്നാണ് – അമ്പതാം ദിവസത്തെ തിരുനാള്‍. വിളവെടുപ്പിനോടനുന്ധിച്ചുള്ള ആദ്യഫലസമര്‍പ്പണത്തിന്റെ  തിരുനാളായിരുന്നു അത്. പിന്നീടാണ് ഇസ്രായേല്‍ ജനം ദൈവത്തിന്റെ ഉടമ്പടി പ്രകാരമുള്ള ദൈവജനമായിത്തീര്‍ന്നതിന്റെ ഓര്‍മയാചരണമായി
ഈ തിരുനാള്‍ രൂപാന്തരപ്പെട്ടത്.

പുതിയനിയമത്തില്‍ ഈ തിരുനാളിനു ‘പുതിയ’ അര്‍ഥം നല്കപ്പെട്ടു. ഉയിര്‍പ്പിനുശേഷം അമ്പതാം ദിവസമാണ് പരിശുദ്ധാത്മാവ് ശ്ലീഹന്മാരുടെമേല്‍ എഴുന്നള്ളിയത്. അന്നാണ് സഭ ഔദ്യോഗികമായി ‘ഉദ്ഘാടനം’ ചെയ്യപ്പെട്ടത്. പന്തക്കുസ്തായ്ക്കുശേഷമാണ് പരിശുദ്ധാത്മാവിനാല്‍ പൂരിതരായ ശ്ലീഹന്മാര്‍ പുതിയ ഉടമ്പടിയുടെ സന്ദേശവുമായി ലോകമെങ്ങും പോവുകയും സഭാസമൂഹങ്ങള്‍ക്ക് അടിസ്ഥാനമിടുകയും ചെയ്തത്. ‘ശ്ലീഹാ’ എന്ന പദത്തിന്റെ അര്‍ഥം തന്നെ “അയയ്ക്കപ്പെട്ടവന്‍” എന്നാണ്. മാമോദീസായും തൈലാഭിഷേകവും സ്വീകരിച്ച എല്ലാവരും “അയയ്ക്കപ്പെട്ടവര്‍” ആണെന്ന വസ്തുത ഈ കാലം നമ്മെ അനുസ്മരിപ്പിക്കുന്നു.

ശ്ലീഹാക്കാലത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ‘സ്വര്‍ണവെള്ളി’ എന്നാണ് അറിയപ്പെടുന്നത്. ഈശോയുടെ നാമത്തില്‍ മുടന്തനു ലഭിച്ച സൗഖ്യം, തിരുനാമത്തില്‍ ചോദിക്കുന്നതെന്തും നല്കപ്പെടും എന്ന ഉറപ്പുനല്കുന്നു.

പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ്, ലോകംമുഴുവനിലും രക്ഷയുടെ സന്ദേശം അറിയിക്കുകയെന്നത് ദൈവജനത്തിന്റെ  ഉത്തരവാദിത്വമാണ്. ശ്ലീഹന്മാരെപ്പോലെ പ്രേഷിതരായിത്തീരാന്‍ ഈ കാലം നമ്മെ പ്രചോദിപ്പിക്കുന്നു. മിശിഹായാല്‍ അയയ്ക്കപ്പെട്ട നമ്മുടെ പിതാവായ മാര്‍ തോമാശ്ലീഹായുടെ ‘നമുക്കും അവനോടൊപ്പം പോയി മരിക്കാം’ എന്ന പ്രഖ്യാപനം, വിശ്വാസികളായ നമുക്കോരോരുത്തര്‍ക്കുമുള്ള ആഹ്വാനമാണ്. അയയ്ക്കപ്പെടുന്നവനു സംരക്ഷണം നല്കുന്ന ദൈവത്തെ ഈ കാലം നമുക്കു വെളിപ്പെടുത്തിത്തരുന്നു.
സുവിശേഷപ്രഘോഷണത്തിനായി അയയ്ക്കപ്പെടുന്നവര്‍ വചന കേന്ദ്രീകൃതജീവിതം നയിക്കണം എന്ന് ഓര്‍മിപ്പിക്കുന്നു. വചനമായ ദൈവത്തിന് നിര്‍ഭയം സാക്ഷ്യം നല്കേണ്ടതിന്റെ ആവശ്യകത ഈ കാലം ഊന്നിപ്പറയുന്നു. ഗോതമ്പുമണി മണ്ണില്‍ വീണഴിയുമ്പോഴാണ് ഫലം പുറപ്പെടുവിക്കുന്നത്. അതിനാല്‍, ധീരതയോടെ പ്രേഷിത ദൗത്യം നിര്‍വഹിക്കണമെന്നും സഹനംവഴി നാം ജീവന്‍ നേടുമെന്നും ഈശോ നമ്മെ ഓര്‍മിപ്പിക്കുന്നു. ഏതു സാഹചര്യത്തിലും മിശിഹായ്ക്കു സാക്ഷ്യം നല്കുകയെന്നതാണ് എല്ലാ ക്രൈസ്തവരുടെയും പ്രഥമദൗത്യം.
പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ്, മാമോദീസ സ്വീകരിച്ച ഓരോ വ്യക്തിയിലും വസിക്കുകയും അവിടത്തെ കൃപയും ഫലങ്ങളും അവരില്‍ വര്‍ഷിക്കുകയും ചെയ്യുന്നു. മിശിഹാ പഠിപ്പിച്ച കാര്യങ്ങള്‍ ഓരോനിമിഷവും അനുസ്മരിക്കുകയും അവിടത്തെ കല്പനകള്‍ പാലിക്കുകയും ചെയ്യണമെങ്കില്‍ പരിശുദ്ധാത്മാവിന്റെ സഹായം അത്യന്താപേക്ഷിതമാണ്. നമ്മിലുള്ള ദൈവാത്മാവിനെ പാപംവഴി നഷ്ടപ്പെടുത്തിയാല്‍ നാശമായിരിക്കും ഫലം എന്ന് ഈ കാലം ഓര്‍മിപ്പിക്കുന്നു. തങ്ങളുടെ ഗുരുവിന്റെ സന്ദേശവുമായി ലോകം മുഴുവനും ചുറ്റിസഞ്ചരിച്ച്, പുതിയ സഭാസമൂഹങ്ങള്‍ക്കു രൂപംകൊടുത്ത ശ്ലീഹന്മാരുടെ കൂട്ടായ്മയിലും ഐക്യത്തിലും നമുക്കും പങ്കുചേരാം. നമ്മള്‍ പരിശുദ്ധാത്മാവിന്റെ  ആലയങ്ങളാണെന്ന സത്യം മുറുകെപിടിച്ചുകൊണ്ട്, അവിടുത്തെ നിരന്തരസഹായത്താല്‍, നമുക്കും ശ്ലീഹന്മാരെപ്പോലെ മിശിഹായെ പ്രഘോഷിക്കാം.
കടപ്പാട്: സീറോ മലബാർ പഞ്ചാംഗം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.